29 March Friday

കേന്ദ്ര നിലപാടിനെതിരെ പ്രവാസി പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022


സമഗ്രമായ കുടിയേറ്റ നിയമം നടപ്പാക്കുക, കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം അനുവദിക്കുക, പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റ്‌ രാജ്ഭവൻ മാർച്ചുകൾ   സംഘടിപ്പിക്കാൻ കേരള പ്രവാസി സംഘം തീരുമാനിച്ചിരിക്കുകയാണ്. രാജ്ഭവൻ മാർച്ചിന് മുന്നോടിയായുള്ള ‘പ്രവാസി മുന്നേറ്റ ജാഥ' ആറിന് കാസർകോട്ടുനിന്ന്‌ തുടങ്ങും.പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച്‌  രണ്ടു പതിറ്റാണ്ടായി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി സംഘം. പ്രവാസി പെൻഷൻ, മറ്റ് ഒട്ടേറെ പ്രവാസി ക്ഷേമ പദ്ധതികൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.കേരള പ്രവാസി സംഘത്തിന്റെ ഇടപെടലുകൾ ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് സഹായകരമായിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയാണ്  പ്രവാസി പണവരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 2020–-2021ൽ  8700 കോടി ഡോളറിന്‌ സമാനമായ ഇന്ത്യൻ രൂപ രാജ്യത്തേക്കൊഴുകി എത്തി. എന്നാൽ, ഇന്ത്യാ സർക്കാർ  ഒരിക്കൽപ്പോലും പ്രവാസികളെ പരിഗണിക്കുന്നില്ലെന്ന വിമർശം വസ്തുതകളെ മുൻനിർത്തി ഞങ്ങൾ ഉന്നയിക്കുകയാണ്.പ്രവാസികളെ, അവരിലെ ഏറ്റവും പ്രയാസപ്പെടുന്ന മനുഷ്യരെയാണ്‌ കേന്ദ്രം അവഗണിക്കുന്നത്‌. കയറ്റുമതിക്കാർക്ക് കേന്ദ്രം ഒട്ടേറെ ആനുകൂല്യം നൽകുന്നുണ്ട് .വിദേശ നാണ്യശേഖരം വർധിപ്പിക്കാനുള്ള പാക്കേജുകളുടെ ഭാഗമായാണ്‌ ഇത്‌. ഇത് അനിവാര്യവുമാണ്. എന്നാൽ, ഇതേ ന്യായം പ്രവാസികൾക്കും ബാധകമല്ലേ.

കേന്ദ്ര  ബജറ്റുകളിലും പ്രവാസികൾക്കുവേണ്ടി ക്ഷേമ പദ്ധതികളൊന്നും ഇന്നോളം അനുവദിച്ചിട്ടില്ല. ഇത്രയും ക്രൂരമായ അവഗണന നേരിടേണ്ടവരാണോ പ്രവാസികൾ. കേന്ദ്ര സർക്കാരിന്റെ പ്രവാസി നിലപാടുകളെക്കുറിച്ച്‌ പറയുമ്പോൾ പ്രധാനപ്പെട്ട ഒന്നാണ് സമഗ്രമായ കുടിയേറ്റ നിയമത്തിന്റെ കാര്യം. രാജ്യത്തിനു പുറത്ത് ജോലി ചെയ്ത്ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്ഷേമപദ്ധതികൾ കുടിയേറ്റ നിയമം വിഭാവനം ചെയ്യുന്നില്ല. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ നമ്മുടെ പൗരന്മാർ  വൻതോതിൽ തൊഴിലെടുക്കുന്ന രാജ്യങ്ങളിലെ എംബസികളിൽനിന്ന് മെച്ചപ്പെട്ട പെരുമാറ്റവും ലഭിക്കാറില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിനും ചെറിയ കുറ്റങ്ങൾക്കും ദീർഘകാലം ജയിലിൽ കഴിയേണ്ടിവരുന്ന ഇന്ത്യൻ തൊഴിലാളികളുണ്ട്. ഇവർക്ക്‌  നിയമ പരിരക്ഷ നൽകുന്നതിനോ ഇടപെടുന്നതിനോ എംബസി ഉദ്യോഗസ്ഥർ തയ്യാറാകാറില്ല.

തങ്ങൾക്ക്‌ അതിനുള്ള അധികാരം കുടിയേറ്റ നിയമം നൽകുന്നില്ലെന്ന്‌  വിദേശകാര്യ ഉദ്യോഗസ്ഥർ പറയും. അതുകൊണ്ട്‌, പ്രവാസികൾക്ക് അനുകൂലമായ വിധത്തിൽ സമഗ്രമായ കുടിയേറ്റ നിയമം വേണം.ഇന്ത്യയിൽ എട്ടു വർഷമായി  പ്രവാസി വകുപ്പില്ല. നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണ്പ്രവാസി വകുപ്പ് നിർത്തലാക്കിയത്. ഗൾഫ് രാജ്യങ്ങളിലെത്തി പ്രവാസികളെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി അവരോട് ചെയ്ത തെറ്റ് തിരുത്താൻ തയ്യാറായിട്ടില്ല. വിമാനക്കൂലിയിലെ വിവേചനം ഏറ്റവും ശക്തമായി അനുഭവിക്കുന്നത് മലയാളി പ്രവാസികളാണ്. അമേരിക്കൻ–- യൂറോപ്യൻ സെക്ടറുകളിൽ ഉള്ളതിനേക്കാൾ കൂടിയ തുക ആനുപാതികമായി ഗൾഫ് മലയാളികൾ നൽകേണ്ടിവരുന്നു.

പ്രവാസിക്ഷേമത്തിന്‌ കേന്ദ്രം നേരിട്ടു സമാഹരിച്ച പണം എന്തുചെയ്‌തെന്ന ചോദ്യവും കേരള പ്രവാസി സംഘം ഉയർത്തുന്നു. അവിദഗ്‌ധ തൊഴിലാളികളിൽനിന്ന് കേന്ദ്രം ഈടാക്കിയ തുകയെക്കുറിച്ചാണ് പ്രവാസി സംഘം ചോദ്യം ഉന്നയിക്കുന്നത്.1970 മുതൽ 2020 വരെയുള്ള അരനൂറ്റാണ്ടായി ഇവരിൽനിന്ന്‌  ഈടാക്കിയത് മുപ്പതിനായിരം കോടി രൂപയാണ്.  ഈടാക്കിയ തുകയുടെ ചെറിയ ശതമാനമെങ്കിലും പ്രവാസി ക്ഷേമത്തിന് ചെലവാക്കിയിരുന്നെങ്കിൽ അത് വലിയ സഹായമാകുമായിരുന്നു. ഇന്ത്യയിൽ പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നിയമ നിർമാണങ്ങൾ നടത്തിയ കേരളം പ്രവാസി ക്ഷേമ പദ്ധതികളുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്.

ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് രാജ്യത്ത് ആദ്യമായി പ്രവാസി വെൽഫെയർ ഡിപ്പാർട്ട്‌മെന്റ്‌ രൂപീകരിക്കുന്നത്. വി എസ് അച്യുതാനന്ദൻ സർക്കാരാണ് പ്രവാസികൾക്ക് ക്ഷേമ പെൻഷൻ നിയമനിർമാണം വഴി ആരംഭിക്കുന്നത്. ഈ  പെൻഷൻ   അഞ്ചിരട്ടി വർധിപ്പിച്ചുനൽകിയത് പിണറായി സർക്കാരാണ്‌.കോവിഡ് കാലത്ത് തിരിച്ചെത്തി മടങ്ങാനാകാതെ വലഞ്ഞ പ്രവാസികൾക്ക് ധനസഹായം അനുവദിച്ച ഇന്ത്യയിലെ ഏക സർക്കാരും  കേരളത്തിലെ എൽഡിഎഫ് സർക്കാർതന്നെ. കേരളത്തിലെ പ്രവാസിക്ഷേമ പദ്ധതികൾക്കായി രണ്ടായിരം കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാനം രേഖാമൂലംതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്‌ അനുവദിക്കണമെന്നാണ്പ്രവാസികൾ ആവശ്യപ്പെടുന്നത്.കേന്ദ്ര സർക്കാരിനെക്കൊണ്ട് ഈ ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിന്‌ വിപുലമായ പ്രവാസി മുന്നേറ്റം ആവശ്യമാണ്‌.

(കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top