23 May Monday

പ്രത്യാശയുടെ പ്രകാശമായി കേരളം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 1, 2022

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 66–-ാം വർഷത്തിലേക്കാണ് കടക്കുന്നത്. ഈ കാലത്തിന്റെ തുടക്കത്തിലും ഇപ്പോഴും കമ്യൂണിസ്റ്റ് നേതൃഭരണമാണ് സംസ്ഥാനത്തെന്നത് പ്രധാനമാണ്. ലോകത്ത് ഏതാനും പതിറ്റാണ്ടായി വലതുപക്ഷ യാഥാസ്ഥിതിക മേധാവിത്വം കുതിച്ചുകയറുകയായിരുന്നു. ആ പ്രവണത മെല്ലെയാണെങ്കിലും റിവേഴ്സ് ഗിയറിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിലെ സമീപസമയ സന്ദേശമാണ് ചിലിയുടെ പ്രസിഡന്റായി കമ്യൂണിസ്റ്റ് ചേരിയിലെ യുവനേതാവ് ഗബ്രിയേൽ ബൊറീക്കിന്റെ ഉജ്വല വിജയം. ലോകത്തെ 789 കോടി ജനങ്ങളിൽ അഞ്ചിലൊന്ന് പേർ ജീവിക്കുന്നത് ചെങ്കൊടിത്തണലിൽ ഭരണം നടക്കുന്ന രാജ്യങ്ങളിലാണ്. അതിനുപുറമെയാണ് കേരളംമുതൽ ചിലിവരെയുള്ള കമ്യൂണിസ്റ്റ് –-ഇടതുപക്ഷ നേതൃഭരണങ്ങൾ.

മോദി ഭരണം വൻ ആപത്ത് സൃഷ്ടിച്ചിരിക്കുന്ന ഇന്ത്യയിൽ പ്രത്യാശയുടെ പ്രകാശമായി എൽഡിഎഫ് ഭരിക്കുന്ന കേരളം ബദൽനയങ്ങളുമായി പരിലസിക്കുകയാണ്. അതിനെ അരക്കിട്ടുറപ്പിക്കാൻ കഴിയുംവിധം വികസനവും ജനക്ഷേമവും സമാധാനവുമുള്ള നാടായി കേരളത്തെ കൂടുതൽ വളർത്തണം. അതിനുള്ള കർമപരിപാടികളാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്. ഇപ്രകാരമുള്ള ഒരു സർക്കാരിനെ കാത്തുസൂക്ഷിക്കാനും പ്രവർത്തനപരിപാടികൾക്ക് ദിശാബോധവും രാഷ്ട്രീയനയ കാഴ്ചപ്പാടും പകരാനുള്ള ചുമതല സിപിഐ എമ്മിനുണ്ട്. ഇക്കാര്യത്തിൽ മാർച്ചിൽ എറണാകുളത്ത് നടക്കുന്ന സിപിഐ എം  സംസ്ഥാന സമ്മേളനം സുപ്രധാന ചുവടുവയ്‌പ്‌  നടത്തും.

മഹാമാരിക്കുപുറമെ കാലാവസ്ഥാ വ്യതിയാനം ലോകത്തെ പിടിച്ചുകുലുക്കുന്ന പ്രശ്നമാണ്. അത് മനസ്സിലാക്കി പ്രത്യേക പദ്ധതികളും മുൻകരുതൽ നയവും കേരളം നടപ്പാക്കും. അതുകൊണ്ടുതന്നെ, ഒരു വികസനപദ്ധതിയും പ്രകൃതിയെ ഉൻമൂലനം ചെയ്യുന്നതാകില്ല. അത്തരം പരിപാടികളുമായി കേന്ദ്രസർക്കാരോ മറ്റ് ഏജൻസികളോ വന്നാൽ അതിന് കേരളം കീഴടങ്ങില്ല. സമുദ്രത്തിന്റെ അടിത്തട്ടും തീരവും ഖനനത്തിന് കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കുന്ന കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി നയത്തെ സംസ്ഥാനം എതിർക്കുകയാണ്. മതനിരപേക്ഷ ഇന്ത്യയുടെ ഭരണഘടനാമൂല്യം തകർക്കുന്ന പൗരത്വഭേദഗതി നിയമത്തെ എന്നപോലെ, സാമ്പത്തികനയത്തിൽ കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് വൽക്കരണത്തെയും എൽഡിഎഫ് സർക്കാർ തിരസ്കരിക്കും.

ശാസ്ത്ര സാങ്കേതിക വളർച്ച അനുദിനം കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയിലാണ്. അതിനൊത്ത് നമ്മുടെ സംസ്ഥാനവും മാറണം. അതിന്റെ ഭാഗമായി കേരളത്തെ ഒരു ജ്ഞാനസമൂഹമായി പരിവർത്തനപ്പെടുത്തണം. പഠിപ്പുള്ളവർക്ക് വീട്ടിലിരുന്നുൾപ്പെടെ ജോലി ചെയ്യാനുള്ള ആഗോളസാധ്യതയെ പ്രയോജനപ്പെടുത്തണം. അഭ്യസ്തവിദ്യരെ സ്റ്റാർട്ടപ്പുകളിലൂടെ പുതിയ സംരംഭകരാക്കണം. വിവാഹത്തോടെ ജോലിയിൽനിന്ന് പിൻമാറിയ വനിതകൾ ഉൾപ്പെടെയുള്ള തൊഴിൽരഹിതരായ 20 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ കെ ഡിസ്‌ക്‌ പദ്ധതി  മാതൃകാപരമാണ്. ഇത് കേരള സമ്പദ്ഘടനയിലും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും വലിയ മുന്നേറ്റമുണ്ടാക്കും. കൃഷി–- വ്യവസായം–- സേവന മേഖലകളുടെ സാങ്കേതിക അടിത്തറ നൂതന ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിിൽ പുനരുദ്ധരിക്കണം.

ഭവനരഹിതരില്ലാത്ത നാട് എന്നതാണ് സന്തുഷ്ട കേരളത്തിനുള്ള മറ്റൊരുപാധി. അതിനുവേണ്ടി ഇനി മൂന്ന് ലക്ഷത്തോളം കുടുംബത്തിന്‌ വീട് നൽകും.

ഇന്ത്യയിലും ലോകത്തുതന്നെയും ആളുകൾക്ക് സന്തോഷത്തോടെയും സംതൃപ്തിയോടെയും വസിക്കാൻ കഴിയുന്ന സ്ഥലമായി കേരളത്തെ മാറ്റുകയെന്നതാണ് എൽഡിഎഫ് കാഴ്ചപ്പാട്. അങ്ങനെ ഐശ്വര്യ പൂർണമായ കേരളത്തെ സന്തുഷ്ട കേരളമായിക്കൂടി പരിവർത്തനപ്പെടുത്താനാണ്  ലക്ഷ്യമിടുന്നത്. അതിന് ദാരിദ്ര്യമില്ലാത്തവരുടെ സംസ്ഥാനമായി നാടിനെ മാറ്റണം. അതിന്റെ ഭാഗമായാണ് രണ്ടാം പിണറായി  സർക്കാർ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൈത്താങ്ങ് നൽകാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഭവനരഹിതരില്ലാത്ത നാട് എന്നതാണ് സന്തുഷ്ട കേരളത്തിനുള്ള മറ്റൊരുപാധി. അതിനുവേണ്ടി ഇനി മൂന്ന് ലക്ഷത്തോളം കുടുംബത്തിന്‌ വീട് നൽകും.

ക്ഷേമകാര്യങ്ങൾക്കൊപ്പം വികസനകാര്യങ്ങളിലും സംസ്ഥാനം മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്. ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന ഒരു വികസനപദ്ധതിയല്ല ഇത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ച് അംഗീകാരം നേടിയ വികസനപദ്ധതിയാണിത്. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വൻ ഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്. ഇം എം എസ് സർക്കാരിനെ വീഴ്ത്താൻ വിമോചനസമരം നടത്തിയ മാതൃകയിൽ എൽഡിഎഫ് സർക്കാരിനെതിരെ വിമോചനസമരം നടത്താൻ കോൺഗ്രസ് മുതൽ ബിജെപിവരെയും ആർഎസ്എസ് മുതൽ ജമാഅത്തെ ഇസ്ലാമിവരെയും കൈകോർക്കുകയാണ്. ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തിൽ പ്രത്യേക ക്യാമ്പയിൻ എൽഡിഎഫ് സർക്കാരിനൊപ്പം സിപിഐ  എമ്മും നടത്തും.

ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫാണ് സെമി ഹൈസ്പീഡ് പാതയായ സിൽവർലൈനിനെ എതിർക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്

വിശദ പദ്ധതിരേഖ (ഡിപിആർ) പുറത്തുവിടണമെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്നും താൻ ഉന്നയിച്ച ആറ് ചോദ്യത്തിന്‌ ഉത്തരം നൽകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പദ്ധതിയുടെ സംക്ഷിപ്ത റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു. ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫാണ് സെമി ഹൈസ്പീഡ് പാതയായ സിൽവർലൈനിനെ എതിർക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കിൽ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്.

അർധ അതിവേഗപാത വന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക്‌ എത്താൻ സാധിക്കും. അത് ഭാവിയിൽ യുഡിഎഫ്–-ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർവിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്,  സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയിലും മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ–-അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ല.

കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ്‌ നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്. 

പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും സൃഷ്ടിച്ചിരിക്കുന്ന തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. പ്രതിപക്ഷ ചേരിയിൽത്തന്നെയുള്ള ചിലർ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപ്പര്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി നേതൃത്വം നൽകി വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ആശയവിനിമയ സംഗമങ്ങൾ നടത്താൻ പോകുന്നത്.

കേരള വികസനത്തിന് അനുയോജ്യമായ സിൽവർലൈൻ പദ്ധതി കഴിയുന്നത്ര വേഗം നടപ്പാക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അത് യാഥാർഥ്യമാക്കാൻ സിപിഐ എമ്മും എൽഡിഎഫും ബഹുജനങ്ങളും സർക്കാരിനൊപ്പമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top