25 April Thursday

കാലം അടയാളപ്പെടുത്തിയ പോരാട്ടസ്മരണ

ഐ ബി സതീഷ് 
Updated: Friday Dec 2, 2022

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അയ്യൻകാളി നയിച്ച സമരങ്ങൾക്കും ഇടപെടലുകൾക്കും സവിശേഷമായ പ്രസക്തിയുണ്ട്. അദ്ദേഹത്തിന്റെ പ്രക്ഷോഭ ഭൂമിക ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിൽമാത്രം ഒതുങ്ങിയില്ല. വ്യത്യസ്തമായ ദേശങ്ങളിലും മനുഷ്യരിലും പോരാട്ടത്തിന്റെ ഊർജം നിറച്ചുകൊണ്ട് അയ്യൻകാളിയുടെ വില്ലുവണ്ടി കുതിച്ചു പാഞ്ഞു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനമായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചത്. അതിന് വിദ്യാഭ്യാസം പ്രധാന ഘടകമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അധഃസ്ഥിതർക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ അടുത്ത തലമുറയ്ക്ക് നേടിക്കൊടുക്കണമെന്ന കാഴ്ചപ്പാട് അയ്യൻകാളിക്കുണ്ടായിരുന്നു. അതിനായി വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള നിരവധി സമരങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി.

അതിൽ പ്രധാനമാണ് ഊരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമിയെന്ന ബാലികയുടെ കൈപിടിച്ചു കൊണ്ടുള്ള അയ്യൻകാളിയുടെ പ്രവേശനം. 1910ലാണ് ചരിത്ര പ്രശസ്തമായ ഈ സംഭവം നടക്കുന്നത്. അയ്യൻകാളിയടക്കമുള്ളവരുടെ പ്രവർത്തനഫലമായി അധഃസ്ഥിതരുടെ സ്കൂൾ പ്രവേശനത്തിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി ലഭിച്ചിരുന്നു. പക്ഷേ, ജാതിവാദികളെ ഭയന്ന് ആരും അതിന് മുതിർന്നില്ല. അയ്യൻകാളി സധെെര്യം മുന്നിട്ടിറങ്ങി. സ്കൂൾ പ്രവേശനത്തിനെതിരെ ജാതിവാദികൾ സമീപ പ്രദേശങ്ങളിൽ വലിയ കലാപങ്ങൾ ഉയർത്തിവിട്ടു. അവർ ഊരൂട്ടമ്പലം സ്കൂളിനെ അഗ്നിക്കിരയാക്കി. അന്ന് പാതി കത്തിയ ബെഞ്ച് ഇപ്പോഴും ഊരൂട്ടമ്പലം ഗവ. യുപിഎസിലുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വർഷത്തോളം ജൻമിമാരുടെ വയലിൽ ആരും കൃഷിപ്പണിക്കിറങ്ങിയില്ല. സ്കൂൾ പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം ഇക്കാര്യങ്ങളിൽ ജന്മിമാർ കീഴടങ്ങിക്കൊണ്ട് 1914 മേയിൽ കർഷകത്തൊഴിലാളി പണിമുടക്ക് ഒത്തുതീർന്നു. അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന നാഗൻപിള്ളയാണ് മധ്യസ്ഥനായത്. വിദ്യാഭ്യാസാവകാശത്തിനായി തുടങ്ങിയ പണിമുടക്ക് കൂലി കൂടുതലെന്ന ആവശ്യംകൂടി അനുവദിച്ചാണ് അവസാനിച്ചത്. തുടർന്ന് വെങ്ങാനൂർ, നെടുമങ്ങാട്, പള്ളിച്ചൽ, ബാലരാമപുരം, ഓലത്താന്നി, മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ സമരം തുടങ്ങി. കൊല്ലത്ത് പെരിനാട്ടും വലിയ സമരങ്ങളുയർന്നുവന്നു. കല്ലയും മാലയും ബഹിഷ്കരിച്ചത് ആ സമരത്തിന്റെ തുടർച്ചയായാണ്. തിരുവിതാംകൂറിലെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റിമറിച്ചതിന് ഇടയാക്കിയ കണ്ടള സമരം ഒരു തുടക്കം മാത്രമായിരുന്നു.

ചരിത്രത്തിൽ ഇടംപിടിച്ച ആ സ്കൂൾ ഇന്ന് പൊതു വിദ്യാഭ്യാസസ്ഥാപനമായി മാറി. മാത്രമല്ല, ആ സ്കൂളിന്റെ പേര് അയ്യൻകാളി–പഞ്ചമി  സ്മാരക ഗവ. യുപി സ്കൂൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നാമകരണം ചെയ്യുകയാണ്. 1910ലെ ചരിത്രസന്ദർഭംപോലെ തിളക്കമാർന്ന നിമിഷമാണിതെന്ന് പറയാതെ വയ്യ. വിജെടി ഹാളിന്റെ പേര് അയ്യൻകാളി ഹാൾ എന്നാക്കി മാറ്റിയതുപോലെ സുപ്രധാന തീരുമാനം. വിദ്യാഭ്യാസത്തിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു കുട്ടിയുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ സാമൂഹ്യപരിഷ്കർത്താവിന്റെയും പേരുകൾ അടയാളപ്പെടുന്ന ചരിത്രനീതിയാണ്  എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top