26 April Friday

മണ്ണെണ്ണ വിലവർധന: കേന്ദ്രനയം തിരുത്തണം - ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ 
എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

 

സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽനിന്ന്‌ മണ്ണെണ്ണ വിഹിതം ലഭിക്കുന്നത് പിഡിഎസ്, നോൺ-പിഡിഎസ് ഇനങ്ങളിലായിട്ടാണ്. റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ട മണ്ണെണ്ണ പിഡിഎസ് വിഹിതമായും മറ്റാവശ്യങ്ങൾക്കുള്ള മണ്ണെണ്ണ (ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം– പ്രകൃതിക്ഷോഭം), സംസ്ഥാന സർക്കാരുകളുടെ ആവശ്യം പരിശോധിച്ച് കേന്ദ്ര സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം, നോൺ-പിഡിഎസ് വിഹിതമായുമാണ്‌ അനുവദിക്കുന്നത്‌. 2018നു മുമ്പ്‌ പിഡിഎസ്, നോൺ-പിഡിഎസ് മണ്ണെണ്ണയുടെ വിലകൾ തമ്മിൽ വലിയ തോതിലുള്ള അന്തരം ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ വലിയ വ്യത്യാസമില്ല. മത്സ്യബന്ധനത്തിനായി നൽകിവരുന്ന നോൺ-പിഡിഎസ് മണ്ണെണ്ണയ്ക്ക് ഫിഷറീസ് വകുപ്പ് 25 രൂപയുടെ സബ്സിഡി നൽകുന്നുണ്ട്‌.

2018 വരെ കേന്ദ്രം അനുവദിച്ചിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽനിന്നാണ് ഉത്സവങ്ങൾ –കാർഷികം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾക്കായി മണ്ണെണ്ണ നൽകുന്നത്. എന്നാൽ, പിഡിഎസ് ഇനത്തിൽ നൽകിവന്നിരുന്ന മണ്ണെണ്ണ വിഹിതം വ്യാപാര ആവശ്യങ്ങൾക്കായി വലിയ തോതിൽ ദുർവിനിയോഗം ചെയ്യുന്നുവെന്ന കാരണം പറഞ്ഞ്‌ കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ വലിയ തോതിൽ വെട്ടിക്കുറച്ചു. ഒപ്പം ഉത്സവങ്ങൾ – കാർഷികം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾക്കായി പിഡിഎസ് വിഹിതമായി അനുവദിക്കുന്ന മണ്ണെണ്ണ ഉപയോഗിക്കാൻ പാടില്ലെന്നും  അറിയിച്ചു.

2020 ഏപ്രിലിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാനവില 22.26 രൂപ ആയിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വില ക്രമാനുഗതമായി വർധിച്ച് 2021 ജൂലൈയിൽ 36.99 രൂപയിലെത്തി. തുടർന്ന്, ആഗസ്തിൽ 38.32 രൂപയായും നവംബറിൽ 45.79, 2022 ഫെബ്രുവരി 49.55, മാർച്ച്‌ 56.17, ഏപ്രിൽ 70.40, മെയ് 72.82, ജൂൺ 77.30, ജൂലൈ 90.59 രൂപയായും എണ്ണക്കമ്പനികൾ വർധിപ്പിച്ചു. നിലവിലെ മണ്ണെണ്ണയുടെ അടിസ്ഥാനവിലയായ 90.59 രൂപയോടൊപ്പം ജിഎസ്‌ടി, കടത്തുകൂലി, ഡീലർ കമീഷൻ, റീട്ടെയിൽ കമീഷൻ എന്നിവ ചേരുമ്പോൾ മണ്ണെണ്ണ വില 102 രൂപയിലെത്തും.

മണ്ണെണ്ണയുടെ വിലയിലുണ്ടായ വർധന കാരണം പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ പൂർണമായും വിട്ടെടുക്കുന്നതിൽ വിമുഖത കാട്ടുന്നു. കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങാൻ ജനങ്ങൾ തയ്യാറല്ലാത്ത സാഹചര്യം മറ്റു സംസ്ഥാനങ്ങളിലുണ്ട്‌. എന്നാൽ 2020–--21, 2021–--22 വർഷങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച മുഴുവൻ മണ്ണെണ്ണയും കൃത്യസമയത്തുതന്നെ വിട്ടെടുത്തിരുന്നു. എന്നാൽ, 2022-–-23 ആദ്യ പാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ മുൻവർഷത്തേക്കാൾ 40 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. 2021–22 ആദ്യപാദത്തിൽ 6480 കിലോ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022–23 ആദ്യപാദത്തിൽ 3888 ലിറ്റർ മാത്രമാണ് അനുവദിച്ചത്. 2016-ൽ കേരളത്തിന് അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിന്റെ അഞ്ചിലൊരു വിഹിതംപോലും നിലവിൽ ലഭിക്കുന്നില്ല.

സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രത്തിൽനിന്ന്‌ നാല് പാദമായിട്ടാണ് അനുവദിക്കുന്നത്. 1990കളിൽ കേന്ദ്രത്തിൽനിന്ന് അനുവദിക്കുന്ന മണ്ണെണ്ണ വിഹിതത്തിന്റെ ശരാശരി 30 കോടി ലിറ്ററായിരുന്നു. 2000 മുതൽ 2010 വരെ അനുവദിച്ച മണ്ണെണ്ണയുടെ അളവ്‌ കുറഞ്ഞു വന്നു. ശരാശരി വിഹിതം 25 കോടി ലിറ്ററാണ്‌ കുറഞ്ഞത്‌. 2011 മുതൽ കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണയിൽ വലിയ തോതിൽ വെട്ടിക്കുറച്ചു.
2022ൽ കേന്ദ്ര വിഹിതമായി പിഡിഎസ് ഇനത്തിൽ കിട്ടാൻ സാധ്യതയുള്ള മണ്ണെണ്ണയുടെ അളവ് 1,55,520,00 ലിറ്റർ മാത്രമായിരിക്കും. നിലവിൽ എഎവൈ, പിഎച്ച്എച്ച്, എൻപിഎസ്, എൻപിഎൻഎസ് വിഭാഗത്തിലുള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയാണ് നൽകുന്നത്. വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത കാർഡുകൾക്ക് മൂന്നു മാസത്തിലൊരിക്കൽ ആറ്‌ ലിറ്റർ മണ്ണെണ്ണയും. തുടർന്നും മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുന്ന പക്ഷം നിലവിൽ നൽകിവരുന്ന അളവിൽപ്പോലും  മണ്ണെണ്ണ നൽകാൻ കഴിയില്ല.


 

മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനാവശ്യത്തിനായി ഒരു മാസം 21,60,000 ലിറ്റർ മണ്ണെണ്ണ നിലവിൽ ആവശ്യമാണ്‌. ആ നിലയ്ക്ക് ഒരു വർഷത്തേക്ക്‌ 2,59,20,000 ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്‌. എന്നാൽ, പ്രസ്തുത അളവിൽ ലഭ്യമാകുന്ന മണ്ണെണ്ണ മത്സ്യബന്ധനത്തിലേർപ്പെടുന്ന മത്സ്യത്തൊഴിലാളിക്ക്‌ ഒരാഴ്ചത്തേക്കുപോലും തികയില്ല. ഉത്സവങ്ങൾ –കാർഷികം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾ പരിഗണിച്ച് സംസ്ഥാനത്തിന് 1,08,960 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ ആറ്‌, ഏഴ്‌ തീയതികളിൽ കേന്ദ്ര പെട്രോളിയം മന്ത്രിയെ കണ്ടിരുന്നു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന്‌ ഉറപ്പ്‌ നൽകിയെങ്കിലും നാളിതുവരെ മണ്ണെണ്ണ അനുവദിച്ചിട്ടില്ല.

നിലവിൽ സംസ്ഥാനത്ത് ഏകദേശം 14,300 യാനത്തിനാണ്‌ പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിൽനിന്ന്‌ മണ്ണെണ്ണ ലഭ്യമാകുന്ന മുറയ്ക്കാണ്‌ മത്സ്യബന്ധനത്തിനായി മണ്ണെണ്ണ അനുവദിക്കുന്നത്‌. മത്സ്യബന്ധന പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന മണ്ണെണ്ണയുടെ അളവ് പര്യാപ്തമല്ല. അത്‌ വർധിപ്പിക്കണമെന്നാണ്‌ സർക്കാർ കരുതുന്നത്. എന്നാൽ, വിവിധ കാരണങ്ങൾ പറഞ്ഞ്‌ മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌.

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തിൽ നിരന്തരമായ വെട്ടിക്കുറവ് വരുത്തിയതിനു പുറമെയാണ് ടൈഡ് ഓവർ വിഹിതത്തിലുള്ള ഗോതമ്പ് പൂർണമായും നിർത്തലാക്കിയത് എന്നത് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമായാണ് കാണേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top