29 March Friday

ശാന്തിയും അശാന്തിയും - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2022

കണ്ണൂരിൽ സമാപിച്ച സിപിഐ എം 23–--ാം പാർടി കോൺഗ്രസ് നൽകിയ മുന്നറിയിപ്പിന്റെ തീവ്രത വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് കുറേ ദിവസമായി ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ ഭരണത്തോടെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള അക്രമാസക്തമാർഗങ്ങൾ ശക്തിപ്പെടുത്തുമെന്നും അതിനാൽ ബിജെപിയെ ഒറ്റപ്പെടുത്തുകയും മോദി  ഭരണം അവസാനിപ്പിക്കുകയും ചെയ്യാൻ ജനങ്ങളെ യോജിപ്പിച്ച് അണിനിരത്തണമെന്നാണ് സിപിഐ എം പാർടി കോൺഗ്രസ് ആഹ്വാനം ചെയ്തത്. ഈ കാഴ്ചപ്പാടിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം തലപൊക്കിയ ഏകപക്ഷീയവും മുസ്ലിംവിരുദ്ധവുമായ വർഗീയ ആക്രമണങ്ങൾ.

രാമനവമി ആഘോഷവേളയിലാണ് മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഡൽഹി, ഗോവ, മഹാരാഷ്ട്ര, കർണാടകം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരേസമയം ആക്രമണമുണ്ടായത്. ഇത് യാദൃച്ഛികമല്ല. രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രകളും പൂജകളും മുസ്ലിം സമുദായാംഗങ്ങൾക്കുനേരെ കടന്നാക്രമണം നടത്താനുള്ളതാക്കി. ബിജെപിയുടെ ഭരണമുള്ള സംസ്ഥാനങ്ങളിൽ ആ ഭരണത്തിന്റെയും മറ്റിടങ്ങളിൽ കേന്ദ്ര സർക്കാരിന്റെയും സഹായത്തോടെയാണ് കേട്ടുകേൾവിയില്ലാത്ത ഹിംസാത്മക പരമ്പരകൾ ഉണ്ടായത്.

മധ്യപ്രദേശിലെ ഖർഗോണിൽ രാമനവമി ആഘോഷസന്ദർഭത്തിലെ കുഴപ്പങ്ങളെത്തുടർന്ന് അമ്പതോളം മുസ്ലിങ്ങളുടെ കെട്ടിടങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തി. ഇതിന്‌ ബുൾഡോസറുകൾ ഉപയോഗിച്ചു. മുസ്ലിങ്ങൾക്കെതിരെ ഏകപക്ഷീയമായി നടത്തിയ ബുൾഡോസർ ആക്രമണത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ന്യായീകരിച്ചു. മുസ്ലിങ്ങൾ കുഴപ്പക്കാരാണെന്നാണ് സർക്കാർ ന്യായം. ബുൾഡോസർ പ്രയോഗം മുഖ്യമന്ത്രി ശിവ്‌രാജ് സിങ്‌ ചൗഹാന്റെ നിർദേശപ്രകാരമാണെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ മുസഫർപുരിൽ ഹിന്ദുത്വ അക്രമികൾ മുസ്ലിംപള്ളിക്കു മുകളിൽ കാവിക്കൊടി സ്ഥാപിച്ചാണ് കുഴപ്പമുണ്ടാക്കിയത്. അക്രമികൾ തന്നെ വീഡിയോ പുറത്തുവിട്ടെങ്കിലും ആരെയും അറസ്റ്റുചെയ്തില്ല. ഡൽഹിയിൽ പശുമാംസം വിറ്റെന്ന് ആരോപിച്ച് ഫാംഹൗസ് ജീവനക്കാരനെ സംഘപരിവാർ തല്ലിക്കൊന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലിംവിരുദ്ധ പ്രകോപന മുദ്രാവാക്യങ്ങളുമായാണ് ഘോഷയാത്ര നടത്തിയത്.


 

മോദി ഭരണം എട്ടാംവർഷം പൂർത്തിയാക്കുന്നവേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം മുസ്ലിംവിരുദ്ധവേട്ട രാമനവമി ആഘോഷത്തിന്റെ മറവിൽ നടത്തിയത് ഒരു രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്. കേന്ദ്രഭരണത്തിന്റെയും ആർഎസ്എസ് –-ബിജെപി നേതൃത്വത്തിന്റെയും അറിവോടെ ആസൂത്രിതമായി സംഘടിപ്പിച്ചതാണ്. അതുകൊണ്ടാണ് ഇത്രമാത്രം വിനാശകരമായ സംഭവങ്ങളുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം ദീക്ഷിക്കുന്നത്. അക്രമങ്ങളെ അപലപിക്കാനുള്ള പ്രാഥമിക മര്യാദപോലും പ്രധാനമന്ത്രി കാട്ടുന്നില്ല. കഴിഞ്ഞ അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിടത്ത് അധികാരത്തിലേറാൻ കഴിഞ്ഞെങ്കിലും ഫലം ബിജെപിക്ക് വേണ്ടത്ര മെച്ചപ്പെട്ടതല്ല. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ സുഗമമാകുന്നതിന്റെ സൂചനകൾ യുപിയടക്കം ബിജെപിക്ക് നൽകുന്നില്ല. അതുകൊണ്ട് ഹിന്ദുത്വഭരണം ഉറപ്പിക്കാൻ ഗുജറാത്ത് മോഡൽ വംശഹത്യാതന്ത്രം പലതരത്തിൽ കഴിയുന്നത്ര ഇടങ്ങളിൽ നടപ്പാക്കുകയെന്ന അജൻഡയിലേക്ക് മാറിയിരിക്കുന്നു. അതിന്റെ വിളംബരമാണ് ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് മുസ്ലിങ്ങളുടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതടക്കമുള്ള നീചസംഭവങ്ങൾ.

മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ ഫലമായി സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടുന്നവരായി ഇന്ത്യൻജനത മാറിയിരിക്കുകയാണ്. അതേ സാമ്പത്തികനയങ്ങളുടെ ഫലമായി പൊതുസ്വത്ത് അടക്കം കൊള്ളയടിച്ച് കൊഴുക്കുകയാണ് കോർപറേറ്റുകൾ. തൊഴിലില്ലായ്മ, ഉള്ള തൊഴിൽ നഷ്ടപ്പെടൽ, വേതനം വെട്ടിക്കുറയ്ക്കൽ, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളിലാണ് തൊഴിലാളി-കർഷകാദി ജനകോടികൾ. ഇതേ വേളയിലാണ് ഹിന്ദുരാഷ്ട്ര നിർമിതിക്കുള്ള അക്രമാസക്ത പരമ്പരകളും. ഭരണത്തിന്റെ കെടുതി അനുഭവിക്കുന്ന ആളുകളെപ്പോലും ഹിന്ദുവർഗീയത കുത്തിവച്ച് സ്വന്തംചേരിയിൽ കൊണ്ടുവരുന്നതിനുള്ള വർഗീയ തീക്കളിയാണ് ഇക്കൂട്ടർ നടത്തുന്നത്. ഇതിന്റെയെല്ലാം ഫലമായി രാജ്യം സ്‌ഫോടനാത്മകമായ സ്ഥിതിയെ അഭിമുഖീകരിക്കുകയാണ്.

ഇന്ത്യ ഒരു മതനിരപേക്ഷ റിപ്പബ്ലിക്കാണ് എന്നത് ആർഎസ്എസും ഹിന്ദുത്വശക്തികളും അംഗീകരിക്കുന്നില്ല. എല്ലാ ജാതി, മത സമുദായ ആഘോഷങ്ങൾക്കും ആരാധനകൾക്കും സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ രാജ്യം. ‘ഈശ്വര, അള്ളാ, തേരേ നാം' എന്ന മഹാത്മ ഗാന്ധിയുടെ പ്രിയപ്പെട്ട വരി സ്വാതന്ത്ര്യസമരകാലത്ത് മാത്രമല്ല, അതിനുശേഷവും ഇന്ത്യ ഉൾക്കൊള്ളുന്നതാണ്. ഏത് ജാതിയിൽ പിറന്നവരാണെങ്കിലും ഏത് മതത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും ഏത് ഭാഷാക്കാരാണെങ്കിലും  രാജ്യത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്നവരാണെങ്കിലും ഇന്ത്യക്കാർ ഒന്ന് എന്നതാണ് ഇന്ത്യൻ റിപ്പബ്ലിക് നൽകുന്ന സങ്കൽപ്പം. ആർഎസ്എസിന്റെ കാഴ്ചപ്പാടിലാകട്ടെ ഹിന്ദുത്വ ദേശീയതയിലൂന്നിയ ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം' എന്നതാണ്. ഇതിലൂടെ ബഹുദേശീയത, ബഹുഭാഷ, ബഹുസംസ്‌കാര സ്വഭാവത്തെ നിരാകരിക്കുകയാണ്. ആർഎസ്എസിന്റെ പ്രതിലോമകരമായ ഈ നിലപാടിന്റെ തുടർച്ചയാണ് രാമനവമി ആഘോഷമറവിൽ രാജ്യവ്യാപകമായി ഭരണകൂട പിന്തുണയോടെ സംഘപരിവാർ കെട്ടഴിച്ചുവിട്ട അന്യമതവിദ്വേഷ ആക്രമണങ്ങൾ. ഇത് മഹത്തായ ഇന്ത്യൻ റിപ്പബ്ലിക് എന്ന കാഴ്ചപ്പാടിനെ മാരകമായി പ്രഹരമേൽപ്പിക്കുന്നു.

ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് ഇന്ത്യ. പക്ഷേ, ആഘോഷങ്ങൾ ചോരപ്പുഴ സൃഷ്ടിക്കുന്ന രാജ്യമായി രണ്ടാം മോദി ഭരണം മൂന്നുവർഷം പൂർത്തിയാക്കുമ്പോൾ ഇന്ത്യ മാറിയിരിക്കുന്നു. ഇതിന് നേർവിപരീതമായ അനുഭവമാണ് എൽഡിഎഫ് ഭരണത്തിലെ കേരളം  പ്രദാനംചെയ്യുന്നത്. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ പെസഹ ആചരിച്ചപ്പോൾ കേരളത്തിലെ ദേവാലയങ്ങളിലും കാൽകഴുകൽ ശുശ്രൂഷയും അപ്പംമുറിക്കൽ ചടങ്ങുകളും നടന്നു. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്ററിനെയും ഐശ്വര്യത്തെ വരവേൽക്കുകയെന്ന സങ്കൽപ്പമുള്ള വിഷുവിനെയും എതിരേൽക്കാനുള്ള ഒരുക്കത്തിലാണ് കേരളം. മതങ്ങളുമായി ബന്ധപ്പെട്ടതാകട്ടെ, ദേശീയമായി ബന്ധപ്പെട്ടതാകട്ടെ, പ്രാദേശികമായി ബന്ധപ്പെട്ടതാകട്ടെ- ഏത് ഉത്സവവും ശാന്തിയോടെയും സമാധാനത്തോടെയും നടത്താൻ കഴിയുന്ന നാടായി കേരളം നിലനിൽക്കുന്നു.

ഇതിനു കാരണം വർഗീയക്കുഴപ്പമുണ്ടാക്കാൻ നിലകൊള്ളുന്ന മതഭ്രാന്തിന്റെ ശക്തികൾ ഇവിടെ ഇല്ലാത്തതുകൊണ്ടോ, അവർക്ക് സ്വാധീനമില്ലാത്തതുകൊണ്ടോ അല്ല. വ്യത്യസ്ത മതങ്ങളുടെ പേരിലുള്ള തീവ്ര വർഗീയസംഘടനകൾ ഇവിടെയുണ്ട്. പക്ഷേ, അവർക്ക് അഴിഞ്ഞാടാൻ ഭരണകൂടത്തെയും പൊലീസ് സംവിധാനത്തെയും പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ വിട്ടുകൊടുക്കുന്നില്ല. ഇത്തവണ രാമനവമി ആഘോഷങ്ങളുടെ മറവിൽ പശ്ചിമബംഗാളിൽ വർഗീയ ആക്രമണമുണ്ടായി. എന്നാൽ, 34 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് ഒരു ആഘോഷകാലത്തും അല്ലാതെയും വംഗനാട്ടിൽ വർഗീയ കലാപങ്ങൾ ഉണ്ടായില്ല. കേരളത്തിൽ വർഗീയക്കുഴപ്പം സൃഷ്ടിക്കുന്നത് തടയുന്നതിന് ഇടതുപക്ഷ- മതനിരപേക്ഷകക്ഷികളും ശക്തികളും പുലർത്തുന്ന കരുതലും പ്രതിബദ്ധതയും പ്രധാനമാണ്. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഏത് ആഘോഷവും ഉത്സവവും സമാധാനപൂർവം നടത്താൻ കേരളത്തിൽ കഴിയുന്നത്. മോദി ഭരണത്തിലെ ഇന്ത്യയിൽ അതിനു കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top