27 April Saturday
കെജിഒഎ 
55–-ാം സംസ്ഥാന സമ്മേളനം

ലക്ഷ്യം വികസിത നവകേരളം

ഡോ. എസ് ആർ 
മോഹനചന്ദ്രൻUpdated: Saturday Aug 7, 2021

വിജ്ഞാന സമ്പദ്ഘടനയായും ആധുനിക സമൂഹമായും കേരളത്തെ മാറ്റിത്തീർക്കുമെന്ന്‌ രണ്ടാം പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ബദൽനയങ്ങളുടെ തുടർച്ച ഉറപ്പാക്കി സംസ്ഥാനം അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളായ കേവല ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും അതിജീവിക്കാനുള്ള കർമപരിപാടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്‌. അഴിമതിരഹിത സദ്ഭരണം ഉറപ്പുവരുത്തുന്നതിന്‌ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉപേക്ഷിച്ച് ഭരണപരിഷ്കാര കമീഷൻ ശുപാർശകൾ പരിശോധിച്ചു നടപ്പാക്കുമെന്നും വകുപ്പുകളുടെ ചട്ടങ്ങളും മാന്വലുകളും പരിഷ്കരിക്കുമെന്നും എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻറോൾമെന്റ് വർധിപ്പിക്കാനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും മികവിന്റെ കേന്ദ്രങ്ങളും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളും വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും ആർദ്രം മിഷനും വിദ്യാഭ്യാസ–-ആരോഗ്യ മേഖലകളുടെ സേവനനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടപ്പാക്കപ്പെട്ടത്. സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ‘സർക്കാരിനെ ചുരുക്കൽ’ മൂന്ന് പതിറ്റാണ്ടായി നടപ്പാക്കപ്പെടുന്ന രാജ്യത്ത് സിവിൽ സർവീസിന്റെ വിപുലീകരണത്തിലേക്കും ശാക്തീകരണത്തിലേക്കും സർക്കാർമുൻകൈയിൽ നടന്ന ഏക ഇടപെടലാണ് ഇത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി സിവിൽസർവീസ് ഗ്രാമതലങ്ങളിലേക്കും വ്യാപിച്ചു. നൂറ്റാണ്ടിലെ മഹാപ്രളയങ്ങളും മഹാമാരികളും അതിജീവിക്കാൻ ഈ മാറ്റം കേരളത്തെ പ്രാപ്തമാക്കി.

മിനിമം ഗവൺമെന്റ് എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ വന്ന നരേന്ദ്ര മോഡി സർക്കാർ പൊതുമേഖലയുടെയും പൊതു സേവനമേഖലയുടെയും തകർച്ചയ്ക്ക് ആക്കം കൂട്ടി. കരാർ, കോൺട്രാക്ട് നിയമനങ്ങൾ വ്യാപകമാക്കിയും അമ്പത്‌ കഴിഞ്ഞവരെ പിരിച്ചുവിട്ടും ലക്ഷക്കണക്കിന് തസ്തിക ഒഴിച്ചിട്ടും സിവിൽ സർവീസ് ദുർബലമാക്കി. കോവിഡ് മഹാമാരിയിൽനിന്നുപോലും പാഠം പഠിക്കാതെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തം നിതി ആയോഗ് മുന്നോട്ടുവയ്ക്കുന്നു. ലേബർ കോഡുകളും കാർഷിക നിയമങ്ങളും വൈദ്യുതിനിയമ ഭേദഗതിയും ഇന്ത്യൻ തൊഴിലാളികളെയും യുവജനങ്ങളെയും കർഷകരെയും അടിമസമാനമായ സാഹചര്യങ്ങളിലേക്ക് നയിക്കാൻ പോന്നവയാണ്. സംഘടിക്കാനും സമരം ചെയ്യാനും പണിമുടക്കാനുമുള്ള തൊഴിലാളികളുടെ അവകാശംപോലും നിഷേധിക്കപ്പെട്ടു.

രാജ്യത്തിന്റെ ഫെഡറൽ അധികാരഘടന ദുർബലപ്പെടുത്തുന്ന സമീപനം കൂടുതൽ തീവ്രമാകുമ്പോഴും ബദൽനയങ്ങൾ ഉയർത്തി കേരളം വഴികാട്ടുകയാണ്. വികസിത നവകേരളത്തിലേക്ക് നയിക്കാനുള്ള കർമപരിപാടികളിൽ സിവിൽ സർവീസിനെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സജ്ജമാക്കാനുള്ള പഠനഗവേഷണ–-പ്രായോഗിക പ്രവർത്തനം കെജിഒഎ 55–-ാം സംസ്ഥാന സമ്മേളനം രൂപം നൽകും. ഇതിന് മുന്നോടിയായി ‘വൈജ്ഞാനിക സമ്പദ്ഘടനയും ഉന്നത വിദ്യാഭ്യാസ മേഖലയും’ എന്ന വിഷയത്തിലുള്ള ഓൺലൈൻ ദേശീയ സെമിനാർ നടത്തി.

സാങ്കേതിക വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളിൽ സെമിനാറുകൾ നടത്തി . മാതൃകാ സംയോജിത കൃഷി പ്രോജക്ടുകൾ രൂപീകരിക്കാനുള്ള ശിൽപ്പശാല നടത്തി. ‘സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം; വീട്ടുവളപ്പും ഓഫീസ് കേന്ദ്രങ്ങളും ഉൽപ്പാദന കേന്ദ്രങ്ങൾ ആക്കുക’ എന്ന പരിപാടി നടപ്പാക്കി. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സി ജെ ജോസഫ് പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭരണപരിഷ്കാര കമീഷന്റെ ശുപാർശകൾ പഠിക്കാനും പ്രായോഗിക നിർദേശങ്ങൾ രൂപീകരിക്കാനുമുള്ള പ്രവർത്തനം പൂർത്തിയായിവരുന്നു.

(കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top