19 April Friday

അന്ധവിശ്വാസങ്ങൾക്കെതിരെ സാംസ്‌കാരിക സമരം

വി കെ മധുUpdated: Thursday Dec 22, 2022

വിജ്ഞാനസമൂഹമായി വികസിക്കുന്ന കേരളീയ സമൂഹത്തിന്റെ ഉദ്‌ബുദ്ധതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ചില സംഭവങ്ങൾക്ക് വർത്തമാന കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി. 19–--ാം നൂറ്റാണ്ടിൽ നിലനിന്ന സാമൂഹ്യ ജീവിതക്രമം ക്രൂരമായ വിവേചനത്തിന്റെയും പ്രാകൃതമായ ആചാരങ്ങളുടെയും ദുരന്താനുഭവമായിരുന്നു. ശാസ്ത്രവിചാരവും ചിന്താശേഷിയും വെളിച്ചം വീശാതിരുന്ന സമൂഹത്തിൽ ജാതിമേധാവിത്വം അടിച്ചേൽപ്പിച്ച ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയായിരുന്നു. സാമൂഹ്യവും സാമ്പത്തികവും ആശയപരവുമായ ചട്ടക്കൂടിനകത്താണ് ഈ വ്യവസ്ഥ നിലനിന്നുപോന്നത്.

അതുകൊണ്ടുതന്നെ കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ സംരംഭങ്ങൾക്ക് ഈ മൂന്നു തലത്തിലും നിലനിന്ന അസമത്വങ്ങൾക്കെതിരെ സമരം ചെയ്യേണ്ടിയിരുന്നു. സമ്പത്തും അധികാരവും ചെറു ന്യൂനപക്ഷത്തിന്റെ കൈകളിൽ ഭദ്രമായി നിലനിർത്താൻ ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങളും അടിച്ചമർത്തലുകളും ആവശ്യമായിരുന്നു. സമ്പത്തുൽപ്പാദിപ്പിക്കുന്ന ഭൂരിപക്ഷത്തെ അടക്കിനിർത്താനും അടിച്ചമർത്താനും തൊഴിൽ വിഭജനങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കുലത്തൊഴിലുകളും ഇതിനെല്ലാം പരിരക്ഷ നൽകുന്ന അനാചാരങ്ങളും രൂപപ്പെട്ടു. ഇതിലൂടെ ചൂഷണത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു.

ഈ ദുരവസ്ഥയിൽനിന്നുള്ള മോചനമെന്ന നിലയ്ക്കാണ് നവോത്ഥാനം ഉയർന്നുവന്നത്. കേരളീയ സമൂഹത്തെ നവീകരിക്കാനുള്ള സംരംഭത്തിന് കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്നത് മറ്റിടങ്ങളിൽനിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നു. അത് കേരളത്തിലെ കർഷകത്തൊഴിലാളി സമൂഹത്തിൽ ഉയർന്നുവന്ന സംഘടിത മുന്നേറ്റത്തിന്റെയും ഉണർവിന്റെയുംകൂടി ഭാഗമായിരുന്നു. നൂറുകണക്കിനു മനുഷ്യരുടെ ജീവൻ ബലിയർപ്പിച്ചാണ് നവോത്ഥാനത്തിന്റെയും പുത്തനാശയങ്ങളുടെയും മൂല്യങ്ങൾ  സ്ഥാപിക്കപ്പെട്ടത്. നവോത്ഥാനത്തിന്റെ മൂല്യങ്ങളെ പിന്തുടരാൻ ദേശീയ പ്രസ്ഥാനവും തുടർന്ന് പുരോഗമന സാഹിത്യവും പുരോഗമന കലയും പുരോഗമന ആശയങ്ങളും രൂപപ്പെടുത്തിയ കേരളം വളർന്നത് അങ്ങനെയാണ്. ഈ മാറ്റത്തിൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇത്തരത്തിൽ കേരളം ആർജിച്ച സാംസ്‌കാരിക പ്രബുദ്ധതയിലാണ് പുതിയതായി ചില പുഴുക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നത്.  പരിഷ്‌കൃതസമൂഹത്തിനു നിരക്കാത്ത തരത്തിലുള്ള അനാചാരങ്ങളും ആഭിചാരങ്ങളും നമുക്കു ചുറ്റും നടക്കുന്ന വാർത്തകൾ സമീപകാലത്ത്‌ വർധിച്ചുവരുന്നു. സ്ത്രീധനക്കൊലകൾ, ആഭിചാരക്കൊലകൾ, അഭീഷ്ടസിദ്ധിക്കായുള്ള നരഹത്യകൾ, നരമാംസഭോജനം തുടങ്ങിയ വത്യസ്ത രൂപത്തിലുള്ള മനുഷ്യത്വവിരുദ്ധമായ കാര്യങ്ങൾ അഭ്യസ്തവിദ്യരെന്ന്‌ സ്വയം അഭിമാനിക്കുന്ന കേരളത്തിൽ നടക്കുന്നു.

നാക്കിലയും നാളികേരവുംവച്ച് ആദിത്യപൂജ നടത്തിയതിനുശേഷം ബഹിരാകാശപേടകം വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞരുടെ നാടാണ്‌ ഇത്. അത്തരം ആളുകൾ ആ രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്നവരാണ്. എന്നാൽ, ശാസ്ത്രീയവീക്ഷണം ഉള്ളവരല്ല. 

വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നടക്കുന്ന കപടനാടകങ്ങൾക്ക് പിന്തുണയേറുന്നു. തുപ്പലും നക്കലും ഉമ്മവയ്ക്കലും തഴുകലും പോലുള്ള പ്രാകൃതമായ പ്രവൃത്തികളിലൂടെ ആത്മീയവ്യാപാരികളുടെ കച്ചവടം പൊടിപൊടിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വന്നിട്ടും സാംസ്‌കാരികരംഗത്ത് തദനുസൃതമായ മാറ്റംവന്നിട്ടില്ല. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ പരിഷ്‌കൃതസമൂഹമായും സാംസ്‌കാരികമായ അപരിഷ്‌കൃത സമൂഹമായും നിലനിൽക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ വൈരുധ്യം. ശാസ്ത്രം വളർന്നിട്ടും ശാസ്ത്രീയവീക്ഷണം വളർന്നിട്ടില്ല. നാക്കിലയും നാളികേരവുംവച്ച് ആദിത്യപൂജ നടത്തിയതിനുശേഷം ബഹിരാകാശപേടകം വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞരുടെ നാടാണ്‌ ഇത്. അത്തരം ആളുകൾ ആ രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്നവരാണ്. എന്നാൽ, ശാസ്ത്രീയവീക്ഷണം ഉള്ളവരല്ല. 

ലോകം വിജ്ഞാന വിസ്‌ഫോടനത്തിലൂടെ, ശാസ്ത്രപുരോഗതിയുടെ തേരിലേറി മുന്നോട്ടുകുതിക്കുമ്പോൾ അതേ ശാസ്ത്രസാങ്കേതികവിദ്യയെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കിയും മാറ്റുകയാണ്. മാധ്യമങ്ങളും നവമാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങളുടെ പ്രധാന ഇടങ്ങളായിത്തീരുന്ന വിപര്യയവും നമ്മൾ കാണുന്നു.

അതുപോലെയാണ് ലഹരിമരുന്നിന്റെ വ്യാപനവും. മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും നമ്മുടെ യുവത്വത്തെ കാർന്നുതിന്നുകയാണ്. ഏഴാം ക്ലാസുകാരിയെ മയക്കുമരുന്നിന്റെ കാരിയറാക്കി മാറ്റിയെന്ന സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന കാര്യം നടന്നത് നമ്മുടെ കേരളത്തിലാണ്. സമൂഹത്തിൽ ആഴത്തിൽ വേരോടി കഴിഞ്ഞ ലഹരിമാഫിയയുടെ പിടിയിൽനിന്ന് പുതിയ തലമുറയെ മാത്രമല്ല, സമൂഹത്തെത്തന്നെ രക്ഷിച്ചെടുക്കേണ്ട കടമ നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഈ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിന് സമൂഹത്തെ മുന്നിൽനിന്നു നയിക്കാനുള്ള ശ്രമമാണ് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്നത്. അതിന്റെ ഭാഗമായാണ് അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ, ശാസ്ത്രവിചാരം പുലരാൻ, ലഹരിക്കെതിരെ എന്നീ മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനചേതനയാത്ര നടത്തുന്നത്.

ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠകൊണ്ട് പ്രശസ്തമായിത്തീർന്ന അരുവിപ്പുറത്തുനിന്ന് ആരംഭിച്ച് തൃശൂരിൽ അവസാനിക്കുന്ന ദക്ഷിണമേഖലാ യാത്രയും മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് തൃശൂരിൽ സമാപിക്കുന്ന ഉത്തരമേഖലാ യാത്രയും ഉൾപ്പെടെ രണ്ട് സാംസ്‌കാരിക ജാഥയാണ് സംഘടിപ്പിക്കുന്നത്. വ്യാഴാഴ്‌ച ആരംഭിച്ച് 30ന് അവസാനിക്കുന്ന ഈ രണ്ട് യാത്രയിൽ കേരളത്തിലെ രാഷ്ട്രീയ-, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പലയിടത്തായി പങ്കെടുക്കും.

ഈ സാംസ്‌കാരിക ജാഥയുടെ വിളംബരം വിളിച്ചറിയിച്ചുകൊണ്ട് കേരളത്തിലെ ഒമ്പതിനായിരത്തോളംവരുന്ന ഗ്രന്ഥശാലകളെ കോർത്തിണക്കി 1000 വിളംബരയാത്രകൾ നടന്നു. സമൂഹത്തിന് വഴിപിഴയ്ക്കുന്നു എന്നു തോന്നുമ്പോഴെല്ലാം അത് ഉറക്കെ വിളിച്ചുപറയാനും നേർവഴി ചൂണ്ടിക്കാണിക്കാനും ഗ്രന്ഥശാലാ പ്രസ്ഥാനം എന്നും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ഈ അക്ഷരപ്രസ്ഥാനം അന്ധവിശ്വാസത്തിനും അനാചാരത്തിനും മയക്കുമരുന്നിനുമെതിരെ നടത്തുന്ന ഈ സാമൂഹ്യമുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം.

(സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയാണ്‌ 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top