06 October Thursday

"അരക്കില്ലം' പാഴാകും - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2022

പഞ്ചപാണ്ഡവന്മാരെ ഇല്ലാതാക്കാൻ നൂറ്റവർ "അരക്കില്ലം' തീർത്തതുപോലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ ലാക്കാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെയും മറ്റ് ഭരണകൂട സംവിധാനങ്ങളെയും ദുരുപയോഗിച്ച് കേന്ദ്രഭരണവും ബിജെപിയും "അരക്കില്ലം' പണിയുകയാണ്. "അരക്കില്ലം' കത്തിച്ച് പാണ്ഡവരെ തീർക്കാൻ അവരുടെ ശത്രുവായ പുരോചനൻ നൂറ്റവർക്ക് കൂട്ടായതുപോലെ കോൺഗ്രസും യുഡിഎഫും ഈ തീക്കളിയിൽ കേന്ദ്രഭരണക്കാർക്കൊപ്പമുണ്ട്.

നെയ്യ്‌, എണ്ണ, കൊഴുപ്പ്, അരക്ക് എന്നിവയെല്ലാം മണ്ണിൽ കലർത്തി ചുമരിൽ കനത്തിൽ തേച്ച കെട്ടിടം കത്തിച്ച് പാണ്ഡവരെ കൊല്ലാനായിരുന്നു ഗൂഢാലോചന. അതുപോലെ ഒരു രാഷ്ട്രീയ ഹീനകൃത്യത്തിനാണ് എൽഡിഎഫ് സർക്കാരിനെതിരെ കേന്ദ്രവും രാഷ്ട്രീയശത്രുക്കളും ചുവടുവയ്ക്കുന്നത്. അതിന്റെ ഭാഗമാണ് സിപിഐ എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്കിനെതിരായ ഇഡിയുടെ സമൻസും സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കഥയില്ലാത്ത ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള കേസ് കേരളത്തിന് പുറത്തെ കോടതിയിൽ പരിഗണിക്കണമെന്ന ഇഡിയുടെ നിലപാടും.

കിഫ്‌ബിക്കെതിരായ നീക്കം 
ഒറ്റക്കെട്ടായി ചെറുക്കണം

കോവിഡാനന്തര ലോകത്ത് നവ-ഉദാരവൽക്കരണ -ആഗോളവൽക്കരണ സാമ്പത്തികനയങ്ങളുടെ കെടുതിയിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാനുള്ള ദേശീയ ജനകീയ ബദലാണ് കേരളം നടപ്പാക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). അതിനെ ഈ നിലയിൽ രാജ്യത്തെ ജനങ്ങളും ലോകത്തെ വിവിധഭാഗങ്ങളിലെ വിദഗ്ധരും  കാണുന്നുണ്ട്. എന്നാൽ, ഇത് ഭരണഘടനയെ ലംഘിക്കുന്ന ഒരു സംവിധാനം എന്ന നിലയിലാണ് ചില കേന്ദ്രങ്ങൾ ചിത്രീകരിക്കാൻ നോക്കുന്നത്. അതിന് മുഖ്യകാരണം ഇവരുടെ കണ്ണുകളിലെ ഇടതുപക്ഷവിരുദ്ധ തിമിരമാണ്. കേന്ദ്രസർക്കാരിനെ ബാധിച്ചിരിക്കുന്ന ഈ തിമിരത്തിന്റെ ഫലമായാണ് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണഏജൻസികളെയും മറ്റ് സംവിധാനങ്ങളെയും എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റാനായി തുടലഴിച്ചുവിട്ടിരിക്കുന്നത്. പിണറായി സർക്കാരിനെ വരിഞ്ഞുമുറുക്കാനും കഴുത്തുഞെരിക്കാനുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ഈ കുതന്ത്രം വിജയിച്ചാൽ ആദ്യം സംഭവിക്കുന്നത് കിഫ്ബി എന്ന സംവിധാനം തകരും എന്നതാണ്. ഇത് ഒരു കാരണവശാലും അനുവദിക്കാൻ ആത്മാഭിമാനമുള്ള കേരളീയർക്ക് കഴിയില്ല. അതിനാൽ, കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെയും ബിജെപി-–- യുഡിഎഫ് കൂട്ടുകെട്ടിന്റെയും  കുത്സിതപ്രവൃത്തികളെ തടയാൻ കേരളം ഒന്നായി രംഗത്തുവരണം.

അറുപത്തഞ്ച് വർഷത്തെ കേരള ചരിത്രത്തിൽ ആറു വർഷത്തെ പിണറായി സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പശ്ചാത്തല സൗകര്യവികസനത്തിൽ സർവകാല റെക്കോഡാണ് സ്ഥാപിച്ചത്. ഇതിൽ കിഫ്ബിയുടെ പങ്ക് വലുതാണ്. വികസനത്തിനുള്ള ദേശീയ ബദലായ കിഫ്ബിയെ നിയമക്കുരുക്കിലാക്കുന്നതിനുള്ള തീക്കളിക്കാണ് കേന്ദ്രസർക്കാർ ഇഡിയെ ഇറക്കിവിട്ടിരിക്കുന്നത്. ഐസക്കിന് സമൻസ് കിട്ടുന്നതിനുമുമ്പ് അത് മാധ്യമങ്ങൾക്ക് ലഭിച്ചതിൽത്തന്നെ ഇവരുടെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എൽഡിഎഫ് സർക്കാരിനും എതിരെ ഇഡിയെയും മറ്റ് അന്വേഷണ ഏജൻസികളെയും കഴിഞ്ഞ തദ്ദേശഭരണ- നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ രംഗത്തിറക്കിയിരുന്നു. പക്ഷേ, ഈ ഹീനനീക്കത്തിന് വോട്ടിലൂടെ ജനങ്ങൾ കനത്ത പ്രഹരം നൽകി. അതേത്തുടർന്ന് മാളത്തിലായ ഏജൻസികളെ വീണ്ടും പുറത്തിറക്കിയിരിക്കുന്നത് വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലാക്കാക്കിയാണ്.

മസാല ബോണ്ടിന്‌
 ആർബിഐ അനുമതി
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ നിയന്ത്രണച്ചട്ടങ്ങളുടെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ കണ്ടുപിടിത്തം. നിയമദൃഷ്ട്യാ ഒട്ടും കഴമ്പില്ലാത്തതാണ് ഈ ആക്ഷേപം. മസാല ബോണ്ട് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല എന്നത് ശരി. പക്ഷേ, കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ നിയന്ത്രണത്തിലുള്ള ബോഡി കോർപറേറ്റുകൾക്ക് അതാകാം. ബോഡി കോർപറേറ്റുകൾക്ക് മസാല ബോണ്ടിലൂടെ വായ്പ എടുക്കാൻ 2019 ജനുവരി 15 വരെ കേന്ദ്രസർക്കാർ അനുമതി ഉണ്ടായിരുന്നു. ആർബിഐ ചട്ടം ഭേദഗതി ചെയ്ത് അതില്ലാതാക്കിയത് ഈ തീയതിയിലാണ്. 2150 കോടി രൂപയ്ക്കുള്ള മസാല ബോണ്ടുകൾ പുറത്തിറക്കുന്നതിന് കിഫ്ബിക്ക് 2018 ജൂൺ ഒന്നിന് റിസർവ്‌ ബാങ്ക് അനുമതി നൽകിയിരുന്നു.

കിഫ്ബിക്ക് സമാനമായ കേന്ദ്രസർക്കാരിന്റെ സ്ഥാപനമായ നാഷണൽ ഹൈവേ ഉൾപ്പെടെയുള്ളവ മസാല ബോണ്ടിലൂടെ വായ്പ സമ്പാദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ബോഡി കോർപറേറ്റുകൾ ചെയ്യുന്നത് ശരിയും അതേ കാര്യം സംസ്ഥാനസർക്കാരിന്റെ ബോഡി കോർപറേറ്റ് ആയ കിഫ്ബി ചെയ്താൽ തെറ്റും ആകുന്നത് എന്ത് നീതിയാണ്? നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് ഈ ഇരട്ടത്താപ്പ് വിലപ്പോകില്ല. അതുകൊണ്ടുതന്നെ ഇഡിയുടെ സമൻസ് ലഭിച്ച ഐസക് വ്യവസ്ഥാപിതമായ വഴികളിലൂടെ തുടർനടപടി സ്വീകരിക്കും. കേന്ദ്ര അന്വേഷണ ഏജൻസികളുടെ എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയക്കളിയെ ഇടതുപക്ഷം ശക്തമായി തുറന്നുകാട്ടും.

വികസനത്തിന്റെ
 സർവതലസ്‌പർശി
കിഫ്ബിയുടെ പ്രയോജനം കിട്ടാത്ത ഒരു കേരളീയനും ഇന്ന് സംസ്ഥാനത്ത് ജീവിച്ചിരിപ്പില്ല. റോഡായി, ആശുപത്രിയായി, സ്‌കൂളായി, മാർക്കറ്റായി, ഇന്റർനെറ്റായി, വൈദ്യുതിയായി, പ്രകൃതിവാതകമായി, വിനോദസഞ്ചാരമായി, മത്സ്യബന്ധനമായി, കുടുംബശ്രീക്ഷേമമായി, ഭവനനിർമാണമായി, വിജ്ഞാനസമൂഹമായി -ഇങ്ങനെ സർവതലസ്പർശിയായി കേരളത്തെ മുന്നോട്ടുനയിക്കുന്ന ഒരു സംവിധാനമാണ് കിഫ്ബി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമം 1999 പ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് ഇത്. കേരളവികസനത്തിനുള്ള പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് സമാഹരിച്ച് സംഭാവന ചെയ്യുക എന്നതാണ് കിഫ്ബിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്കോ മന്ത്രിസഭ തീരുമാനിക്കുന്ന പദ്ധതികൾക്കോ ആണ് ഫണ്ട് നൽകുന്നത്.

സർക്കാർ പദ്ധതികൾ നിർവഹിക്കുന്നതിന് ആവശ്യമായ ഫണ്ടിന് ബജറ്റിനെമാത്രം ആശ്രയിച്ചാൽ മതിയാകില്ല. ബാക്കിത്തുക കടമെടുക്കേണ്ടിവരും. സംസ്ഥാനങ്ങൾക്ക് കടമെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ പരിധിയുണ്ട്. സംസ്ഥാനത്തിന്റെ ആകെ വാർഷിക വരുമാനത്തിന്റെ മൂന്ന് ശതമാനത്തിനുമേൽ കടമെടുക്കാൻ സാധാരണ അനുവദിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് ബോഡി കോർപറേറ്റിലൂടെ വായ്പ നേടി സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിൽ വൻകുതിപ്പ് സൃഷ്ടിച്ച പുതിയ മാർഗം പിണറായി സർക്കാർ സ്വീകരിച്ചത്. ഇവിടെ കേരളത്തെ ഇത് കടക്കെണിയിലാഴ് ത്തില്ലേ എന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്. അതിന് അടിസ്ഥാനമില്ല. മോട്ടോർ വാഹനനികുതിയിൽ നിന്നുള്ള ഒരു വിഹിതവും പെട്രോൾ സെസിൽനിന്ന് ഒരു ശതമാനവും സർക്കാർ കിഫ്ബിയുടെ അടിസ്ഥാനമൂലധനമായി നൽകുന്നുണ്ട്.  അതിനൊപ്പം റവന്യു ലഭിക്കുന്ന പദ്ധതികളിൽനിന്നുള്ള വരുമാനവുമുണ്ട്. ഇതിലൂടെ, വ്യവസ്ഥപ്പെടുത്തിയിട്ടുള്ള നിശ്ചിതസമയത്ത്‌ കടം തിരിച്ചടയ്ക്കാൻ കഴിയും.


 

ഒരഴിമതിയും നടക്കില്ല ;
 കർശന മുൻകരുതലുകൾ
കിഫ്ബി ഫണ്ടിന്റെ  വിനിയോഗവും പദ്ധതികളുടെ നടത്തിപ്പും അഴിമതിരഹിതമാക്കുന്നതിനുള്ള മുൻകരുതലുകൾ കിഫ്ബിയുടെ നിയമത്തിൽത്തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്. അംഗീകൃത പ്രോജക്ടുകൾക്ക് മാത്രമേ കിഫ്ബി ഫണ്ട് വിനിയോഗിക്കാവൂ. ഫണ്ട് വിനിയോഗം പരിശോധിച്ച് സാക്ഷ്യപ്പെടുത്താൻ അന്താരാഷ്ട്ര പ്രശസ്തർ അടങ്ങിയ അഡ്വൈസറി കമീഷനുണ്ട്. ഇതിനുപുറമെ കമ്പനി നിയമപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ്‌, പിയർ ഓഡിറ്റിങ്‌, ആഭ്യന്തര ഓഡിറ്റിങ്‌ എന്നിവയെല്ലാമുണ്ട്. ഇങ്ങനെ വ്യത്യസ്ത തലത്തിൽ വരവ്–-ചെലവു കണക്കുകൾ പരിശോധിക്കുന്നു. ഇത് നിയമസഭയുടെ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്യുന്നു. നാളിതുവരെ അഴിമതിയുടെ കളങ്കമേൽക്കാത്ത സംവിധാനമാണിത്.

കിഫ്ബിക്ക് എതിരെയുള്ള കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കുന്ന യുഡിഎഫ് എംഎൽഎമാർതന്നെ തങ്ങളുടെ മണ്ഡലങ്ങളിൽ കൂടുതൽ കിഫ്ബിക്കുവേണ്ടി മുറവിളി കൂട്ടുന്നുണ്ട്. ഇത് ഈ സംവിധാനത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. സ്ഥലമെടുപ്പിലെ കീറാമുട്ടി കാരണം യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച 510 കിലോമീറ്ററിലെ ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി വാഹനങ്ങൾക്കും വ്യവസായത്തിനും പാചകത്തിനും ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാക്കുന്ന പദ്ധതിയാണ്. ഇത് അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതാണ്. അടുക്കളയിൽ പൈപ്പുവഴി നേരിട്ട് പാചകവാതകം കിട്ടും. ഇത് വിജയകരമായി നടപ്പാക്കാൻ സർക്കാരിന് തുണയായത് കിഫ്ബിയാണ്. 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാനുള്ള ട്രാൻസ്ഗ്രിഡ് 2 പദ്ധതിയുടെ നിർമാണച്ചെലവ് 10,000 കോടി രൂപയാണ്. ഇതും കിഫ്ബിയുടെ സഹായത്തോടെയാണ്. 1300 കിലോമീറ്റർ മലയോര ഹൈവേയും 623 കിലോമീറ്റർ തീരദേശ ഹൈവേയും കിഫ്ബി പണംമുടക്കുന്ന പദ്ധതികളാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ അതിശയകരമായ പുരോഗതിക്കും ഈ സംവിധാനം പ്രയോജനം ചെയ്തു.

കേരളത്തിന്റെ മുന്നേറ്റം
 അവർക്ക്‌ സഹിക്കുന്നില്ല
20 ലക്ഷം ദരിദ്രകുടുംബത്തിന്‌ സൗജന്യമായും 30,000 സ്ഥാപനത്തിനും മറ്റുള്ളവർക്കും കുറഞ്ഞനിരക്കിലും ഇന്റർനെറ്റ് സൗകര്യമെത്തിക്കുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യമായിരിക്കുകയാണ്. സർക്കാർ ഓഫീസുകളിൽ കെ- ഫോൺ വഴി ഇന്റർനെറ്റ് സേവനം കിട്ടുമ്പോൾ ഇവിടങ്ങൾ വൈകാതെ പേപ്പർരഹിത ഓഫീസുകളാകും. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള അതിവേഗ ഇന്റർനെറ്റാണ് കിട്ടാൻ പോകുന്നത്. അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള അനുമതി കേന്ദ്രസർക്കാർ കെ- ഫോണിന് നൽകി. ഇതോടെ സ്വന്തമായി ഐഎസ്ഡി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള ഏക സംസ്ഥാനമായി കേരളം മാറി. ടെലികോം മേഖലയിലെ കോർപറേറ്റ് ആധിപത്യത്തിനെതിരെയുള്ള ജനകീയ ബദലാണിത്. ഇത്തരം കാര്യങ്ങൾ യാഥാർഥ്യമാകുന്നതിൽ അസഹിഷ്ണുതയുള്ള നിക്ഷിപ്ത താൽപ്പര്യക്കാരാണ് കിഫ്ബിക്കെതിരെ വാളോങ്ങുന്നത്.

രണ്ടുവർഷം മുമ്പുമുതൽ എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ ദുരുപദിഷ്ടമായി കൊണ്ടുവന്ന  ആരോപണങ്ങൾ നിയമസംവിധാനങ്ങൾ പരിശോധിച്ചതും ജനങ്ങൾ നിരാകരിച്ചതുമാണ്. അന്ത്യശ്വാസം വലിച്ച അവയ്ക്ക് വീണ്ടും ഓക്‌സിജൻ നൽകി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള "അരക്കില്ലം' തീർക്കലാണ് കേന്ദ്രസർക്കാരും രാഷ്ട്രീയശത്രുക്കളും നടത്തുന്നതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. "അരക്കില്ലം' കത്തിയെങ്കിലും പാണ്ഡവർ രക്ഷപ്പെടുകയും ഉറങ്ങിക്കിടന്ന പുരോചനനും മറ്റും വെന്തുവെണ്ണീറായതും ഇതിഹാസകഥ. അത് ബിജെപിയും യുഡിഎഫും ഓർക്കുന്നത് നന്ന്. എൽഡിഎഫ് സർക്കാരിനെ തകർക്കാൻ അഭിനവ "അരക്കില്ലത്തി'നാകില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top