01 August Sunday

കിറ്റെക്‌സ്‌ : നിക്ഷേപവും
ചില യാഥാർഥ്യങ്ങളും - വർഗീസ് കെ ജോർജ് എഴുതുന്നു

വർഗീസ് കെ ജോർജ്Updated: Thursday Jul 22, 2021

സ്വന്തം സംസ്ഥാനമായ കേരളത്തിൽ പുതിയ നിക്ഷേപം നടത്താനുള്ള പദ്ധതിയെക്കുറിച്ച് പുനർവിചിന്തനം നടത്തുകയാണെന്ന് പ്രമുഖ വസ്ത്ര നിർമാതാക്കളായ കിറ്റെക്‌സ്‌ ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചു. ഒപ്പം മറ്റ് ഒമ്പത് സംസ്ഥാനം അതിന്റെ പ്രീതി നേടാൻ മത്സരിച്ചു. ഈ സംസ്ഥാനങ്ങൾ സാമ്പത്തിക ആനുകൂല്യവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കിറ്റെക്‌സ്‌ തെലങ്കാനയെ തെരഞ്ഞെടുത്തു. തെലങ്കാന ‘മികച്ച ഇടപാട്‌’ വാഗ്ദാനം ചെയ്യുകമാത്രമല്ല, കമ്പനി മേധാവികൾക്ക്‌ വ്യവസായമന്ത്രിയെ കാണാൻ ഹൈദരാബാദിലേക്ക് പോകാൻ പ്രത്യേക വിമാനവും അയച്ചിരുന്നു. കേരളത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത ട്രേഡ് യൂണിയനിസമാണ് പലപ്പോഴും വ്യാവസായിക അഭിലാഷങ്ങളെ വഴിതെറ്റിക്കുന്ന പ്രധാനഘടകമെന്ന്‌ ആരോപണമുണ്ട്‌. എന്നാൽ, കേരളത്തിന്റെ വ്യാവസായിക കാലാവസ്ഥയ്‌ക്കപ്പുറം, മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള ആഗോള വിലപേശലിനെയാണ്‌ കിറ്റെക്‌സ്‌ സംഭവം പ്രതിഫലിപ്പിക്കുന്നത്‌.

മുൻ‌നിര വ്യവസായ സമൂഹം ഈ ചോദ്യവുമായി പൊരുത്തപ്പെടുകയാണ്‌. കൂടാതെ, കോർപറേറ്റുകൾക്ക്‌ ആഗോളമായി മിനിമം നികുതി ഏർപ്പെടുത്താൻ ജി–- ഏഴ്‌ രാജ്യങ്ങൾ‌ നീക്കം തുടങ്ങിയിട്ടുണ്ട്‌. കമ്പനികൾ‌ അവരുടെ ആസ്ഥാനം എവിടെയാണെന്നത്‌ പരിഗണിക്കാതെ പ്രവർ‌ത്തിക്കുന്നിടത്ത് കൂടുതൽ‌ നികുതി അടയ്‌ക്കാൻ ബാധ്യസ്ഥരാക്കാനും ജി–-ഏഴ്‌ മുൻകൈയെടുക്കുന്നുണ്ട്‌. ഈ സംവാദത്തിൽ പ്രധാനമായും രണ്ട് ചോദ്യമാണ്‌ ഉയരുന്നത്‌. ഒന്ന്‌, ഒരു മുതലാളിത്ത സംരംഭം അത്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ രാഷ്ട്രീയ, സാമൂഹ്യ സംവിധാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? രണ്ടാമതായി, വ്യത്യസ്‌ത അധികാരപരിധികൾ നിക്ഷേപത്തിനായി എങ്ങനെ മത്സരിക്കുന്നു, ഇതിന്‌ സമൂഹം നൽകേണ്ട വിലയെന്താണ്‌? ഈ ചോദ്യങ്ങൾ മനസ്സിലാക്കിവേണം ഇപ്പോൾ കിറ്റെക്‌സ്‌ നാടകത്തെ വിലയിരുത്താൻ.

മുഖ്യമായും കയറ്റുമതി അധിഷ്ഠിതമാണ് കിറ്റെക്‌സ്‌. ചില്ലറ വ്യാപാരരംഗത്തെ അമേരിക്കൻ ഭീമനായ വാൾമാർട്ട്‌ കിറ്റെക്‌സിന്റെ ആഗോള ഇടപാടുകാരിൽ ഒരാളാണ്‌. കൊച്ചിക്കു സമീപമുള്ള കിഴക്കമ്പലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കമ്പനിയിൽ പതിനായിരത്തോളം തൊഴിലാളികളുണ്ട്‌. ഇതിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പ്രവർത്തനങ്ങളെ കമ്പനി 2015ൽ ഒരു രാഷ്ട്രീയരൂപമാക്കി മാറ്റിയെടുത്തു. ‘ട്വന്റി -20’ കിഴക്കമ്പലം എന്ന ബാനറിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ സ്ഥാനാർഥികളെ നിർത്തി. 19 സീറ്റിൽ 17ലും വിജയിച്ച്‌ പഞ്ചായത്ത്‌ ഭരണം നേടി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തിൽക്കൂടി ഭരണത്തിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ എട്ട്‌ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു. ഒരിടത്തും വിജയിക്കാനായില്ല.

സംസ്ഥാനത്ത്‌ 3500 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തുമെന്ന്‌ 2020ൽ കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു പിന്നാലെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ജൂണിൽ തങ്ങളുടെ സ്ഥാപനങ്ങളിൽ 11 പരിശോധന നടത്തിയെന്നും ഇത്‌ ഉപദ്രവിക്കലല്ലാതെ മറ്റൊന്നുമല്ലെന്നുമാണ്‌ കമ്പനി അധികാരികൾ പറഞ്ഞത്‌. മനുഷ്യാവകാശ–- തൊഴിൽ നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നാണ്‌ സർക്കാർ വിശദീകരിച്ചത്‌. കേരളത്തിലെ നിക്ഷേപ അനുകൂല സാഹചര്യങ്ങളെ കിറ്റെക്‌സ്‌ ചെയർമാൻ മോശമാക്കി ചിത്രീകരിച്ചു. അവസാനം തെലങ്കാനയിലേക്ക് പോകാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്‌തു.

സാമൂഹ്യ നിയന്ത്രണം
തൊഴിൽ ബന്ധങ്ങൾ, പരിസ്ഥിതി, പ്രകൃതിവിഭവങ്ങൾ, നികുതികൾ എന്നിവ ഉൾക്കൊള്ളുന്ന നിയന്ത്രണങ്ങൾ സ്വകാര്യ സംരംഭങ്ങളുടെ മേലുള്ള സാമൂഹ്യ നിയന്ത്രണത്തിന്റെ ഭാഗമാണ്‌. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുഖേന ചർച്ചചെയ്‌താണ്‌ മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള സാമൂഹ്യ ഒരുമിക്കൽ. ഇത്തരം കൂടിയാലോചന നിയമപരവും നിയമവിരുദ്ധവും ഔപചാരികവും അനൗപചാരികവുമായ മാർഗങ്ങളിലൂടെ പ്രായോഗികമായി മാറുന്നു. നിയമങ്ങളും ചട്ടങ്ങളുമുണ്ട്, പക്ഷേ കൈക്കൂലിയും രാഷ്ട്രീയ സംഭാവനകളും അതിന്റെ ഭാഗമാണ്. ജനാധിപത്യവും രാഷ്ട്രീയ പ്രവർത്തനവും ബഹുതലങ്ങളിലുള്ള സ്ഥലങ്ങളിൽ, അത്തരം ചർച്ച കൂടുതൽ സങ്കീർണമാകും. ഉദാഹരണത്തിന്, കേരളത്തിൽ, ഉചിതമെന്ന് കരുതുന്നതെല്ലാം നടപ്പാക്കാൻ മുഖ്യമന്ത്രിക്കുപോലും കഴിയില്ലെന്നാണ്‌ കിറ്റെക്‌സ്‌ ചെയർമാൻ ആവർത്തിച്ച് പറഞ്ഞ ഒരു കാര്യം-. ചീഫ് എക്സിക്യൂട്ടീവിന് നിയന്ത്രണമില്ലാത്ത അധികാരമുള്ള സ്ഥലങ്ങളിൽ എല്ലാ തീരുമാനവും ഏകജാലക സംവിധാനത്തിലൂടെ കൈക്കൊള്ളാനാകും.

ഇത്തരത്തിലുള്ള എല്ലാ പരിഗണനയുടെയും അടിസ്ഥാനത്തിൽ, നിക്ഷേപകൻ രണ്ട് തലത്തിൽ തീരുമാനമെടുക്കണം. -മൂലധനം എവിടെ കേന്ദ്രീകരിക്കണം, അവിടത്തെ സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ അമേരിക്കൻ സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കാൻ തുടങ്ങിയപ്പോൾ, ‘റേസ്- ടു ദ -ബോട്ടം' എന്ന പ്രയോഗം ഉയർന്നുവന്നു. മൂലധനത്തെ പ്രീതിപ്പെടുത്താനുള്ള മത്സരത്തെയും മറ്റ്‌ ഘടകങ്ങളായ പരിസ്ഥിതി, തൊഴിൽ തുടങ്ങിയ ഘടകങ്ങളെയും കണ്ടില്ലെന്ന്‌ നടിക്കുകയും ചെയ്‌തു. നൂറ്റാണ്ടിന്റെ അവസാനത്തിൽ മൂലധനത്തിനായുള്ള ഈ ഓട്ടം ആഗോളവ്യാപകമായി. രാജ്യങ്ങളും അവിടത്തെ സംസ്ഥാനങ്ങളും പരസ്പരം മത്സരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ആഗോള റാങ്കിങ്‌ മാതൃക പിന്തുടർന്ന് 2015ൽ ഇന്ത്യ ലോകബാങ്കുമായി സഹകരിച്ച് സംസ്ഥാനങ്ങളുടെ ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് റാങ്കിങ് ആരംഭിച്ചു.

തൊഴിലാളികൾ, പരിസ്ഥിതി, തദ്ദേശീയ ജനത എന്നിവയുടെ താൽപ്പര്യങ്ങൾ അവഗണിക്കാനുള്ള സന്നദ്ധതയും ശേഷിയും പലപ്പോഴും ഒരു സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദത്തെ ബാധിച്ചെന്നുവരാം. സംസ്ഥാനശേഷിയെ നികുതി ഇളവുകൾ എങ്ങനെ ബാധിക്കുന്നു എന്നത് ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ്. നികുതി ചുമത്താനുള്ള പല അധികാരങ്ങളും സംസ്ഥാനങ്ങൾക്ക്‌ നഷ്ടപ്പെടുകയാണ്‌. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക്‌ നികുതി ഇളവുകൾ ഇനി വാഗ്ദാനം ചെയ്യാവുന്ന ഒരു പ്രലോഭനമല്ല. ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് റാങ്കിങ്ങിൽ ജാർഖണ്ഡ്‌ അഞ്ചാം സ്ഥാനത്താണ്; കേരളത്തിന്റെ സ്ഥാനം 28. പഞ്ചായത്ത്‌ ആക്ട്‌ (ഷെഡ്യൂൾഡ് ഏരിയ വിപുലീകരണം)–- പെസ, വനാവകാശ നിയമം (എഫ്ആർ‌എ) എന്നിവ പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങൾക്കായി പോരാടിയ 3000 ആദിവാസികളെയാണ്‌ ജാർഖണ്ഡിലെ മുൻ സർക്കാർ ജയിലിലടച്ചത്‌. അവരുടെ നിയമപരമായ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന്‌ മുന്നിൽനിന്ന ജെസ്യൂട്ട് പുരോഹിതൻ ഫാദർ സ്റ്റാൻ സ്വാമിയെ 84–--ാം വയസ്സിൽ ജയിലിലടച്ചു. തടവിൽ കഴിയവെയാണ്‌ അടുത്തിടെ അദ്ദേഹം മരിച്ചത്‌. 2019-–-20ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിലെ ദരിദ്രരുടെ നിലവാര സ്‌കോറിൽ നൂറിൽ കേരളത്തിന്‌ 64 പോയിന്റ്‌ ലഭിച്ചപ്പോൾ ജാർഖണ്ഡിന് 28 പോയിന്റുമാത്രമാണ്‌ ലഭിച്ചത്‌.

ആഗോളവൽക്കരണത്തിന്റെ വ്യാപനത്തിനുമുമ്പ് നിക്ഷേപകൻ അടിസ്ഥാന രാഷ്ട്രീയ വ്യവസ്ഥയുമായി ചർച്ച നടത്തിയിരുന്നു. കോർപറേറ്റുകളുടെ ഇടപെടലും സ്വാധീനവും അമേരിക്കൻ ജനാധിപത്യത്തിൽ ഒരു തർക്കവിഷയമായി തുടരുന്നു. 2010ൽ യുഎസ് സുപ്രീംകോടതി കോർപറേറ്റുകളുടെയും ശതകോടീശ്വരന്മാരുടെയും തെരഞ്ഞെടുപ്പ്‌ ചെലവിന്‌ പരിധി വേണ്ടെന്ന്‌ ഉത്തരവിട്ടു. അവ പ്രത്യേക കാരണങ്ങളെയും വ്യക്തിത്വങ്ങളെയും പ്രോത്സാഹിപ്പിക്കുകയോ അല്ലെങ്കിൽ തുരങ്കം വയ്ക്കുകയോ ചെയ്യുന്നു. ഈ മാതൃകയെ ഒരുപടി മുന്നോട്ട് കൊണ്ടുപോയി കിറ്റെക്സ് ഗ്രൂപ്പ്, പ്രത്യക്ഷമായിത്തന്നെ നാല് പഞ്ചായത്തിൽ രാഷ്ട്രീയ അധികാരം പിടിച്ചെടുത്തു. ഈ നാലു പഞ്ചായത്തിൽനിന്ന്‌ മലിനീകരണ പരാതി ഉയർന്നിരുന്നു. വലിയ കമ്പനികൾ കിറ്റെക്‌സിന്റെ മാതൃക പിന്തുടർന്ന്‌ രാജ്യത്തുടനീളം രാഷ്ട്രീയ അധികാരം പിടിച്ചെടുക്കണമെന്നുകൂടി ചെയർമാൻ നിർദേശിച്ചു. എന്നാൽ, നാല് പഞ്ചായത്തിനെ നിയന്ത്രിക്കുന്നതിലൂടെമാത്രം രാഷ്ട്രീയവ്യവസ്ഥയെ നിയന്ത്രിക്കാൻ സാധിക്കില്ല. അതിനാലാനാണ്‌ വ്യവസായത്തിന്റെ പറിച്ചുനടൽ.

ഉന്നതമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽ ക്കുന്നയിടത്തുനിന്നും സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ നിയന്ത്രിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാനുള്ള മൂലധനത്തിന്റെ വർധിച്ച ശേഷിയുടെ കഥയാണ് ആഗോളവൽക്കരണത്തിന്റെ കഥ. അവിടെ എല്ലാ അനുമതിയും ഏകജാലകമായി ലഭിക്കുന്നു. പാരിസ്ഥിതിക നിയന്ത്രണങ്ങൾ കുറവായ, വേതനം കുറവായ, തൊഴിൽ നിലവാരം ദുർബലമായ, വിയോജിപ്പുകളെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുന്ന സ്ഥലങ്ങളിലേക്കാണ്‌ നിക്ഷേപം കൊണ്ടുപോകുന്നത്‌. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളുടെ തീരത്തെത്തുന്നതുവരെ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ വെല്ലുവിളി നേരിടാൻ പടിഞ്ഞാറും ഉയിർത്തെഴുന്നേൽക്കുകയാണ്‌. ഈ പ്രതിസന്ധി അംഗീകരിച്ചതിന്റെ തെളിവാണ്‌ ജി–-ഏഴിന്റെ നീക്കം. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എൽ യെല്ലൻ ഇപ്പോൾ തൊഴിലാളിവർഗത്തെപ്പറ്റി സംസാരിക്കുന്നു. ‘‘ആഗോള മിനിമം ടാക്സ് നടപ്പാക്കുന്നതിലൂടെ കോർപറേറ്റ്‌ നികുതി ഇളവുകൾക്കുവേണ്ടിയുള്ള ഓട്ടം അവസാനിക്കുകയും ഇത്‌ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള മധ്യവർഗത്തിനും അധ്വാനിക്കുന്ന ജനങ്ങൾക്കും നീതി ഉറപ്പാക്കുകയും ചെയ്യും’’ എന്നാണ്‌ ജാനറ്റ് എൽ യെല്ലൻ അടുത്തിടെ പറഞ്ഞത്‌. ഇത് തൊഴിൽസേനയ്‌ക്ക്‌ പരിശീലനവും വിദ്യാഭ്യാസവും നൽകാനും ഗവേഷണത്തിനും വികസനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ തുക നിക്ഷേപിക്കാനും ഗുണപരമായ അടിസ്ഥാനത്തിൽ മത്സരബുദ്ധിയോടെ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കും.

കേരളത്തിന്‌ നിക്ഷേപങ്ങളോട്‌ ശത്രുത ഉണ്ടെന്ന രീതിയിൽ ആരോപണം ഉന്നയിച്ച്‌ മൂലധനത്തിന്റെ അവസരവാദത്തെ മഹത്വവൽക്കരിക്കുന്നതിനുപകരം, കോർപറേറ്റ് ഭരണം, പരിസ്ഥിതി, തൊഴിൽ എന്നിവയ്ക്ക് ദേശീയ മാനദണ്ഡത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്‌ വേണ്ടത്‌. ഒപ്പം വികസനം നടപ്പാക്കുമ്പോൾ തദ്ദേശീയ സമൂഹത്തിന്‌ അവകാശം ഉറപ്പുനൽകുന്ന നിയമങ്ങൾ ശക്തമായി നടപ്പാക്കണം. വികസിത വ്യാവസായിക സമൂഹങ്ങൾ മത്സരത്തിന്റെ പരിധികൾ തിരിച്ചറിഞ്ഞ് തൊഴിൽ, പരിസ്ഥിതി, നികുതി എന്നിവയിൽ മികച്ച ആഗോളനിലവാരം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ വികസനത്തിനുള്ള ഒരു മാർഗമായി നമ്മുടെ രാജ്യത്ത്‌ സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നത് വിരോധാഭാസമാണ്. സംസ്ഥാനങ്ങളുടെ വികസന അഭിലാഷങ്ങളെ ദ്വന്ദ്വയുദ്ധത്തിനു സമാനമായ ആധുനിക കായികവിനോദമാക്കി മാറ്റുന്നത്‌ ‘ഒറ്റ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി പൊരുത്തപ്പെടുന്നതല്ല.

(ദ ഹിന്ദുവിനോട്‌ കടപ്പാട്‌)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top