28 March Thursday

സർക്കാരിന്‌ തിരിച്ചടിയല്ല

അഡ്വ. എസ് ജയിൽകുമാർUpdated: Thursday Jul 29, 2021


നിയമസഭാ കേസ്‌ പിൻവലിക്കാനുള്ള തീരുമാനം പബ്ലിക്‌ പ്രോസിക്യൂട്ടറുടേതാണ്‌. ക്രിമിനൽ നടപടിക്രമം 321–ാം വകുപ്പുപ്രകാരമാണ്‌ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ പബ്ലിക്‌ പ്രോസിക്യൂട്ടർക്ക്‌ അധികാരം ലഭിക്കുന്നത്‌. ക്രിമിനൽ കേസുകളിൽ ഒരു കേസും സർക്കാർ പിൻവലിക്കുന്നില്ല. പിൻവലിക്കുന്നതിന്‌ സർക്കാരിന്‌ എതിർപ്പില്ലെന്നു മാത്രമാണ്‌ സർക്കാർ പ്രോസിക്യൂട്ടറെ അറിയിക്കുന്നത്‌. കേസ്‌ ഡയറി പരിശോധിച്ചശേഷം പ്രസ്‌തുത കേസ്‌ പിൻവലിക്കാൻ യോഗ്യമാണോ എന്ന്‌ തീരുമാനിച്ച്‌ തന്റെ വിവേചനാധികാരം ഉപയോഗിച്ച്‌ കേസ്‌ പിൻവലിക്കാൻ അപേക്ഷ നൽകുന്നത്‌ ബന്ധപ്പെട്ട പ്രോസിക്യൂട്ടറാണ്‌. അതുകൊണ്ടു തന്നെ, വിധി സർക്കാരിന്‌ തിരിച്ചടിയല്ല.

ഈ കേസിലും ‘മ്യൂസിയം പൊലീസ്‌ സ്‌റ്റേഷൻ ക്രൈം 236/15–-ാം നമ്പരായി തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ സിസി 790/16–-ാം നമ്പരായി വിചാരണയിലിരിക്കുന്ന കേസ്‌ ക്രിമിനൽ നടപടി സംഹിതയിലെ 321–-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്നതിന്‌ സർക്കാരിന്‌ എതിർപ്പില്ലെന്ന്‌ അറിയിക്കുന്നു’ എന്നു മാത്രമാണ്‌ സർക്കാർ പബ്ലിക്‌ പ്രോസിക്യൂട്ടറെ അറിയിച്ചത്‌.

കേസ്‌ ഡയറി പരിശോധിച്ച പബ്ലിക്‌ പ്രോസിക്യൂട്ടർ എല്ലാ വശവും വിലയിരുത്തിയ ശേഷം ഈ കേസ്‌ പൊതുജന താൽപ്പര്യം മുൻനിർത്തി പിൻവലിക്കാൻ യോഗ്യമാണെന്ന്‌ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പിൻവലിക്കൽ ഹർജി ഫയൽ ചെയ്‌തത്‌. കേരളത്തിലെ പരമോന്നത നിയമനിർമാണസഭയായ നിയമസഭയിൽ അംഗങ്ങൾ തമ്മിലുള്ള ഇത്തരത്തിലുള്ള ഒരു കേസ്‌ നിലനിൽക്കുന്നത്‌ നിയമസഭയുടെ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കുകയും അത്‌ നിയമനിർമാണത്തെയും സഭാ നടപടികളെയും ബാധിക്കുമെന്നതും പ്രധാനമാണ്‌. പബ്ലിക്‌ പ്രോസിക്യൂട്ടറുടെ ഈ തീരുമാനം തെറ്റായിരുന്നെന്നും കേസിലുൾപ്പെട്ടവർ വിചാരണ നേരിടണമെന്നുമാണ്‌ സുപ്രീംകോടതി വിധിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ കേസ്‌ ചൂണ്ടിക്കാണിച്ചാണ്‌ യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയത്‌. വി ശിവൻകുട്ടിയുടെ വിജയം പൊതുജനതാൽപ്പര്യം എന്താണെന്ന്‌ വ്യക്തമാക്കുന്നതാണ്‌.

(നിയമസഭാ കേസിൽ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിലെ പ്രോസിക്യൂട്ടറും റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷനുമാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top