31 May Wednesday

നവകേരളവും സിവിൽ സർവീസും - ഡോ. എസ്‌ ആർ 
മോഹനചന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022

അസമത്വം അതിരില്ലാതെ വളരുന്ന ലോകസാമ്പത്തിക ക്രമത്തെ, നവലിബറൽ നയങ്ങളെന്നപേരിൽ നടപ്പാക്കപ്പെടുന്ന ജനവിരുദ്ധനയങ്ങൾ കൂടുതൽ ദുരിതപൂർണമാക്കുകയാണ്. കോവിഡ് മഹാമാരിയേക്കാൾ മാരകമാണ് അസമത്വ വൈറസിന്റെ ശതകോടീശ്വര വകഭേദമെന്ന് ഓക്സ്ഫോം റിപ്പോർട്ട്  നിരീക്ഷിക്കുന്നു. എല്ലാവർക്കും സന്തുഷ്ട ജീവിതം നയിക്കാൻ വിഭവങ്ങളുള്ള ഭൂമിയിൽ മനുഷ്യ–-പ്രകൃതി ചൂഷണം പാരമ്യത്തിൽ എത്തിക്കുന്ന സാമ്പത്തിക അതിക്രമം ചെറുന്യൂനപക്ഷത്തിന്റെ ഭീമമായ വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾക്കും കാരണമാകുന്നു. ഭരണപ്രതിസന്ധിയിലേക്ക്‌ നീങ്ങിയ ശ്രീലങ്കയടക്കം ഭൂരിപക്ഷ രാജ്യങ്ങളും ഐഎംഎഫ് നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കൽ നയങ്ങളാൽ വലയുകയാണ്.

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേക്ക് കടന്ന നമ്മുടെ രാജ്യവും കോർപറേറ്റ് വാഴ്ചയ്ക്കായുള്ള തീവ്ര വലതുപക്ഷ നയങ്ങളുടെയും വർഗീയതയുടെയും പാരമ്യത്തിലേക്ക്‌ നീങ്ങുകയാണ്.  മഹാമാരിക്കാലത്ത് ആരോഗ്യമേഖലയിൽമാത്രം 24 ശതകോടീശ്വരൻമാരെ സൃഷ്ടിച്ച ഇന്ത്യ, സിവിൽ സർവീസിനും തൊഴിലെടുക്കുന്നവർക്കും എതിരെയുമുള്ള തീവ്ര വലതുപക്ഷ നയങ്ങൾക്കും സാക്ഷിയാകുകയാണ്.  എട്ടു മണിക്കൂർ ജോലി, ആവശ്യാധിഷ്ഠിത മിനിമം വേതനം, ജോലിസ്ഥിരത, സംഘടിക്കാനുള്ള അവകാശം, സാമൂഹ്യസുരക്ഷാ പദ്ധതികൾ തുടങ്ങി നൂറ്റാണ്ടുകളായി പൊരുതിനേടിയ അവകാശമായ 29 തൊഴിൽ നിയമം, നാല്‌ ലേബർ കോഡാക്കി മാറ്റിയതിലൂടെ അട്ടിമറിക്കപ്പെട്ടു.  കേന്ദ്ര സർവീസിലും പൊതുമേഖലയിലും ലക്ഷക്കണക്കിന് തസ്‌തിക ഒഴിച്ചിടുകയും നിലവിലുള്ള തസ്തികകൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലേക്ക്‌ വ്യാപകമായി നിശ്ചിതകാല നിയമനം നടക്കുന്നു.  ഹരിയാന കൗശൽ റോസ്ഗാർ നിഗം പോലുള്ള കമ്പനികൾ രൂപീകരിച്ച് സിവിൽ സർവീസിലേക്കും പൊതുമേഖലയിലേക്കും കരാർ നിയമനം വ്യാപകമാക്കുന്നു.  സംവരണവും സാമൂഹ്യനീതിയും നിഷേധിക്കപ്പെടുന്നു.  48 മുതൽ 50 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാൻ ഭരണഘടനതന്നെ ദുരുപയോഗം ചെയ്യുന്നു.  

ഏറ്റവും പ്രതികൂല ദേശീയ സാഹചര്യങ്ങൾക്കൊപ്പം നൂറ്റാണ്ടിലെ വലിയ പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയിലും തളർന്നുപോകാമായിരുന്ന കേരളത്തെ ലോകശ്രദ്ധ ആകർഷിച്ച ബദലുകളിലൂടെ വീണ്ടെടുത്തു. മാത്രമല്ല, മഹാമാരി നവകേരള സൃഷ്ടിക്കുള്ള അവസരമാക്കി മാറ്റിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ജനത തുടർച്ച ഉറപ്പാക്കുകയും ചെയ്‌തു. വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന ആരോഗ്യസൂചികകളെ സുസ്ഥിരമാക്കാനുള്ള ആർദ്രം മിഷനും  6.8 ലക്ഷം വിദ്യാർഥികളെ പൊതു വിദ്യാലയത്തിലേക്ക്‌  എത്തിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും ഏകീകൃത തദ്ദേശഭരണ സർവീസും  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസും രാജ്യത്തെ ശാക്തീകരിക്കുന്ന ഏക സിവിൽ സർവീസായി കെഎഎസിനെ മാറ്റുന്നു.

പരീക്ഷാ നടത്തിപ്പുമുതൽ സിലബസ് വരെ കേന്ദ്രീകൃതമാക്കുകയും  കാവിവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും  വഴിതെളിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുകയാണ്‌. ഐഐടികൾപോലും അശാസ്ത്രീയതയും ചരിത്രനിഷേധവും പ്രചരിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ അഴിച്ചുപണിഞ്ഞ് വിജ്ഞാന സമ്പദ്‌‌വ്യവസ്ഥയായും നവീന ആശയങ്ങളുടെയും നൂതനവിദ്യകളുടെയും സമൂഹമായും കേരളത്തെ മാറ്റാനുള്ള കർമപദ്ധതികളാണ് രണ്ടാം പിണറായി സർക്കാർ ആവിഷ്കരിക്കുന്നത്.

എൽഡിഎഫ്‌ സർക്കാരിന്റെ 900 ഇനത്തിലുള്ള പ്രകടനപത്രികയുടെ ഒന്നാംവർഷ പ്രോഗ്രസ്‌ റിപ്പോർട്ട് 758 ഇനത്തിലും നടപടി സ്വീകരിച്ച് പുറത്തുവന്നു. ഭരണപരിഷ്കാര കമീഷൻ ശുപാർശകൾ പരിശോധിച്ച് നടപ്പാക്കുകയും  അഴിമതി നിർമാർജനവും ഏകജാലക സംവിധാനവും  വാതിൽപ്പടി സേവനവും സോഷ്യൽ ഓഡിറ്റിങ്ങും പ്രകടനപത്രികയുടെ ഭാഗമായി നടപ്പാക്കുന്നു.  കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കലും ചട്ടങ്ങളുടെയും മാന്വലുകളുടെയും പരിഷ്കരണവും ഏറ്റെടുക്കുന്നു.  ഇ–-ഗവേണൻസും എം–-ഗവേണൻസും കെ–-ഫോണും സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കാൻ ആവിഷ്കരിക്കപ്പെടുന്നു.  വികസിത നവകേരളത്തിനായി സിവിൽ സർവീസിനെ സജ്ജമാക്കാൻ ഭരണപരിഷ്കാര കമീഷൻ ശുപാർശകളടക്കം ചർച്ച ചെയ്യാനുള്ള ശിൽപ്പശാല കേരള എൻജിഒ യൂണിയനും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷമായി ജനകീയാസൂത്രണത്തിന്റെ ഭാഗമായി കുടുംബശ്രീയടക്കം അഞ്ച്‌ വിഭാഗത്തിൽ ഏറ്റെടുത്ത പദ്ധതികൾ സ്ത്രീപദവിയിലുണ്ടായ മാറ്റം പരിശോധിക്കാൻ 106 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഏരിയ വനിതാ കമ്മിറ്റികൾ പഠനം നടത്തുകയുണ്ടായി. ഏരിയ തലത്തിലും ജില്ലാതലത്തിലും നടന്ന സെമിനാറുകളുടെ നിർദേശം ക്രോഡീകരിച്ച് കോട്ടയത്തുനടന്ന സംസ്ഥാന സെമിനാറിൽ, സ്ത്രീപക്ഷ നവകേരളത്തിനായി നടത്തുന്ന കർമപരിപാടികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിൽ ജെന്റർ മെയിൻ സ്ട്രീമിങ്ങിനുള്ള പ്രത്യേക സമീപനത്തിനുള്ള ആവശ്യകത ചൂണ്ടിക്കാട്ടി.  സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി ഡോ. എ സുഹൃത്‌‌കുമാറിന്റെ അനുസ്മരണാർഥം തിരുവനന്തപുരത്ത് അനുസ്മരണസമിതി സംഘടിപ്പിച്ച സെമിനാറിൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള വിവിധ പരിപാടികളെ സമഗ്ര പ്രാദേശിക സാമ്പത്തികവികസന പദ്ധതിയുമായി ഏകോപിപ്പിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്തു.

വെള്ളിയാഴ്‌ചമുതൽ മൂന്നു ദിവസം കോട്ടയത്തു ചേരുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ  56–-ാം സംസ്ഥാന സമ്മേളനം കേരള സർക്കാരിന്റെ ബദൽ നയങ്ങൾ വിജയിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാനുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളും. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ്‌ എന്ന മുദ്രാവാക്യത്തെ വിപുലീകരിച്ച് വികസിത നവകേരളത്തിന് അനുപൂരകമായ ആധുനിക ജനകീയ സിവിൽ സർവീസ്‌ എന്ന ലക്ഷ്യം നിറവേറ്റുന്നതിന്‌ ആവശ്യമായ ചർച്ചകൾക്ക്  തുടക്കംകുറിക്കും. മതനിരപേക്ഷ –-പുരോഗമന സ്വഭാവവുമുള്ള കേരളത്തിൽ ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയശക്തികൾ നിരന്തരമായി നടത്തുന്ന വിഭജന അജൻഡയെ  ജാഗ്രതയോടെ ചെറുത്തുതോൽപ്പിക്കുന്നതിന്റെ പ്രാധാന്യവും സമ്മേളനം ചർച്ചചെയ്യും.

(കെജിഒഎ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top