29 March Friday

കിഫ്‌ബി അല്ലാതെ വേറെന്ത്‌ - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Nov 18, 2020


കിഫ്‌ബിയെ വിവാദത്തിൽപ്പെടുത്തുന്നവരോട്‌ ലളിതമായ ഒരു ചോദ്യം. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന്‌ കിഫ്‌ബിയല്ലാതെ എന്തു ബദൽ. പലയാവർത്തി ചോദിക്കപ്പെട്ട ആ ചോദ്യത്തിന്‌ വിമർശകർക്ക്‌ മറുപടിയില്ല. അതുതന്നെയാണ്‌ കിഫ്‌ബിക്കുള്ള ഏറ്റവും നല്ല സാധൂകരണം. എന്നിട്ടും തങ്ങൾ കിഫ്‌ബിക്ക്‌ എതിരല്ല എന്നു സമ്മതിക്കാൻ കാണിക്കുന്ന വൈമനസ്യമാണ്‌ അത്ഭുതകരം.

കേരളത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ മറികടന്ന്‌ ഒരു വികസിത സംസ്ഥാനമായി  മാറണമെങ്കിൽ ഉൽപ്പാദനമേഖലയിൽ വൻതോതിലുള്ള മൂലധനനിക്ഷേപം നടത്തണം. അതിന്‌ മുന്നോടിയായി പശ്‌ചാത്തല സൗകര്യങ്ങൾ ശക്തിപ്പെടണം വിപുലീകരിക്കണം. അത്‌ എങ്ങനെ കഴിയുമെന്നതാണ്‌ പ്രശ്‌നം. സർക്കാരിന്റെ വരുമാനത്തിൽ ചെലവുകഴിച്ച്‌ അവശേഷിക്കുന്ന തുക നിഷേപിച്ചാൽ മതിയാകുമോ. പോര എന്നതാണ്‌ ഉറച്ച ഉത്തരം. ഒരു ഉദാഹരണമെടുക്കാം. 2019–-20ൽ സർക്കാർ 25886 കോടി രൂപ വായ്‌പയെടുത്തു. അത്‌ അത്രയും മൂലധനനിക്ഷേപത്തിനു ലഭിക്കില്ല. കാരണം, അക്കൊല്ലം 17474 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടായിരുന്നു. അത്‌ കുറച്ച്‌ വായ്‌പയിൽ അവശേഷിച്ചത്‌ കേവലം 8412 കോടിമാത്രം. പല വകുപ്പുകൾക്കായി അത്രയും തുക വിഭജിച്ചപ്പോൾ ഓരോ വകുപ്പിനും ലഭിച്ചത്‌ നാമമാത്ര തുക. പൊതു ജനാരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനു ലഭിച്ചത്‌ 195 കോടിരൂപ.  വിദ്യാഭ്യാസത്തിന്‌ 305 കോടി രൂപ. കൃഷിക്ക്‌ 371 കോടിയും വ്യവസായത്തിന്‌ 161 കോടിയും ഭവനനിർമാണത്തിനും നഗരവികസനത്തിനുംകൂടി 39 കോടി രൂപ–- അങ്ങനെ നീണ്ടു മൂലധനച്ചെലവു വിഹിതം.

കാര്യം വളരെ വ്യക്തം. ഖജനാവിന്റെ ശുഷ്‌കമായ സാമ്പത്തിക പിൻബലത്തിൽ ഉയർന്ന തോതിലുള്ള മൂലധനനിക്ഷേപം സാധ്യമല്ല. കടം വാങ്ങിയാലേ സാധ്യമാകൂ. എന്നാൽ, സംസ്ഥാനസർക്കാരിന്റെ കടം വാങ്ങലിന്‌ പരിമിതികളുണ്ട്‌. ഒന്നാമതായി ബജറ്റിൽ അംഗീകരിച്ചത്ര തുകയേ കടം വാങ്ങാവൂ. കൂടുതൽ കടം വാങ്ങിയാൽ അടുത്ത കൊല്ലം കേന്ദ്രത്തിൽനിന്ന്‌ ലഭിക്കേണ്ട വായ്‌പയിൽ അത്രയും കുറവുവരുത്തി ശിക്ഷിക്കും. രണ്ടാമതായി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ നിശ്‌ചിത ശതമാനത്തിൽ കൂടാൻ പാടില്ല വായ്‌പയെന്ന്‌ ധന ഉത്തരവാദിത്തനിയമം വ്യവസ്ഥ ചെയ്യുന്നു. അവശേഷിക്കുന്ന മാർഗം ഒന്നേയുള്ളൂ. ഗവൺമെന്റ്‌ നേരിട്ട്‌ കടം വാങ്ങരുത്‌. ബജറ്റിനു വെളിയിൽ ബജറ്റിതര മാർഗത്തിലൂടെ  കടം വാങ്ങണം. അതാകുമ്പോൾ ഉയർന്ന ധനകമ്മി ഉദിക്കുന്നില്ല. വികസന പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയും ചെയ്യും. അതിനുവേണ്ടി സൃഷ്‌ടിച്ച പ്രത്യേക വായ്‌പോപകരണമാണ്‌ കിഫ്‌ബി. നിയമനിർമാണത്തിലൂടെയാണ്‌ കിഫ്‌ബി നിലവിൽ വന്നത്‌.


 

കിഫ്‌ബി വായ്‌പകൾ സംബന്ധിച്ച്‌ ആദ്യവർഷങ്ങളിൽ സംശയങ്ങളും വിമർശനങ്ങളും ധാരാളം ഉണ്ടായിരുന്നു. വികസന പ്രവർത്തനങ്ങൾ വേഗതയാർജിച്ചതോടെ വിമർശങ്ങൾ സ്വയം കെട്ടടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ്‌ കിഫ്‌ബി സഹായത്തോടെ വികസനപ്രവർത്തനങ്ങൾ മുന്നേറുന്നത്‌. കിഫ്‌ബിക്കു ലഭിച്ച സാർവത്രിക അംഗീകാരവും കിഫ്‌ബിയുടെ ഗുണഫലങ്ങളും ജനങ്ങളെ സന്തോഷഭരിതരാക്കുന്നു. ഒപ്പം വിമർശകരെ അസ്വസ്ഥരുമാക്കുന്നു. അവരുടെ അസ്വസ്ഥതയാണ്‌ ഇപ്പോൾ വിമർശനരൂപം കൈവരിച്ചിട്ടുള്ളത്‌.

ഏത്‌ പ്രോജക്‌ട്‌ നടപ്പാക്കുന്നതിനും കേരളത്തിലെ മുഖ്യതടസ്സം ഭൂലഭ്യതയാണ്‌. കുറഞ്ഞ ഭൂവിസ്‌തൃതി, ഉയർന്ന ജനസംഖ്യ, വർധിച്ച ജനസാന്ദ്രത, ഗ്രാമ നഗര വ്യത്യാസമില്ലാത്ത ആവാസവ്യവസ്ഥ, ആ പരിതഃസ്ഥിതയിൽ ഓരോ ഇഞ്ച്‌ ഭൂമിയും വിലപ്പെട്ടതാകുന്നു. ഉയർന്ന നഷ്‌ടപരിഹാരം നൽകിയേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ. ആയതിന്‌ പരിഹാരമേകുന്നു എന്നതാണ്‌ കിഫ്‌ബിയുടെ മുഖ്യനേട്ടങ്ങളിലൊന്ന്‌. ഭൂമി ഏറ്റെടുക്കാൻ 20000 കോടി രൂപയാണ്‌ നീക്കിവയ്‌ക്കുന്നത്‌. ലാൻ്‌ഡ്‌ ബോണ്ടുകൾ ഉപയോഗിച്ചാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. പലിശസഹിതം തിരിച്ചുകിട്ടുമെന്നതിനാൽ ഭൂമി വിട്ടുകൊടുക്കുന്നവർക്ക്‌ അത്‌ നല്ലൊരു ഉറപ്പുള്ള ആദായമാർഗമാണ്‌.

കിഫ്‌ബി ഫണ്ടിന്റെ വിനിയോഗവും പദ്ധതികളുടെ നടത്തിപ്പും അഴിമതിരഹിതമാക്കാനുള്ള മുൻ കരുതലുകൾ കിഫ്‌ബി നിയമത്തിൽത്തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അംഗീകൃത പ്രോജക്‌ടുകൾക്കുവേണ്ടി മാത്രമേ കിഫ്‌ബി ഫണ്ട്‌ വിനിയോഗിക്കാവൂ. അക്കാര്യം പരിശോധിച്ചു സാക്ഷ്യപ്പെടുത്താൻ അന്താരാഷ്‌ട്ര പ്രശസ്‌തരടങ്ങുന്ന അഡ്വൈസറി  കമീഷനുണ്ട്‌. ഓരോ ആറുമാസം ചേരുമ്പോൾ കമീഷൻ വിശ്വാസ്യതാ സർട്ടിഫിക്കറ്റ്‌ നൽകും.  കമീഷൻ പരിശോധനയ്‌ക്കുപുറമെ കമ്പനി നിയമപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ്‌, സ്ഥാപനത്തിന്റെ കണക്കുകൾ സാങ്കേതികമായി നിർവചിക്കപ്പെട്ടിട്ടുള്ള രീതിശാസ്‌ത്രമനുസരിച്ചാണെന്ന്‌ ഉറപ്പുവരുത്തുന്ന പീയർ ഓഡിറ്റ്, സ്ഥാപനം നടത്തുന്ന ആഭ്യന്തര ഓഡിറ്റിങ്‌ എന്നീ നാലു തലത്തിലുള്ള ഓഡിറ്റിങ്ങിന് വിധേയമാണ് കിഫ്ബിയുടെ വരവുചെലവു കണക്കുകൾ.


 

പ്രസ്‌തുത റിപ്പോർട്ട്‌ നിയമസഭയുടെ അംഗീകാരത്തിന്‌ സമർപ്പിക്കപ്പെടുകയും ചെയ്യും. അഴിമതിയുടെ ഒരു ലാഞ്ചനയും നാളിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അഴിമതി ആരോപണങ്ങൾ രാഷ്‌ട്രീയലക്ഷ്യം വച്ചാണെന്ന്‌ പകൽപോലെ വ്യക്തം.
കിഫ്‌ബി സമാഹരിക്കുന്ന വായ്‌പ സംസ്ഥാന ഖജനാവിൽ അടയ്‌ക്കുകയില്ല. കിഫ്‌ബിയുടെ അക്കൗണ്ടിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ആദായം നൽകുന്ന നിക്ഷേപങ്ങളായി മാറ്റുകയോ ആണ്‌ ചെയ്യുക. പ്രോജക്‌ടുകളുടെ ഗുണനിലവാരവും പ്രവർത്തന പുരോഗതിയും ഓരോഘട്ടത്തിലും കൃത്യമായി വിലയിരുത്തപ്പെടുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിനാൽ കിഫ്‌ബി പ്രോജക്‌ടുകളെ സംബന്ധിച്ച്‌ ആക്ഷേപങ്ങൾ ഉണ്ടാകുന്നില്ല.

കിഫ്‌ബിയിൽനിന്ന്‌ സർക്കാർ പിൻമാറണമെന്ന്‌ ഒരാളും ആവശ്യപ്പെടുന്നില്ല. പദ്ധതിക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണത്‌. ഏതെങ്കിലും തരത്തിലുള്ള പ്രയോജനം കിഫ്‌ബിയിൽനിന്ന്‌ ലഭിക്കാത്ത ഒരാളും കേരളത്തിൽ ഇല്ല. സ്ഥലമെടുപ്പിലെ കീറാമുട്ടിമൂലം ഉപേക്ഷിക്കപ്പെട്ടിരുന്ന 510 കിലോമീറ്റർ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മികച്ച ഉദാഹരണമാണ്‌. വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും പാചകത്തിനും കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസ്‌ ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. സംസ്ഥാനങ്ങളുടെ വരുമാനം വർധിക്കും. അന്തരീക്ഷ മലിനീകരണം കുറയും. സംസ്ഥാനസർക്കാരിന്റെ നികുതി വരുമാനവും ഗെയിൽ പൈപ്പു ലൈൻ സാക്ഷാൽക്കരിക്കുന്നതോടെ വർധിക്കും.

ജനറേറ്റിങ് സ്‌റ്റേഷനുകളിൽനിന്ന്‌ ഉയർന്ന അളവിൽ വൈദ്യുതി എത്തിച്ച്‌ സംസ്ഥാനത്തെ മുഴുവൻ ഉപയോക്‌താക്കൾക്കും 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണ്‌ കിഫ്‌ബി സഹായത്തോടെയുള്ള ട്രാൻസ്‌ ഗ്രിഡ്‌ –-2 പദ്ധതി. ആദ്യം അംഗീകാരം നൽകിയ ട്രാൻസ്‌ ഗ്രിഡ്‌ പദ്ധതിയേക്കാൾ കൂടുതൽ വിപുലവും ചെലവേറിയതുമായ പദ്ധതി അംഗീകരിക്കപ്പെട്ടതുകൊണ്ടാണ്‌ അതിന്‌ ട്രാൻസ്‌ഗ്രിഡ്‌–-2 എന്ന്‌ നാമകരണം ചെയ്യപ്പെട്ടത്‌. പതിനായിരം കോടി രൂപയാണ്‌ നിർമാണച്ചെലവ്‌.


 

മറ്റൊരു അഭിമാനപദ്ധതിയാണ്‌ 20 ലക്ഷം ദരിദ്ര കുടുംബത്തിന്‌ സൗജന്യമായും മുപ്പതിനായിരം സ്ഥാപനത്തിനും മറ്റുള്ളവർക്കും കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ സൗകര്യം എത്തിക്കുന്ന കെ ഫോൺ പദ്ധതി. 1300 കിലോമീറ്റർ ഉള്ള മലയോര ഹൈവേ സംസ്ഥാനത്തെ ഏറ്റവും നീളമുള്ള പാതയാണ്‌. 623 കിലോമീറ്റർ ഉള്ള തീരദേശ ഹൈവേയ്‌ക്കുംകൂടി മൊത്തം ചെലവ്‌ പതിനായിരം കോടി രൂപയിലേറെയാണ്‌. പ്രമുഖ ധനസ്ഥാപനമായ കെഎസ്‌എഫ്‌ഇയുടെകൂടി പിന്തുണയോടെയാണ്‌ രണ്ടു റോഡും നിർമിക്കപ്പെടുന്നത്‌. അത്ഭുതകരങ്ങളായ വികസന പ്രവർത്തനങ്ങളാണ്‌ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നടക്കുന്നത്‌.

പരിമിതമായ ധനവിഭവമുള്ള കേരള സംസ്ഥാനത്ത്‌ ചിന്തിക്കാൻപോലും കഴിയാതിരുന്ന പദ്ധതികളാണ്‌ വൻ മുതൽമുടക്കിൽ പൂർത്തിയാകുന്നത്‌. അതിനെ വിവാദത്തിൽ കുരുക്കി അന്വേഷണ ഏജൻസികളുടെയും സിഎജിയുടെയും കൈപ്പിടിയിൽ എത്തിക്കുന്നതിലെ രാഷ്‌ട്രീയമെന്തുതന്നെയായാലും ജനവിരുദ്ധമാണ്‌. അത്‌ തുറന്നുകാട്ടുകതന്നെ വേണം. എൽഡിഎഫിനെ വികസനവിരുദ്ധരെന്ന്‌ ആക്ഷേപിച്ചിരുന്നവർ വികസനത്തെ നാനാവിധത്തിൽ പ്രതിരോധിക്കുന്ന രാഷ്‌ട്രിയ ആഭാസത്തിനാണ്‌ കേരളജനത സാക്ഷ്യം വഹിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top