25 April Thursday

വിജ്ഞാനസമൂഹത്തിന്റെ മുൻനിരയിലേക്ക്‌

അഡ്വ. കെ എച്ച് ബാബുജാൻUpdated: Thursday Jun 23, 2022

കേരള സർവകലാശാലയ്ക്ക് യുജിസിയുടെ നാഷണൽ അസസ്‌മെന്റ്‌ ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ –-നാകിന്റെ മൂല്യനിർണയത്തിൽ ചരിത്രനേട്ടമായ A++ ലഭിച്ചത് 3.67  ഗ്രേഡ് പോയിന്റിലൂടെയാണ് എന്നത് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. രാജ്യത്തെ വളരെ ശ്രദ്ധേയങ്ങളായ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്കൊപ്പം എത്തിയിരിക്കുന്നു അതിലൂടെ കേരള സർവകലാശാല.

നിർഫി (എൻഐആർഎഫ്‌)ൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുനിൽക്കുന്ന ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസി (ഐഐഎസ്‌സി)ന്റെ നാക്‌ ഗ്രേഡ് പോയിന്റ് 3.67 ആണ്.  കേരളയ്ക്ക് തുല്യമായ ഗ്രേഡ് പോയിന്റാണ്‌ അത്. രാജ്യത്തെ സംസ്ഥാന സർവകലാശാലകളിൽ ഇപ്പോൾ ഏറ്റവുമുയർന്ന ഗ്രേഡ് പോയിന്റ് കേരള സർവകലാശാലയുടേതാണ്. കേന്ദ്ര സർവകലാശാലയായ ഡൽഹി ജെഎൻയുവിന് 3.77 ആണ് നിലവിൽ ഗ്രേഡ് പോയിന്റ്. അതായത് കേരളയുടേതിൽനിന്ന് 0.10യുടെ വ്യത്യാസംമാത്രം. ഈ നേട്ടം കേരള സർവകലാശാലയുടേതു മാത്രമല്ല, കേരളത്തിന്റെ മൊത്തം ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ നാഴികക്കല്ലാണ്. വിശേഷിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ധൈഷണികകേന്ദ്രമാക്കി മാറ്റാൻ കേരള സർക്കാർ പദ്ധതികൾക്ക് വലിയ പ്രാധാന്യം നൽകിയിരിക്കുന്ന ഘട്ടത്തിൽ. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലോകനിലവാരത്തിലേക്ക് നയിക്കുന്നതിന്‌ കരുത്തായി ഈ നേട്ടത്തെ നമുക്ക് പ്രയോജനപ്പെടുത്താം.

മുഖ്യമന്ത്രി പിണറായി വിജയൻ നാലുവർഷംമുമ്പ്‌ തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെയും സിൻഡിക്കറ്റ് അംഗങ്ങളുടെയും യോഗത്തിൽ കേരളത്തിലെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി  വിശദീകരിച്ചിരുന്നു. ദേശീയ റാങ്കിങ്ങിൽ ആദ്യ പത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയെങ്കിലും എത്തണമെന്ന്  അദ്ദേഹം നിർദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ തുടർന്നു ചേർന്ന കേരള സർവകലാശാലയുടെ സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്തു. പ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ വൈസ് ചാൻസലറും പ്രോവൈസ് ചാൻസലറും സിൻഡിക്കറ്റും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ഒരുമിച്ചുനിന്ന് പിന്നിട്ട നാലുവർഷം ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചു.

1937ൽ തിരുവിതാംകൂർ സർവകലാശാലയായി ആരംഭിച്ച്, പിന്നീട് കേരള സർവകലാശാലയായി മാറി പ്രവർത്തിച്ചുവരുന്നതിനിടയിൽ ഒത്തിരി മുന്നേറ്റവും ചില ഘട്ടത്തിൽ പിന്നോട്ടുപോക്കും ഉണ്ടെങ്കിലും സർവകലാശാലയുടെ ചരിത്രത്തിലെ നേട്ടങ്ങളും വിഭവങ്ങളും വളരെ വലുതാണ്. അതു പ്രയോജനപ്പെടുത്തിയാണ് എല്ലാ മേഖലയിലും വലിയ മുന്നേറ്റം സർവകലാശാല നാലുവർഷം നടത്തിയത്.

അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ 310 ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടനിർമാണമാണ് ഇക്കാലയളവിൽ സർവകലാശാലയിൽ നടന്നത്.  സ്കൂൾ ബിൽഡിങ്ങുകളും പഠനവകുപ്പുകൾക്കെല്ലാം കെട്ടിടങ്ങളും പണിതു. അഡ്മിഷൻ മുതൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വരെ വിദ്യാർഥികൾക്ക് സർവകലാശാലയുമായും തിരിച്ചും എല്ലാ കാര്യത്തിലും നേരിട്ടു ബന്ധപ്പെടാനും വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്ന സോഫ്റ്റ്‌‌വെയറായ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് നടപ്പാക്കി. 10 ലക്ഷത്തോളം പുസ്തകം സർവകലാശാലയുടെ വിവിധ ലൈബ്രറിയിലുണ്ട്. തങ്ങൾക്ക്  ആവശ്യമുള്ള പുസ്തകം വിദ്യാർഥികൾക്ക് ഒറ്റ ക്ലിക്കിലൂടെ ലഭ്യമാകുന്ന സോഫ്റ്റ്‌വെയർ നടപ്പാക്കി. സർവകലാശാലയ്ക്കു കീഴിലുള്ള മുഴുവൻ ലൈബ്രറികളെയും ബന്ധിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറിലൂടെ  ‘ഒരു ക്യാമ്പസ് ഒരു ലൈബ്രറി  പദ്ധതി’ പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. 

വിദ്യാർഥികൾക്ക് അപകടമോ മരണമോ ഉണ്ടായാൽ അവരെയും കുടുംബത്തെയും സംരക്ഷിക്കാൻ ‘സ്റ്റുഡന്റ് കെയർ’ പദ്ധതി നടപ്പാക്കി. ഗവേഷകവിദ്യാർഥികൾക്ക് ഏറ്റവും മികച്ച തുക ഫെലോഷിപ്പും നൽകുന്നു. അതേപോലെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ മികച്ച മാതൃകയാകാനും സർവകലാശാലയ്ക്ക് കഴിഞ്ഞു. സിഎംഡിആർഎഫിലേക്ക് 6.5 കോടി രൂപയാണ് അധ്യാപകരും ജീവനക്കാരും സംഭാവന ചെയ്തത്. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി 55 ലക്ഷം രൂപ സർക്കാരിന് കൈമാറി.   കൂടാതെ ‘നാക്‌’ എടുത്തുകാണിച്ച മറ്റു ചില കാര്യത്തിൽ പ്രധാനപ്പെട്ടവ, ക്യാമ്പസിന്റെ ഗ്രീൻ, ക്ലീൻ സ്വഭാവമാണ്. വൈദ്യുത ബഗ്ഗികളും സൈക്കിളും ഉപയോഗിച്ച് കാർബൺ വിമുക്തമാക്കാൻ നടത്തിയ ശ്രമം ഇതിന്റെ ഭാഗമാണ്. സുസ്ഥിരവികസനത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഭാഗമായി നടപ്പാക്കിയ ഹരിതാലയം പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി. 20,000 ഫലവൃക്ഷങ്ങൾ ഇപ്പോൾ ക്യാമ്പസിൽ വളരുന്നു. ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ സസ്യങ്ങളുടെ അപൂർവ ഉദ്യാനം, സിസ്റ്റമാറ്റിക് ഗാർഡൻ, മിയാവാക്കി വനം, പന്നൽച്ചെടികളുടെ ഉദ്യാനം, ഡിജിറ്റൽ ഗാർഡൻ എന്നിവയും ഹരിതസമൃദ്ധിയുടെ ഭാഗമാണ്. ഹെർബൽ ഗാർഡനായ ‘തുളസീവനം’ മൺമറഞ്ഞുകൊണ്ടിരിക്കുന്നതും തദ്ദേശീയവുമായ ഔഷധസസ്യങ്ങളെപ്പറ്റി വിദ്യാർഥികൾക്ക് ജൈവസംസ്കൃതിയുടെ അറിവുകൾ പകന്നുനൽകുന്നതാണ്.

സർവകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സവിശേഷത ‘നാക്‌’ ചൂണ്ടിക്കാട്ടി. 1. മികവുറ്റ അക്കാദമിക അന്തരീക്ഷവും അടിസ്ഥാനസൗകര്യങ്ങളും. 2. മികച്ച ഗവേഷണസംസ്കാരം. 3. മികച്ച അനുബന്ധപ്രവർത്തനങ്ങൾ. (അതിൽ ഗ്രാമം ദത്തെടുക്കൽ പോലെയുള്ളവ) ഇവയെല്ലാം സമയബന്ധിതമായ പ്രവർത്തനങ്ങളിലൂടെയാണ് സാധിച്ചത്. വിശേഷിച്ച് ഐടി സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം സർവകലാശാലയുടെ പഠനഗവേഷണപ്രവർത്തനങ്ങൾക്ക് ഏറെ തുണയായി. കോവിഡ്  പ്രതിസന്ധി ഉണ്ടാകുംമുമ്പുതന്നെ ലേണിങ്‌ മാനേജ്മെന്റ്‌ സിസ്റ്റം (എൽഎംഎസ്‌) നടപ്പാക്കുകയും കോവിഡ് സന്ദർഭത്തിൽ അത് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. അതിനൊപ്പം സമഗ്രമായ ഡിജിറ്റൽ ശേഖരണി തയ്യാറാക്കി. 32 കോടി രൂപ ചെലവഴിച്ച് സജ്ജീകരിച്ച അത്യാധുനിക ലബോറട്ടറിയും (സിഎൽഐഎഫ്‌എഫ്‌). 43 പഠനവകുപ്പിലെയും തിയറ്റർ ക്ലാസ് മുറികളും  ഗവേഷണ പഠനപ്രവർത്തനത്തെ ഊർജസ്വലമാക്കി. 5.66 കോടി രൂപ വിവിധ കൺസൾട്ടൻസി പ്രവർത്തനത്തിലൂടെ വരുമാനമായി സ്വരൂപിക്കാൻ സർവകലാശാലയിലെ അധ്യാപകർക്ക്  സാധിച്ചതും പ്രധാനമാണ്‌.

ഇത്തരത്തിലുള്ള ഏതൊരു പ്രവർത്തനത്തിനും കരുത്തുപകരുംവിധം  അക്കാദമിക്ക് അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ ഉറപ്പാക്കിയിട്ടുള്ള  വിദ്യാർഥിപ്രാതിനിധ്യം ‘നാകി’ന്റെ സവിശേഷശ്രദ്ധ നേടി. ആസ്ട്രോ ഫിസിക്സിൽ കേരളത്തിന്റെ സംഭാവനയായ ഡോ. താണുപത്മനാഭന്റെ സ്മരണാർഥം  ഗവേഷണപഠന പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്രനിലവാരമുള്ള  സെന്റർ തുടങ്ങാൻ പോജക്ട്‌ തയ്യാറാക്കി സർക്കാരിനു തരാൻ കേരള സർവകലാശാലയോട്‌ നിർദേശിച്ചതടക്കം മുഖ്യമന്ത്രി  പിണറായി വിജയനും ഒപ്പംനിന്നു. എല്ലാ അക്കാദമിക പ്രവർത്തനത്തിനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും നൽകിയ പിന്തുണ തിളക്കത്തിന്റെ മാറ്റ് കൂട്ടുന്നതാണ്. സർവകലാശാലയെ ദേശീയ മുന്നേറ്റത്തിനു സജ്ജമാക്കുന്നതിൽ മുൻധന മന്ത്രി  തോമസ്ഐസക്കും മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലും ധനമന്ത്രി  കെ എൻ ബാലഗോപാലും നൽകിയ നിർദേശങ്ങളും ബജറ്റിൽ പിന്തുണയും വിസ്മരിക്കാനാകില്ല.

ഇത്തരം എല്ലാ സഹായവും വിസി, പിവിസി സിൻഡിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണാധികാരികളും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും സമർപ്പിത മനസ്സുമായി ഭാവിവികസനത്തിനു പറ്റിയ ക്യാമ്പസാക്കി സർവകലാശാലാ ക്യാമ്പസിനെ മാറ്റുന്നത് നവ്യാനുഭവവും ഭാവിയുടെ ഭാവിയാണെന്നുമുള്ള ‘നാക്‌’ കണ്ടെത്തൽ എല്ലാത്തരത്തിലും അഭിമാനകരമാണ്. സമീപഭാവിയിൽ ലോകോത്തര മികവിന്റെ കേന്ദ്രമായി കേരള സർവകലാശാലയെ മാറ്റാൻ ഈ നേട്ടം സർവകലാസമൂഹത്തിനും കഴിയും.

( കേരള സർവകലാശാലാ സിൻഡിക്കറ്റ് 
അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top