24 September Sunday

സിനിമയിലെ കാവി അജൻഡ

കെ എ നിധിൻ നാഥ്‌Updated: Tuesday May 16, 2023

കേരളത്തിനെതിരെ സംഘപരിവാർ മുന്നോട്ടു വയ്‌ക്കുന്ന വെറുപ്പിന്റെ രാഷ്‌ട്രീയ തുടർച്ചയാണ്‌ ‘ദ കേരള സ്റ്റോറി’. ആളുകളെ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന കലയെന്ന നിലയിൽ സിനിമയെ രാഷ്‌ട്രീയ ആയുധമാക്കാറുണ്ട്‌. ഹിറ്റ്‌ലർ അടക്കമുള്ളവർ ഇത്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഈ ശൈലിയുടെ ചുവടുപിടിച്ച്‌ സംഘപരിവാർ നടത്തുന്ന അജൻഡയുടെ ഭാഗമായാണ്‌ സുദീപ്‌തോ സെൻ കേരള സ്റ്റോറി ഒരുക്കിയത്‌. സിനിമയിൽ സംഘപരിവാർ നടത്തുന്ന ഇടപെടലുകളുടെ തുടർച്ചയാണിത്‌. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട സകല ഇടങ്ങളും തങ്ങൾക്കെതിരെ ശബ്ദിക്കില്ലെന്ന്‌ ഉറപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ആമീർ ഖാൻ നായകനായ പികെ പ്രദർശിപ്പിച്ച തിയറ്ററുകൾ സംഘപരിവാർ ആക്രമിച്ചു. എന്നാൽ, ജനാധിപത്യസമൂഹം പികെയെ പിന്തുണച്ചു. തുടർന്നാണ്‌ അധികാരം ഉപയോഗിച്ചുള്ള നീക്കങ്ങളിലേക്ക്‌ കടന്നത്‌.

2014ൽ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്ന വീഡിയോ ഒരുക്കിയ മോദി ഭക്തനായ പഹ്ലാജ് നിഹലാനിയെ സെൻസർ ബോർഡ്‌ തലവനായി നിയമിച്ചായിരുന്നു തുടക്കം. ഇതോടെ തങ്ങളുടെ നിലപാടിനോട്‌ ചേർന്നു പോകാത്ത സിനിമാ ഉള്ളടക്കങ്ങളിൽ  ഇടപെടലുകൾ രൂക്ഷമായി. ഉട്‌താ പഞ്ചാബിനെതിരെയായിരുന്നു ആദ്യ നീക്കം. 94 ഇടത്താണ്‌ സെൻസറിങ്‌ നിർദേശിച്ചത്‌. കോടതി വിധിയുമായാണ്‌ സിനിമ തിയറ്ററിലെത്തിയത്‌. 2015 ജൂണിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി ബിജെപിക്കാരൻ ഗജേന്ദ്രചൗഹാനെ നിയമിച്ചു. സെൻസറിങ്ങിലെ അനാവശ്യ ഇടപെടലിനെതിരെ വ്യാപക പരാതിയുയർന്നപ്പോൾ സെൻസർ ബോർഡിന്റെ നടപടികളിൽ പരാതി ഉന്നയിക്കാനുള്ള ഫിലിം സർട്ടിഫിക്കറ്റ് അപ്പീൽ ട്രിബ്യൂണൽ കേന്ദ്രം നിർത്തലാക്കി. തുടർന്ന്‌ പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്‌, ബീഫ്‌ തുടങ്ങിയ വാക്കുകൾ വ്യാപകമായി ഒഴിവാക്കാൻ നിർദേശിച്ചു. പത്താനിൽ ദീപിക പദുകോൺ ധരിച്ച കാവി വസ്‌ത്രംവരെ സെൻസർ ചെയ്യപ്പെട്ടു.

ഇത്തരത്തിൽ സംഘപരിവാറിന്‌ ഇഷ്ടമില്ലാത്ത സിനിമകൾക്കെതിരെ നീക്കം നടത്തുന്ന അതേ ഘട്ടത്തിൽ ഹിന്ദുത്വ ദേശീയതയിൽ ഊന്നുന്ന സിനിമകൾ വ്യാപകമായി നിർമിക്കപ്പെടാൻ തുടങ്ങി. മണികർണിക, പാനിപ്പട്ട്, കേസരി, തൻഹാജി, സാമ്രാട്ട് പ്രിഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലായിരുന്നു തുടക്കം. 2019ൽ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ  ‘ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്‌’ എന്ന മോദി വാഴ്‌ത്തുപാട്ട്‌ സിനിമാ പ്രദർശനത്തിന്‌ എത്തി. ഉറിയടക്കമുള്ളവയെ കേന്ദ്ര സർക്കാർ അവാർഡ്‌ നൽകിയാണ്‌ പിന്തുണച്ചത്‌. ബോളിവുഡിലെ നീക്കം പ്രാദേശിക സിനിമകളിലേക്കും വളർന്നു. തെലുങ്കിൽ രാജമൗലി  ബാഹുബലികളും ആർആർആറും ഒരുക്കി. കന്നടയിൽ റിഷബ്‌ ഷെട്ടിയുടെ കാന്താര വന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന രണ്ടു പേരുടെ കഥയാണ്‌ ആർആർആർ. എന്നാൽ, നിർണായക ഘട്ടത്തിൽ ബ്രിട്ടീഷുകാരെ നേരിടുന്ന നായകൻ രക്ഷകനായി അവതരിക്കുന്നത്‌ കാവിധരിച്ച്‌ രാമവേഷത്തിലാണ്‌. സംഘപരിവാർ രാമരാജ്യ മുദ്രാവാക്യം ഉയർത്തുന്ന ഘട്ടത്തിൽ ഈ അടയാളങ്ങൾ നിഷ്‌കളങ്കമല്ല. ബിജെപിയുടെ രാമജന്മഭൂമി രാഷ്‌ട്രീയത്തിന്‌ ദൂരദർശൻ സംപ്രേഷണംചെയ്‌ത മഹാഭാരതം നൽകിയ ഊർജം ചരിത്രത്തിലുണ്ട്‌. മതനിരപേക്ഷമായി ഇന്ത്യൻ സിനിമ നിലനിൽക്കില്ലെന്ന സൂചനയാണ്‌ ബാഹുബലികൾ സൃഷ്ടിക്കുന്നത്‌. രാജഭരണവും ബ്രാഹ്മണാധിപത്യവും വാഴ്‌ത്തുന്നവ നിരന്തരം സൃഷ്ടിക്കപ്പെടുകയാണ്‌. ആർഎസ്‌എസ്‌ 100 വർഷത്തിലേക്ക്‌ എത്തുന്ന ഘട്ടത്തിലാണ്‌ സംഘടനയെക്കുറിച്ച്‌ സിനിമയൊരുക്കുന്നതിനെപ്പറ്റി രാജമൗലി ചിന്തിക്കുന്നത്‌. അച്ഛൻ വിജേന്ദ്ര പ്രസാദ്‌ എഴുതിയ തിരക്കഥ വായിച്ച്‌ കരഞ്ഞുപോയെന്നാണ്‌ രാജമൗലി പറഞ്ഞത്‌. ബാഹുബലിയുടെ കഥയും ആർആർആറിന്റെ തിരക്കഥയും വിജേന്ദ്രയുടേതായിരുന്നു. കാന്താരയിലെ തെയ്യമെന്ന കീഴാളകലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന്‌ ബലമേകുന്നതായിരുന്നു റിഷബ് ഷെട്ടിയുടെ പരാമർശം. കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലമായ പഞ്ചുർളി ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നാണ്‌ റിഷബ്‌ പറഞ്ഞത്‌.

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ കന്നട സിനിമയായിരുന്നു നടേശ്‌ ഹെഡ്‌ഗെ സംവിധാനംചെയ്‌ത പെട്രോ. ബുസാൻ മേളയിൽ പ്രദർശിപ്പിച്ച ചിത്രം സംഘപരിവാർ ഇടപെടലിനെത്തുടർന്ന്‌ കർണാടക ചലച്ചിത്ര അക്കാദമി ബംഗളൂരു മേളയിൽ ഒഴിവാക്കി. പശുവിനെ കൊല്ലുന്ന രംഗമുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്‌. ഗോവൻ മേളയിലും അവഗണിക്കപ്പെട്ടു. ഈ ഘട്ടത്തിൽത്തന്നെയാണ്‌ സംഘപരിവാറിന്റെ അജൻഡ നിർമിതിയായ ‘ദ കശ്‌മീർ ഫയൽസ്‌’ ഗോവയിൽ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്‌. കശ്‌മീർ മുസ്ലിങ്ങൾ പാകിസ്ഥാൻ അനുകൂലികളാണെന്ന ആഖ്യാനം സൃഷ്ടിക്കുന്ന സിനിമയ്ക്കെതിരെ മേളയുടെ ജൂറി ചെയർമാൻ നദാവ്‌ ലാപിഡ്‌ രംഗത്തു വന്നു.

തങ്ങൾ രാജ്യസ്‌നേഹികളാണെന്ന്‌ ഭരണകൂടത്തിനു മുന്നിൽ തെളിയിക്കേണ്ടി വരുന്ന കശ്‌മീരിലെ മുസ്ലിങ്ങളുടെ ജീവിതമാണ്‌ പ്രഭാഷ്‌ ചന്ദ്ര ഒരുക്കിയ ‘ഐ ആം നോട്ട്‌ റിവർ ഝലം’. കശ്‌മീരിൽ സിനിമ ചിത്രീകരിക്കുമ്പോൾ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ്‌ സംവിധായകൻ പ്രഭാഷ്‌ ചന്ദ്ര പറഞ്ഞത്‌. ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിലക്കിയ ബിജെപി സർക്കാർ കശ്‌മീർ ഫയൽസിനെയും കേരള സ്‌റ്റോറിയെയും പിന്തുണയ്‌ക്കുകയാണ്‌. ഇവയുടെ പ്രചാരകരായി ബിജെപി രംഗത്തെത്തി.

കേരളത്തിൽ 32,000 സ്‌ത്രീകളെ മതംമാറ്റി മുസ്ലിമാക്കി അഫ്ഗാനിസ്ഥാൻ, ഇറാഖ്‌, സിറിയ എന്നിവിടങ്ങളിലേക്ക്‌ കടത്തി ഐഎസിൽ ചേർത്തുവെന്ന സംഘപരിവാർ പ്രചാരണമാണ്‌ കേരള സ്റ്റോറി. ഈ വിവരത്തിന്റെ അടിസ്ഥാനം  നിയമസഭയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ കണക്കാണെന്നാണ്‌ സുദീപ്‌തോ പറഞ്ഞത്‌. അങ്ങനെയൊരു രേഖയേ ഇല്ല. 2018ൽ ഇറങ്ങിയ സുദീപ്‌തോയുടെ ഡോക്യുമെന്ററി ‘ഇൻ ദ നെയിം ഓഫ്‌ ലൗ’  ‘ലൗജിഹാദി’നെക്കുറിച്ചായിരുന്നു. എന്നാൽ, ലൗജിഹാദ്‌ ഇല്ലെന്നാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി 2020 ഫെബ്രുവരിയിൽ പാർലമെന്റിൽ പറഞ്ഞത്‌. രാജ്യത്ത്‌ ലൗജിഹാദ്‌ എന്ന പ്രചാരണത്തിന്‌ തുടക്കമിട്ടത്‌ 2009 ഒക്‌ടോബർ അഞ്ചിന്‌ ‘പ്രണയക്കുരുക്കുമായി റോമിയോ ജിഹാദുകൾ’ എന്ന പേരിൽ ഒരു മലയാളം പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ്‌. തുടർന്ന്‌, ഹിന്ദു ജനജാഗ്രുതി സമിതിയുടെ പ്രസിദ്ധീകരണത്തിലൂടെ സംഘപരിവാറിന്റെ സോഷ്യൽ എൻജിനിയറിങ്‌ ഉപയോഗിച്ച്‌ രാജ്യം മൊത്തം പടർത്തി. ആ കാലത്തുതന്നെ ഹൈക്കോടതി നിർദേശത്തിൽ നടത്തിയ അന്വേഷണത്തിൽ വാർത്തയും പ്രചാരണങ്ങളും വ്യാജമാണെന്ന്‌ കണ്ടെത്തി.

ഒരു പതിറ്റാണ്ടു മുമ്പ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയ പ്രചാരണം വീണ്ടും പൊടി തട്ടിയെടുത്താണ്‌ കേരള സ്റ്റോറി ഒരുക്കിയത്‌. മലയാളിക്ക്‌ തീരെ പരിചിതമല്ലാത്ത കേരളമാണ്‌ സിനിമയുടേത്‌. ഒസാമ ബിൻലാദന്റെ ചുമർചിത്രമുള്ള കാസർകോട്ടെ കോളേജും ഷോപ്പിങ്‌ മാളിൽ സ്‌ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ നോക്കിനിൽക്കുന്ന മനുഷ്യരുമെല്ലാമായി ഭീകരവാദികൾ വാഴുന്ന നാടായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. 

ടിപ്പുസുൽത്താനെ വില്ലനാക്കുന്ന ടിപ്പുവെന്ന സിനിമയാണ്‌ വരാനിരിക്കുന്നത്‌. പ്രഖ്യാപന വീഡിയോയിൽ ടിപ്പുവിനെ വിശേഷിപ്പിക്കുന്നത്‌ 8000 ക്ഷേത്രവും 27 പള്ളിയും തകർത്ത, 40 ലക്ഷം ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയശേഷം നിർബന്ധിപ്പിച്ച്‌ ബീഫ്‌ കഴിപ്പിച്ച ആൾ എന്നാണ്‌. സംഘപരിവാർ  കേരള സ്റ്റോറിക്കായി പ്രത്യേക പ്രദർശനങ്ങൾ നടത്തുമ്പോൾ ആ വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ പ്രതിരോധവും ഉയർന്നു. കേരളത്തിന്റെ സാമൂഹ്യ–- -സാമ്പത്തിക വികസനത്തിന്റെ മാതൃക ഉയർത്തിപ്പിടിച്ച്‌ ധ്രുവ്‌ രതിയുടെ വീഡിയോ കേരളത്തിന്റെ നേർസാക്ഷ്യമായി. സാമൂഹ്യ–- സാംസ്‌കാരിക–- രാഷ്‌ട്രീയ മേഖലയിലെ നിരവധി പേർ സിനിമയെ വിമർശിച്ചും കേരളത്തിന്റെ മികവ്‌ ചൂണ്ടിക്കാട്ടിയും രംഗത്തു വന്നു. എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, ടൊവിനോ തോമസ്‌ തുടങ്ങിയവർ ഇത്‌ കേരളത്തിന്റെ കഥയല്ലെന്ന്‌ പ്രഖ്യാപിച്ച്‌ പ്രതിരോധത്തിൽ അണിചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top