12 July Friday

കേരള എൻജിഒ യൂണിയൻ ; സമരവഴികളിൽ വജ്രദീപ്തിയോടെ

എം എ അജിത് കുമാർUpdated: Saturday May 27, 2023

കേരള എൻജിഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായി. 1962 ഒക്ടോബർ 27, 28 തീയതികളിലായി തൃശൂരിൽ ചേർന്ന സമ്മേളനത്തിൽ വച്ചാണ് കേരള എൻജിഒ യൂണിയൻ രൂപീകൃതമായത്. സമരതീക്ഷ്‌ണവും ത്യാഗസുരഭിലവുമായ പ്രവർത്തന വഴികളിൽ ഒട്ടേറെ നാഴികക്കല്ലുകൾ താണ്ടി വജ്ര ജൂബിലിയിലേക്ക് എത്തിയിരിക്കുകയാണ്. പിന്നിട്ട വഴികളിലെ വിവിധ ഘട്ടങ്ങളിൽ ഒരേ ലക്ഷ്യവും മാർഗവുമായി സഞ്ചരിച്ച നിരവധി സംഘടനകൾ കേരള എൻജിഒ യൂണിയനിൽ ലയിച്ചു. കൂടുതൽ അംഗബലവും സമരശേഷിയും കൈമുതലാക്കി ജീവനക്കാർക്കും സമൂഹത്തിനുംവേണ്ടി പ്രവർത്തിക്കാൻ സംഘടനയ്ക്കായി. പ്രക്ഷോഭങ്ങളുടെ നാൾവഴികളിൽ അവിസ്മരണീയമായി മാറുന്നതാകും വജ്ര ജൂബിലി സമ്മേളനം.

ജീവസന്ധാരണത്തിന് ഉപയുക്തമായ വേതനമോ അന്തസ്സാർന്ന തൊഴിൽ സാഹചര്യമോ ഇല്ലാതെ അസംഘടിതരും അടിമ തുല്യരുമായിരുന്ന ജീവനക്കാർ വകുപ്പ് കാറ്റഗറി വിഭാഗങ്ങളായി വിഘടിച്ചു നിന്നിരുന്ന സന്ദർഭത്തിലാണ് ഏകീകൃത സംഘടനയെന്ന നിലയിൽ കേരള എൻജിഒ യൂണിയൻ രൂപീകൃതമാകുന്നത്. മെച്ചപ്പെട്ട കൂലി വ്യവസ്ഥ ഉറപ്പാക്കുന്നതിനും നിലനിന്നിരുന്ന പരിതാപകരമായ തൊഴിൽ സാഹചര്യം മാറ്റിയെടുക്കുന്നതിനുംവേണ്ടി നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകി. അവകാശസമരങ്ങൾക്കൊപ്പം തൊഴിൽപരമായ ഉത്തരവാദിത്വങ്ങളുടെ ഫലപ്രദമായ നിർവഹണത്തിനും ജീവനക്കാരെ അണിനിരത്താൻ സംഘടന ശ്രദ്ധിച്ചു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത, സമയബന്ധിത ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ അവകാശത്തിന്റെ സംരക്ഷണം, ബോണസ് തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകി. സമൂഹത്തിലെ തൊഴിലെടുക്കുന്നവരും സാധാരണക്കാരുമായ ഇതര ജനവിഭാഗങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് പ്രക്ഷോഭങ്ങളാകെ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഭരണാധികാരികളുടെ കരിനിയമങ്ങളെയും അടിച്ചമർത്തലുകളെയും നിശ്ചയദാർഢ്യത്തോടെ നേരിടാനും ആവശ്യങ്ങളിൽ അടിയുറച്ചു നിൽക്കാനും ജീവനക്കാർക്ക് സാധിച്ചു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങളുടെയും വിവിധ ഘട്ടങ്ങളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ പുരോഗമന സർക്കാരുകൾ സ്വീകരിച്ച സിവിൽ സർവീസ് ശാക്തീകരണ നടപടികളുടെയും ഫലമായി രാജ്യത്ത് മെച്ചപ്പെട്ട കൂലി വ്യവസ്ഥയും ആത്മാഭിമാനം പരിരക്ഷിക്കുന്ന തൊഴിൽ സാഹചര്യവും നിലവിലുള്ള സംസ്ഥാനമായി കേരളം മാറി.നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പാക്കുന്ന മോദി സർക്കാരിന്റെ ഭരണനടപടികൾ ജനങ്ങൾക്കുമേൽ കടുത്ത ദുരിതങ്ങളാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന്‌ വ്യത്യസ്തമായി നവ ലിബറൽ നയങ്ങൾക്ക് ബദലായ ജനപക്ഷ സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുന്നത്. അഴിമതിരഹിത മതനിരപേക്ഷ വികസിത കേരളം ലക്ഷ്യമാക്കി 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ 1957 മുതൽ വിവിധ ഘട്ടങ്ങളിൽ അധികാരത്തിലിരുന്ന ഇടതുപക്ഷ പുരോഗമന സർക്കാരുകളുടെ നയത്തുടർച്ച ഉറപ്പുവരുത്താനാണ് ശ്രമിച്ചത്. 2021ലെ ഭരണത്തുടർച്ചയിലും അതേ സമീപനംതന്നെ സംസ്ഥാന സർക്കാർ പിന്തുടരുകയാണ്. സിവിൽ സർവീസിനെ സംരക്ഷിച്ചും ശാക്തീകരിച്ചും ജനപക്ഷബദൽ നയങ്ങളുടെ നിർവഹണത്തിന് നിയോഗിക്കുകയെന്ന സമീപനമാണത്.

സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പാക്കി മുന്നോട്ടുപോകുന്ന ജനകീയ സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ പരിശ്രമം അരങ്ങേറുകയാണ്. ഒരു ഭാഗത്ത് കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ അർഹമായ സാമ്പത്തിക വിഹിതങ്ങൾ നിഷേധിക്കുകയും വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്നു. കേരളത്തോടുള്ള കൊടിയ അവഗണനയാണ് കേന്ദ്രസർക്കാർ വച്ചുപുലർത്തുന്നത്.

ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങളും ജനപക്ഷ നയങ്ങളുടെ സംരക്ഷണവും തുല്യ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട സന്ദർഭത്തിലാണ് കേരള എൻജിഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം നടക്കുന്നത്. കഴിഞ്ഞ 60 വർഷത്തെ സംഘടനയുടെ ചരിത്രം അവകാശങ്ങൾക്കു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ്. അതോടൊപ്പം സാമൂഹ്യപ്രതിബദ്ധതയിലൂന്നി സമൂഹത്തിലെ ഇതര വിഭാഗങ്ങളോടും അവരുടെ ജീവിതപ്രശ്നങ്ങളോടും സമരസപ്പെട്ടതിന്റെയും ചരിത്രംകൂടിയാണ്.

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനസൗഹൃദ സിവിൽ സർവീസ് എന്ന രൂപീകരണ ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായി ജനപക്ഷ സിവിൽ സർവീസ് സംബന്ധിച്ച സംഘടനാ രേഖയും സമ്മേളനം ചർച്ച ചെയ്യും. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും പര്യാപ്തമാകുംവിധം സംഘടനയെ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും ഉപയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാകും വജ്ര ജൂബിലി സമ്മേളനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top