28 March Thursday

മഴമേഘങ്ങൾ ഭാവം മാറുമ്പോൾ

ഐ ബി സതീഷ് എംഎൽഎUpdated: Saturday Oct 23, 2021

അപ്രതീക്ഷിതമായുണ്ടാകുന്ന മഴക്കെടുതികളും ദുരന്തങ്ങളും ഏതാനും വർഷങ്ങളായി നമ്മുടെ സംസ്ഥാനത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണല്ലോ. വരാനിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികളുടെ മുന്നറിയിപ്പുകളായി ആവർത്തിക്കുന്ന ഇത്തരം ദുരന്തങ്ങൾ നാം കാണണം. ഇടവപ്പാതിയിൽ ഇക്കൊല്ലം ശക്‌തമായ മഴ ലഭിക്കുമെന്ന പ്രവചനം ഉണ്ടായിരുന്നുവെങ്കിലും ആഗസ്‌തിൽ താരതമ്യേന ഭയക്കേണ്ട സാഹചര്യമില്ലായിരുന്നു. ഇക്കൊല്ലം പ്രളയഭീതിയൊഴിഞ്ഞു എന്ന ആശ്വാസത്തിനിടെയാണ്‌ അപ്രതീക്ഷിതമായ മഴ വന്നത്‌. ന്യൂനമർദം തെക്കുനിന്ന് വടക്കോട്ട് സഞ്ചരിച്ച് കേരളത്തെ ഒഴിഞ്ഞുപോകുമെന്നായിരുന്നു നിഗമനം. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലമാണ് കാലംതെറ്റിയുള്ള മഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴമേഘങ്ങളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു എന്നാണ്‌ കാലാവസ്ഥാ വിദഗ്‌ധർ പറയുന്നത്‌.

അറബിക്കടലിൽ വലിയ മേഘങ്ങളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതാണ്‌ കാലം തെറ്റിയ മഴയ്‌ക്ക്‌ കാരണമാകുന്നത്‌. വർഷങ്ങളായി അറബിക്കടലിലെ താപനില ക്രമാതീതമായി വർധിക്കുന്നുണ്ട്‌. ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസിന്‌ അടുത്തുനിൽക്കുന്നു. ഇതാണ്‌ അതിതീവ്രമഴയ്‌ക്ക്‌ കാരണമാകുന്ന ജലബോംബുകൾപോലുള്ള കൂടുതൽ ജലത്തരികൾ വഹിക്കുന്ന മേഘത്തുണ്ടുകൾക്ക്‌ കാരണമാകുന്നത്‌. പസഫിക്‌ സമുദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾക്കടലിൽ കൊണ്ട ന്യൂനമർദത്തിന്റെയും പ്രഭാവമാണ്‌ അതിതീവ്ര മഴയിലേക്ക്‌ നയിച്ചത്‌. ന്യൂനമർദം പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട് സഞ്ചരിച്ചപ്പോൾ പശ്‌ചിമഘട്ടം തടഞ്ഞു. ഇതാണ്‌ നമ്മുടെ ചില ജില്ലകളെ കനത്ത മഴയിലേക്ക്‌ എത്തിച്ചത്‌. കുറച്ചു സമയത്തിനിടയ്‌ക്ക്‌ ചുരുങ്ങിയ സ്ഥലത്ത്‌ പെയ്‌ത അതിതീവ്ര മഴ. ലഘുമേഘവിസ്‌ഫോടനമാണ്‌ ഈ പ്രതിഭാസമെന്ന്‌ അന്തരീക്ഷ പഠന ‐വിശകലന വിദഗ്‌ധർ പറയുന്നു. അപ്രതീക്ഷിതമായി ന്യൂനമർദം ഉണ്ടാകുന്നു. അതോടനുബന്ധിച്ച്‌ രൂപപ്പെടുന്ന മഴമേഘങ്ങൾ വഹിക്കുന്ന ജലത്തിന്റെ അളവിലും വലിയ മാറ്റംവന്നു. അതാണ്‌ വാട്ടർബോംബുകളായി മാറിയത്‌.

ചെറിയ ഭൂമികയിൽപ്പോലും വ്യത്യസ്‌തമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. തെക്കൻ കേരളത്തിൽ വേനൽ മഴ നാശനഷ്‌ടം വിതയ്‌ക്കുമ്പോൾ വടക്കൻ കേരളം വരണ്ടുണങ്ങുന്നു. ഏപ്രിൽ–-മെയ്‌ മാസത്തിലെ കടുത്ത വരൾച്ച കഴിഞ്ഞ്‌ നേരെ ചെന്നുകയറുന്നത്‌ പ്രളയകാലത്തേക്കാണ്‌. ദുരന്തനിവാരണമെന്ന പ്രത്യേക വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽത്തന്നെ ആരംഭിക്കാൻ തീരുമാനിച്ചത്‌ ഈ സാഹചര്യത്തിലാണ്‌. തുടർച്ചയായി രണ്ടു വർഷത്തെ പ്രളയസമാന സാഹചര്യം നമ്മെ അത്തരം പല തിരിച്ചറിവുകളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കേട്ടുകേൾവിപോലുമില്ലാത്ത ചുഴലിക്കാറ്റുകളും സർവ നാശം വിതയ്‌ക്കുന്ന പ്രളയകാലവുമെല്ലാം നാം ആദ്യമായി കാണുകയാണ്‌.

കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ കേവലം രണ്ടു വർഷം മാത്രമാണ്‌ വേനൽമഴ ചതിച്ചത്‌. വേനൽമഴ മുടങ്ങാതെ ലഭിക്കാറുണ്ട്‌. അതുകൊണ്ടുതന്നെ വരൾച്ചയെക്കുറിച്ച്‌ നാം ഗൗരവമായി ചിന്തിക്കുന്നില്ല. ഓരോ വർഷവും വരൾച്ച വർധിക്കുകയാണെന്ന സത്യം മനസ്സിലാക്കണം. ചില ജില്ലകളിൽ ഏപ്രിൽ ആദ്യംമുതൽ നല്ല വേനൽമഴ ലഭിച്ചു. അതേസമയം, ചില ജില്ലകളിൽ കൊടും ചൂട്‌ രേഖപ്പെടുത്തി. കാലാവസ്ഥയുടെ ഈ വൈരുദ്ധ്യം ചുരുങ്ങിയ വിസ്‌തീർണമുള്ള സംസ്ഥാനത്ത്‌ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.

യഥാർഥത്തിൽ വാട്ടർ മാനേജ്‌മെന്റ്‌ എന്ന ആശയത്തിന്‌ നമ്മുടെ നാട്ടിൽ വേണ്ടത്ര പ്രചാരമില്ല. ലഭ്യമായ ജലത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് വാട്ടർ മാനേജ്‌മെന്റ്കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മഴവെള്ളത്തിന്റെ സിംഹഭാഗവും സംഭരിക്കാതെ നഷ്ടപ്പെടുന്നുണ്ട്‌. ഭൂഗർഭ ജലത്തിൽ താഴ്ച വരാനുള്ള കാരണവും ഇതുതന്നെയാണ്. വനവൽക്കരണംതന്നെയാണ് ജലസംരക്ഷണത്തിന്റെ കാതൽ. അതോടൊപ്പം മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കണം. കുന്നുകളും മലകളും സംരക്ഷിക്കുന്നതോടൊപ്പം വയലേലകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനും അതുമുഖേന കൂടുതൽ ജലം മണ്ണിലേക്ക്‌ ഇറക്കാനും കഴിയണം. ജലധൂർത്ത് ഒഴിവാക്കി ഒരു മാതൃകാസമൂഹമായി എങ്ങനെ മാറാം എന്നതാകണം ചിന്ത. അല്ലാത്തപക്ഷം വരാനിരിക്കുന്ന അതിവരൾച്ചയെ നേരിടാൻ ഇപ്പോഴേ തയ്യാറാകണം.

ജലസമൃദ്ധിയുടെ പാഠങ്ങൾ
2016ലെ പരിസ്ഥിതിദിനത്തിൽ കാട്ടാക്കട മണ്ഡലത്തിൽ തുടക്കമിട്ടതാണ്‌ വറ്റാത്ത ഉറവയ്‌ക്കായി ‘ജലസമൃദ്ധി’ പദ്ധതി. ഐക്യരാഷ്‌ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ ‘ജലസമൃദ്ധി’ പദ്ധതി ചർച്ചയാക്കി. ജില്ലയിൽ ഭൂഗർഭ ജലനിരപ്പ്‌ ഏറ്റവും ഉയർന്ന മണ്ഡലമായി കാട്ടാക്കടയെ മാറ്റിയത്‌ ഈ ജനകീയ പദ്ധതിയാണ്‌. എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനും കഴിഞ്ഞു.

മണ്ഡലത്തിലെ സ്‌കൂളുകളിൽ ജലക്ലബ്ബുകൾ രൂപീകരിച്ച് ജലസാക്ഷരതാ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു‌. സ്‌കൂളുകളിൽ‌ കിണർ സംപോഷണ പദ്ധതി നടപ്പായി. എല്ലാ സർക്കാർ ഓഫീസിലേക്കും അങ്കണവാടികളിലേക്കും വീടുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. വൃക്ഷത്തൈ നടീലും പച്ചക്കറിത്തോട്ട നിർമാണവും മാലിന്യസംസ്‌കരണ പ്രവർത്തനവും തുടർച്ചയായി നടത്തിയാണ്‌ ജനപിന്തുണ ഉറപ്പിച്ചത്‌. ഭൂജലനിരപ്പ്‌ സംരക്ഷിക്കാനായി മൂന്നുവർഷത്തിൽ 327 പുതിയ കാർഷികകുളം പണി തീർത്തു. നിലവിലുള്ളവ നവീകരിച്ചു. തോടുകളിൽ തടയണകൾ നിർമിച്ച്‌ നീരൊഴുക്ക്‌ ക്രമീകരിച്ചു. ചെറുകോട്‌–-കുഞ്ചുകോണം തോട്‌ ‌ ഒന്നരകിലോമീറ്റർ പുനരുജ്ജീവിപ്പിച്ചു. കുളത്തിൽ ജലനിരപ്പ്‌ സ്‌കെയിൽ സ്ഥാപിച്ചു.


 

കിണർ, കുളം, തണ്ണീർത്തടങ്ങൾ എന്നിവയുടെ റീചാർജിങ് വ്യാപകമാക്കി.‌ ഓടയിലെ മഴവെള്ളം മണ്ണിലേക്കിറക്കി. പാറക്വാറികളിലെ വെള്ളംപോലും ശുദ്ധിയാക്കിയെടുക്കാൻ ജനങ്ങൾ സഹകരിച്ചു. സ്‌കൂൾ ലാബുകൾവഴി ജലഗുണനിലവാര പരിശോധനയും നടത്തി. മണ്ഡലത്തിലെ മുഴുവൻ തരിശ്‌ ഭൂമിയും കൃഷിയിടമാക്കാനുള്ള ശ്രമത്തിലാണ്. വിവിധ ‌രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും പഠനസംഘങ്ങൾ കാട്ടാക്കട ജലസമൃദ്ധി പദ്ധതി മാതൃകയാക്കാനും പഠിക്കാനും എത്തിച്ചേർന്നു. ആഗോളതാപനത്തിന്റെ കെടുതികളെ ഈ നാട്‌ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന്‌ കണ്ടറിയാൻ ലോകരാജ്യങ്ങളിൽനിന്ന്‌ വിദഗ്‌ധരും ശാസ്‌ത്രജ്ഞരുമെത്തി. വിവിധ സംസ്ഥാനങ്ങളുടെ ആസൂത്രണവിദഗ്‌ധർ ജലസമൃദ്ധിയുടെ പാഠം പകർത്തി. അതിന്‌ ധാരാളം തുടർച്ചകളുണ്ടായി. കാർബർ ന്യൂട്രൽ കാട്ടാക്കടയും സമ്പൂർണ സോളാർ മണ്ഡലവും 100 മിയാവാക്കി വനമെന്ന ലക്ഷ്യവുമെല്ലാം ആ മാർഗത്തിലൂടെയുള്ള കൂട്ടായ സഞ്ചാരമാണ്‌. സ്കൂളുകളുടെ ഊർജ ഓഡിറ്റ് റിപ്പോർട്ടുകളുടെ പ്രകാശനവും പൊതു സ്ഥാപനങ്ങളുടെ ഊർജ ഓഡിറ്റ് പ്രഖ്യാപനവും നടത്തി. ജനങ്ങളെയാകെ ചേർത്തുപിടിച്ച്‌ ജലസംരക്ഷണത്തിന്റെ പാതയിലേക്ക്‌ നയിച്ച ജലസമൃദ്ധി പദ്ധതി ഒരു മഹായാനമായിരുന്നു. മഹത്തായ ജലസാക്ഷരതാ പ്രസ്ഥാനം. തോടുകൾ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കി. തടയണകൾ നിർമിച്ചു. ജലനടത്തവും കലാജാഥയുമെല്ലാം പുതിയൊരു സംസ്കാരത്തിന്‌ വിത്തും വളവുമേകി. ഒരു ചിരട്ട ജലമെങ്കിലും മണ്ണിനു നൽകണേയെന്ന സന്ദേശം ഏവരും കൈക്കൊണ്ടു.

സകല ജീവജാലങ്ങളുടെയും മുഖ്യഘടകം ജലംതന്നെയാണ്. പക്ഷേ, ഈ ജലം സംരക്ഷിക്കപ്പെടുന്നതും ഫലപ്രദമായ വിനിയോഗം വഴിയുമാണ്‌ ആയിരക്കണക്കിനു വർഷങ്ങളായി ഭൂമിയുടെ സന്തുലനാവസ്ഥ സംരക്ഷിക്കപ്പെട്ടിരുന്നത്‌. എന്നാൽ, ഇന്ന്‌ കാര്യങ്ങൾ ആകെ മാറിയിരിക്കുന്നു. ആഗോളതാപനത്തിന്റെ കെടുതികൾ അതിവേഗമുള്ള കാലാവസ്ഥാ വ്യതിയാനത്തിലേക്ക്‌ മാറിയിരിക്കുന്നു. അടുത്ത ഘട്ടമായി അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തമായിരിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു. അതു മാത്രമല്ല, താരതമ്യേന പ്രായം കുറഞ്ഞ പർവതനിരയായ ഹിമാലയത്തിലും മറ്റും അടുത്ത കാലത്തുണ്ടായ മേഘവിസ്‌ഫോടനംപോലും ചില ലക്ഷണങ്ങളാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ്‌ പശ്‌ചിമഘട്ടത്തിന്റെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധവയ്‌ക്കേണ്ടത്‌.

കേരളത്തിൽ പരിസ്ഥിതി ജലസംരക്ഷണ പ്രവർത്തനത്തിൽ മികച്ച മാതൃകകളാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌. അതിന്റെ തുടർച്ചയായി ധാരാളം പദ്ധതികൾ ആവിഷ്‌കരിക്കപ്പെട്ടു. ഹരിതകേരളം മിഷൻ വഴി ആയിരം പച്ചത്തുരുത്ത്‌ ഏറ്റവും മികച്ച സംരക്ഷണ മാതൃകകളിലൊന്നാണ്‌. മിയാവാക്കി വനംപോലുള്ളവയും ധാരാളമായി സൃഷ്‌ടിക്കപ്പെട്ടു. ഭൂഗർഭ ജലത്തിന്റെ അളവ്‌ നിലനിർത്തുന്നതിൽ ഇതെല്ലാം വലിയ പങ്കുവഹിച്ചു. മാത്രമല്ല, നീർത്തടങ്ങൾ സംരക്ഷിക്കപ്പെടുകയും വിവിധ നദീസംരക്ഷണ പദ്ധതികൾ നടപ്പാക്കുകയും ചെയ്‌തു. കരമന–കിള്ളിയാർ മിഷൻ, വരട്ടാർ നദീ പുനരുജ്ജീവനം അങ്ങനെ എത്രയെത്ര മാതൃകകളാണ്‌ നടപ്പാക്കിയത്‌. അതിനെല്ലാം ജനകീയപിന്തുണയോടെ തുടർച്ചകൾ ഒരുങ്ങുന്നു എന്നത്‌ കേരളത്തിന്‌ ആശാവഹമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top