16 October Saturday

പാമ്പ് കടിയേറ്റ് മരിച്ച നവവധുവും പോപ്പിന്റെ കേരള സന്ദർശനവും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ഒട്ടേറെ വാർത്തകൾ ആദ്യം പുറത്തെത്തിച്ച റോയ്, കൈയിൽ തടഞ്ഞ ചിലവ ധാർമികതയുടെ പേരിൽ ഒഴിവാക്കി. കോട്ടയത്തെ കോളേജിൽ നിന്ന് 18വയസ്സിനു താഴെയുള്ള മൂന്നു പെൺകുട്ടികളെ കാണാതായത് ചിലർ പൊടിപ്പും തൊങ്ങലും ചേർത്ത് വരച്ചപ്പോൾ അദ്ദേഹം അവഗണിച്ചു. സിനിമയുടെ സ്വാധീനമാണ് ഒളിച്ചോടലിനു പ്രേരണയെന്നുവരെ ചിലർ എഴുതി. പ്രായപൂർത്തിയാവാത്ത കുട്ടികളെക്കുറിച്ച് കഥ മെനയുന്നത് അധാർമികമാണെന്ന് റോയി വിശ്വസിച്ചു. ആ നിലപാട് ശരിവെക്കുന്ന അനുബന്ധവുമുണ്ടായി. കെ സി ജോണിന്റെ പരാതിയിൽ വാർത്ത കൊടുത്ത പത്രങ്ങൾക്കു പ്രസ് കൗൺസിലിനോട് മാപ്പുപറയേണ്ടിവന്നു.

ചെറിയൊരു പത്രത്തിൽ വന്ന, നവവധു പാമ്പുകടിയേറ്റു മരിച്ചു എന്നതിന് അന്താരാഷ്ട്ര പ്രാധാന്യം നേടിക്കൊടുത്തു റോയ്. വിവാഹദിനത്തിലെ ഒരുക്കത്തിനിടെയായിരുന്നു ദാരുണാന്ത്യം. വധുവിനുമാത്രം എങ്ങനെ പാമ്പ് കടിയേറ്റുവെന്ന് അന്വേഷിച്ചു. അത് മുടിക്കെട്ടിൽ കൂടിയതാണെന്ന് കണ്ടെത്തി. അന്ന് അദ്ദേഹം "ഹിന്ദു'വിൽ. ആ പത്രം അത്തരം വാർത്ത നൽകാത്തതിനാൽ ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകന് കൈമാറി. അത് ഹിറ്റായി. തന്റെ വാർത്ത ഫലം കണ്ടതായി റോയി എഴുതി. മലയാളി സ്ത്രീകൾ മുടിക്കൊണ്ട ഒഴിവാക്കുന്നതിലേക്ക് എത്തിയെന്നായിരുന്നു പറഞ്ഞത്. ഒരു യാത്രയിലെ സഹയാത്രികനുമായുള്ള സംഭാഷണത്തിലാണ് മറ്റൊരു നിർണായക വാർത്ത ലഭിച്ചത്. ജോൺപോൾ മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുന്നു എന്ന വാർത്ത 1986ലാണ് റിപ്പോർട് ചെയ്തത്.

 കെ എം റോയിയും ഭാര്യയും

കെ എം റോയിയും ഭാര്യയും


അന്ന്  യുഎൻഐ കൊച്ചി ലേഖകൻ. മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള യാത്ര. സഹയാത്രികൻ പറഞ്ഞു:  മാർപ്പാപ്പ കേരളം സന്ദർശിക്കുമെന്ന്. അയാൾ ഗോവൻ ആർച്ച് ബിഷപ്പിന്റെ അരമനയിലെ ജോലിക്കാരൻ. പാപ്പയുടെ സന്ദർശനം എക്സ്ക്ലൂസീവ് ആണെങ്കിലും ആരെയെങ്കിലും ഉദ്ധരിച്ചേ യുഎൻഐയിൽ നൽകാനാവൂ. അന്ന് വാരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറ. കേരള കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസ് അധ്യക്ഷനായ അദ്ദേഹം, കേരളടൈംസ് പത്രാധിപരും. ആർച്ച് ബിഷപ്പിനെ ഉദ്ധരിച്ചാൽ വലിയ വാർത്തയാകും. അദ്ദേഹവുമായി നല്ല അടുപ്പം. എറണാകുളം സൗത്തിലെ പിയാസ ലോഡ്ജ് വെഞ്ചിരിക്കാൻ ബിഷപ്പ് എത്തുന്നുണ്ട്. റോയിയും ചെന്നു. ചായക്കിടെ "മാർപ്പാപ്പ എന്ന് കേരളത്തിലെത്തും "പെട്ടെന്നുള്ള ചോദ്യത്തിന് മറുപടി പറയാതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. "അഞ്ചെട്ടു മാസം മുമ്പേ തീരുമാനിക്കുന്നതാണ്'. മറ്റന്നാൾ ഞാൻ വത്തിക്കാനിലേക്ക് പോകും.

ശേഷം  വ്യക്തമാകും. പിറ്റേദിവസം യുഎൻഐ യിൽ മാത്രം "മാർപ്പാപ്പ ഉടൻ കേരളം സന്ദർശിക്കും: ആർച്ച്ബിഷപ്പ്' എന്ന വാർത്ത. അത് ശ്രദ്ധിക്കപ്പെട്ടു. ദേശീയപത്രങ്ങൾ പിന്തുടർന്ന ആ വാർത്ത പക്ഷേ, ആർച്ച് ബിഷപ്പ് പത്രാധിപരായ കേരള ടൈംസിൽ മാത്രം വന്നില്ല.
നല്ല റിപ്പോർടർ മികച്ച പത്രാധിപരാവണമെന്നില്ല, മറിച്ചും. ഊന്നൽ മാറ്റിയും ആകർഷക ശീർഷകം നൽകിയും വാർത്ത ശ്രദ്ധേയങ്ങളാക്കിയ ഉദാഹരണങ്ങളും റോയിയുടെ കരിയറിലുണ്ട്. വാർത്തയിൽ അസ്വാഭാവികത മണത്തതിനാലാണ് സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയല്ലെന്ന് തലക്കെട്ട് നൽകിയത്. അങ്ങനെ ധീരത കാണിച്ച ആദ്യ പത്രാധിപർ. യഥാർഥ പത്രപ്രവർത്തൻ വിരമിക്കില്ലെന്നും തെളിയിച്ചു അദ്ദേഹം. പക്ഷാഘാതത്തെ കരുത്തോടെ നേരിട്ട് പൊതുവേദികളിൽ എത്തിയപ്പോൾ ഒരു വർഷം കൊച്ചി അപൂർണമായിരുന്നെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടത് ആ ഊർജസ്വലതക്കുള്ള അംഗീകാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top