20 April Saturday

നിയമനവിവാദത്തിന്റെ രാഷ്‌ട്രീയം

എസ്‌ സതീഷ്‌Updated: Tuesday Aug 18, 2020


പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വസ്തുതാവിരുദ്ധവും അർധസത്യങ്ങളും കൂട്ടിക്കലർത്തി പ്രശ്‌നങ്ങളെ വൈകാരികമായി അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം. നവമാധ്യമങ്ങളിലൂടെ ആസൂത്രിതമായ നുണപ്രചാരണങ്ങൾ സംഘടിപ്പിക്കുന്നു. എൽഡിഎഫ് തൊഴിൽരഹിതരെ വഞ്ചിച്ച സർക്കാരാണെന്ന് ചിത്രീകരിച്ചെടുക്കുകയാണ് ഉദ്ദേശ്യം. ഉദ്യോഗാർഥികളോടുള്ള മമതയല്ല തെരഞ്ഞെടുപ്പുകളാണ് ഇവരുടെ ലക്ഷ്യം.

പ്രധാനമായും മൂന്ന് കാര്യമാണ് ആക്ഷേപമായി ഉന്നയിക്കുന്നത്. 1. പിഎസ്‌സി നിയമനം നടക്കുന്നില്ല. 2. താൽക്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടത്തുന്നു. 3. പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നില്ല. പിഎസ്‌സി വഴി നിയമനം നടക്കുന്നില്ല എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. 2016 മെയ് മുതൽ 2020 ഏപ്രിൽ 30 വരെ നാല്‌  വർഷത്തെ നിയമനങ്ങളുടെ എണ്ണം 1,33,132 ആണ്. യുഡിഎഫ് ഭരണകാലവുമായി തട്ടിച്ച് നോക്കിയാൽ 10,028 അധിക നിയമനം നടന്നു. തസ്തികകൾ സൃഷ്ടിക്കുന്നതിലും യുഡിഎഫ് സർക്കാരിൽനിന്ന്‌ വ്യത്യസ്തമാണ് എൽഡിഎഫ് സമീപനം. ആരോഗ്യ- വിദ്യാഭ്യാസമേഖല, നീതിന്യായവ്യവസ്ഥയുടെ ശാക്തീകരണം, പൊലീസ് ഡിപ്പാർട്‌മെന്റ് ഉൾപ്പെടെ 16,448 പുതിയ തസ്തികയാണ്  സൃഷ്ടിച്ചത്. യുഡിഎഫ് കാലത്താകട്ടെ നിലവിലുണ്ടായിരുന്ന തസ്തികകൾ വെട്ടിക്കുറച്ചു. കൂടാതെ, എൽഡിഎഫ് സർക്കാർ കമ്പനി, ബോർഡ്, കോർപറേഷനുകളിലായി 52 സ്ഥാപനത്തിലെ നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചു.

തെറ്റിദ്ധരിപ്പിക്കാൻ പ്രചാരണം
വസ്തുതകൾ മറച്ചുവച്ചാണ് തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം സംഘടിപ്പിക്കുന്നത്. അത്തരത്തിലൊന്നായിരുന്നു സിവിൽ പൊലീസ് കോൺസ്റ്റബിൾ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണം. 2020 ജൂലൈ 30ന് കാലാവധി അവസാനിച്ച ലിസ്റ്റ്, നിയമനം നടത്താതെ റദ്ദ് ചെയ്തു എന്ന പ്രചാരണമാണ് ബോധപൂർവം നടത്തിയത്. കൂടാതെ, അർഹതപ്പെട്ട ടിപി വേക്കൻസികൾ മുഖ്യമന്ത്രി തരാമെന്നു പറഞ്ഞിട്ടും നൽകിയില്ല എന്നും തട്ടിവിട്ടു. മുൻസർക്കാരിന്റെ കാലത്ത് സിപിഒ ലിസ്റ്റിൽനിന്ന്‌ എല്ലാവർക്കും നിയമനം നൽകിയെന്നും എൽഡിഎഫ് സർക്കാർ വഞ്ചിച്ചെന്നുമായിരുന്നു ആക്ഷേപം.
എന്നാൽ, എൽഡിഎഫ് കാലത്ത് സിവിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ എത്ര ചെറുപ്പക്കാർക്ക് ജോലി കിട്ടിയെന്നത് ബോധപൂർവം മറച്ചുവച്ചു. യുഡിഎഫ് കാലത്ത് 2014 സെപ്‌തംബർ രണ്ടിന് പ്രസിദ്ധീകരിച്ച ഒറ്ററാങ്ക് ലിസ്റ്റാണ് നിലവിലുണ്ടായിരുന്നത്. 4796 പേർക്ക് നിയമനം നൽകി. അഞ്ചുവർഷത്തെ ആകെ നിയമനമാണിത്. എൽഡിഎഫ് കാലത്താകട്ടെ 2016 ജൂൺ 21ന് പ്രസിദ്ധീകരിച്ച ആദ്യ ലിസ്റ്റിൽനിന്ന്‌ 5667 പേർക്ക് നിയമനവും 2019 ജൂലൈ ഒന്നിലെ ലിസ്റ്റിൽനിന്ന്‌ 5601 പേർക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു. ഇങ്ങനെ 11,268 പേരാണ് പൊലീസ് സേനയിൽ പ്രവേശിച്ചത്. അതായത്, യുഡിഎഫ് കാലത്തേക്കാൾ 6472 ചെറുപ്പക്കാർക്ക് എൽഡിഎഫിന്റെ നാല്‌ വർഷംകൊണ്ട് അധികനിയമനം കിട്ടി.


 

ടിപി വേക്കൻസിയെ സംബന്ധിച്ചായിരുന്നു മറ്റൊരു കള്ളപ്രചാരണം. 2011 മുതൽ പൊലീസിൽ ഒരു ഒഴിവും റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കാത്ത വിധത്തിൽ ‘സീറോ വേക്കൻസി’ സിസ്റ്റമാണ് പിന്തുടരുന്നത്. ഇതുപ്രകാരം പ്രതീക്ഷിക്കുന്ന ഒഴിവുകളെ ട്രെയ്‌നിങ് പർപ്പസ് വേക്കൻസിയായാണ് പരിഗണിക്കുന്നത്. ഇപ്പോൾ പൊലീസ് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണെന്നിരിക്കെ വരുന്ന ഒരു വർഷത്തെ ഒഴിവുകൂടി മുൻകൂട്ടി കണക്കാക്കുന്നു. ഇതുപ്രകാരം 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകളായി മുൻകൂട്ടി കണക്കാക്കിയ 1200 താൽക്കാലിക തസ്തികയ്‌ക്ക് സർക്കാർ തുടർച്ചാനുമതി നൽകുകയാണ് ചെയ്തത്. ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക് നീക്കിവച്ച 154 എണ്ണമൊഴികെ 1046 ഒഴിവും റിപ്പോർട്ട് ചെയ്യുകയും ഈ ലിസ്റ്റിൽനിന്ന്‌ നിയമനം നടത്തുകയും ചെയ്തു.

ലോക്‌ഡൗൺകാലത്ത്‌ 112 റാങ്ക് ലിസ്റ്റിൽനിന്നായി 11,000 ഓളം പേർക്ക് അഡ്വൈസ് അയച്ചത് അഭിനന്ദനാർഹമാണ്. അതോടൊപ്പം 55 റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. പുതിയ 35 തസ്തികയിലേക്ക് വിജ്ഞാപനവും ഇറക്കി. കായിക പ്രതിഭകൾക്ക് പ്രത്യേക പരിഗണനയോടെ നിയമനം നൽകി. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ദുർബല ജനവിഭാഗങ്ങളുടെ തൊഴിൽ ലഭ്യതയ്ക്ക് മാതൃകാപരമായ ഇടപെടലാണ് നടത്തുന്നത്. അർഹമായ ഒഴിവുകൾ ബോധപൂർവം റിപ്പോർട്ട് ചെയ്യാതിരുന്നാൽ നടപടി സ്വീകരിക്കാനും സർക്കാർ സന്നദ്ധമാകുന്നു. എന്നാൽ, ഈ കാഴ്ചപ്പാടിന് വിരുദ്ധമായ സമീപനം പലപ്പോഴും കേന്ദ്രസർക്കാർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകളുടെ വായ്പാപരിധി ഉയർത്തുന്നതിന് നിബന്ധനകൾ കേന്ദ്രം മുന്നോട്ടുവയ്‌ക്കുകയുണ്ടായി. ഇത്തരം നിബന്ധനകളിൽപ്പോലും കെഎസ്ഇബി ഉൾപ്പെടെയുള്ളവയുടെ സ്വകാര്യവൽക്കരണത്തിനും അതിലെ തസ്തികകളെ വെട്ടിക്കുറയ്‌ക്കുന്നതിനാവശ്യമായ നിർദേശങ്ങളുമാണ് ഉൾപ്പെടുത്തിയത്.

യുഡിഎഫ് കാലത്തെ താൽക്കാലിക ജീവനക്കാരുടെ എണ്ണം 31,899 ആയിരുന്നത് എൽഡിഎഫ് കാലത്ത് 11,674 ആയി കുറയ്ക്കുകയാണ് ചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ താൽക്കാലിക നിയമനങ്ങൾ പരിപൂർണമായും ഒഴിവാക്കാൻ കഴിയുന്നതല്ല.  ലാസ്റ്റ് ഗ്രേഡ് തസ്തിക മുതൽ കെഎഎസിന്റെ ഭാഗമായിവരുന്ന തസ്തികകളിലേക്കും സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ/ കമ്പനി/ബോർഡ് എന്നിവിടങ്ങളിലുൾപ്പെടെ ഏതാണ്ട്‌ 1752 തസ്തികയിലേക്കാണ് പിഎസ്‌സി വഴി നടത്തുന്നത്.

വിവിധ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പർ, ഫുൾ ടൈം സ്വീപ്പർ, മെഡിക്കൽ കോളേജിലെ അറ്റൻഡർ ഗ്രേഡ്, സർക്കാർ അതിഥിമന്ദിരത്തിലെ വാച്ചർ, സ്റ്റീവാർഡ് തുടങ്ങിയ തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നടത്തുന്നത് സ്ഥിരനിയമനങ്ങളാണ്. പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് നിയമനം നടക്കുന്നതുവരെ ആ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി 179 ദിവസത്തേക്കോ, പിഎസ്‌സി നിയമിക്കുന്നയാൾ ജോലിയിൽ പ്രവേശിക്കുന്നത് ഏതാണോ ആദ്യം അതുവരെ നിയമിക്കും. ഇതിനും സീനിയോറിറ്റിയാണ് മാനദണ്ഡം.

ലിസ്റ്റിന്റെ കാലാവധി
പിഎസ്‌സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളുടെ നിയമനാധികാരികൾ പ്രസ്തുത സ്ഥാപനങ്ങളായിരിക്കും. സർക്കാർ അനുവദിച്ച് നൽകുന്ന തസ്തികകളിലേക്ക് അത്തരം സ്ഥാപനങ്ങളുടെ ബൈലോ പ്രകാരം നിയമനം നടക്കും. ഇത്തരത്തിലൊന്നാണ് ഏഷ്യാനെറ്റ് ചർച്ച ചെയ്ത ലൈബ്രറി കൗൺസിൽ നിയമനം. നിലവിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന്‌ പ്രസ്തുത സ്ഥാപനത്തിലേക്ക് നിയമനം നടത്താൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ റാങ്ക് ലിസ്റ്റിലുള്ളവരെ വഞ്ചിച്ചു എന്ന പ്രചാരണമാണ് സംഘടിപ്പിച്ചത്. പ്രസ്തുത സ്ഥാപനത്തിലെ നിയമനം 2012ൽ പിഎസ്‌സിക്ക് യുഡിഎഫ് സർക്കാർ വിട്ടത് ചൂണ്ടിക്കാണിച്ച വാർത്തയിൽ നാല്‌ വർഷമുണ്ടായിട്ടും യുഡിഎഫ് സർക്കാർ ചട്ടം നിർമിച്ച് നിയമനം പിഎസ്‌സിയെക്കൊണ്ട് ഏറ്റെടുപ്പിച്ചില്ല എന്നത് ഒളിപ്പിച്ചുവച്ചു.

മറ്റൊരു ആക്ഷേപം പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി നീട്ടുന്നില്ല എന്നതാണ്. യഥാർഥത്തിൽ നിയമനം നടത്താതെ കാലാവധി നീട്ടിവയ്ക്കുന്നതോ, ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം കിട്ടുന്നതുവരെ കാലാവധി നീട്ടണമെന്നതോ ആയ ആവശ്യം യുവജനതാൽപ്പര്യമാണോ? ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ വരുന്ന മുഴുവൻ ഒഴിവുകളിലേക്കും നിയമനം നടത്തണം എന്നതാണ് ശരി. പിന്നീട് വരുന്ന കാലത്തേക്ക് പുതിയ നോട്ടിഫിക്കേഷൻ നടത്തി പരീക്ഷ നടത്തണം. പ്രായത്തിന്റെയും മറ്റും വൈകാരിക പ്രശ്‌നങ്ങൾ ഉയർത്തി ലിസ്റ്റിന്റെ കാലാവധി നീട്ടാൻ വാദിക്കുന്നവർ സമാനമായ കാരണത്താൽ പരീക്ഷ എഴുതാൻപോലും കഴിയാതെ പോകുന്നവരുടെ പ്രശ്‌നത്തെ മനസ്സിലാക്കുന്നില്ല.


 

പിഎസ്‌സി ലിസ്റ്റിൽ വരുന്ന എല്ലാവർക്കും ജോലി കിട്ടണമെന്നില്ല എന്ന വസ്തുത മറച്ചുവയ്ക്കപ്പെടാൻ പാടില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിക്കുന്നത് യഥാർഥ ഒഴിവുകൾമാത്രം കണക്കാക്കിയല്ല. റിസർവേഷന് അർഹരായവരുടെ തൊഴിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വലിയ ലിസ്റ്റുകളാണ് പ്രസിദ്ധീകരിക്കുന്നത്. വസ്തുതകൾ മറച്ചുവച്ച് ഉദ്യോഗാർഥികളെ വൈകാരികമായി ഇളക്കിവിടാനും അവരെ ചൂഷണംചെയ്യാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്.

ഇത്തരം സാഹചര്യത്തിൽ കേരളത്തിലെ തൊഴിലന്വേഷകരുടെ ഏക പ്രതീക്ഷയാണ് പിഎസ്‌സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പ്രളയം, ഓഖി, നിപാ, കോവിഡ് എന്നീ പ്രതിസന്ധികൾക്കിടയിലും ആഗോളവൽക്കരണത്തിനെതിരായ ഇടതുപക്ഷ ബദൽ നയം മുന്നോട്ടുകൊണ്ട് പോവുകയാണ് പിണറായി സർക്കാർ. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി വളരുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. യുവജനങ്ങളുടെ പ്രതീക്ഷ ഈ സർക്കാരിലും ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനത്തിലുമാണ്.

വിദ്യാഭ്യാസ‐ആരോഗ്യവകുപ്പിൽ റെക്കോഡ്‌ നിയമനം
എൽഡിഎഫ്‌ വന്ന ശേഷം വിദ്യാഭ്യാസ ‐-ആരോഗ്യവകുപ്പിലെ പിഎസ്‌സി നിയമനങ്ങൾ സർവകാല റെക്കോഡാണ്. വിദ്യാഭ്യാസവകുപ്പിലെ അധ്യാപക നിയമനങ്ങളിൽ യുഡിഎഫ് കാലത്തേക്കാൾ അഞ്ച് ഇരട്ടിയാണ് വർധന. എൽപി അധ്യാപക നിയമനം യുഡിഎഫ് കാലത്ത് 1630 ആയിരുന്നു. എൽഡിഎഫ് കാലത്ത് 7322 ആയി. യുപി അധ്യാപക നിയമനം യുഡിഎഫ്- 802, എൽഡിഎഫ്- 4446 ആയി വർധിച്ചു. സ്റ്റാഫ് നേഴ്‌സ് യുഡിഎഫ്-1608, എൽഡിഎഫ്- 3607. സ്റ്റാഫ് നേഴ്‌സ് (മെഡിക്കൽ എഡ്യൂക്കേഷൻ) യുഡിഎഫ് -924, എൽഡിഎഫ്- 2200. അസിസ്റ്റന്റ് സർജൻ യുഡിഎഫ്- 2435, എൽഡിഎഫ് -3324 എന്നതാണ് കണക്ക്.

എൽഡിസി, ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകളിൽനിന്നുള്ള നിയമനം നടന്നുകൊണ്ടിരിക്കുന്നു. വനിത പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വരുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് ഡിവൈഎഫ്ഐ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു. സർക്കാരും പിഎസ്‌സിയും കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും ഈ ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top