19 April Friday

കേരളവിരുദ്ധ മാധ്യമങ്ങൾ

സാജന്‍ എവുജിന്‍Updated: Tuesday Nov 8, 2022

വല്ലാത്ത പകയാണ്‌ മുഖ്യധാരാമാധ്യമങ്ങൾ പൊതുവെ കേരളത്തോട്‌ കാട്ടുന്നത്‌. എൽഡിഎഫ്‌ 2021ൽ തുടർഭരണം നേടിയശേഷം ഇതിനു കാഠിന്യമേറിയിട്ടുണ്ട്‌. കേരളത്തിനു പൊതുവെ അഭിമാനകരമായ കാര്യങ്ങൾ മൂടിവയ്‌ക്കാനാണ്‌ ഇവർ വ്യഗ്രത കാട്ടുന്നത്‌. സംസ്ഥാനത്തെ ആക്ഷേപിക്കാൻ ഏതെങ്കിലും അവസരം വീണുകിട്ടിയാൽ നിയന്ത്രണം വിട്ട്‌ അത്തരം സന്ദർഭങ്ങൾ ആഘോഷിക്കുകയും ചെയ്യും. ക്രിയാത്മക വിമർശം നടത്തരുതെന്നല്ല ഇവിടെ അർഥമാക്കുന്നത്‌. തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്യുകയെന്ന മാധ്യമധർമത്തിന്റെ പരിധി കടന്ന്‌ അപവാദപ്രചാരണത്തിന്റെയും കരിവാരി പൂശലിന്റെയും ശൈലിയിലേക്ക്‌  മാധ്യമങ്ങൾ തരംതാഴുന്നതാണ്‌ വിഷയം. ദൈനംദിനം ഒട്ടേറെ ഉദാഹരണങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയും.

കേരളത്തിന്റെ നേട്ടങ്ങൾ മാധ്യമങ്ങൾ തമസ്‌കരിക്കുന്നതിനും വസ്‌തുതകൾ വളച്ചൊടിച്ച്‌ അവതരിപ്പിക്കുന്നതിനും ഏറ്റവും ഒടുവിലുണ്ടായ ഉദാഹരണമാണ്‌ സ്‌കൂൾ വിദ്യാഭ്യാസനിലവാരം സംബന്ധിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്‌ മാധ്യമങ്ങൾ കൈകാര്യം ചെയ്‌ത രീതി. ‘ കേരളം മറ്റ്‌ ആറുസംസ്ഥാനങ്ങൾക്കൊപ്പം  രണ്ടാം സ്ഥാനത്ത്‌’ എന്ന നിലയിലാണ്‌  ‘മാതൃഭൂമി’ പത്രം ഈ വാർത്ത നൽകിയത്‌. കേന്ദ്ര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്ത്‌ എത്തിയ കേരളത്തെ ഈ പത്രം രണ്ടാം സ്ഥാനക്കാരാക്കിയത്‌ വിചിത്ര യുക്തി പ്രയോഗിച്ചാണ്‌. ആയിരത്തിൽ 928 പോയിന്റ്‌ നേടിയാണ്‌ കേരളം ഒന്നാമതെത്തിയത്‌. 901 മുതൽ 950 വരെ പോയിന്റ്‌ നേടുന്നവർക്കുള്ള ലെവൽ രണ്ട്‌ ഗ്രേഡും നേടി. 951 മുതൽ 1000 വരെ പോയിന്റ്‌ നേടിയാലാണ്‌ ലെവൽ ഒന്ന്‌ ഗ്രേഡ്‌. 2017–-18ൽ ഈ ഗ്രേഡിങ്‌ സംവിധാനം നേടിയതു മുതൽ ഇക്കൊല്ലം വരെ ഒരു സംസ്ഥാനവും ലെവൽ ഒന്ന്‌ ഗ്രേഡ്‌ നേടിയിട്ടില്ല. വിജ്ഞാനസമ്പാദനം, വിദ്യാഭ്യാസം നേടാനുള്ള സാഹചര്യവും സൗകര്യങ്ങളും, പങ്കാളിത്തം, അടിസ്ഥാനസൗകര്യങ്ങൾ, ഭരണപ്രക്രിയ എന്നീ അഞ്ചു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കേരളം 928 പോയിന്റോടെ ഏറ്റവും മുന്നിലെത്തിയത്‌.

കേന്ദ്ര സർക്കാരിന്റെ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 901 മുതൽ 950 വരെ പോയിന്റ്‌ നേടിയ ഏഴ്‌ സംസ്ഥാനത്തിന്റെ പേര്‌ പറഞ്ഞിരുന്നു. ഇത്‌ വളച്ചൊടിച്ചാണ്‌ ‘മാതൃഭൂമി’ കേരളത്തെ രണ്ടാം സ്ഥാനക്കാരുടെ  കൂട്ടത്തിലാക്കിയത്‌. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലോ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ കുറിപ്പിലോ രണ്ടാം സ്ഥാനം എന്ന പരാമർശമില്ല. 951ൽ കൂടുതൽ പോയിന്റ്‌ നേടിയാൽ ലെവൽ ഒന്നിൽ എത്താമെന്നത്‌ ലക്ഷ്യമായി കാണണമെന്നു പറയുന്നുണ്ട്‌.  2017–-18ലെ ലെവൽ നാലിൽനിന്നാണ്‌ (826 പോയിന്റ്‌)  കേരളം അഭിമാനകരമായി മുന്നേറിയത്‌. 2018–-19ൽ 862 പോയിന്റ്‌,  2019–-20ൽ 901 പോയിന്റ്‌ എന്ന ക്രമത്തിൽ കേരളം വളർന്നു. അഞ്ചു മാനദണ്ഡത്തിലും 2017–-18നെ അപേക്ഷിച്ച്‌ പുരോഗതി കൈവരിച്ചു. പെർഫോമൻസ്‌ ഗ്രേഡ്‌ ഇൻഡക്‌സ്‌ എന്ന്‌ അറിയപ്പെടുന്ന ഈ സൂചികയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന കേരളത്തെ രണ്ടാം സ്ഥാനക്കാരായി ചിത്രീകരിച്ചതിന്‌ അടിസ്ഥാനവികാരം തുടക്കത്തിൽ സൂചിപ്പിച്ച ചേതോവികാരം തന്നെയാണെന്ന്‌ വ്യക്തം.

നിതി ആയോഗിന്റെ സമഗ്രവികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്‌ വന്നതും ഇത്തരം മാധ്യമങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ചു. ശിശുമരണനിരക്ക്‌ കുറച്ചുകൊണ്ടുവരുന്നതിൽ കേരളം 2030ൽ കൈവരിക്കാൻ ലക്ഷ്യമിട്ടത്‌ ഇതിനകം നേടിയെന്ന്‌ ഈയിടെ രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ വന്നു. ഈ രംഗത്തും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നിലാണ്‌.  2020ലെ റിപ്പോർട്ട്‌ പ്രകാരം നവജാതശിശുക്കളിലെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ നാല്‌ മാത്രമാണ്‌. 2019ലെ റിപ്പോർട്ടിൽ ഇത്‌ ആയിരത്തിന്‌ ആറ്‌ ആയിരുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ എട്ടാണ്‌. 2019ൽ ഇത്‌  ആയിരത്തിന്‌ ഒമ്പത്‌ ആയിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030നകം നവജാത ശിശുമരണനിരക്ക്‌ ആയിരത്തിനു പന്ത്രണ്ടിൽ താഴെയായി കുറയ്‌ക്കണമെന്ന്‌ വിഭാവന ചെയ്‌തിരുന്നു. കേരളത്തിനു പുറമെ ഡൽഹി (ഒമ്പത്‌), തമിഴ്‌നാട്‌ (ഒമ്പത്‌), മഹാരാഷ്ട്ര (11), ജമ്മു കശ്‌മീർ (12), പഞ്ചാബ്‌ (12) എന്നിവയാണ്‌ ഈ ലക്ഷ്യം കൈവരിച്ചത്‌. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ ആയിരത്തിന്‌ 25 ആയി കുറയ്‌ക്കണമെന്നാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കേരളത്തിനു പിന്നാലെ തമിഴ്‌നാട്‌ (13), ഡൽഹി (14), ജമ്മു കശ്‌മീർ (17), മഹാരാഷ്ട്ര (18), കർണാടക (21), പഞ്ചാബ്‌ (22), ബംഗാൾ (22), തെലങ്കാന (23), ഗുജറാത്ത്‌ (24), ഹിമാചൽപ്രദേശ്‌ (24) എന്നിവ ഈ ലക്ഷ്യത്തിലെത്തി.  ഇവയുടെ അഖിലേന്ത്യ ശരാശരി 20, 32 വീതമാണ്‌. ഈ റിപ്പോർട്ടും തമസ്‌കരിക്കുകയോ കേരളത്തിന്റെ മികവ്‌ മറച്ചുവച്ച്‌ റിപ്പോർട്ട്‌ ചെയ്യുകയോ ആണ്‌ ഭൂരിപക്ഷം മാധ്യമങ്ങളും ചെയ്‌തത്‌.

രാജ്യത്ത്‌ ആദ്യമായി നടത്തിയ കേന്ദ്ര സർവകലാശാല യോഗ്യതാനിർണയ പരീക്ഷ (സിയുഇടി)യുടെ അടിസ്ഥാനത്തിൽ ഡൽഹി സർവകലാശാലയിൽ ബിരുദതലത്തിൽ പ്രവേശനം നേടിയവരിൽ കേരള ഹയർ സെക്കൻഡറി കോഴ്‌സ്‌ കഴിഞ്ഞ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നും ഇത്തരം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതും സദുദ്ദേശപരമല്ല. കേരളത്തിലെ പ്ലസ്‌ ടു കോഴ്‌സിന്റെ നിലവാരം മെച്ചമല്ലെന്ന സൂചന നൽകിയാണ്‌ ഈ വാർത്ത അവതരിപ്പിക്കുന്നത്‌. തിരക്കിട്ടു നടപ്പാക്കിയ സിയുഇടി പ്രവേശനക്രമത്തിലെ അനിശ്‌ചിതത്വവും ആശയക്കുഴപ്പവും ഇക്കൂട്ടർ മറച്ചുപിടിക്കുകയാണ്‌. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ പ്രക്രിയ ഇനിയും പൂർത്തിയായിട്ടില്ല. മാസങ്ങൾ നീണ്ട പരീക്ഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അഗ്നിപരീക്ഷയായിരുന്നു. പരീക്ഷാതീയതികളും പരീക്ഷാകേന്ദ്രങ്ങളും അവസാന നിമിഷം പോലും മാറിമറിഞ്ഞു. പരീക്ഷാ സ്‌കോർ നിശ്‌ചയിച്ചതിലെ സങ്കീർണമായ രീതി കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ അപേക്ഷിക്കുന്നതിൽ വിദ്യാർഥികളിൽ  വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി.

കോവിഡ്‌  വ്യാപനം രൂക്ഷമായ കഴിഞ്ഞ വർഷങ്ങളിൽ ഡൽഹിയിലുണ്ടായ പ്രതിസന്ധിയും രാജ്യം മറന്നിട്ടില്ല. ഇതെല്ലാം കാരണം ഡൽഹി സർവകലാശാല പ്രവേശനത്തിന്‌ അപേക്ഷിച്ച മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽത്തന്നെ കുറവുണ്ടായി. കേരളത്തിലെ സർവകലാശാലകളും കോളേജുകളും ദേശീയ റാങ്കിങ്ങിൽ മുന്നോട്ടുവന്നതും  പ്രധാനമാണ്‌. ഇത്തരം വസ്‌തുതകൾ പരിഗണിക്കാതെ ഈ വിഷയത്തിൽ കേരളത്തെ പഴിക്കുകയാണ്‌ മാധ്യമങ്ങൾ. സംഘപരിവാറിന്റെ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ ഇത്തരം മാധ്യമങ്ങൾ സ്വീകാര്യമായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top