29 November Wednesday

കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ; അമ്പതാണ്ടിന്റെ കരുത്ത്‌

ബി ജയകുമാർUpdated: Monday Sep 18, 2023

കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി സമ്മേളനമാണ്‌ ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരത്ത്‌ ചേരുന്നത്‌. 1973ൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് യൂണിയൻ രൂപീകൃതമാകുന്നത്. പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻപോലും തയ്യാറാകാതെ മാറിനിന്ന അന്നത്തെ പിഎസ്‌സിയിലെ ഏക സംഘടനയുടെ അരാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് പുറത്തുവന്ന ഇരുപത്തഞ്ച് സഖാക്കളാണ് യൂണിയന് തുടക്കമിട്ടത്. ഇന്ന് കേരള പിഎസ്‌സിയിലെ എഴുപത് ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളുന്ന സംഘടനയായി യൂണിയൻ മാറി.

കേരള പബ്ലിക് സർവീസ് കമീഷൻ ഇന്ത്യയിലെ ഏറ്റവും ശക്തമായ പൊതു റിക്രൂട്ട്മെന്റ് സംവിധാനമാണ്. ഭരണഘടന വിധാതാക്കൾ ലക്ഷ്യമിട്ട നിഷ്പക്ഷവും നീതിപൂർവകവുമായ സിവിൽ സർവീസ് എന്ന കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്നതിൽ മറ്റേതു സംസ്ഥാന പിഎസ്‌സിയേക്കാളും വിപുലമായ പ്രവർത്തനങ്ങളാണ് കേരള പിഎസ്‌സി നടത്തുന്നത്. ഏതാണ്ട് ആയിരത്തി എഴുനൂറോളം തസ്തികകളിലേക്കാണ് പിഎസ്‌സി റിക്രൂട്ട്മെന്റ് നടത്തുന്നത്. കേരള പിഎസ്‌സിയിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾ എഴുപത്തഞ്ച് ലക്ഷം വരും. ഇവരുടെ എട്ടു കോടിയോളം അപേക്ഷകളാണ് കൈകാര്യം ചെയ്യുന്നത്. പ്രതിവർഷം ശരാശരി 32,000 പേർക്ക് നിയമന ശുപാർശ അയക്കുന്നു. ഇത് കേരളത്തിലെ ആകെ സർക്കാർ ജീവനക്കാരുടെ 12 ശതമാനത്തോളം വരും. ഭരണഘടന പ്രകാരം സ്ഥാപിതമായ മറ്റ്‌ സംസ്ഥാന പിഎസ്‌സികളുടെ അവസ്ഥ ഇതല്ല. ഒരു സംസ്ഥാനത്തെ ജനസംഖ്യ, സർക്കാർ ജീവനക്കാരുടെ എണ്ണം, അതിൽ പിഎസ്‌സി വഴി നിയമിതരാകുന്ന സ്ഥിരനിയമനങ്ങൾ എന്നിവ പരിശോധിച്ചാൽ വിവിധ പബ്ലിക് സർവീസ് കമീഷനുകളുടെ പ്രകടനം മനസ്സിലാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് ഉത്തർപ്രദേശിലാണ്. 23.56 കോടിയാണ് ജനസംഖ്യ. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 16.75 ലക്ഷമാണ്. എന്നാൽ, ഇതിൽ വളരെ കുറഞ്ഞ ശതമാനമാണ് പിഎസ്‌സി വഴി റിക്രൂട്ട് ചെയ്യപ്പെടുന്നത്. ശേഷിക്കുന്ന മഹാഭൂരിപക്ഷവും മറ്റു റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ വഴി നടത്തുന്ന താൽക്കാലിക, കരാർ നിയമനങ്ങളാണ്.

2022 ജൂലൈമുതൽ ഡിസംബർവരെയുള്ള ആറു മാസം ഉത്തർപ്രദേശിൽ നടന്ന പിഎസ്‌സി നിയമനം 4405 ആണ്. ഇത് ആകെയുള്ള സർക്കാർ ജീവനക്കാരുടെ മൂന്നു ശതമാനംപോലും വരില്ല. ഗുജറാത്തിൽ ആകെ ജനസംഖ്യ 7.2 കോടിയാണ്. സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 9.38 ലക്ഷമാണ്. ആറു മാസം അവിടെ നടന്ന പിഎസ്‌സി നിയമനം 795 മാത്രമാണ്. അവിടെയും സർക്കാർ സർവീസിലടക്കം വ്യാപകമായ കരാർ, താൽക്കാലിക നിയമനമാണ് നടക്കുന്നതെന്നർഥം.  മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല. എന്നാൽ, കേരളത്തിൽ ഈ ആറുമാസ കാലയളവിൽ 13,584 പേർക്ക് നിയമന ശുപാർശ നൽകി. കേരളത്തിലെ ജനസംഖ്യ 3.46 കോടിയാണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ അഞ്ചരലക്ഷത്തോളം വരും. ഇതിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനമൊഴികെ മൂന്നര ലക്ഷത്തോളമുള്ള നിയമനങ്ങൾ പൂർണമായും പിഎസ്‌സി വഴിയാണ്. അവയെല്ലാം സ്ഥിരനിയമനങ്ങളുമാണ്. പിഎസ്‌സി വഴി ഒരു താൽക്കാലിക നിയമനവുമില്ല. 2016 മെയ് 25 മുതൽ 2023 ആഗസ്ത് 31 വരെയുള്ള ഇടതുപക്ഷ സർക്കാരിന്റെ ഏഴു വർഷം 2,20,457 പേർക്കാണ് കേരള പിഎസ്‌സി നിയമനശുപാർശ നൽകിയത്. നിലവിലെ സർക്കാരിന്റെ കാലത്തുമാത്രം ഇതുവരെ 59,189 പേർക്ക് നിയമന ശുപാർശ നൽകി. മൊത്തം ജനസംഖ്യയും ഭൂവിസ്തൃതിയും സിവിൽ സർവീസിന്റെ വലുപ്പവും പരിഗണിക്കുമ്പോഴാണ് കേരള പിഎസ്‌സിവഴി ഇത്രമാത്രം വിപുലമായ റിക്രൂട്ട്മെന്റും സ്ഥിരനിയമനങ്ങളും നടക്കുന്നത്.

കേരളത്തിലെ നിയമനങ്ങളിൽ കർക്കശമായും പരിപാലിക്കപ്പെടുന്ന സംവരണമടക്കമുള്ള റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായി സാമൂഹ്യനീതിയുടെ വലിയ നേട്ടം നാനാ ജാതി, മത, സാമ്പത്തിക വിഭാഗങ്ങൾക്കും ലഭിക്കുന്നു. കേരളത്തിലെ സിവിൽ സർവീസ് മേഖലയിൽ എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഏറെക്കുറെ ആനുപാതികമായി കാണാം. മറ്റു സംസ്ഥാനങ്ങളിൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സികൾ ദുർബലപ്പെട്ടു വരുമ്പോൾ കേരള പിഎസ്‌സി നാൾക്കുനാൾ ശക്തിപ്പെട്ടു വരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 321 നിർദേശിക്കുംപ്രകാരം നിയമനിർമാണങ്ങളിലൂടെ പുതിയ തസ്തികകളുടെ നിയമനങ്ങൾ പിഎസ്‌സിയെ ഏൽപ്പിക്കുന്നത് കേരളത്തിൽ മാത്രമാണ്. കേരളത്തിന്റെ ചിരകാല സ്വപ്നമായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർഥ്യമായത് ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഭാഗമായാണ്. ഇതിൽ പിഎസ്‌സിയുടെ കുറ്റമറ്റ റിക്രൂട്ട്മെന്റ് നടപടികളും എടുത്തു പറയേണ്ടതാണ്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോഴെല്ലാം പിഎസ്‌സിയെ ശക്തിപ്പെടുത്താൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1996– -2001 കാലഘട്ടത്തിൽ ഇ കെ നായനാർ സർക്കാരാണ് കേരള പിഎസ്‌സിയിൽ ആധുനികവൽക്കരണത്തിന് തുടക്കമിട്ടത്. തുടർന്നുള്ള ഇടതുപക്ഷ സർക്കാരുകളും വലിയ പിന്തുണയാണ് നൽകിയത്. അധിക ജോലിഭാരത്തിനനുസരിച്ച് പുതിയ തസ്തികകൾ അനുവദിച്ചും പിഎസ്‌സി ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിനും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഒഴിവുകൾ കാലതാമസമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ഇ–- വേക്കൻസി സോഫ്റ്റ്‌‌വെയർ സംവിധാനം ഏർപ്പെടുത്തിയതും വനങ്ങളെ ആശ്രയിച്ചു കഴിയുന്ന ആദിവാസി യുവാക്കൾക്ക് യൂണിഫോംഡ് തസ്തികയിൽ നിയമനം നൽകിയതും ഫയർ ആൻഡ്‌ റെസ്ക്യു സർവീസിൽ വനിതകൾക്കും അവസരം നൽകിയതും ഇതിൽ എടുത്തു പറയേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ കുറഞ്ഞ കാലയളവിൽ സെലക്‌ഷൻ നടപടി പൂർത്തീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ആരോഗ്യമേഖലയിൽ നടത്തിയ സെലക്‌ഷൻ പോലെതന്നെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പരീക്ഷയും അഭിമുഖവും പൂർത്തീകരിച്ച് എൺപത്തിനാല് ദിവസംകൊണ്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുമായി.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതയ്ക്ക് ഏറെ അവസരങ്ങൾ നൽകുന്ന അഴിമതിരഹിതമായ ഒരു റിക്രൂട്ട്മെന്റ് സംവിധാനം ശക്തമായി നിലനിൽക്കുന്നുവെന്നത് ചെറിയ കാര്യമല്ല. ദേശീയതലത്തിൽ കേന്ദ്ര സർക്കാർ നിയമനങ്ങൾ ഗണ്യമായി കുറഞ്ഞുവരുമ്പോഴും താൽക്കാലിക, കരാർ നിയമനങ്ങൾ വ്യാപകമാകുമ്പോഴുമാണ് കേരള പിഎസ്‌സി മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. ഇത്തരം നേട്ടങ്ങളെല്ലാം ഉണ്ടാകുമ്പോഴും രാഷ്ട്രീയലക്ഷ്യത്തോടെ വസ്തുതകളില്ലാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും പിഎസ്‌സിയുടെ പേരുപറഞ്ഞ് തൊഴിൽ വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. വ്യവസ്ഥാപിതമായ നടപടിക്രമപ്രകാരം പ്രവർത്തിക്കുന്ന കേരളത്തിലെ അഭിമാനസ്ഥാപനത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കവും പൊതുസമൂഹം വസ്തുതകൾ നിരത്തി ചെറുക്കേണ്ടതാണ്. അഴിമതിരഹിതവും സാമൂഹ്യപ്രതിബദ്ധവുമായ ഒരു തൊഴിൽ സംസ്കാരം ജീവനക്കാർക്കിടയിൽ ഉറപ്പുവരുത്താൻ പിഎസ്‌സി  എംപ്ലോയീസ് യൂണിയൻ സദാ ജാഗ്രത പുലർത്തുന്നുണ്ട്.

(കേരള പിഎസ്‌‌സി എംപ്ലോയീസ് യൂണിയൻ
 ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top