23 April Tuesday

പ്രതിപക്ഷ നേതാവും ​ഗവർണറും ഈ യോ​ഗ്യതകൾ അറിയുന്നത് നല്ലതാ... എ കെ രമേശ് എഴുതുന്നു

എ കെ രമേശ് Updated: Wednesday Oct 26, 2022

സർവ്വകലാശാലാ വൈസ് ചാൻസലർമാരെ ഗവർണർ പുറത്താക്കണം എന്നുതന്നെയാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ഓർമ്മയിൽ അത്തരമൊരു നടപടി പച്ച പിടിച്ചു നിൽക്കുന്നുണ്ടാവണം. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മഹാത്മ ഗാന്ധിജി സർവ്വകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ വി ജോർജിനെ അന്നത്തെ ചാൻസലറായിരുന്ന ഷീലാ ദീക്ഷിത് പുറത്താക്കിയിട്ടില്ലേ എന്നതാവാം അദ്ദേഹത്തിന്റെ ചോദ്യം.

യുഡിഎഫ് കാലത്താണല്ലോ മാനേജ്മെന്റ് സ്‌കൂൾ മാഷായ പഞ്ചായത്ത് പ്രസിഡണ്ടിനെ പിന്നിട് സിണ്ടിക്കേറ്റ് മെമ്പറായി നിയോഗിച്ച ശേഷം ശിഷ്ടകാലം വൈസ് ചാൻസലറാക്കാൻ  തീരുമാനിച്ചത്. എന്നാൽ സർച്ച് കമ്മിറ്റിയിലുണ്ടായിരുന്ന ഇടതുപക്ഷ സെനറ്റ് പ്രതിനിധി, പിഎസ്‌സി അംഗമായിരുന്ന ഒരാൾ അത്തരം പദവിക്ക് യോഗ്യനല്ല എന്ന് വാദിച്ചു ആ നീക്കം തടഞ്ഞു. പ്രതിപക്ഷ നേതാവിന് മറക്കാനാവില്ല ഖാദർ മങ്ങാടിനെ. കണ്ണൂർ ഡിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ  പ്രാമാണിക പബ്ലിക്കേഷനായി അന്ന് എടുത്തു പറഞ്ഞത് കോൺഗ്രസ്സ് സംഘടനയുടെ ബുള്ളറ്റിനിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങളായിരുന്നുവല്ലൊ !

അക്കാര്യങ്ങളൊക്കെ ഓർമ്മയിലുള്ളത് കൊണ്ടാവാം, കേരളത്തിലെ വൈസ് ചാൻസലർ മാരെ മുഴുവൻ  പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്. പോരാത്തതിന് ഷീലാ ദീക്ഷിത് പുറത്താക്കിയിട്ടുമുണ്ടല്ലോ ഒരു വൈസ് ചാൻസലറെ. പൊതു ജനത്തിന്റെ ഓർമ്മ നന്നേ കുറവാണ് എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ടല്ലോ. പക്ഷേ മറക്കാവതല്ല ആ പിരിച്ചുവിടൽ ചരിത്രം. ഇല്ലാ ബിരുദങ്ങളുടെ കള്ളക്കഥകളാണ് വിസി സമർപ്പിച്ച രേഖകൾ എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഉമ്മൻ ചാണ്ടി ശുപാർശ ചെയ്‌ത വൈസ് ചാൻസലറെ അദ്ദേഹം തന്നെ ചാൻസലറെക്കൊണ്ട് പുറത്താക്കിച്ചത്.

യുഡിഎഫ് കാലത്ത് വിസി യാക്കാൻ കണ്ടു വെച്ച സ്കൂൾ മാഷ്, സിണ്ടിക്കേറ്റംഗമായി ചുമതലയേറ്റ ഉടനെ നടത്തിയ അന്വേഷണം പിഎച്ച്ഡി എങ്ങനെ തരപ്പെടുത്താം എന്നായിരുന്നുവത്രെ. അതത്ര എളുപ്പമല്ല കാലിക്കറ്റിൽ എന്ന് കണ്ടതോടെയാണ് ചുളുവിൽ പിഎച്ച്‌ഡി കിട്ടാവുന്നേടത്ത് ചെന്ന് അത് കരസ്ഥമാക്കിയത്. ആ ബലത്തിലായിരുന്നു അദ്ദേഹം വിസി യാകാൻ തയാറായത് എന്നത് അങ്ങാടിപ്പാട്ട്. ആ നിലക്ക് താഴെ പറയുന്ന വിസിമാർക്ക് യുഡിഎഫ് ഭാഷയിൽ അയോഗ്യത ഏറും. എങ്കിലും ഒന്ന് നോക്കാം, പ്രതിപക്ഷ നേതാവ് ഗവർണറെക്കൊണ്ട് പുറത്താക്കിക്കാൻ ശ്രമിക്കുന്നവരുടെ അയോഗ്യതകൾ.


ഡോ. സാബു തോമസ്  (മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി)

സയൻസിലും പോളിമർ സയൻസിലും നാനോ  മെഡിസിനിലും നടത്തിയ ഗവേഷണങ്ങളുടെ പേരിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മഹാത്മാ ഗാന്ധി യൂനിവേഴ്‌സിസിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്. മുപ്പതോളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ, സ്ലാെവേനിയയിലെ ജോസഫ് സ്റ്റെവാൻസ് യൂനിവേഴ്സിസിറ്റിയിലെ വിശിഷ്ട പ്രൊഫസർ പദവി, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസിലെ അക്കാദമീഷ്യൻ ഓഫ് ദ ഇയർ, ഇന്ത്യയിലെ മോസ്റ്റ് പ്രൊഡക്‌ടീവ് റിസേർച്ചേഴ്‌സിൽ 5ാമൻ, സൗത്ത് ബ്രിട്ടണി യൂനിവേഴ്സിസിറ്റിയുടെ D.Sc ബഹുമതി, 2017 ൽ വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള ദേശീയ വിദ്യാഭ്യാസ നേതൃത്വ അവാർഡ്, സീനിയർ ഫുൾ ബ്രെെറ്റ് ഫെലോഷിപ്പ്, സമീപകാലത്തായി സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധപ്പെടുത്തിയ ആഗോളഗവേഷകരിൽ ഏറ്റവും മിടുക്കരായ 2 ശതമാനത്തിന്റെ പട്ടികയിൽ ഇടം , 1200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ (എല്ലാം പീർ റെവ്യൂഡ് ),16 പാറ്റന്റുകളുടെ ഉടമസ്ഥത, 72000 സൈറ്റേഷനുകൾ , 115 പി എച്ച് ഡി മേൽനോട്ടം

വെച്ചു പൊറുപ്പിക്കാനാവുമോ ഇങ്ങനെയാരാളെ സ്ഥാപിത താൽപര്യക്കാർക്ക്? പക്ഷേ ഇത്തരം പ്രഗത്ഭമതികളെ നോട്ടമിട്ടിരിക്കുന്ന സ്വകാര്യ യൂനിവേഴ്സിറ്റികൾക്ക് റാഞ്ചിക്കൊണ്ടുപോവാൻ വിട്ടു കൊടുക്കാൻ കേരളത്തിനാവുമോ എന്നതാണ് ചോദ്യം.


ഡോ.കെ.എൻ മധുസൂദനൻ (കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കുസാറ്റ്)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ റിസർച്ച് അസോസിയേറ്റ് , ഇറ്റലിയിലെ  റോമാ യൂനിവേഴ്‌സിസിറ്റിയിൽ തിയററ്റിക്കൽ ഫിസിക്‌സിൽ ഗവേഷണം, ബെൽജിയത്തിലെ കാത്തോലിക് യൂനിവേഴ്‌സിസിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണ ഫെലോഷിപ്പ് . ഡ്രെസ് ഡണിലെ റോസൻഡോർഫ് റിസർച്ച് സെന്ററിൽ വിസിറ്റിങ്ങ് സയന്റിസ്റ്റ്, 12 അന്താ രാഷ്‌ട്ര കോൺഫറൻസുകളിലും 64 അഖിലേന്ത്യാ കോൺഫറൻസുകളിലും പ്രതിനിധി, 90 പ്രസിദ്ധീകരണങ്ങൾ.

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി വൈസ് ചാൻസലർ ഡോ.കെ എൻ മധുസൂദനന്റെ വ്യക്തിവിവരങ്ങളിൽ ചിലത് മാത്രമാണിവ. ഇതിനു പുറമെ, റീഡറായും പ്രൊഫസറായും എച്ച്. ഓഡിയായും ഡീനായും സിണ്ടിക്കേറ്റംഗമായും രജിസ്റ്റാറായും ഉള്ള പ്രവർത്തന പരിചയവും ഇദ്ദേഹത്തിനുണ്ട്. ഇന്ത്യൻ ഫിസിക്‌സ് അസോസിയേഷൻ ആജീവനാന്ത അംഗത്വം.

ഡോ. വി പി മഹാദേവൻ പിള്ള (കേരള സർവ്വകലാശാല)

ജർമ്മനിയിലെ കാൾ സൃഹ് യൂനിവേഴ്‌സിസിറ്റി ഓഫ് അപ്ലൈഡ്‌ സയൻസസ്, വിസിറ്റിങ് പ്രൊഫസറായി ആദരിക്കുന്ന ഒരാൾ കേരളത്തിൽ വൈസ് ചാൻസലറായി വന്നാൽ അത് ജർമ്മൻകാർക്ക് നഷ്‌ടം തന്നെ, അതിനൊരു പണിയുണ്ട്. അങ്ങനെയുള്ള ഒരാളെ വെറുതെയങ്ങ് വിരട്ടുക. പിരിഞ്ഞു പോകണമെന്ന് കൽപ്പിക്കുക. കേട്ട പാടെ ആൾ ആയുധം വെച്ച് കീഴടങ്ങിയാൽ പിന്നെ ജർമ്മൻകാർക്ക് സന്തോഷമാവും.

കുസാറ്റിലും പെരിയാർ യൂനിവേഴ്സിസിറ്റി, അളഗപ്പ സർവ്വകലാശാല, റായ്‌പൂപൂരിലെ പണ്ഡിറ്റ് രവിശങ്കർ ശുക്ലാ യൂനിവേഴ്‌സിസിറ്റി എന്നിവിടങ്ങളിലും ബോഡ് ഓഫ് സ്റ്റഡീസ് അംഗം, മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആജീവനാന്ത അംഗം, യുജിസി പ്രോഗ്രാമുകളിൽ പലതിലും റിസോഴ്‌സ് പേഴ്‌സൺ. വൈസ് ചാൻസലർ പദവിക്ക് മുമ്പ് കേരള സർവ്വകലാശാലയിൽ ഓപ്റ്റോ എലക്ട്രോണിക്‌സ്‌ വിഭാഗം തലവൻ.
 
ഡോ. കെ റിജി ജോൺ (കേരളാ യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്)

കോമൺവെൽത്ത് സ്കോളർഷിപ്പോടെ ഫിഷ് വൈറോളജി യിൽ യു. കെയിലെ സ്റ്റിർലിങ്ങ് യൂനിവേഴ്‌സിസിറ്റിയിൽ നിന്ന് പിഎച്ച്‌ഡി ബിരുദമെടുത്ത ശേഷം യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്റിൽ റിവേഴ്‌സ് ജെനറ്റിക്‌സിൽ പോസ്റ്റ് ഡോക്ടറൽ പഠനം. തമിൾ നാട് വെറ്റിനറി  യൂനിവേഴ്‌സിറ്റിയിലും ജയലളിത ഫിഷറീസ് യൂനിവേഴ്സിറ്റിയിലും അധ്യാപന ഗവേഷണ പ്രവർത്തനങ്ങളിൽ, അന്താരാഷ്ട്ര - ദേശീയ പ്രൊജക്‌റ്റു കൾക്ക് നേതൃത്വം നൽകി. വിവിധ സർക്കാർ കർമ്മ സമിതികളിൽ അംഗത്വം, ഏഷ്യൻ ഫിഷറീസ് സൊസൈറ്റി മത്സ്യാരോഗ്യ വിഭാഗത്തിന്റെ നിർവ്വാഹക സമിതി നിരീക്ഷകൻ, 40 ലേറെ ഗവേഷണ പ്രബന്ധങ്ങൾ, 60 ദേശീയ അന്തർ ദേശീയ  കോൺഫറൻസുകളിൽ പങ്കാളി. നല്ല അദ്ധ്യാപകനും നല്ല പ്രബന്ധകാരനും നല്ല ഗവേഷകനും ഉള്ള പുരസ്കാകാരങ്ങൾ. അക്കാദമികവും ഗവേഷണ പരവുമായ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ സന്ദർശനം

ഡോ. എം കെ ജയരാജ് (കാലിക്കറ്റ് സർവ്വകലാശാല)

18 ഗവേഷണ പ്രോജക്റ്റുകളിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ 8 എണ്ണത്തിൽ സഹ ഇൻവെസ്റ്റിഗേറ്റർ. 3 പോസ്‌റ്റ് ഡോക്‌ടറൽ ഗവേഷണ മേൽനോട്ടം, 26 പിഎച്ച്‌ഡി മേൽനോട്ടം. ഇത്രയും മതിയായിരുന്നു ഡോ. എം കെ ജയരാജിനെത്തേടി ടോക്യോ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള
ജിയിലെ വിസിറ്റിങ് പ്രൊഫസർഷിപ്പ് എത്താൻ. അവാർ ഡുകളും അംഗീകാരങ്ങളും ഒട്ടനവധി.

അന്താരാഷ്ട്ര  കോൺഫറൻസുകളിൽ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. പ്ലാസ്‌മാ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷനൽ ലേസർ അസോസിയേഷൻ, മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ആജീവനാംഗത്വം - അമേരിക്കയിലെ ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഒപ് റ്റിക്സ് ആന്റ് ഫോട്ടോണിക്‌സിൽ സീനിയർ മെംബർ. എലക്ട്രോ കെമിക്കൽ സൊസൈറ്റി, യുഎസ് എ യിൽ അംഗത്വം. പീർ റെവ്‌യൂഡ് മാസികകളിൽ 206 പഠനപ്രബന്ധങ്ങൾ. ഇതിനു പുറമെയാണ് വിവിധ പഠന ബോഡുകളിലും സർവ്വകലാശാലാ സെനറ്റിലും സിണ്ടിക്കേറ്റിലുമുള്ള പ്രവർത്തന പരിചയം. സ്‌കൂളുകളിൽ ഭൗതിക ശാസ്‌ത്രാവബോധം വളർത്താനുള്ള പരിശ്രമത്തിൽ നേതൃത്വ നിരയിൽ.


ഡോ. എം വി നാരായണൻ (ശ്രീ ശങ്കരാചാര്യ യൂനിവേഴ്‌സിറ്റി ഓഫ് സാൻസ്‌ക്രിറ്റ്)

യു കെയിലെ എക്സെറ്റർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്‌ഡി യെടുത്ത എം വി നാരായണൻ ഡിഗ്രി ക്കും പിജിക്കും കേരളാ  യൂനിവേഴ്‌സിറ്റിയൂടെ  റാങ്ക് ജേതാവായിരുന്നു. 2010 മുതൽ കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡിയിൽ ഫെലോ. ഷാർജാ യൂനിവേഴ്‌സിറ്റിയിൽ അദ്ധ്യാപകൻ. മിയസാക്കി ഇന്റർനാഷനൽ  കോളേജിൽ പ്രാെഫസർ ആയി ഒരു വർഷത്തെ സേവനം, ദുബായ് കൾച്ചറൽ സെന്ററിൽ ഇംഗ്ലീഷ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയരക്‌ടർ.

കാലിക്കറ്റ് സർവ്വകലാശാലാ എജുക്കേഷനൽ മൾട്ടിമീഡിയാ റിസർച്ച് സെന്റർ ഡയരക്‌ടർ, പത്രപ്രവർത്തന പരിചയത്തിനു പുറമെ വിവിധ ഇന്ത്യൻ വിദേശ മാധ്യമങ്ങളുടെ പത്രാധിപ പദവി. യൂനിവേഴ്‌സിറ്റി ഓഫ് സിഡ്നിയിലെ പെർഫോമൻസ് സ്റ്റഡീസിന്റെ മുഖപത്രമായ About performance ന്റെ ഇന്റർനാഷനൽ അഡ്വൈസറി എഡിറ്റർ. കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെന്റ് അവാർഡ് ജേതാവ് , കൂടിയാട്ടത്തെക്കുറിച്ചും കഥകളിയെക്കുറിച്ചും ഗഹനങ്ങളായ പഠനങ്ങൾ . കൂടിയാട്ടത്തെക്കുറിച്ചുള്ള യുനസ്കോ ഡോക്യുമെന്റേഷന്റെ സ്‌ക്രിപ്റ്റ് രചയിതാവ്. ഇന്ത്യയിലും സ്വീഡനിലും ഡെൻമാർക്കിലും അവതരിപ്പിച്ച മായാ താങ്ങ് ബർഗിന്റെ കൃഷ്ണാ നാടകത്തിന്റെ സ്‌ക്രിപ്റ്റ് രചയിതാവ്. 10 പി എച്ച് ഡി പ്രബന്ധങ്ങൾക്ക് ഗൈഡ്: അരഡസൻ പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ.


ഡോ. വി അനിൽകുമാർ (മലയാളം സർവ്വകലാശാല)

കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശകസമിതി അംഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക് ഫോറം സെക്രട്ടറി, വള്ളത്തോൾ വിദ്യാപീഠം ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. അനിൽ വള്ളത്തോളാണ് മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോഡ് ഓഫ് സ്റ്റഡീസ് അംഗം, വിവിധ സർവ്വകലാശാല കളുടെ റിസർച്ച് ഗൈഡ്, കാസർഗോട്ടെ കേന്ദ്ര സർവ്വ കലാശാലയിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി കൺവീനർ. 10 പി എച്ച് ഡി ഗവേഷണ മേൽനോട്ടം. 1987 മുതൽ അദ്ധ്യാപന രംഗത്ത്. 19 പുസ്തകങ്ങൾ. 70 ലേറെ ഗവേഷണ പ്രബന്ധങ്ങൾ


ഡോ. ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ സർവ്വകലാശാല)

സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി എ (ഓണേഴ്സ് ) ബിരുദം, ജെ എൻ യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും പിഎച്ച്ഡി യും . ലണ്ടൻ സ്‌കൂ‌ൾ ഓഫ് എകണോമിക്‌സിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഗവേഷണം. സെന്റ് സ്റ്റീഫൻസ് , ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിൽ അദ്ധ്യാപകൻ, ഐസി എച്ച് ആർ മെംബർ സെക്രട്ടറി . 21 ഗവേഷണ പ്രബന്ധങ്ങൾ, ഡസൻ കണക്കിന് പ്രഭാഷണങ്ങൾ, ലണ്ടൻ സ്‌കൂ‌ൾ ഓഫ് ഇക്കണോമിക്‌സിൽ അക്കാദമിക് വിസിറ്റർ. 2009- 10 കാലത്തെ ഏറ്റവും മികച്ച ഇന്ത്യാ ചരിത്ര രചനക്കുള്ള ചരിത്ര കോൺഗ്രസ് അവാർഡ് ജേതാവ്.

ഡോ. എം എസ് രാജശ്രീ  (എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല)

മദിരാശി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക്കും പി.എച്ച് ഡിയും. ഇന്ത്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ പ്രിൻസിപ്പാൾ, 17 അന്താരാഷ്ട്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ, 24 വർഷത്തെ അദ്ധ്യാപന പരിചയം, കേരള സർവ്വകലശാലയിൽ ഡീൻ, വിവിധ സർവകലാശാലകളിൽ ബോഡ് ഓഫ് സ്റ്റഡീസ് അംഗം, എഐസിടി ഇ യുടെ അക്രഡിറ്റീഷനുള്ള ദേശീയ ബോഡിൽ വിദഗ്ധാംഗം, അതിന്റെ അ പ്പലറ്റ്  കമ്മിറ്റി ചെയർമാൻ, ഐ ഐ ഐ ടി എം കെ ഡയരക്ടർ , സംസ്ഥാന സർക്കാർ വകുപ്പുകളിൽ പലതിന്റെയും ടെക്നിക്കൽ കമ്മറ്റി  മെംബർ, ഇ ഗവർണൻസ് അവാർഡ് ജേതാവ്.


ഇങ്ങനെയുള്ളവരെ കുത്തിപ്പുറത്താക്കി അവർക്ക് പകരം പ്രതിപക്ഷ നേതാവിനും ഗവർണർക്കും, തനിക്ക്  ആഭിമുഖ്യമുണ്ടെന്ന് ഗവർണർ തന്നെ അവകാശപ്പെടുന്ന ആർഎസ് എസിനും ഒരേ പോലെ യോജിക്കാവുന്ന കാവി മനസ്‌കരായ സ്‌കൂൾ മാഷന്മാരെയും റിട്ടയേഡ് പഞ്ചായത്ത് പ്രസിഡണ്ടുമാരെയും അവരോധിക്കാനാവും ഈ നീക്കം. പക്ഷേ ഒറ്റപ്പേനയുന്ത് കൊണ്ട് റദ്ദാക്കിക്കളയാവുന്ന രാജഭരണക്കാലത്തല്ല നാമിപ്പോൾ. വൈസ് ചാൻസലർ പദവിയിൽ നിന്ന് ഒരാളെ പുറത്താക്കണമെങ്കിൽ അതിന് ചില വ്യവസ്ഥകളുണ്ട്. ഒന്നുകിൽ സർവകലാശാലാ ഫണ്ട് ദുർവിനിയോഗമോ, ദുരുപയോഗമോ ചെയ്യണം അല്ലെങ്കിൽ ഗുരുതരമായ സ്വഭാവദൂഷ്യം വേണം. പ്രസ്തുത ആരോപണം ഹൈക്കോടതി / സുപ്രീം കോടതിയിലെ സിറ്റിങ് /വിരമിച്ച ജഡ്‌ജി  അന്വേഷണം നടത്തണം. പ്രസ്‌തു‌‌‌ത വൈസ് ചാൻസലർക്ക് നോട്ടിസ് നൽകിയിരിക്കണം.

ഇപ്പോഴത്തെ സുപ്രീം കോടതി വിധി സാങ്കേതിക സർവ്വകലാശാലാ വൈസ് ചാൻസലർക്ക് മാത്രം ബാധകമാണ്. അത് വലിച്ചു നീട്ടി മുഴുവൻ സർവകലാശാലകൾക്കും ബാധകമാക്കാനാണ് ശ്രമം. ആ വിധി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വഴി വിട്ട നീക്കം. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമവും സംസ്ഥാന നിയമവും തമ്മിൽ തർക്കമുണ്ടായാൽ ആദ്യത്തേതാണ് നിലനിൽക്കുക എന്ന വാദമാണ് സുപ്രീം കോടതി ഉയർത്തിപ്പിടിച്ചത് എന്നാണ് വാർത്തകൾ. സംസ്ഥാന നിയമസഭ പാസ്സാക്കിയ സർവകലാശാലാ നിയമങ്ങളെ മറികടക്കാൻ ഉപയോഗപ്പെടുത്തുന്നത് പാർലമെന്റ് പാസാക്കിയ യുജിസി നിയമത്തെയാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷേ ആ നിയമത്തിൽ വൈസ് ചാൻസലർ നിയമനങ്ങളെക്കുറിച്ച് ഒരു പരാമർശവുമില്ല. ഉള്ളത് യുജിസിയുടെ റെഗുലേഷനിലാണ്. ഒരു സംസ്ഥാന അസംബ്ലി പാസാക്കിയ നിയമത്തെ മറികടക്കാൻ ഒരു സ്ഥാപനം മുന്നോട്ടു വെച്ച റെഗുലേഷന് ആവുമോ, ആകാമോ എന്നതാണ് ചോദ്യം. അക്കാര്യം സുപ്രീം കോടതി തന്നെ പരിഗണിക്കാനിരിക്കെയാണ് ധൃതിപ്പെട്ട് ഒരവധി ദിവസം രാജ്‌ഭവന് പ്രവർത്തി ദിവസമായി പ്രഖ്യാപിച്ചു കൊണ്ട് അന്നു തന്നെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമയപ്പിക്കുന്നതും. തിരക്കിനിടയിൽ ഒരു വിശദീകരണം ആവശ്യപ്പെടുക എന്ന പ്രാഥമിക കാര്യം പോലും ഗവർണറാപ്പീസ് മറന്നു പോവുകയും ചെയ്‌തു‌.

കോടതി വിധിയും ഗവർണറുടെ നടപടിയും തമ്മിൽ നേരിട്ട് ബന്ധമില്ല എന്നതിന് തെളിവാണ്, അതിനും ദിവസങ്ങൾക്ക് മുമ്പ് 10 വർഷം പൂർത്തിയാക്കിയ  പ്രൊഫസർമാരുടെ ലിസ്റ്റ് ഉടൻ നൽകണമെന്ന് ആവശ്യപെട്ടുകൊണ്ട് രാജ്‌ഭവൻ സർവ്വകലാശാലകൾക്ക് കത്തയച്ചു എന്ന കാര്യം. കാര്യം വ്യക്തമാണ്. കാവിപ്പടയുടെ ഇളകിയാട്ടമാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഈ നീക്കം നമ്മുടെ സർവകലാശാലകളിലെ അക്കാദമിക ഔന്നത്യം തകർത്തെറിഞ്ഞ് അവിടെ കാവിക്കൊടി കെട്ടാൻ തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top