29 March Friday

കേരളത്തിന്റെ പ്രതിരോധം ശാസ്ത്രീയം - സി ജി ഗിരീഷ‍് എഴുതുന്നു

സി ജി ഗിരീഷ‍്Updated: Monday Aug 9, 2021

കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം, ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം ശാസ്ത്രീയമായ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ്. പരിശോധന നിരക്ക് തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിലാക്കുകയും കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ലക്ഷത്തോടടുക്കുകയും ചെയ്തു. ശരാശരി പരിശോധന നിരക്ക് 1.5 ലക്ഷമാണ്. കൂടാതെ, കൂട്ടപ്പരിശോധനകളും നടത്തിവരുന്നു. രോഗബാധിതരെ വേഗം കണ്ടെത്താനും വ്യാപനം പരമാവധി കുറയ്ക്കാനും സഹായകമായ നടപടികളാണിതെല്ലാം. ഇതിനാലാണ് ഒന്നാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനം വിജയിച്ചതും രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടാനാകുന്നതും. മൂന്നാംതരംഗ സാധ്യത മുൻകൂട്ടിക്കണ്ട് സംസ്ഥാനം മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നു പറഞ്ഞത് കേന്ദ്ര കോവിഡ് വിദഗ്ധസമിതിയിലെ അംഗങ്ങളായ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ്ങും എപ്പിഡെമിയോളജിസ്റ്റ് ഡോ. ജയപ്രകാശ് മുളയിലിനെയും പോലുള്ളവരാണ്.

സംസ്ഥാനത്ത് തദ്ദേശഭരണ പ്രദേശങ്ങളിലെ സ്ഥിരീകരണ നിരക്ക് അടിസ്ഥാനമാക്കി പരിശോധന വർധിപ്പിക്കുന്നതിന് മാർഗനിർദേശം ഈയിടെ കേരളം പുതുക്കി. ഒരാഴ്ചത്തെ ശരാശരി ടിപിആർ 30 ശതമാനത്തിന് മുകളിലായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ കോവിഡ് പരിശോധനയുടെ അവസ്ഥ ദയനീയമാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക രേഖ അനുസരിച്ച്, അവസാന ഒരാഴ്ചത്തെ ദേശീയ പരിശോധന ശരാശരി 17,400 ആണ്. അതേസമയം, കേരളത്തിൽ ഇത് 1,60,000 ആണ്. പത്ത് ലക്ഷം പേർക്ക് 1280 എന്നതാണ് നിലവിലെ ദേശീയ പരിശോധന നിരക്ക്. എന്നാൽ, കേരളത്തിൽ ഇത് 4587 ആണ്. മറ്റ് സംസ്ഥാനങ്ങളുടെ പരിശോധന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കേരളത്തിന്റെ പ്രതിരോധമികവിന്റെ മഹത്വം തിരിച്ചറിയുക. കേന്ദ്ര സർക്കാരിന്റെ (covid19india.org) വെ ബ്സൈറ്റ് അടിസ്ഥാനമാക്കി ആഗസ്‌ത്‌ ഒന്ന് കണക്കാക്കിയുള്ള ഒരാഴ്ചത്തെ കോവിഡ് പരിശോധന കണക്കുകൾ കാണുക

ഐസിഎംആർ സിറോ സർവേ
നിഗമനങ്ങൾ
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങൾ കൃത്യതയോടെ കോവിഡ് പരിശോധന നടത്തുന്നില്ലെന്ന് ഐസിഎംആർ നടത്തിയ സിറോ സർവേ ഫലം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. 2020 ഏപ്രിൽ–- 2021 മെയ് കാലയളവ് അടിസ്ഥാനമാക്കിയാണ് പഠനം. രോഗം ബാധിച്ചവരുടെ യഥാർഥ കണക്ക് സംസ്ഥാനങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണത്തിൽനിന്ന്‌ വളരെ അകലെയാണെന്ന് സർവേ പറയുന്നു. ഉദാഹരണത്തിന് 8.5 കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ ഔദ്യോഗിക കണക്കനുസരിച്ച് നിലവിൽ രോഗം ബാധിച്ചവർ 7.92 ലക്ഷം മാത്രമാണെന്ന് ഓർക്കണം. രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇത് യഥാക്രമം 9.54, 7.2, 8.25 ലക്ഷം എന്നിങ്ങനെയാണ്. 3.5 കോടി ജനങ്ങളുള്ള കേരളത്തിൽ രോഗം ബാധിച്ചവർ ഔദ്യോഗികമായി 35.3 ലക്ഷം ആണെന്ന് കാണുമ്പോഴേ യഥാർഥത്തിൽ പരിശോധനയുടെ പ്രാധാന്യം എത്രമാത്രമാണെന്ന് തിരിച്ചറിയുന്നത്.ഐസിഎംആർ സിറോ സർവേ അനുസരിച്ച് മധ്യപ്രദേശിൽ 79 ശതമാനം ജനങ്ങൾക്കും, അതായത് 6.71 കോടി ജനങ്ങൾക്കും രോഗബാധയുണ്ടായെന്നാണ് കണ്ടെത്തൽ. രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇത് ആറ്‌ കോടിയിലധികമാണ്. മാതൃഭൂമി പോലുള്ള പത്രങ്ങൾ ഇതിനെ കോവിഡ് പ്രതിരോധശേഷി നേടിയവർ എന്ന ഓമനപ്പേരിൽ വിളിക്കുമെന്നുമാത്രം. ഐസിഎംആർ സർവേ കണ്ടെത്തൽ അനുസരിച്ച് കേരളത്തിൽ രോഗബാധയുണ്ടാകാൻ സാധ്യതയുള്ളത് (ആന്റിബോഡി സാന്നിധ്യം) 44.4 ശതമാനം മാത്രമാണ്. അതായത്, അമ്പത് ശതമാനത്തിലധികം ജനങ്ങളിലും കേരളത്തിൽ ആന്റി ബോഡി സാന്നിധ്യമില്ല. ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം ജനസാന്ദ്രതയുള്ള കേരളത്തിൽ പകുതിയിലധികം ജനങ്ങളും രോഗം ബാധിക്കാത്തവരാണെന്നത് പ്രതിരോധതന്ത്ര മികവാണ് കാണിക്കുന്നത്. സർവേ അനുസരിച്ച് രോഗം ബാധിച്ചവർ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ഏറ്റക്കുറച്ചിലോടെ യാഥാർഥ്യവുമായി ബഹുദൂരം മുന്നിലാണ്. ഈ സർവേ അനുസരിച്ച് ഏറ്റവും കൂടുതൽ രോഗവ്യാപനം നടന്നത് മധ്യപ്രദേശിലും കുറവ് കേരളത്തിലുമാണ്.

ഐസിഎംആർ സിറോ സർവേ വ്യാപനനിരക്ക്
സംസ്ഥാനം    ജനസംഖ്യാ ശതമാനം
മധ്യപ്രദേശ്        79
രാജസ്ഥാൻ        76.2
ബിഹാർ            75.9    
ഗുജറാത്ത്            75.3
ഉത്തർപ്രദേശ്        71
കേരളം            44.4

കോവിഡ്‌ ബാധിതരെ കണ്ടെത്തുന്നതിൽ കേരളം ബഹുദൂരം മുന്നിലെന്ന്‌ ഐസിഎംആറിന്റെ നാലാം സിറോ സർവേ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ പ്രമുഖ ഹെൽത്ത്‌ ഇക്കണോമിസ്റ്റ്‌ റിജോ ജോൺ വ്യക്തമാക്കുന്നു. സർവേ വിവരങ്ങൾ അപ​ഗ്രഥിച്ച് റിപ്പോർട്ട് ചെയ്യാതെ പോകുന്ന രോ​ഗികളുടെ എണ്ണമാണ്‌ (അണ്ടർ കൗണ്ടിങ്‌ ഫാക്ടർ) റിജോ കണക്കാക്കിയത്. ഒരു രോ​ഗിയെ കണ്ടെത്തുമ്പോൾ എത്ര രോഗികൾ ഒഴിവാക്കപ്പെടുന്നുവെന്ന കണക്കുകൂട്ടലാണ്‌ അണ്ടർ കൗണ്ടിങ്‌ ഫാക്ടർ. ബിഹാറിൽ മെയ്‌ 31നകം ഒമ്പത്‌ കോടിയിലേറെ രോഗികൾ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. എന്നാൽ, കണക്കിൽ ഒമ്പതു ലക്ഷംമാത്രം. 16.8 കോടി രോ​ഗികൾ ഉണ്ടാകേണ്ട യുപിയിൽ 17.1 ലക്ഷം മാത്രം‍. ഇന്ത്യയുടെ അണ്ടർ കൗണ്ടിങ്‌ ഫാക്ടർ 33 ആണ്‌. അതായത്, രാജ്യത്ത് ഒരാൾ പോസിറ്റീവ് ആയപ്പോൾ കണ്ടെത്താതെ പോയത് 33 രോഗികളാണെന്ന് അർഥം. മെയ്‌ 31നുള്ളിൽ 92.65 കോടി രോ​ഗികൾ രാജ്യത്ത്‌ ഉണ്ടാകേണ്ടതാണ്, എന്നാൽ, അന്നേവരെ റിപ്പോർട്ട് ചെയ്‌തത് 2.82 കോടി രോ​ഗികൾമാത്രം.


 

അധിക മരണം
മരണത്തിന്റെ കാര്യത്തിലും ഇതര സംസ്ഥാനങ്ങളെ കേരളവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ വ്യത്യാസം കാണാൻ കഴിയും. മഹാമാരിക്കാലത്തെ ഒരു വർഷത്തെ മരണവും 2018–-19 വർഷങ്ങളിലെ മരണത്തിന്റെ ശരാശരിയും തമ്മിലുള്ള വ്യത്യാസമാണ് അധിക മരണം. 2021 മെയ് വരെ മധ്യപ്രദേശിലെ ആകെ ഔദ്യോഗിക കോവിഡ് മരണം 8068 ആണ്. എന്നാൽ, ഇതേകാലയളവിൽ ഇതിന്റെ 23.8 ഇരട്ടിയായ 1,92,004 ആണ് കോവിഡ് ഇതര മരണം സിവിൽ രജിസ്ട്രേഷൻ സിസ്റ്റം അനുസരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കേരത്തിലെ കോവിഡ് മരണം ഇതേ കാലയളവിൽ 9954 ഉം കോവിഡ് ഇതര മരണം 4178ഉം ആണെന്നത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ കൃത്യതയുടെ മഹത്വം വ്യക്തമാക്കുന്നതാണ്. ആന്ധ്രപ്രദേശിൽ ഔദ്യോഗിക കോവിഡ്‌ മരണം 10930 ആകുമ്പോൾ അധിക മരണം 1,95,422 ആണ്‌. ഔദ്യോഗിക മരണത്തിന്റ 17.9 ഇരട്ടിയാണ്‌ അധികമരണം. പശ്‌ചിമബംഗാൾ, തമിഴ്‌നാട്‌, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ കണക്കിലെ കോവിഡ്‌ മരണം യഥാക്രമം 10787,24232,29090 ഉം ആകുമ്പോൾ അധികമരണം 120227,154965,125732 എന്നിങ്ങനെയാണ്‌.


 

കോവിഡ് മരണം രാജ്യത്ത് കുറഞ്ഞുനിൽക്കുന്നത് കേരളത്തിലാണ്. കോവിഡ് മരണത്തെ അപേക്ഷിച്ച് കോവിഡ് ഇതര മരണനിരക്ക് കേരളത്തിൽ ഒന്നിൽ (1) താഴെ മാത്രമാണ്. വസ്തുതാപരമായി പരിശോധിക്കുമ്പോൾ, എന്തുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ കേരളം എല്ലാ അർഥത്തിലും രാജ്യത്ത് വളരെമുന്നിൽ നിൽക്കുന്നു എന്നത്‌ നോക്കിക്കാണേണ്ടത് ഈ പശ്ചാത്തലത്തിലാണ്. രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് ഏറ്റവും ഉയർന്നിരിക്കുന്നത് ഇപ്പോൾ കേരളത്തിലാണ്. ഇത് കേരള സർക്കാരിന്റെ പരാജയമല്ല, പ്രതിരോധമികവാണ് കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ പരിശോധനയും പരിചരണവും ശാസ്ത്രീയവും കൃത്യതയും ഇല്ലാത്തതാണ് അവിടങ്ങളിൽ കുറഞ്ഞ വ്യാപനനിരക്ക് രേഖപ്പെടുത്തുന്നതിന് അടിസ്ഥാനമെന്നുവേണം അനുമാനിക്കാൻ. മറ്റൊരു കാരണം, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രണ്ടാംതരംഗം വൈകിയാണ് എത്തിയത്. മികച്ച പ്രതിരോധചികിത്സ ലഭ്യമാക്കുന്നതിനാൽ കേരള ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും രോഗം ബാധിക്കാത്തവരാണ്. ഇതും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണമാണ്. ഇതൊക്കെയാണ് സംസ്ഥാനത്ത് ഇപ്പോൾ രേഖപ്പെടുത്തുന്ന ഉയർന്ന നിരക്കിന്‌ അടിസ്ഥാനം എന്നുവേണം മനസ്സിലാക്കാൻ.

(കേരള സർവകലാശാലയിൽ ഫിലോസഫി
വിഭാഗത്തിൽ ഗവേഷകനാണ്‌ ലേഖകൻ)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top