19 April Friday

നവകേരളവും നവനഗരസഭകളും

പി സുരേഷ്Updated: Saturday Dec 4, 2021

കേരളത്തിലെ നഗരങ്ങളുടെ വികസനവും ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പുതിയ പുതിയ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങൾ സംബന്ധിച്ച് രൂപപ്പെട്ടുവരുന്ന പ്രവർത്തനപരിപാടികളും ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാൽ, അത്തരം പരിശോധനകൾ നടക്കുന്നില്ല. ഓരോ പുതിയ പ്രശ്നത്തെയും അതിന്റെ സന്ദർഭത്തിൽനിന്നുമാത്രം നോക്കിക്കാണുന്നതിനും പരിഹാരം കാണുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതിനൊപ്പം വിശാലവും ദീർഘസ്ഥായിയായിട്ടുള്ളതുമായ വികസന സമീപനങ്ങളും പ്രവർത്തനപരിപാടികളും ഉണ്ടായിവരേണ്ടതുണ്ട്.  മുതലാളിത്ത വികസനത്തിന്റെ അവിഭാജ്യഭാഗമാണ് നഗരവൽക്കരണം. മുതലാളിത്തം വികസിക്കുന്തോറും നഗരവൽക്കരണത്തിന്റെ വേഗവും വർധിക്കും. വ്യവസായ കേന്ദ്രങ്ങൾ ക്രമേണ നഗരങ്ങളായി രൂപം കൊള്ളും. നഗരങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് ശക്തിപ്പെടും. 

നഗരവൽക്കരണത്തിന്റെ ഫലമായി ചേരികളുടെ എണ്ണം വർധിക്കും. എന്നാൽ, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നഗരവൽക്കരണത്തിന്റെ വളർച്ച നിരക്കിൽ രാജ്യത്ത് ഒന്നാം സ്ഥാനമുള്ള കേരളത്തിൽ ചേരികളുടെ എണ്ണം താരതമ്യേന കുറവാണ്. ചേരികളെ ആരോഗ്യകരമായ ജീവിതസൗകര്യങ്ങളുള്ള സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയുന്ന ഇടങ്ങളായി മാറ്റണം.

മാലിന്യസംസ്കരണം ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമെന്ന നിലയിൽ ഇന്ന് പ്രായോഗികമായ പരിഹാരമാർഗങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. മാലിന്യം സംസ്കരിക്കുന്നതിന് പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ സംവിധാനം സ്വീകരിക്കേണ്ടതാവശ്യമാണ്. ഗ്രീൻ പ്രോട്ടോകോൾ വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകുന്നുണ്ട്.    ഈ രംഗത്ത് സഹകരണ സ്ഥാപനങ്ങൾ ഉണ്ടാക്കുകയും അവയുടെ നേതൃത്വത്തിൽ ഈ പ്രവർത്തനം നടത്തുകയും ചെയ്താൽ സുസ്ഥിര മാതൃകകൾ സൃഷ്ടിക്കാനാകും. മാലിന്യസംസ്കരണത്തിൽ കുടുംബശ്രീ സംവിധാനത്തെ ബന്ധിപ്പിക്കാനാകും.

കേരളത്തിലെ ജനസംഖ്യയിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചു വരുന്നതുകൊണ്ടുതന്നെ പാർക്കുകളും പൊതു ഇടങ്ങളും മുതിർന്നപൗരന്മാർക്ക് സൗഹൃദപരമായി മാറേണ്ടതുണ്ട്. സുരക്ഷിത നഗരമെന്നത് അതിപ്രധാന കാര്യമായിരിക്കുന്നു. പ്രത്യേകിച്ചും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ നഗരങ്ങളിൽ ജാഗ്രതാ സംവിധാനം ഉണ്ടാകേണ്ടതുണ്ട്.  ഭൂവിനിയോഗവും ആസൂത്രണവും അതീവശ്രദ്ധ ചെലുത്തേണ്ടവയാണ്. അടിസ്ഥാന സൗകര്യ വികസനം, പൗരന്മാർക്കു നൽകുന്ന സേവനങ്ങൾ എന്നിവ മികച്ചതാക്കണം. 

നവലിബറൽ നയങ്ങൾ രാജ്യത്ത് അതിതീവ്രമായി നടപ്പാക്കുകയാണ്. ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ പൊതു സ്ഥാപനങ്ങൾ, പൊതു ആസ്തികൾ എന്നിവ വിറ്റഴിക്കുകയും കോർപറേറ്റുകൾക്ക് സർവ മേഖലയും തുറന്നുകൊടുക്കുകയുമാണ്.  ഇപ്പോൾ ഒരു പടികൂടി കടന്ന് തദ്ദേശഭരണസ്ഥാപനങ്ങളുടെ പൊതു ആസ്തികൾ വിറ്റഴിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശം ഉണ്ടായിരിക്കുന്നു. നഗരവൽക്കരണത്തിന്റെ ഫലമായി ജനങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതുമൂലം ജനങ്ങൾക്ക് പുതിയ സേവനങ്ങൾ നൽകേണ്ട ബാധ്യതയും നഗരസഭകൾക്കുണ്ടാകുന്നുണ്ട്. എന്നാൽ, അതിനനുസൃതമായി മതിയായ രീതിയിൽ ജീവനക്കാരുടെ എണ്ണം വർധിച്ചിട്ടില്ല. നിലവിലുള്ള ജീവനക്കാർക്ക് മതിയായ പരിശീലനം ലഭിക്കേണ്ടതുണ്ട്. മികച്ച രീതിയിലുള്ള പരിശീലനം ഉറപ്പാക്കുകയെന്നത് കാര്യക്ഷമതയ്ക്ക് അനിവാര്യഘടകമാണ്.

നഗരസഭകൾ ഇരുനൂറോളം സേവനമാണ് നൽകുന്നത്. ജനങ്ങൾക്ക് വേഗം സേവനം ലഭ്യമാക്കുക, സേവനങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കാകെ അവബോധം പകരുക തുടങ്ങിയവ അതിപ്രധാനമാണ്.   അഴിമതി ഇല്ലാതാക്കുന്നതിന് കർക്കശമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.   സേവനം പൂർണമായും ഓൺലൈൻ ആക്കണം. തിരുവനന്തപുരം നഗരസഭയിൽ നടന്നതുപോലുള്ള പണം തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ വേഗമേറിയ ദൈനംദിന പരിശോധനാ സംവിധാനം നടപ്പാക്കണം.നഗരങ്ങളിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന ദീർഘസ്ഥായിയായ ഒട്ടേറെ പദ്ധതികൾക്കാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ രൂപം നൽകിയിട്ടുള്ളത്. നഗരവികസനത്തിനായി 7015 കോടിയുടെ പദ്ധതികളാണ്  നടപ്പാക്കുന്നത്.  ഖരമാലിന്യസംസ്കരണത്തിന്   2500 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതിന്റെ പ്രവർത്തനം നടന്നുവരുന്നു. 

തദ്ദേശഭരണ സർവീസിന്റെ രൂപീകരണം വലിയ മാറ്റങ്ങൾക്കാണ് കളമൊരുക്കുന്നത്. പഞ്ചായത്ത്, ഗ്രാമം, നഗരം, എൻജിനിയറിങ്‌, ഗ്രാമ നഗരാസൂത്രണം എന്നീ അഞ്ചു വകുപ്പ്‌ സംയോജിപ്പിച്ച് പൊതു സർവീസ് നിലവിൽ വരുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ പുതിയ നിലവാരത്തിലേക്ക്‌ ഉയരും.   തദ്ദേശഭരണ പൊതു സർവീസ് ഉടനെ പ്രഖ്യാപിക്കപ്പെടുകയാണ്. നഗരസഭകളെ അതിശക്തമായ ഭരണസംവിധാനങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്  പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. 

തിരുവനന്തപുരത്തു ചേരുന്ന കെഎംസിഎസ്‌യുവിന്റെ അമ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുക്കുന്നതിനും ആധുനിക നഗരങ്ങളെ രൂപപ്പെടുത്തുന്നതിനും സഹായകമായ മാറ്റങ്ങളെ സംബന്ധിച്ച് ഗൗരവമായ ചർച്ചകൾക്കാണ് വേദിയാകുന്നത്.  നവകേരളത്തിന്റെ നയപരിപാടികൾ നടപ്പാക്കപ്പെടുമ്പോൾ നവനഗരസഭകൾ എന്ന ആശയമാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. നവനഗരസഭകളെന്ന ലക്ഷ്യത്തിലേക്കുള്ള ചർച്ചകൾ സജീവമാകുമെന്ന പ്രതീക്ഷയാണുള്ളത്.

(കേരള മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top