20 April Saturday

പ്രവാസികളും കേന്ദ്ര- കേരള ബജറ്റും

അഡ്വ. ഗഫൂർ പി ലില്ലീസ്Updated: Sunday Feb 5, 2023

2023 ഫെബ്രുവരി ഒന്നാം തീയതിയാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചത്. ഒരു ദിവസത്തിന് ശേഷം കേരളത്തിൻ്റെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കേരള നിയമസഭയിൽ സംസ്ഥാന ബജറ്റും അവതരിപ്പിച്ചു. രണ്ട് ബജറ്റുകളും മറ്റ് വിഭാഗങ്ങളെ പോലെ പ്രവാസി സമൂഹത്തിനെ എങ്ങിനെ ബാധിക്കുന്നു എന്നുള്ള പരിശോധനയും താരതമ്യവും വളരെ പ്രസക്തമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെയും ലോക ബാങ്കിൻ്റെയും കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്കയച്ചത് പതിനായിരം കോടി ഡോളറാണ്. അതായത് ഏതാണ്ട് 8.2 ലക്ഷം കോടി രൂപ. 2023- 24 വർഷത്തേക്കുള്ള ഇന്ത്യയുടെ ബജറ്റ് വരവ് 27.2 ലക്ഷം കോടിയാണ് എന്നുള്ളത് ഇവിടെ ഓർക്കുന്നത് നല്ലതാണ്. അതായത് രാജ്യത്തിൻ്റെ ബജറ്റ് വരുമാനത്തിൻ്റെ 33 ശതമാനത്തിന് തുല്യമായ സംഖ്യ രാജ്യത്തേക്കയക്കുന്ന പ്രവാസികളോടാണ് കേന്ദ്ര ഗവൺമെൻ്റ് ഇത്ര കടുത്ത അനീതി കാണിക്കുന്നത്.

രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കാനും അത് നിലനിർത്താനും ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ നൽകുന്ന സംഭവാന ചെറുതല്ല. ഒരു പക്ഷെ രാജ്യത്തിൻ്റെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തെ പോലെ, ഇക്കാര്യത്തിൽ പ്രവാസികൾ നൽകുന്ന സംഭാവനയെ വിസ്മരിക്കാൻ ഒരു ഭരണകൂടത്തിനും സാധ്യമല്ല. അതു കൊണ്ടാണല്ലോ "പ്രവാസികൾ രാജ്യത്തിൻ്റെ ബ്രാൻഡ് അംബാസഡർമാരാണെന്നും,   രാഷ്ട്ര നിർമ്മാണത്തിൽ പ്രവാസികൾ അസാധാരണമായ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും" പ്രധാനമന്ത്രി നരേന്ദ്ര മോദി,  കൊട്ടിഘോഷിച്ച് കൊണ്ട് ജനുവരി 9ന് നടന്ന പ്രവാസി ഭാരതീയ ദിവസിൽ പ്രഖ്യാപിച്ചത്. എന്നിട്ടെന്തെ കേന്ദ്ര ബജറ്റിൽ പ്രവാസികളെ ഇങ്ങിനെ അവഗണിച്ചത്.  എക്കാലത്തെയും കേന്ദ്ര ബജറ്റുപോലെ ഇത്തവണയും പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. ഒരു രൂപയുടെ സഹായമോ, ആനുകൂല്യമോ " ഈ ബ്രാൻഡ് അംബാസഡർമാർക്കോ, രാഷ്ട്ര നിർമ്മാണത്തിൽ  അസാധാരണമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രവാസികൾക്കൊ " പ്രഖ്യാപിക്കുകയോ, നീക്കി വെക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് മഹാമാരി മൂലവും മറ്റ് വിഷയങ്ങളിലൂടെയും തൊഴിൽ നഷ്ടപ്പെട്ട് ലക്ഷകണക്കിന് പ്രവാസികളാണ് കേരളമടക്കം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും തിരിച്ച് വന്നിട്ടുള്ളത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള ഏറ്റവും പ്രധാന ഉത്തരവാദിത്വം കേന്ദ്ര ഗവൺമെൻറിനാണ്. കാരണം കേന്ദ്ര ഗവൺമെൻ്റാണല്ലോ വിദേശനാണ്യത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. രാജ്യത്ത് ഇരുപതിനായിരം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചപ്പോഴും അതിൽ ഒരു രൂപ പോലും കോവിഡ് കാരണം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ച പ്രവാസികൾക്ക് വേണ്ടി നീക്കിവെച്ചില്ല. പ്രവാസികൾക്ക് വേണ്ടി രണ്ടായിരം കോടി രൂപയുടെ നിർദ്ധേശം കേരളം സമർപ്പിച്ചിട്ടും, അതിനെ തള്ളി കളയുന്ന സമീപനമാണ് കേന്ദ്ര ഗവൺമെൻ്റ് സ്വീകരിച്ചത്.

ഇവിടെ കേന്ദ്ര ഭരണകൂടത്തിൻ്റെ യജമാനൻമാരായ ഗൗതം അദാനിയടക്കമുള്ള കോർപ്പറേറ്റുകൾക്ക് വേണ്ടി വഴിവിട്ട് എല്ലാ സഹായങ്ങളും നൽകുന്ന കേന്ദ്ര ഗവൺമെൻ്റ്, ഇന്ത്യയുടെ പൊതു സമ്പത്തായ എൽ.ഐ.സിയിൽ നിന്ന് പോലും പണമെടുത്തു കൊണ്ട് ഊതി വീർപ്പിച്ച ബലൂണായിരുന്ന, ഇപ്പോൾ കാറ്റുപോയ ബലൂണായി മാറിയ  അദാനിയുടെ ഓഹരികൾ വാങ്ങി അദാനിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര ഗവൺമെൻ്റ്, ജീവിതത്തിൻ്റെ നല്ല കാലം മുഴുവൻ വിദേശ രാജ്യങ്ങളിൽ ചിലവഴിച്ച്, നാടിനെ സാമ്പത്തികമായി  സംരക്ഷിക്കുന്ന പ്രവാസി സമൂഹത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം പ്രവാസി സമൂഹത്തിനിടയിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഉയർന്ന് വരേണ്ടത് വളരെയേറെ അത്യവശ്യമാണ്.

എന്നാൽ ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്തെ ഒരു ചെറിയ സംസ്ഥാനമായ കേരളം എല്ലാ മേഖലയിലുമെന്നപോലെ പ്രാന്തവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ കൂടെ നിർത്തി എങ്ങിനെ ഒരു ബദൽ നിർമിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ സർക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലൂടെ .ഈ ബജറ്റ് എന്തുകൊണ്ടും പ്രവാസികളെ ചേർത്ത് പിടിക്കുന്നതും അവരെ അംഗീകരിക്കുന്നതുമാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ ബജറ്റിലെന്ന പോലെ പുതിയ ബജറ്റിലും എത്ര കോടി രൂപയാണ് വിവിധ പദ്ധതികളിലൂടെ പ്രവാസികൾക്കായി നീക്കിവെച്ചിട്ടുള്ളത് എന്ന് പരിശോധിക്കുന്നത് കേന്ദ്ര - കേരള ബജറ്റുകളിൽ പ്രവാസികൾക്കുള്ള പരിഗണന എങ്ങിനെയെന്ന് മനസ്സിലാക്കുന്നതിന് ഗുണകരമാകും.

സംസ്ഥാന ബജറ്റിലെ പ്രവാസികൾക്കുള്ള  പദ്ധതികൾ

1. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന നിരക്കിൽ ഒരു വർഷം ഒരു ലക്ഷം തൊഴിൽഅവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു. പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.

2. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക നിലനിൽപിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സർക്കാർ വലിയ ശ്രമമാണ് നടത്തുന്നത്. ഇതിനായി വിവിധ പദ്ധതികളിൽ 84.60 കോടി രൂപ വകയിരുത്തി.

3. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തി.

4. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തി.

5. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നൽകും.

6. മടങ്ങിവന്ന പ്രവാസികൾക്കും മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ മാറ്റിവച്ചു.

7. പ്രവാസി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 15 കോടി രൂപ വകയിരുത്തി.

8. പ്രവാസി ഡിവിഡൻ ഫണ്ട് 5 കോടി അനുവദിച്ചു ക്ഷേമനിധി ബോഡിന്റെ ഹൗസിങ്ങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചു.

9. എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസുകൾക്ക് 60 ലക്ഷം രൂപ വകയിരുത്തി.

10. രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിർദേശങ്ങൾ നടപ്പാക്കുന്നതിനും ലോകകേരളസഭയിൽ പ്രവർത്തനങ്ങൾക്കായും 2.5 കോടി രൂപ വകയിരുത്തി.

11.:നോർക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കർ ഭൂമിയിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.

12. ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന നോർക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

13. പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചു.

കേന്ദ്രം കണ്ണ് തുറക്കണം

കേരളം പ്രാവർത്തികമാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനസഹായം അനുവദിക്കണം, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കണം, ബിജെപി സർക്കാർ നിർത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടും പ്രവാസികളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ടും കേരള പ്രവാസി സംഘം 2023 ഫെബ്രുവരി 15ന് നടത്തുന്ന പാർലമെൻറ് മാർച്ചിൽ മുഴുവൻ പ്രവാസികളുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.


കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ആണ്  ലേഖകൻ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top