26 April Friday

സമരായുധമായി ഖാദി - പയ്യന്നൂർ കുഞ്ഞിരാമൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ഖാദി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആയുധമായിരുന്നു. ചർക്കയുടെ മർമരങ്ങളിലൂടെ ഗാന്ധിജി ഇന്ത്യൻ മനസ്സിൽ  സ്വാതന്ത്ര്യത്തിന്റെ ഉണർവും ഉത്സാഹവും സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിന് വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും അർഥവുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ലക്ഷോപലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ പ്രാണശക്തിയെ ചർക്ക ഉണർത്തിക്കൊണ്ട് വന്നു. ഇന്ത്യ പരാജയപ്പെടുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന് ഗാന്ധിജി ഉത്തരം നൽകുന്നുണ്ട്. ഇംഗ്ലീഷുകാർ ഇന്ത്യ പിടിച്ചടക്കിയതല്ല നാം അവർക്ക് ഏൽപ്പിച്ചുകൊടുത്തതാണ്. ഇംഗ്ലീഷ് കമ്പനിയെ യജമാനൻ ആക്കിയത് ആരാണെന്ന് മറന്നുപോകരുതെന്ന് ഗാന്ധിജി ഓർമിപ്പിച്ചുകൊണ്ടിരുന്നു.  ചർക്ക സാധാരണക്കാർക്ക് മാനസികോർജം പ്രദാനംചെയ്തു. ഖാദി ധരിക്കുന്നതും പ്രചരിപ്പിക്കുന്നതും ദേശാഭിമാനത്തിന്റെ ഭാഗമായി. ഒരാൾ ഖാദി കൈയിൽ എടുക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയായിരുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ഗാന്ധിത്തൊപ്പിയിട്ട് ക്ലാസിൽ കയറി സ്വാതന്ത്ര്യം പ്രഖ്യാപിച്ച നേതാക്കൻമാർ നമുക്കുണ്ടായിരുന്നു. യൂണിയൻ ജാക്ക് വലിച്ചുതാഴ്ത്തുകയും ഖാദിയുടെ ത്രിവർണ പതാക ഉയർത്തിക്കെട്ടുകയും ചെയ്ത വിദ്യാർഥികളും ഇവിടെയുണ്ടായിരുന്നു. ഖദർ സ്റ്റോറുകൾ രാഷ്ട്രീയ ചർച്ചാകേന്ദ്രമായിരുന്നു. ദേശീയ നേതാക്കൾ ഖദർ സ്റ്റോറുകളിൽ സമ്മേളിക്കുമായിരുന്നു. കവികൾ ഖാദിയുടെ മഹത്വത്തെക്കുറിച്ച് പാടിയിട്ടുണ്ട്.  ഖാദിയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം പ്രഘോഷണം ചെയ്തുകൊണ്ടാണ് ത്രിവർണ പതാകയിലെ അടയാളം ചർക്കയായി സ്വീകരിച്ചത്. പിൽക്കാലത്ത് ചർക്ക മാറുകയും തൽസ്ഥാനത്ത് അശോകചക്രം ചേർക്കുകയും ചെയ്തു.

ചരിത്രത്തിൽ ചർക്കയും ഖാദിയും ചെലുത്തിയ സ്വാധീനം വലുതാണ്. ദേശീയ നേതാക്കളുടെ ജീവിതത്തിലുടനീളം ചർക്ക അഭിമാനകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.വള്ളത്തോൾ ‘ഖാദി വസനങ്ങൾ കൈക്കൊൾവിൻ’ എന്ന പേരിൽ കവിത എഴുതിയിട്ടുണ്ട്. എ കെ ജി യും ഖാദിയും തമ്മിൽ ഉറ്റബന്ധമുണ്ടായിരുന്നു. ഉപ്പുസമര കാലത്താണ് അദ്ദേഹം  ജോലി ഉപേക്ഷിച്ച് നിയമലംഘനത്തിന്‌ ഇറങ്ങിയത്. അദ്ദേഹം ഖാദിപ്രചാരണം ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. ആത്മകഥയിൽ അദ്ദേഹം എഴുതുന്നു ‘ഭാരത ജനതയെ ഇളക്കിവിടാൻ കഴിവുള്ള ഒരു പദ്ധതി 1920ൽ ആവിഷ്കരിച്ചു. നാടിന്റെ നാനാഭാഗങ്ങളിലും യുവജനസംഘടനകൾ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തുകൊണ്ടിരുന്നു. ഞാൻ ഉൾനാടുകളിൽ സ്വദേശി പ്രസ്ഥാനത്തിലും സ്വദേശി വസ്തുക്കൾ പ്രചരിപ്പിക്കുന്നതിലും പങ്കെടുത്തു. ഗ്രാമങ്ങൾ തോറും ചർക്ക പ്രചരിപ്പിച്ചു. അധ്യാപകനെന്ന നിലയിലുള്ള എന്റെ മഹത്തായ സേവനം വിദ്യാർഥികളിൽ രാഷ്ട്രീയബോധം ഉളവാക്കിയതാണ്. ഖദർ വസ്ത്രവും ഖാദിത്തൊപ്പിയും ധരിച്ച് ക്ലാസിൽ വരുന്ന കുട്ടികളോട് എനിക്ക് പ്രത്യേക മമതയുണ്ടായിരുന്നു. ദേശീയ ഗാനം പാടുകയും പത്രം വായിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് കൈയയച്ചു മാർക്ക് കൊടുക്കും. 1928ലാണ് ഞാൻ ഖാദി പ്രചാരണം തുടങ്ങിയത്. വിദേശവസ്ത്രങ്ങൾ ധരിക്കരുതെന്ന് അഭ്യർഥിച്ചു. ഒഴിവുദിവസങ്ങളിൽ ഖാദിവസ്ത്രങ്ങളുംകൊണ്ട് ഗ്രാമങ്ങളിൽ സഞ്ചരിച്ചു. നാട്ടിലെ ഇടത്തരം കുടുംബങ്ങളിലെല്ലാം ചർക്ക എത്തിച്ചു. അവരെ നൂൽപ്പ് പരിശീലിപ്പിച്ചു. ഖദർ വസ്ത്രം നെയ്യാനുള്ള നൂല് ശേഖരിച്ച് നെയ്ത്തുകാർക്ക് എത്തിച്ചുകൊടുത്തു. പെരളശേരിയിലെ വീടുകളിലെല്ലാം ഞാൻ ചർക്ക പ്രചരിപ്പിച്ചു. ഖാദിനെയ്ത്തും ഏർപ്പെടുത്തി’.

മൊയാരത്ത് ശങ്കരന്റെ ആത്മകഥയിലും ഖാദി പ്രചാരണം പ്രധാന ഘടകമായി വരുന്നുണ്ട്. അദ്ദേഹം വീട്ടിൽവച്ച് നൂൽചക്രമുണ്ടാക്കി പ്രചരിപ്പിച്ചിരുന്നു. അദ്ദേഹം താമസിച്ച വീട്ടിൽവച്ച് സ്കൂൾ കുട്ടികൾക്ക് സ്പിന്നിങ്‌ പരിശീലനവും നടത്തിയിരുന്നു.  അക്കാലത്ത് പട്ടാളഭരണ നിയമത്തിൽപ്പെട്ട വടകര നഗരത്തിൽവച്ച് അദ്ദേഹം പരസ്യമായി ചക്രം നിർമിക്കുകയും നൂൽ ഉണ്ടാക്കുകയും ചെയ്തിരുന്നു. പി കൃഷ്ണപിള്ളയും സ്വദേശിവസ്ത്രം പ്രചരിപ്പിക്കാനും വിദേശവസ്ത്രം ബഹിഷ്കരിക്കാനും ആഹ്വാനം നടത്തി. പരുപരുത്ത ഖാദി വസ്ത്രമാണ് കൃഷ്ണപിള്ള ധരിച്ചിരുന്നത്. ഹിന്ദി പഠിക്കുന്നതും ഖാദി ധരിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ അടയാളമായിരുന്നു. കേരള ഗാന്ധിയെന്ന്‌ അറിയപ്പെട്ട കെ കേളപ്പൻ ഖാദിപ്രസ്ഥാനത്തെ  പരിപോഷിപ്പിച്ച നേതാവാണ്. ചർക്കയിലും ഖാദിയിലും ഗ്രാമ ഭാരതത്തിന്റെ മോചനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർക്ക സംഘത്തിന്റെ ആരംഭംതൊട്ട് അദ്ദേഹം അതിന്റെ പ്രസിഡന്റായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി അവതരിപ്പിച്ച വിപ്ലവാത്മക ചിന്തയുടെയും ആശയത്തിന്റെയും തത്വസംഹിതയുടെയും പ്രതീകമാണ് ഖാദിയെന്ന് സർവേദയ നേതാവും കവിയുമായ  എ വി ശ്രീകണ്ഠ പൊതുവാളും വിവരിക്കുകയുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top