19 April Friday

സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്നു - ഡോ. ടി എം തോമസ്‌ ഐസക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2022

കേന്ദ്രം സംസ്ഥാനങ്ങൾക്കെതിരെ ഒരു പടപ്പുറപ്പാടിലാണ്. സംസ്ഥാന സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകുന്നതിനെതിരെ ആർബിഐ ജാഗ്രതാ നോട്ടീസ് ഇറക്കി. ഗ്യാരന്റിയുടെ അടിസ്ഥാനത്തിലുള്ള ഓഫ് ബജറ്റ് ബോറോയിങ്‌ വായ്പകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവ് സർക്കാർ ബജറ്റിൽനിന്നുള്ള ഗ്രാന്റിൽനിന്നാണ് പണം കണ്ടെത്തുന്നതെങ്കിൽ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം തുകകൾ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കുന്ന വാർഷിക വായ്പയിൽനിന്ന് തട്ടിക്കിഴിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം മാത്രമല്ല ആന്ധ്രപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലാകും. ഈ നീക്കങ്ങളെ അനുകൂലിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് ഓശാന പാടുന്ന ചില പത്രപ്രവർത്തകരും സാമ്പത്തിക വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധമായ ഈ നീക്കങ്ങൾ കോടതിയിലേ തീർപ്പാകൂ.

കേന്ദ്രസർക്കാരിന്റെ ഓരോ വാദത്തെയും ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കേണ്ടതുണ്ട്. അതു ചെയ്യും. പക്ഷേ, അതിനുമുമ്പ് ഒരു ചോദ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരുകളെ ഇത്തരത്തിൽ ശ്വാസംമുട്ടിക്കാൻ കേന്ദ്രസർക്കാരിന് എന്താണു ധാർമികാവകാശം? സംസ്ഥാനങ്ങൾ എന്തു ചെയ്യരുതെന്നു പറയുന്നുവോ അവയിൽ ഒരു ഉളുപ്പുമില്ലാതെ അർമാദിച്ചുകൊണ്ടിരിക്കുന്നവരാണ്‌ കേന്ദ്രസർക്കാർ.

(1) വായ്പയെടുക്കുന്ന പണം റവന്യു ചെലവിന് ഉപയോഗിക്കാൻ പാടില്ല. അഥവാ റവന്യു കമ്മി പൂജ്യം ആയിരിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉപദേശം. 2005-–-06 മുതൽ എല്ലാ സംസ്ഥാനങ്ങളുടെയും റവന്യു കമ്മിയുടെ ശരാശരി എടുത്താൽ ഏതാണ്ട് പൂജ്യമാണ്. രണ്ടുവർഷം മിച്ചവും ആയിരുന്നു. കേന്ദ്രസർക്കാരിന്റെ റവന്യു കമ്മി ഈ കാലയളവിൽ രണ്ടുമുതൽ  4.5 ശതമാനത്തിന് ഇടയിലാണ്.

(2) ധനകമ്മി മൂന്ന്‌ ശതമാനത്തിൽ അധികരിക്കാൻ പാടില്ലായെന്നാണു നിയമം. സംസ്ഥാന സർക്കാരുകളുടെ ധനകമ്മി 2005--–-06 മുതൽ മൂന്ന്‌ ശതമാനത്തിൽ താഴെയാണ് - ഒന്നോ രണ്ടോ വർഷം ഒഴിച്ചാൽ. എന്നാൽ, കേന്ദ്രസർക്കാരിന്റെ ധനകമ്മിയാകട്ടെ 3.5 ശതമാനം മുതൽ 4.8 ശതമാനം വരെയാണ്. സംസ്ഥാനങ്ങളുടെ ഓഫ് ബജറ്റ് ബോറോയിങ്ങിനെതിരെ ചന്ദ്രഹാസം ഇളക്കുന്നവർ ആദ്യം ഈ നിയമമൊന്നു പാലിക്കട്ടെ.

(3) കേരള സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ്ങിന് എതിരായിട്ടാണല്ലോ സിഎജിയും കേന്ദ്രസർക്കാരും ഇറങ്ങിയിട്ടുള്ളത്. ഓഫ് ബജറ്റ് ബോറോയിങ്‌ എന്നു പറഞ്ഞാൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ള ചെലവുകൾക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളോ ഏജൻസികളോ വഴി സർക്കാർ തിരിച്ചടവ് ചുമതല ഏറ്റുകൊണ്ട് വായ്പയെടുക്കുന്നതിനെയാണ്. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ വളരെ പരിചയസമ്പന്നരായിട്ടുള്ളവർ. 2020-–-21-ലെ ബജറ്റ് പ്രസംഗത്തിന്റെ അനുബന്ധത്തിൽ പറയുന്നത് 2019–--20-ൽ 1.73 ലക്ഷം കോടി രൂപ ഇങ്ങനെ വായ്പയെടുത്തിട്ടുണ്ടെന്നാണ്. 2020–--21-ൽ 1.86 ലക്ഷം കോടി രൂപ ഇപ്രകാരം വായ്പയെടുക്കുമെന്നാണ്. ഏതെല്ലാം സ്കീം നടപ്പാക്കാനാണ് ഇത്തരത്തിൽ വായ്പയെടുക്കുന്നതെന്ന കാര്യവും രേഖയിൽ പറയുന്നുണ്ട്. പക്ഷേ, ഈ തുകകൾ കേന്ദ്രസർക്കാരിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഒഴിവാക്കിക്കൊണ്ടാണ് ധനകമ്മിയുടെ കണക്ക് ഉണ്ടാക്കിയിട്ടുള്ളത്. എന്തേ കേരളത്തിൽ വരുമ്പോൾ പെൻഷൻ കമ്പനിയെടുത്ത താൽക്കാലിക വായ്പ കേരള സർക്കാരിന്റെ അനുവദനീയമായ വാർഷിക വായ്പയിൽ ഉൾപ്പെടുത്തണമെന്നു ശഠിക്കുന്നത്?

(4) ഓഫ് ബജറ്റ് ബോറോയിങ്ങിൽനിന്നു വ്യത്യസ്തമാണ് സർക്കാർ ഗ്രാന്റുകളുടെ അടിസ്ഥാനത്തിൽ കിഫ്ബി എടുക്കുന്ന വായ്പകൾ. ഇങ്ങനെയെടുക്കുന്ന വായ്പകളും സംസ്ഥാന സർക്കാരിന്റെ അനുവദനീയ വായ്പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണു ശാഠ്യം. ഈ തുക കുറച്ചുള്ള വായ്പയേ ഈ വർഷം കടമെടുക്കാൻ അനുവദിക്കൂവെന്ന് ഇണ്ടാസും ഇറക്കിയിട്ടുണ്ട്.

കിഫ്ബി പോലുള്ള ആന്വിറ്റി ഗ്രാന്റ് മാതൃകയിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ 2019 ഡിസംബറിൽ 87,000 കോടി രൂപയുടെ പിപിപി പ്രോജക്ടുകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റിക്കുമാത്രം 2020-–-21-ൽ 41,000 കോടി രൂപ ആന്വിറ്റി നൽകാൻ ബാധ്യതയുണ്ട്. ഇവർ എടുക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ (അയ്യായിര-ത്തിൽപ്പരം കോടി രൂപയുടെ മസാലബോണ്ട് അടക്കം) കേന്ദ്രസർക്കാരിന്റെ ബാധ്യതയായി ഒരു സി ആൻഡ്‌ എജിയും കണക്കാക്കുന്നില്ല.

ഇനി മൊത്തം പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്സ്ട്രാ ബജറ്ററി വിഭവങ്ങൾ എടുത്താൽ 2020-–-21 ബജറ്റിൽ 8.5 ലക്ഷം കോടി രൂപ വരും. ഇതൊന്നും കേന്ദ്രസർക്കാരിന്റെ കടബാധ്യതയിൽ ഒരു സി ആൻഡ്‌ എജിയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.

കേന്ദ്രത്തിന് ഇങ്ങനെയെല്ലാം ചെയ്യാം. സംസ്ഥാനങ്ങൾക്കു പാടില്ലായെന്ന് ഏകപക്ഷീയമായി കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി തെരഞ്ഞെടുപ്പിനു മുന്നേ ശ്വാസംമുട്ടിക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കുന്നതിന് യുഡിഎഫ് നിലപാട് എടുക്കുമോ? കോൺഗ്രസിന്റെ രാജസ്ഥാൻ, ഛത്തീസ്ഗഢ്‌ സർക്കാരുകളും ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് ഓർക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top