മലയാള നവസിനിമയുടെ അതിശക്തനായ പ്രയോക്താവായിരുന്ന കെ ജി ജോർജ് സാഹസിക പരീക്ഷണങ്ങളിലൂടെയായിരുന്നു ഇടമുറപ്പിച്ചത്. നിലനിന്ന ഭാഷയ്‌ക്കും ആഖ്യാനത്തിനും ഭാവുകത്വത്തിനും പലമട്ടിൽ വിയോജനമെഴുതിയ അദ്ദേഹം പതിവു സങ്കൽപ്പങ്ങളെ പൊറുപ്പിച്ചില്ല. ആദിമധ്യാന്ത പൊരുത്തമുള്ള കഥാപാത്രമെന്ന സമീപനം എറിഞ്ഞുടച്ച ആദ്യ ചിത്രമായ 1967ലെ സ്വപ്നാടനംമുതൽ വഴിമാറി നടന്നു. രാമു കാര്യാട്ടിന്റെ നെല്ലിൽ സഹസംവിധായകനാകവെ ആർജിച്ച പാഠങ്ങൾ ആദ്യ സ്വതന്ത്ര സംരംഭത്തിൽ ആവോളം സന്നിവേശിപ്പിച്ചു.
ജനപ്രിയ സിനിമയുടെ ചേരുവകളായ നേർരേഖയിലുള്ള കഥ, നൃത്തം, ഗാനം സ്റ്റണ്ട് തുടങ്ങിയവയെല്ലാം അതിൽ വഴിമാറി. എന്നിട്ടും പ്രേക്ഷകർ സ്വീകരിച്ചിടത്താണ് ആ ബദൽ യാത്രയുടെ വിജയം.
കഥകൾക്ക് അർധ‐ പൂർണ വിരാമങ്ങൾ ഇല്ലെന്നും അവയ്‌ക്ക് അവസാനിക്കാത്ത ആരംഭമാണ് വേണ്ടതെന്നുമുള്ള സ്പിൽബർഗിന്റെ പ്രസ്താവത്തെ സർഗാത്മകമായി പിന്തുടരുകയായിരുന്നു ജോർജ്. സാധാരണ ജനങ്ങളെ അടിമുടി കുലുക്കിയ സ്വപ്നാടനവും പിന്നീടുള്ള രചനകളും ഉണ്ടാക്കിയ പൊളിച്ചെഴുത്തുകളും അതിലൂടെ മധ്യമാർഗ സിനിമയ്‌ക്ക് നൽകിയ ബലിഷ്ഠതയും മറക്കാനാകാത്തത്. വാണിജ്യപരമായി വിജയിച്ച സ്വപ്നാടനത്തിന്റെ കലാമേന്മയും ആദരിക്കപ്പെട്ടു.
കഥ, ശീർഷകം, അഭിനേതാക്കൾ, ലൊക്കേഷൻ തുടങ്ങിയ നിലകളിലെല്ലാം പുതുമ തേടിയ ജോർജ് നാടകവും സിനിമയും പശ്ചാത്തലമാക്കി മികച്ച രചനകൾ ഒരുക്കി. രംഗവേദിയുടെ സാധ്യതകളിലൂടെയും സംഘർഷങ്ങളിലൂടെയുമുള്ള സഞ്ചാരമാണ് യവനിക. നാടകട്രൂപ്പിലെ തബലക്കാരൻ അയ്യപ്പന്റെ തിരോധാനത്തിൽനിന്നു തുടങ്ങുന്ന അന്വേഷണം പല നിഗൂഢതകളുടെയും കെട്ടഴിക്കുന്നു. ഗോപിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്വേഷണത്തിനെത്തുന്ന സബ്ഇൻസ്പെക്ടറായി മമ്മൂട്ടി. ജോർജ് മദിരാശിയിൽ താമസിക്കവെ സുഹൃത്ത് ഹെൻട്രി സിനിമയെടുക്കാനുള്ള താൽപ്പര്യമറിയിച്ചതാണ് യവനികയ്‌ക്ക് നിദാനം.
ആദാമിന്റെ വാരിയെല്ലിന്റെയും യവനികയുടെയും കഥകേട്ട അദ്ദേഹത്തിന് യവനിക ഇഷ്ടപ്പെട്ടു. തിരക്കഥ തയ്യാറായിരുന്നെങ്കിലും മികച്ച നാടകാനുഭവമുള്ള ഒരാളെക്കൊണ്ട് സംഭാഷണം പൂർണമാക്കാൻ ജോർജ് ആഗ്രഹിച്ചു. കെ ടി മുഹമ്മദിനെ സമീപിച്ച് സമ്മതവുംവാങ്ങി. പല കാരണങ്ങളാൽ നടന്നില്ല. ചിത്രീകരണം പലവട്ടം മാറ്റി. ഒടുവിൽ എസ്എൽപുരം സദാനന്ദനെക്കൊണ്ടാണ് അത് തയ്യാറാക്കിയത്. നവസിനിമയുടെ തലക്കുറി വീണതിനാൽ സിനിമയ്‌ക്ക് ആദ്യത്തെ ഒരാഴ്ച തണുപ്പൻ പ്രതികരണം. തുടർന്ന്, നല്ല അഭിപ്രായം വൻ വിജയമാക്കി. നസീർ നായകനായ ഇവനൊരു സിംഹവും അതേ സമയത്ത്. യവനിക അതിനെ കടത്തിവെട്ടി. സാമ്പത്തികനേട്ടത്തിനൊപ്പം ഗൗരവ നിരൂപക ശ്രദ്ധയും നേടി.
സിനിമയ്ക്കകത്തെ ആന്തരിക ജീവിതം പ്രശ്നവൽക്കരിച്ച ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് ആ ഗണത്തിൽപ്പെട്ടവയിൽ അപൂർവ സുന്ദരം. ആത്മഹത്യചെയ്ത നടി ശോഭയുടെയും സംവിധായകൻ ബാലുമഹേന്ദ്രയുടെയും ദാമ്പത്യത്തിന്റെ മറുപുറം പ്രതിഫലിക്കുന്നതായിരുന്നു അത്.
വ്യത്യസ്തങ്ങളായ കഥകൾക്ക് ചലച്ചിത്രഭാഷ്യമൊരുക്കുന്നതിൽ ജോർജ് അസാമാന്യ ധീരതകാട്ടി. ഡോ. പവിത്രന്റെ വ്യാമോഹം, മണ്ണ്, പത്മരാജന്റ രാപ്പാടികളുടെ ഗാഥ, കാക്കനാടന്റെ ഓണപ്പുടവ, ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ, ശ്രീധരൻ ചമ്പാടിന്റെ മേള, പി ജെ ആന്റണിയുടെ കോലങ്ങൾ, കള്ളിക്കാട് രാമചന്ദ്രന്റെ ആദാമിന്റെ വാരിയെല്ല്, സി വി ബാലകൃഷ്ണന്റെ മറ്റൊരാൾ, എസ് ഭാസുരചന്ദ്രന്റെ ഈ കണ്ണികൂടി തുടങ്ങിയവ.താരപദവിക്കെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താനും ജോർജ് മറന്നില്ല. മലയാള സിനിമയുടെ പ്രതിസന്ധി തുറന്നുപറയുന്നതിലും മടികാണിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..