09 May Thursday

പ്രവാസികൾ സമരാങ്കണത്തിൽ

കെ വി അബ്ദുൾ ഖാദർUpdated: Wednesday Feb 15, 2023

കേന്ദ്ര സർക്കാരിന്റെ പ്രവാസി അവഗണനയിൽ  പ്രതിഷേധിച്ച് ബുധനാഴ്ച ഡൽഹിയിൽ കേരള പ്രവാസി സംഘം പ്രവർത്തകർ പാർലമെൻറ്‌മാർച്ചും ധർണയും നടത്തുകയാണ്. പ്രവാസി സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ചും ധർണയും ഉദ്‌ഘാടനംചെയ്യുന്നത്. ബ്രിട്ടീഷുകാർ നടപ്പാക്കിയ കുടിയേറ്റ നിയമം പൊളിച്ചെഴുതി സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക,മോദി സർക്കാർ നിർത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾക്ക് പര്യാപ്‌തമായ ഫണ്ടനുവദിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. രാജ്യത്തിന്റെ സാമ്പത്തികഘടനയുടെ ശക്തിസ്രോതസ്സ്‌ പ്രവാസികളാണ്. 124 രാജ്യങ്ങളിൽ ഇന്ത്യൻ കുടിയേറ്റത്തൊഴിലാളികളുണ്ട്. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത്. 30 ലക്ഷം മലയാളികളാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഗൾഫിൽ ധാരാളമായുണ്ട്. ബാങ്കുകൾ മുഖേന ഓരോ വർഷവും രാജ്യത്തെത്തുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിൽ എത്തിയത് 25000 കോടി  ഡോളറിന് സമാനമായ ഇന്ത്യൻ രൂപയാണ്. നമ്മുടെ വിദേശനാണ്യ ശേഖരത്തിന് ഉത്തേജനം നൽകുന്നതാണ് പ്രവാസി പണമൊഴുക്ക്. എന്നാൽ, കേന്ദ്ര സർക്കാർ ഇതൊന്നും പരിഗണിക്കുന്നില്ല.

ഐക്യരാഷ്ട്ര സംഘടനയുടെയും ലോകബാങ്കിന്റെയും കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യമായിട്ടും കേന്ദ്രബജറ്റിൽ പ്രവാസികളെ പൂർണമായും അവഗിച്ചു. ബജറ്റ് വരുമാനത്തിന്റെ 33ശതമാനത്തോളമാണ്‌ പ്രവാസികളുടെ സംഭാവന. പ്രവാസികളെ പാടെ മറന്ന ബജറ്റാണ് കേന്ദ്ര സർക്കാർ  അവതരിപ്പിച്ചത്. കോവിഡുകാല പാക്കേജിലും പ്രവാസികളെ അവഗണിച്ചു. കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമത്തിനുവേണ്ടി ഒരു നയാപെെസ പോലും മാറ്റിവച്ചിട്ടില്ല. എന്നാൽ, ഇവിടെയാണ് കേരളം വ്യത്യസ്‌തമാകുന്നത്. പ്രവാസികൾക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും കേരളത്തിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇതെല്ലാം ഇടതുപക്ഷ സർക്കാരുകളാണ് നടപ്പാക്കിയത്. കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസി ക്ഷേമ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. പ്രവാസികാര്യ വകുപ്പ്‌ നിർത്തലാക്കിയത്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക്‌ നിയമപരമായി പല പ്രതിസന്ധികളും സൃഷ്‌ടിച്ചു. പ്രവാസി വകുപ്പ് വേണ്ട പകരം വിദേശ വകുപ്പ് മതിയെന്ന് മോദി സർക്കാർ തീരുമാനിച്ചു. ഫലമോ സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്ന പ്രവാസികൾക്ക് ഒരു ഗുണവും ലഭിയ്ക്കുന്നില്ല. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രവാസികളെ ഗൗനിക്കുന്നേയില്ല.  കാലഹരണപ്പെട്ട കുടിയേറ്റനിയമം പരിഷ്കരിക്കണമെന്നു പ്രവാസി സമൂഹം എത്രയോ കാലമായി ആവശ്യപ്പെടുന്നു. കേരളത്തിൽ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികൾക്ക്  കേന്ദ്രം ധനസഹായം നൽകണമെന്ന് പ്രവാസി പ്രക്ഷോഭകർ നിരന്തരം ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ  2000 കോടി രൂപയുടെ പ്രോജക്ട്‌ റിപ്പോർട്ട് കേന്ദ്രത്തിന്‌  സമർപ്പിച്ചിട്ടുണ്ട്.

(കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top