29 March Friday

കായികമേഖലയിൽ വേണ്ടത്‌ സമഗ്ര മാറ്റം - ഡോ. അജീഷ് പി ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021


രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനത്തിന്‌ നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കായികരംഗത്ത് ദേശീയതലത്തിൽ തനത് സാന്നിധ്യവും പ്രകടനവും കാഴ്ചവയ്ക്കുകയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കേരള രൂപീകരണശേഷം സ്ഥാപിതമായ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കേണൽ ഗോദവർമരാജയുടെയും നിരന്തരശ്രമം ഇത്തരം നേട്ടത്തിന്‌ പിന്നിലുണ്ടായിരുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിൽ നിരവധി അന്തർദേശീയ താരങ്ങൾ കേരളത്തിന്റെ മാത്രം സംഭാവനയായി ഉദിച്ചുയർന്നിട്ടുണ്ട്. നിലവാരം പുലർത്തുന്ന കളിക്കളങ്ങളുടെ അപര്യാപ്തത ഘട്ടംഘട്ടമായി പരിഹരിച്ചുകൊണ്ട് കായികവകുപ്പ് കൃത്യമായ ഇടപെടൽ നടത്തിവരികയാണ്. മുമ്പ് നഗരങ്ങളിൽ മാത്രം കണ്ടുവരുന്നതും ലഭ്യമാകുന്നതുമായ കായിക സൗകര്യങ്ങൾ ക്രമേണ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ അറിയപ്പെടാതെ നിൽക്കുന്ന പ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിൽ എത്തിക്കുന്നതിന് കഴിയുന്നു.

പൊതുജനാരോഗ്യത്തിനും കായികക്ഷമത വർധിപ്പിക്കുന്നതിനും ജനസംഖ്യയുടെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിൽ ഗ്രാമ, നഗര വ്യത്യാസമെന്യേ അടിസ്ഥാന കായികസംവിധാനങ്ങൾ പുനഃക്രമീകരിക്കണം. ഇതിലൂടെ എല്ലാവിഭാഗം ജനങ്ങളും ഇവയുടെ ഗുണഭോക്താക്കളായി മാറുന്നതിനുള്ള സാധ്യത പരമാവധി ഉറപ്പുവരുത്തണം.
നിലവിൽ 900 കോടിയിലധികം രൂപയുടെ നിർമാണ, നവീകരണ പ്രവർത്തനങ്ങൾ കായികമേഖലയുമായി മാത്രം സംസ്ഥാനത്താകെ നടന്നിട്ടുണ്ട്. ഓരോ പഞ്ചായത്തിലും അത്യാധുനിക സംവിധാനത്തോടുകൂടിയ കളിക്കളം, മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്നിവ വരുംകാല കായികവികസന പദ്ധതികളുടെ ഭാഗമായി നടപ്പാക്കപ്പെടും.
പ്രീപ്രൈമറി തലംമുതൽ ഓരോ കുട്ടിയും കായികമായി ആർജിച്ചിരിക്കേണ്ട ശേഷികളെയും നൈപുണികളെയും സംബന്ധിച്ച കൃത്യമായ അറിവും അവബോധവും ഉറപ്പുവരുത്തുകയും നേടേണ്ട ഗുണങ്ങളെയെല്ലാം പട്ടികപ്പെടുത്തി ശക്തമായി വിലയിരുത്തുന്ന രീതിയും രൂപപ്പെടുത്തണം. കുട്ടികളെ കായികമേഖലയിലേക്ക് ആകർഷിക്കുന്നതിനായി രക്ഷിതാക്കളിൽ കൃത്യമായ ധാരണയുണ്ടാക്കിയെടുക്കണം. കുട്ടിയുടെ ആജീവനാന്ത നേട്ടങ്ങളുടെ പട്ടികയിൽ വ്യക്തിഗത കായികക്ഷമതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. കേവലം ഗ്രേസ് മാർക്കിനോ ജോലിക്കോ വേണ്ടി കായികമേഖലയിലേക്ക് കടന്നുവരുന്ന താരങ്ങൾക്ക് ശരിയായ ദിശാബോധം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമം കൃത്യമായി ഉണ്ടാകണം.

കായികപദ്ധതികളുടെ ആസൂത്രണം
ലോകവ്യാപകമായി കായികപഠനം വളരെ വിശാലവും സമ്പുഷ്ടവുമായ ഒരു ശാസ്ത്രശാഖയാണ്. സ്പോർട്സ് സയൻസിന്റെ വളർച്ചയ്ക്ക് ആനുപാതികമായ രീതിയിലുള്ള കായിക പുരോഗതിയും പ്രകടനവും ആഗോളതലത്തിൽ താരങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഇതിനായി പ്രത്യേക ലാബുകൾ, ആധുനിക ഉപകരണങ്ങൾ എന്നിവയും സ്പോർട്സ് സയന്റിസ്റ്റുകളുടെ സേവനവും വേണ്ടിവരും.

ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ പങ്കെടുക്കാൻ തയ്യാറാകുന്ന താരങ്ങൾക്ക് മെഡൽ ലഭിക്കുമ്പോഴോ പ്രകടനം മോശമാകുമ്പോഴോ ആണ് കായികനേട്ടങ്ങളെപ്പറ്റി പലപ്പോഴും ചിന്തിക്കുന്നത്‌. ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരമെന്നോണം ശാസ്ത്രീയമായ കായിക അടിത്തറ വിപുലപ്പെടുത്താൻ ഉതകുന്ന രീതിയിലുള്ള ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും പ്രതിഭാ പരിപോഷണ പരിപാടികൾ നിരന്തരം സംഘടിപ്പിച്ച് ഏറ്റവും നൂതനമായ അത്യാധുനിക സംവിധാനങ്ങളൊരുക്കി ക്കൊടുക്കുകയും വേണം. തുടർച്ചയായ ഇത്തരം ഇടപെടൽ ഭാവിയിൽ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന നിലയിലുള്ള താരങ്ങളിലേക്ക് വളരും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും 139 കോടി ജനസംഖ്യയുള്ളതുമായ ഇന്ത്യയെ പ്രതിനിധാനംചെയ്‌ത്‌ 18 ഇനത്തിലായി കേവലം 127 താരങ്ങൾ മാത്രമാണ് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തതെന്ന കാര്യം വളരെ ദൗർഭാഗ്യകരമാണ്. സമീപകാല ഒളിമ്പിക്സുകളിലെ ഇന്ത്യയുടെ പ്രകടനം താരതമ്യം ചെയ്യുമ്പോൾ ടോക്യോയിൽ നില മെച്ചപ്പെടുത്താൻ സാധിച്ചെന്നുകരുതി ആശ്വസിക്കാം. നീരജ് ചോപ്രയെപ്പോലുള്ള പുത്തൻ താരോദയങ്ങൾ കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നെങ്കിലും പരിമിതമായ ഇത്തരം നേട്ടങ്ങൾ മാത്രം മതിയോ എന്ന ചിന്ത എല്ലാവരിലുമുണ്ടാകണം. സംസ്ഥാനത്തെ സംബന്ധിച്ച് പരിശോധിച്ചാൽ നാലു കോടിയോളം ജനങ്ങളെ പ്രതിനിധാനംചെയ്‌ത്‌ ഒമ്പതു താരങ്ങൾ മാത്രമാണ് ഒളിമ്പിക്സിന്റെ ഭാഗമായത്. അടിസ്ഥാന കായികവിദ്യാഭ്യാസ പരിപാടികൾ സമഗ്രമായി നടപ്പാക്കണം. ഇതിലൂടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലീരോഗ പ്രതിരോധത്തിനും സാധിക്കുന്നു. അതോടൊപ്പം സമാന്തരമായി പുത്തൻ കായികതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും കഴിയുന്നു. ജീവിതശൈലീ രോഗങ്ങളുടെ പറുദീസ, ഒളിമ്പിക്സ് മെഡൽ പട്ടികയിൽ പിന്നിലുള്ള രാജ്യം തുടങ്ങിയ പരിഹാസരൂപേണയുള്ള മുറവിളികൾ അവസാനിപ്പിക്കുന്നതിന് ആർജവമുള്ള നയങ്ങളും തീരുമാനങ്ങളും ഉണ്ടാകുമെന്ന തികഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കാം.

(എസ്‌സിഇആർടി റിസർച്ച് ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top