26 April Friday

ഫിജിറ്റലും കെ ഫോണും - 5 ജി അകവും പുറവും ഭാഗം 2

ദിനേശ്‌ വർമUpdated: Thursday Jul 7, 2022

ഭാഗം 1

5 ജി വഴി കുതിപ്പുണ്ടാക്കാൻ പറ്റുന്ന ഒരു മേഖല ഡിജിറ്റൽ സർവകലാശാലകളാണ്‌. പഠനരീതികളിലും ഗവേഷണപ്രവർത്തനങ്ങളിലും ലോകത്തെ ഉന്നതഗവേഷണ കേന്ദ്രങ്ങളിൽനിന്നുള്ള ക്ലാസുകളും ഉപദേശങ്ങളും പ്രവർത്തനങ്ങളും തത്സമയം ലഭ്യമാക്കുന്നതിനും ഉപകരിക്കും. പഠനത്തോടൊപ്പം ഉൽപ്പാദനമെന്ന പ്രക്രിയയും എളുപ്പമാകും.

ഓൺലൈൻ ധനകാര്യരംഗവും വലിയ മാറ്റത്തിനു വിധേയമാകും. ‘വൺ ടാപ്‌ ’ പേമെന്റ്‌ സർവസാധാരണമാകും. കാഷ്യർ തസ്തികതന്നെ ആവശ്യമില്ലാത്ത വ്യാപാരസ്ഥാപനങ്ങൾ  ഭാവിയിൽ വന്നേക്കാമെന്നത്‌ ഒരുഭാഗത്ത്‌ ആശങ്കയും ഉണ്ടാക്കുന്നതാണ്‌.  ആരോഗ്യരംഗത്ത്‌ വരുന്ന മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്‌ ക്ലിനിക്കുകളിൽ ഉണ്ടാകുന്ന സൗകര്യമാണ്‌. ഒരു ഡോക്ടറും അത്യാവശ്യം നഴ്‌സുമാരും മാത്രമുള്ള ചെറുകിട ക്ലിനിക്കുകളിൽപ്പോലും ഉന്നതനിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാനാകും. കാരണം, എത്ര ദൂരത്തിരുന്നും സ്‌പെഷ്യലിസ്റ്റുകൾക്കും മറ്റും സേവനം നൽകാനാകും.ഒരു ആംബുലൻസ്‌ തന്നെ കണക്ടഡ്‌ ആയാലുള്ള സൗകര്യം ആലോചിച്ചുനോക്കൂ. ഏത് ഉന്നതനായ ഡോക്ടർക്കും ചികിത്സാ നിർദേശങ്ങൾ ലൈവായി നൽകാൻ കഴിയും.

ഡിജിറ്റൽ എന്നതുമായി ബന്ധിപ്പിച്ച്‌ പുതിയ പദാവലികളുടെ വരവാണ്‌ മാറ്റങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുക. തൊഴിൽരംഗം ‘ഫിജിറ്റൽ’ ആകുന്നുവെന്നാണ്‌ സങ്കൽപ്പം. അതായത്‌ ശാരീരിക അധ്വാനത്തോടൊപ്പം ഡിജിറ്റൽ ഉപകരണങ്ങൾകൂടി അധ്വാനത്തെ സഹായിക്കുന്നു. ഇത്‌ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതോടൊപ്പം തൊഴിലിനെ ഫാക്ടറിയിൽനിന്ന്‌ പുറത്തുചാടിക്കുകയും ചെയ്യുന്നു. നിങ്ങൾ എവിടെയാണോ ഉള്ളത്‌ അവിടെ തൊഴിലെടുത്ത്‌ വരുമാനമുണ്ടാക്കാമെന്ന സ്ഥിതി. ഇത്‌ സ്‌ത്രീകളുടെ തൊഴിൽ സാധ്യത വൻതോതിൽ വർധിപ്പിക്കും. ഇതുകൂടി മുൻകൂട്ടി കണ്ടാണ്‌ കേരള സർക്കാർ അത്തരം പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്‌. കെ–-ഫോൺ വഴി 5 ജിയടക്കം ഇനിവരുന്ന തലമുറകളും നൽകാമെന്നതിനാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഏറ്റവും ഉൾപ്രദേശത്തടക്കം മികച്ച ഇന്റർനെറ്റ്‌ എത്തിക്കുന്ന സംവിധാനമാണ്‌ കെ–- ഫോൺ. മറ്റു പല സംസ്ഥാനത്തും മഹാനഗരങ്ങൾവിട്ട്‌ പുറത്തുപോയാൽ വേഗതയുള്ള ഇന്റർനെറ്റ്‌ ലഭ്യമല്ല. എന്നാൽ, കേന്ദ്രം ഇപ്പോൾ 5 ജി നൽകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള 25 നഗരത്തിൽ കേരളത്തിലെ ഒരു നഗരവും ഉൾപ്പെട്ടിട്ടില്ല. അതേസമയം, ഗുജറാത്തിലെ ജാംനഗർ അടക്കം മൂന്ന്‌ നഗരം ഉൾപ്പെടുത്തിയിട്ടുണ്ട്‌. മൊബൈൽ സാന്ദ്രത, കണക്ടിവിറ്റി, ജനസംഖ്യാനുപാതിക ടെക്കികളുടെ ശരാശരി എണ്ണം എന്നിങ്ങനെ ഏതു രംഗമെടുത്താലും മാറ്റിനിർത്തേണ്ട പ്രദേശമല്ല കേരളം.

മാറാം മാധ്യമമേഖലയ്ക്കും
പ്രതീതി യാഥാർഥ്യവും (ഓഗ്‌മെന്റഡ്‌ റിയാലിറ്റി–- എആർ) കംപ്യൂട്ടർ ഭാവനയും (വെർച്വൽ റിയാലിറ്റി–-വിആർ) കൊണ്ട്‌ സമൃദ്ധമായ മൊബൈൽ ഗെയിമുകളും ഫോർ കെ വീഡിയോകളും മൊബൈൽ ഫോണിൽ ലഭ്യമാകുമെന്നതാണ്‌ അഞ്ചാം തലമുറ കൊണ്ടുവരുന്ന മറ്റൊരു പുതുമ. വൈദ്യുത വാഹനങ്ങളും ചാർജിങ്‌ സ്‌റ്റേഷനുകളും തമ്മിലുള്ള കണക്ടിവിറ്റി, വാഹനഗതാഗത നിയന്ത്രണത്തിന്‌ കൂടുതൽ എളുപ്പമാർഗം എന്നിങ്ങനെ സാധ്യതകളുടെ വലിയ ലോകം തുറക്കാനാകുമെന്ന്‌ 5 ജി പ്രാവർത്തികമായ ദേശങ്ങളിൽ അനുഭവമുണ്ട്‌. സ്വന്തമായി 5 ജി ലൈൻ വാങ്ങിക്കാൻ അവസരമുണ്ടാകുമെന്നത്‌ വാർത്താ ചാനൽ, ഓൺലൈൻ മാധ്യമരംഗങ്ങളിൽ വലിയ വിപ്ലവമുണ്ടാക്കും. വാർത്താ ചാനലുകൾക്ക്  വൻകിട ഉപകരണ സംവിധാനത്തിലൂടെയാണ്‌ ഇപ്പോൾ ലൈവുകളും  മറ്റും സാധിക്കുകയുള്ളൂ.

നമുക്കറിയാം ഒരു സംഭവമുണ്ടായാൽ അവിടേക്ക്‌ ഭീമൻകുടകൾ നിരത്തിയുള്ള ഒബി വാനുകളുടെ പ്രവാഹം. പാർക്ക്‌ ചെയ്യാൻപോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയും റോഡുകൾ അനന്തമായി ബ്ലോക്കാകുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്‌. സിമ്മും വൈഫൈ സംവിധാനവുമുള്ള കാമറകൾ ഇപ്പോൾത്തന്നെ ലഭ്യമാണെങ്കിലും നെറ്റ്‌വേഗം ഇല്ലാത്തതും ബാൻഡ്‌ വിഡ്‌ത്‌ ഇല്ലാത്തതുമായ പ്രശ്നംമൂലം അവ ഇന്ത്യയിൽ വേണ്ടവിധം ഉപയോഗിക്കാൻ കഴിയുന്നില്ല. ഒന്നിലധികം സിം ഉപയോഗിച്ച്‌ കേരളത്തിൽ അത്യാവശ്യഘട്ടങ്ങളിൽ ചാനലുകൾ ഇതുപയോഗിക്കുന്നുണ്ട്‌. 5 ജി വരുന്നതോടെ ലൈവ്‌ സംപ്രേഷണത്തിന്റെ മാനംതന്നെ മാറുമെന്നാണ്‌ ഈ രംഗത്ത്‌ വൈദഗ്ധ്യമുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ്‌ എഡിറ്റർ എസ്‌ ബിജു (5 ജിയും മാധ്യമലോകവും –- മീഡിയ, ഏപ്രിൽ–-മെയ്‌ 2022 ) പറഞ്ഞത്‌. വ്യത്യസ്ത പരിപാടിയുള്ള ഒരുകൂട്ടം വേദിയിൽനിന്ന്‌ എല്ലാ പരിപാടിയും ഒരേസമയം ലൈവ്‌ ചെയ്യാനുള്ള സാങ്കേതികവിദ്യ 5 ജിയിൽ പ്രവർത്തിപ്പിക്കാം. ചാനലുകൾ അതിനു തയ്യാറായാൽ പ്രേക്ഷകന്‌ ഇഷ്ടമുള്ളത്‌, ഇഷ്ടമുള്ള ആംഗിളിൽ കാണാനുള്ള അവസരം ലഭിക്കും. ക്രിക്കറ്റ്‌, കലോത്സവങ്ങൾ തുടങ്ങിയവ ഉദാഹരണം. ഇപ്പോൾ ചാനൽ നിശ്ചയിക്കുന്നതാണ്‌ നമ്മൾ കാണുക. എന്നാൽ, ഒരു കലോത്സവവേദിയിൽനിന്ന്‌ ഒരേസമയം എല്ലാ സ്‌റ്റേജും ലൈവ്‌ ചെയ്യുന്ന ‘പൂൾ’ ഉണ്ടെങ്കിൽ അവരവരുടെ ജില്ലയോ സ്കൂളോ തെരഞ്ഞെടുത്ത്‌ കാണാം. പ്രേക്ഷകരുടെ അഭിപ്രായം അപ്പപ്പോൾത്തന്നെ ലൈവായി ലഭ്യമാക്കാനും അവസരം ഉണ്ടാകുമെന്നതിനാൽ ഓൺലൈൻ  ചാനലുകൾക്കടക്കം ആശയവിനിമയ സാധ്യതയേറുകയാണ്‌ ഇതുവഴി.

ലക്ഷ്യം പ്രീമിയം കസ്റ്റമേഴ്‌സ്‌
പ്രീമിയം കസ്റ്റമേഴ്‌സാണ്‌ ഇന്ത്യയിൽ കമ്പനികൾ ആദ്യം ലക്ഷ്യമിടുന്നത്‌. ആ നിലയ്ക്കാണ്‌ കേന്ദ്ര സർക്കാർ ടെലികോം നയവും രൂപീകരിച്ചിരിക്കുന്നത്‌. വിവിധ കമ്പനി  നടത്തിയ ഉപഭോക്തൃ സർവേയിൽ കണ്ടത്‌ അവർക്ക്‌ അനുകൂല നിലപാടും. ഇപ്പോൾ ഉപയോഗിക്കുന്നതിന്റെ 50 ശതമാനംകൂടി തുക അധികം നൽകി 5 ജി സ്വീകരിക്കാൻ നാലുകോടിയിലധികംപേർ സന്നദ്ധരാണ്‌. ഇന്ത്യയിൽ അഞ്ചു വർഷത്തിനിടെ 100 കോടി കണക്‌ഷനാണ്‌ കമ്പനികൾ ലക്ഷ്യമിടുന്നത്‌. എഐ, ഇന്റർനെറ്റ്‌ തിങ്‌സ്‌ എന്നിവ ഉപയോഗിച്ചുള്ള എല്ലാ പ്രവർത്തനത്തിനും ശക്തമായ പിന്തുണയാണ്‌ 5 ജി നൽകുക. ആരോഗ്യസംരക്ഷണമേഖല, കൃഷി, വിദ്യാഭ്യാസം, ഫാക്ടറികൾ എന്നീ രംഗത്തെല്ലാം ഈ പുതുതലമുറ ഇന്റർനെറ്റ്‌ ചടുലമായ മാറ്റമുണ്ടാക്കുമെന്നാണ്‌ നിലവിൽ ഉപയോഗമുള്ള രാജ്യങ്ങളിൽനിന്നുള്ള വിവരം. ഇത്‌ കച്ചവടമേഖലയിൽ വൻലാഭമുണ്ടാക്കാനും അവസരം നൽകുന്നു. വ്യാവസായികരംഗത്ത്‌ 40 ശതമാനംവരെ ഉൽപ്പാദനക്ഷമത വർധിക്കുമെന്ന്‌ കണക്കാക്കുന്നു.

‘അതൊക്കെ കുറെ കേട്ടിട്ടുണ്ട്‌’
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ മുന്നോട്ടുവയ്ക്കുമ്പോൾ അത്‌ വിൽക്കുന്നവർ നൽകുന്ന വാഗ്ദാനങ്ങളിൽ പൂർണമായും വിശ്വാസമർപ്പിക്കുന്നതും മൗഢ്യമാണ്‌. നാളിതുവരെയുള്ള ഡിജിറ്റൽ അനുഭവങ്ങളും അതാണ്‌. വൻകിട വാഗ്ദാനങ്ങളുമായി എത്തിയ 4 ജിയും അതുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങളും ഇപ്പോൾ നൽകുന്ന സേവനം എന്താണ്‌? 5 ജിയുമായി വരുന്നവർ തന്നെ പറയുന്നു 4 ജി മോശമാണെന്ന്‌. വിചാരിച്ചതുപോലുള്ള വേഗമോ വികാസമോ കിട്ടിയില്ല. അപ്പോൾ അന്ന്‌ ഇവർ തന്നെ പറഞ്ഞ വാഗ്ദാനങ്ങൾ കബളിപ്പിക്കലായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്‌. കമ്പനികൾ നിരത്തുന്ന 5 ജി വാഗ്ദാനങ്ങൾ കേട്ടാൽ ‘അതൊക്കെ കൊറെ  കേട്ടിട്ടുണ്ട്‌ ’ എന്ന ഡയലോഗേ ഓർമ  വരൂ.

മാർക്കറ്റിൽ ഏറ്റവും സജീവമായി നിലനിൽക്കുന്ന ഫോൺ–-ഡാറ്റ കമ്പനികളെ നിഷ്കാസനം ചെയ്യുകകൂടി ലക്ഷ്യമിട്ടാണ്‌  റിലയൻസ്‌ സൗജന്യ സിമ്മുമായി രംഗത്തുവന്നത്‌. ഒന്നും രണ്ടും മൂന്നും സിമ്മുമായി എല്ലാവരും നന്നായി  ‘സേവിച്ചു’. അതിഭയങ്കരമായ വേഗമുള്ള ഇന്റർനെറ്റാണ്‌ ഞങ്ങൾ നൽകുന്നതെന്ന്‌ എല്ലാവരെയും വിശ്വസിപ്പിച്ച്‌ വൻകൊള്ള നടത്താൻ അവസരമുണ്ടാക്കി. 0.50 ജിബിയുടെ പോലും ആവശ്യമില്ലാത്ത ഭൂരിപക്ഷംപേരും പ്രതിദിനം രണ്ട്‌ ജിബി ‘വാരിക്കോരി’ തരുന്ന പാക്കേജുകളിലേക്ക്‌ കടക്കാൻ നിർബന്ധിതമായി. ചെറിയ പാക്കേജ്‌ എടുക്കുന്നവരെ ഞെക്കിപ്പഴുപ്പിച്ച്‌, കറക്കി അടുത്ത പാക്കേജിലേക്ക്‌ തള്ളിവിടുകയാണ്‌. ഈമാസം എടുത്ത പാക്കേജ്‌ അടുത്ത മാസമാകുമ്പോഴേക്കും ഇതേ വ്യവസ്ഥകളോടെ 100 മുതൽ 200 രൂപ വരെ വർധന വരുത്തും. ഉപയോഗിച്ച പാക്കേജിൽനിന്ന്‌ പിന്നോട്ടു പോകാൻ പലരും തയ്യാറാകുകയില്ല. പാക്കേജ്‌ ആവർത്തിച്ചുകൊണ്ടിരിക്കും. അതായത്‌ നമുക്ക്‌ ഉപയോഗമില്ലാത്തത്ര അളവ്‌ ഡാറ്റ പ്രലോഭിപ്പിച്ച്‌ എടുപ്പിച്ചശേഷം അത്‌ നമ്മളിൽനിന്ന്‌ ഊറ്റിക്കൊണ്ടുപോകുകയാണ്‌ ചെയ്യുന്നത്‌. മത്സരിക്കാൻ പൊതുമേഖല പോയിട്ട്‌ സ്വകാര്യമേഖലയിൽത്തന്നെ ആരുമില്ലാത്ത സ്ഥിതിയിലേക്ക്‌ ഡാറ്റ കോർപറേറ്റുകൾ  വളർന്നുകഴിഞ്ഞു. ഈ വളർച്ചയ്ക്കു പിന്നിലുള്ള താങ്ങാണ്‌ കേന്ദ്ര ബിജെപി സർക്കാർ. ലേലമെടുക്കാൻ സാധ്യത കാണുന്ന കോർപറേറ്റ്‌ കമ്പനിക്ക്‌ അനുകൂലമായാണ്‌ സർക്കാരിന്റെ നയവും നിയമവും തീരുമാനവും. അത്‌ വെറുതെയെടുത്ത ‘തീരുമാനം’ അല്ലെന്ന്‌ മനസ്സിലാക്കാൻ സാമാന്യബോധം മതി. ‘5 ജി തലമുറ’ അതൊന്നും അന്വേഷിക്കാൻ മെനക്കെടില്ലെങ്കിലും അത്‌ പുറത്തുകൊണ്ടുവരാൻ ശേഷിയുള്ള മാധ്യമങ്ങൾ ഇന്ത്യയിലുണ്ട്‌ എന്നതുമാത്രമാണ്‌ ആശ്വാസം.
(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top