27 April Saturday


മികച്ച കാൽവയ്‌പായി ആറാം സമ്മേളനം - പാർലമെന്ററികാര്യമന്ത്രി കെ രാധാകൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022


പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ആഗസ്‌ത്‌ 22 മുതൽ  സെപ്‌തംബർ ഒന്നുവരെ ഏഴു ദിവസം നീണ്ടുനിന്നു. കാലാവധി തീരുന്നതിനുമുമ്പ്‌ പുനർവിളംബരം ചെയ്യേണ്ടിയിരുന്ന 11 ഓർഡിനൻസ്‌ റദ്ദായ  അസാധാരണമായ സാഹചര്യത്തിൽ അവയ്ക്ക് പകരം ബില്ലുകൾ അവതരിപ്പിച്ച് പാസാക്കുന്നതിനായിരുന്നു ഈ സഭാസമ്മേളനം ചേർന്നത്. ബില്ലുകൾ അവതരിപ്പിച്ച് ചർച്ച ചെയ്ത് പാസാക്കുന്നതിൽ കേരള നിയമസഭ എക്കാലവും മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. അതിനായി പ്രത്യേക സമ്മേളനം ചേരുന്നതിനും സമയബന്ധിതമായി നിയമനിർമാണ പ്രക്രിയ  പൂർത്തിയാക്കുന്നതിനും ഇടതു ജനാധിപത്യമുന്നണി സർക്കാർ കാണിക്കുന്ന പ്രതിജ്ഞാബദ്ധതയ്ക്ക് ഉദാഹരണമാണ് കഴിഞ്ഞ വർഷം നടന്ന മൂന്നാം സമ്മേളനത്തിൽ പാസാക്കിയ 34 ബിൽ. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ മാത്രമാണ് സർക്കാർ ഓർഡിനൻസുകൾ ഇറക്കുന്നത്. ജനായത്ത വ്യവസ്ഥയിലെ പരമാധികാരം നിയമനിർമാണ സഭകൾക്കാണെന്ന അടിസ്ഥാന പ്രമാണം മാനിച്ച് പ്രവർത്തിക്കുന്നതിൽ ഇടതുസർക്കാർ ഒരിക്കലും വിമുഖത കാണിച്ചിട്ടുമില്ല.

സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന ഈ വർഷം, ആറ-ാം സമ്മേളനം ആരംഭിച്ചതുതന്നെ ആദ്യദിനത്തിൽ പ്രത്യേക അനുസ്മരണ സമ്മേളനം ചേർന്നുകൊണ്ടാണ്. നിരവധി സമര ധാരകൾ ചേർന്ന് ഒരു മനസ്സായി നാം നേടിയ സ്വാതന്ത്ര്യത്തിന് അത്യന്തം ഭീഷണി നേരിടുന്ന വർത്തമാനകാലത്തെ പ്രവണതകൾ ചെറുക്കാൻ നാമേവരും ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച അനുസ്മരണ പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി.

പതിമൂന്ന്‌ ബില്ലാണ് ആറാം സമ്മേളനത്തിൽ സഭയുടെ പരിഗണനയ്ക്കായി വന്നത്. അവയിൽ റദ്ദാക്കലും ഒഴിവാക്കലും ബിൽ അവതരണ ദിവസംതന്നെ സഭ പാസാക്കി. കാലഹരണപ്പെട്ടതും പ്രയോഗത്തിലില്ലാത്തതുമായ 150 ൽപരം  നിയമങ്ങൾ ഇതുവഴി അസാധുവായി മാറി. കേരള പബ്ലിക് സർവീസ് കമീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബില്ലും അവതരണ ദിവസംതന്നെ സഭ പാസാക്കി. വഖഫ് ബോർഡിന്റെ കീഴിലുള്ള ഭരണപരമായ സർവീസുകളെ സംബന്ധിച്ച് പിഎസ്‌സിക്ക്‌ ചില കൂടുതൽ ചുമതലകൾ നിർവഹിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന 2021ലെ ആക്ട് ഈ ബിൽ പാസായതിലൂടെ റദ്ദായി. കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉൽപ്പാദനവും വിതരണവും) ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.


 

സഭ മുമ്പാകെ വന്ന കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ, മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, ലോകായുക്ത (ഭേദഗതി) ബിൽ, കേരള പബ്ലിക് സർവീസ് കമീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) രണ്ടാം ഭേദഗതി ബിൽ, ആഭരണത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, തദ്ദേശ സ്വയംഭരണ പൊതു സർവീസ് ബിൽ, വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബിൽ, പബ്ലിക് സെക്ടർ എന്റർ പ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് ബിൽ, സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ, ധന സംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബിൽ എന്നിവ  സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം സഭ ചർച്ച ചെയ്ത് പാസാക്കുകയായിരുന്നു.

1999ലെ കേരള ലോകായുക്ത ആക്ടിലെ 12(3) വകുപ്പ് പ്രകാരം ഒരു പരാതിയിന്മേലുള്ള അന്വേഷണത്തിനുശേഷം പൊതുസേവകനെതിരായ ആരോപണം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും, ആ പൊതു സേവകൻ സ്ഥാനം തുടർന്ന് വഹിക്കാൻ പാടില്ലെന്നുമുള്ള ലോകായുക്തയുടെ പ്രഖ്യാപനം സ്വീകരിക്കാൻ 14(1) വകുപ്പ് പ്രകാരം കോംപീറ്റന്റ് അതോറിറ്റിയെ അധികാരപ്പെടുത്തിയിരുന്നു. ഈ പ്രഖ്യാപനം നിരാകരിക്കുന്നതിനുകൂടി കോംപീറ്റന്റ് അതോറിറ്റിയെ പുതുതായി കൊണ്ടുവന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പ്രകാരം അധികാരപ്പെടുത്തുന്നു.

ഏകീകൃതമായ തദ്ദേശ സ്വയംഭരണ പൊതു സർവീസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുൻഗണനകളിൽ പെടുന്നതാണ്. സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് (പ്ലാനിങ്‌) എന്നിവയ്ക്കു കീഴിലുള്ള സർവീസുകളെയും ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എൻജിനിയറിങ്‌ വിഭാഗം സർവീസുകളെയും ഏകീകരിച്ച്‌ ഒരു പൊതു സർവീസ് രൂപീകരിക്കുന്നതിനായുള്ള ബിൽ വഴി ഈ വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി മാറും.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരം വൈസ് ചാൻസലർമാരുടെ നിയമനത്തിനായി മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി സർച്ച് കം സെലക്‌ഷൻ കമ്മിറ്റി‍ രൂപീകരിക്കേണ്ടതുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് രണ്ട് അംഗങ്ങളെക്കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു ഭേദഗതിയാണ് സർവകലാശാല (ഭേദഗതി) ബില്ലിൽ കൊണ്ടുവന്നത്. രാജ്യവ്യാപകമായി സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ കൈകടത്താനുള്ള സംഘപരിവാർ അജൻഡ പ്രതിരോധിക്കുന്നതിനുകൂടിയാണ് ഈ ഭേദഗതി ബിൽ സഭ പാസാക്കിയത്.

ആറാം സമ്മേളന കാലയളവിൽ ആകെ ആറ്‌ അടിയന്തര പ്രമേയം സഭയുടെ മുമ്പാകെ വരികയുണ്ടായി. ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അവയ്ക്ക് അവതരണാനുമതി നിഷേധിക്കപ്പെടുകയായിരുന്നു. എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗം യുവാക്കളിലും വിദ്യാർഥികളിലും വർധിച്ചുവരുന്നതുമൂലം സമൂഹത്തിൽ ഉണ്ടാകുന്ന ആശങ്ക ചർച്ച ചെയ്യുന്നതിനായി സഭാ നടപടി നിർത്തിവയ്ക്കാൻ റൂൾ 50 പ്രകാരം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നിഷേധിക്കപ്പെട്ടെങ്കിലും ഉന്നയിക്കപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചെയറും സഭയുടെ പൊതുവികാരം പങ്കുവച്ച്‍ സംസാരിച്ചു.

കോവിഡ് മഹാമാരിക്കാലത്തും 2021-ൽ 61 ദിവസം സഭാ സമ്മേളനം ചേർന്ന കേരള നിയമസഭ ഇക്കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ഈ വർഷവും ഇതിനകം 34 ദിവസം സഭ ചേരുകയുണ്ടായി. രാജ്യത്തെ മറ്റു പ്രമുഖ സംസ്ഥാന നിയമസഭകൾ ഇക്കാര്യത്തിൽ വളരെ പിറകിലാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ കേന്ദ്രം, സന്തുഷ്ടമായ സംസ്ഥാനങ്ങൾ എന്ന നിലയിൽ ഓരോ പ്രാദേശിക സർക്കാരിന്റെയും പരമാധികാരം അംഗീകരിച്ച് പരസ്പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും സഹകരിച്ച് പ്രവർത്തിക്കുക എന്ന ഫെഡറൽ തത്വം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾതന്നെ കാറ്റിൽ പറത്തി സംസ്ഥാനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നടപടികളിൽ കൈകടത്തുന്ന കേന്ദ്ര സർക്കാരിന്റെ സമീപനങ്ങൾക്കെതിരെ സംസ്ഥാനങ്ങളുടെ വിശാലമായ പ്രതിരോധ മുന്നണി കെട്ടിപ്പടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത സംഘപരിവാർ ശക്തികളുടെ വ്യാജ ചരിത്രനിർമിതിയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിമാനസ്തംഭങ്ങൾ ഓരോന്നായി ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമ്പോൾ ഭരണഘടനാമൂല്യങ്ങളും നിയമനിർമാണ സഭകളും നമുക്ക് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഈ ദിശയിൽ മികച്ച കാൽവയ്‌പായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top