22 October Friday

പത്രപ്രവര്‍ത്തനത്തിലെ ലിബറല്‍ മുഖം

അനില്‍കുമാര്‍ എ വിUpdated: Saturday Sep 18, 2021

ഫോട്ടോ: ശിവപ്രസാദ് എം എ

സത്യത്തെയും ശരിയെയുംകുറിച്ച് വ്യക്തിനിഷ്ഠവും എന്നാല്‍ ആത്മാര്‍ഥവുമായ നിലപാടുകളില്‍ നിലയുറപ്പിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു കെ എം റോയ്. അനുഭവങ്ങളും ചരിത്രവും ബലിഷ്ടമാക്കിയ ലിബറല്‍ പാരമ്പര്യത്തിന്റെ തിരി കെടാതെ സൂക്ഷിച്ചു. പത്രപ്രവര്‍ത്തനത്തിലും സാമൂഹ്യജീവിതത്തിലും നടത്തിയ ഇടപെടല്‍ കൗതുകങ്ങളും വിസ്മയങ്ങളും കോര്‍ത്തിണക്കിയത്. വല്ലാത്ത ചൂടും ചൂരുമുണ്ടായ ആ കഥകള്‍ പാഠപുസ്തകം പോലെ. പിന്തുടരാനും അനുകരിക്കാനും എളുപ്പമല്ലാത്ത വിധം തീക്ഷ്ണം. മഹാരാജാസ് കോളേജില്‍ എംഎക്ക് പഠിക്കവെ, 1961ല്‍ കേരളപ്രകാശത്തില്‍ സബ് എഡിറ്ററായി  തുടക്കം. ഉടമ മത്തായി മാഞ്ഞൂരാന്‍. പഠനം പൂര്‍ത്തിയാക്കി ദേശബന്ധുവില്‍. തുടര്‍ന്ന് കേരളഭൂഷണം. എക്കണോമിക് ടൈംസ്, ഹിന്ദു, യുഎന്‍ഐ എന്നിവയിലെ സേവനശേഷം മംഗളം ജനറല്‍ എഡിറ്ററായി വിരമിച്ചു.

പത്താംക്ലാസിലെ അനുഭവമാണ് റോയിയെ ഭാഷാപഠനത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിച്ചുവിട്ടത്. മറ്റെല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്ക്, മലയാളത്തില്‍ കര തൊട്ടില്ല. പരീക്ഷ വീണ്ടും എഴുതിയത് നാണക്കേടായി തോന്നിയതിനാല്‍ നിശ്ചയദാര്‍ഢ്യത്തോടെ മാതൃഭാഷയെ സമീപിച്ചു. പരീക്ഷാ ലക്ഷ്യത്തിനപ്പുറം വളര്‍ന്നു അത്. അങ്ങനെ പുസ്തക ലോകത്തെത്തി. ഭാഷാപഠനവും വായനയും. ബിരുദ കാലത്ത് പത്രങ്ങളില്‍ എഴുതിയത് ആത്മവിശ്വാസം നല്‍കി സ്വന്തം തട്ടകം ഉറപ്പിച്ചു. പ്രേരണയായത് മാഞ്ഞൂരാന്‍. ജീവിതത്തിലെയും കരിയറിലെയും വഴിവിളക്ക് അദ്ദേഹം.മലയാളത്തിലും ഇംഗ്ലീഷിലും അസൂയാവഹമായ പ്രാഗത്ഭ്യം കാട്ടിയ മാഞ്ഞൂരാന്‍ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനങ്ങളും പകര്‍ന്നു. ആ ആരാധന തുളുമ്പുന്നതാണ് റോയ് എഴുതിയ 'കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാന്‍'. മറക്കാനാവാത്ത മറ്റൊരു സ്വാധീനം കേരളഭൂഷണം പത്രാധിപര്‍ സി എന്‍ ശ്രീകണ്ഠന്‍നായര്‍. വാര്‍ത്തകളെയും വീക്ഷണങ്ങളെയും വ്യതിരിക്തമായി കാണാന്‍ പരിശീലിപ്പിച്ചത് അദ്ദേഹം. കവിതയൊഴിച്ച് മറ്റെല്ലാ ശാഖകളിലും കൈവെച്ച റോയ് സിഎന്നിനെപ്പറ്റി നാടകവും എഴുതി.

 എംകെ സാനുവിനൊപ്പം കെ എം റോയ്: ഫോട്ടോ: ശിവപ്രസാദ് എം എ

എംകെ സാനുവിനൊപ്പം കെ എം റോയ്: ഫോട്ടോ: ശിവപ്രസാദ് എം എആ കഥ ജോണ്‍പോള്‍ തിരക്കഥയാക്കാനും ശ്രമിച്ചു.പത്രപ്രവര്‍ത്തകരുടെ സംഘാടനത്തിനും റോയി മുന്നിട്ടിറങ്ങി. അതിന് അഖിലേന്ത്യാരൂപം നല്‍കാനും യത്നിച്ചു. കൊച്ചി ശ്രദ്ധിച്ച പ്രധാന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ നായകനുള്ളില്‍ എപ്പോഴും പോരാളി ഉണര്‍ന്നിരുന്നു. എസ് കോഡര്‍ നടത്തിയ മട്ടാഞ്ചേരി എറണാകുളം ബോട്ട് സര്‍വീസില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമുണ്ട്. വാട്ടര്‍ ട്രാന്‍സ്പോര്‍ട് അത് പിന്‍വലിച്ചു. റോയിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം. രണ്ടുവട്ടം കേരള ന്യൂസ് പേപ്പേഴ്സ് യൂണിയന്‍ അധ്യക്ഷനായ അദ്ദേഹം നാലുവര്‍ഷം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ജനറല്‍സെക്രട്ടറിയുമായി. വേജ് ബോര്‍ഡ്, പ്രസ് അക്കാദമി, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമിടാനായത് ഇക്കാലത്ത്. ദേശീയ തലത്തിലുള്ള പ്രവര്‍ത്തനം വിപുലമായ സൗഹൃദങ്ങള്‍ക്ക്  അടിത്തറയായപോലെ, രാജ്യമാകെ സഞ്ചരിക്കാനുള്ള അവസരവുമായി. ഇന്ത്യയെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ഗ്രഹിക്കാനായത് 1984 മുതലുള്ള യാത്രകളിലൂടെ. സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, പോളണ്ട്, ബള്‍ഗേറിയ, ചെക്കോസ്ലോവാക്യ, ഉത്തരകൊറിയ, തായ്ലന്‍ഡ്്, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരങ്ങള്‍ കാഴ്ചപ്പാടുകള്‍ വികസ്വരമാക്കി. 

ലേഖനങ്ങളും യാത്രാവിവരണങ്ങളും മറ്റൊരു സംഭാവന. 'മേഘമേലാപ്പിലൂടെ നീണ്ട യാത്രകള്‍', 'ചിക്കാഗോയിലെ കഴുമരങ്ങള്‍' തുടങ്ങിയവ എടുത്തുപറയേണ്ടവ. മോഹമെന്ന പക്ഷിയുടെ മര്‍മരം, സ്വപ്ന എന്റെ ദുഃഖം, ഇരുളും വെളിച്ചവും, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, കറുത്തപൂച്ചകള്‍ ചുവന്ന പൂച്ചകള്‍, തുറന്ന മനസ്സോടെ, മരിച്ചവര്‍ക്ക് പൂച്ചെണ്ടുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ശ്രദ്ധേയങ്ങള്‍.

അടിയന്തരാവസ്ഥയിലും ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും റോയിയുടെ ഇടപെടല്‍ കൂടുതല്‍ വ്യക്തമായി. അഭിപ്രായപ്രകടനത്തിന് വിലങ്ങുവീണ അക്കാലത്ത്  കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ ചില സഹപ്രവര്‍ത്തകരുടെ നടുവിലാണ് ആ നിലപാട് സാന്ത്വനമായത്. എഴുത്തിലൂടെയും നോട്ടീസും ലഘുലേഖകളും പ്രചരിപ്പിച്ചും പ്രതിരോധത്തിന്റെ നിഴലുകളെങ്കിലും പുറത്തെടുത്തു. നടപടികളുടെ വാള്‍ തലക്കുമേലെ തൂങ്ങി. പ്രകടനത്തില്‍ പങ്കെടുത്തതിന് അറസ്റ്റും. സെന്‍സര്‍മാരുടെ കത്തി കടന്നുവച്ച് ചില വാര്‍ത്തകള്‍ സാഹസികമായി വെളിച്ചം കാണിച്ചു. അടിയന്തരാവസ്ഥ അവസാനിക്കാറായ ഘട്ടത്തില്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം വിളിച്ചു. അക്കാലത്തെ ചില നടപടികളെക്കുറിച്ച് ചോദ്യമുയര്‍ന്നു. മറുപടിയെന്നോണം മേനോന്റെ ചില കുറ്റസമ്മതം.
വരണ്ട നാളില്‍ നല്ല വാര്‍ത്ത കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു പത്രപ്രവര്‍ത്തകര്‍.

അന്ന് ഹിന്ദുവിലായ റോയ് മദിരാശിയിലേക്ക് വാര്‍ത്ത നല്‍കി മാറിനിന്നു. സെന്‍സര്‍ഷിപ്പ് കേരളത്തില്‍ മാത്രം ബാധകമായതിനാല്‍ ഹിന്ദുവിന്റെ ഒന്നാം പുറത്ത് വാര്‍ത്താസമ്മേളനം ഇടം പിടിച്ചു. അതിന്റെ പേരിലും ഭീഷണി. അദ്ദേഹം ധീരത കാട്ടിയ മറ്റൊരു ഘട്ടം 92 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത് ഹിന്ദുത്വം അസഹിഷ്ണുതയുടെ കൊടിയുയര്‍ത്തിയപ്പോള്‍. ലേഖനങ്ങളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയുമായിരുന്നു പ്രതികരണം. ഒരു മുഖപ്രസംഗത്തിന് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. ബാബറി പള്ളി തല്ലിയുടച്ചതിന്റെ ഞെട്ടലും പ്രതിഷേധവും പ്രതിഫലിച്ച പുസ്തകവുമുണ്ട് അയോധ്യയിലെ ശ്രീരാമന്‍ ഒരു പോസ്റ്റുമോര്‍ടം'.

റോയിയുടെ സംസാരങ്ങളിലും കഥ പറച്ചിലിലും എഴുത്തിലും ചരിത്രസ്പര്‍ശമുണ്ടായി. ഹാസ്യത്തിന്റെ നേര്‍ത്ത നൂലിഴ അവയുടെ ആകര്‍ഷണീയത. ഇരുളും വെളിച്ചവും പോലുള്ള പംക്തികള്‍ വിസ്മൃതിയിലാകാത്തത് അതിനാലും. പാലായില്‍ നടന്ന ദേശീയ കായികമേളയില്‍ പഞ്ചാബുകാരിക്ക് നൂറു മീറ്ററില്‍ ഒന്നാംസ്ഥാനം. മനോരമയിലെ ബേബിജോണിന്റെ റിപ്പോര്‍ടില്‍ മാത്രം രസകരമായ അനുബന്ധം. ആ അത്ലീറ്റ് മൂന്നു മാസം ഗര്‍ഭിണി. അക്കഥ തനിക്കു കിട്ടാത്തതിന്റെ  വിഷമം റോയ് തീര്‍ത്തതിലും ഫലിതം നിറഞ്ഞു. പിറ്റേ ദിവസം ഒരു വിഐപിയോട് അദ്ദേഹം, ബേബിജോണിനെ പരിചയപ്പെടുത്തിയത് മനോരമയുടെ ഗര്‍ഭകാര്യ ലേഖകന്‍ എന്നും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top