20 April Saturday

ജനകീയാസൂത്രണം ഇന്നലെ, ഇന്ന്, നാളെ - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Wednesday Aug 18, 2021

കേരളത്തിൽ ഭൂപരിഷ്കരണം കഴിഞ്ഞാൽ ഏറ്റവും പ്രധാന പരിഷ്കാരമായിരുന്നു ജനകീയാസൂത്രണമെന്ന് അഭിപ്രായപ്പെട്ടത് ഇ എം എസാണ്. 1938 മുതൽ അധികാര വികേന്ദ്രീകരണത്തിനായുള്ള വിഫലശ്രമങ്ങളുടെ അനുഭവങ്ങളിൽനിന്ന് ഇ എം എസ് എത്തിച്ചേർന്ന നിഗമനം അധികാരവികേന്ദ്രീകരണത്തെ മുകളിൽനിന്ന്‌ നടപ്പാക്കുന്ന പരിഷ്കാരമായി കണ്ടാൽപോരാ എന്നായിരുന്നു. താഴേത്തട്ടിൽനിന്ന് എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി അധികാരവികേന്ദ്രീകരണത്തിനുള്ള പ്രാപ്തിയും ഇച്ഛയും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഇതാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം.

വികേന്ദ്രീകരണത്തിൽ കുതിപ്പ്
ജനകീയാസൂത്രണം വലിയൊരു വിസ്ഫോടനമായിരുന്നു. ഒമ്പതാം പദ്ധതിയുടെ 35–-40 ശതമാനം തുക തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക മാത്രമല്ല, അവ ചെലവഴിക്കാനുള്ള പുതിയ അധികാരങ്ങളും അധികം ഉദ്യോഗസ്ഥരെയും നായനാർ സർക്കാർ താഴേയ്ക്കു വിന്യസിപ്പിച്ചു. ഇതിന്റെ ഫലമായി അധികാരവികേന്ദ്രീകരണ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും പിന്നോക്കംനിന്ന സംസ്ഥാനങ്ങളിൽ ഒന്നായ കേരളം ഏറ്റവും മികച്ചതായി. അധികാരവികേന്ദ്രീകരണത്തെ അളക്കുന്നതിന്‌ രൂപം നൽകിയിട്ടുള്ള സമഗ്രമായ സൂചികയിൽ അന്നുമുതൽ കേരളമാണ് ഒന്നാമത്‌.

അഞ്ചു സർക്കാരിന്റെ മാറ്റങ്ങൾ അധികാരവികേന്ദ്രീകരണം അതിജീവിച്ചുവെന്നത്‌ ലോകത്തുതന്നെ അപൂർവമാണ്. ലാറ്റിനമേരിക്കയിലെ ലോകപ്രസിദ്ധമായ പങ്കാളിത്ത ബജറ്റിങ്ങിന് രാഷ്ട്രീയമാറ്റത്തെ അതിജീവിക്കാനായില്ല. നമ്മുടെ സംസ്ഥാനത്തെ മുൻകാല തിക്താനുഭവങ്ങൾ അറിയാമല്ലോ? അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം ജനകീയാസൂത്രണം കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു പൊതുഅവബോധം അധികാരവികേന്ദ്രീകരണത്തെ സംബന്ധിച്ച്‌ സൃഷ്ടിച്ചുവെന്നതാണ്. അതൊരു അവകാശമായി മാറി.

ലോകബാങ്കും മറ്റും പ്രോത്സാഹിപ്പിക്കുന്ന അധികാര വികേന്ദ്രീകരണത്തിൽനിന്ന്‌ തികച്ചും വ്യത്യസ്തമായ സമീപനമാണ് ജനകീയാസൂത്രണത്തിന്റേത്. നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി അവർ കൊണ്ടുവന്ന വികേന്ദ്രീകരണം ലോകത്തെമ്പാടും പാളി. ലോകബാങ്കിന്റെതന്നെ അവലോകനറിപ്പോർട്ടുകൾ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കടകവിരുദ്ധമാണ്‌ കേരളത്തിലെ അനുഭവം. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിൽനിന്നാണ്‌ നമ്മൾ പ്രചോദനം ഉൾക്കൊണ്ടത്. കമ്പോളത്തേക്കാൾ ആസൂത്രണത്തിനാണ് ഊന്നൽ. ചുമതലയ്ക്ക് ആനുപാതികമായി മുകളിൽനിന്ന്‌ വിഭവങ്ങൾ താഴേയ്ക്കുനൽകി. അതിന്റെ അഭിമാനകരമായ നേട്ടങ്ങൾ 25 വർഷം പിന്നിടുമ്പോൾ കാണാനാകും.


 

പശ്ചാത്തലമേഖല
ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളിൽ നേട്ടപ്പട്ടികയിൽ കൂടുതൽ സ്ഥാനം പിടിച്ചത് റോഡ്, പാർപ്പിടം, വൈദ്യുതീകരണം, കുടിവെള്ളം തുടങ്ങിയ ആസ്തികൾ നിർമിക്കുന്നതിലുണ്ടായ നേട്ടമാണ്. 1995–-96ൽ 1.15 ലക്ഷം കിലോമീറ്റർ പ്രാദേശിക റോഡാണ് ഉണ്ടായിരുന്നത്. 2018–-19ൽ ഇവയുടെ ദൈർഘ്യം 2.32 ലക്ഷം കിലോമീറ്ററായി ഉയർന്നു. ഇവയുടെ ഗുണനിലവാരത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ജനകീയാസൂത്രണത്തിന്റെ അഞ്ചു വർഷംകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾ 5.7 ലക്ഷം വീട്‌ നിർമിച്ചു നൽകി. 13–-ാം പദ്ധതിയുടെ അവസാനത്തോടെ (2021–-22) 20 ലക്ഷം വീടെങ്കിലും കേരളത്തിൽ നിർമിച്ചിട്ടുണ്ട്. ലൈഫ് മിഷനിലൂടെ സമ്പൂർണ പാർപ്പിടം കൈവരിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്.

2011ൽ കേരളത്തിൽ 77 ശതമാനം വീടുകളിലും കുടിവെള്ളവും 95 ശതമാനത്തിൽ വൈദ്യുതിയും 96 ശതമാനത്തിൽ കക്കൂസും ഉണ്ടായിരുന്നു. ഇന്ത്യയിൽ ഈ തോത് യഥാക്രമം 51 ശതമാനവും 67 ശതമാനവും 47 ശതമാനവും മാത്രമായിരുന്നു. കേരളത്തിലെ വീടുകളിൽ 93 ശതമാനത്തിനും ഒരു മുറിയേക്കാൾ കൂടുതൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ ഈ തോത് 59 ശതമാനമായിരുന്നു.

സേവനമേഖല
ജനകീയാസൂത്രണത്തിനുമുമ്പ് പൊതു ആരോഗ്യസംവിധാനങ്ങൾ ഉപയോഗിക്കുന്ന കുടുംബങ്ങൾ 28 ശതമാനമായി കുറഞ്ഞിരുന്നു. 2014ൽ ഇത്തരം കുടുംബങ്ങളുടെ ശതമാനം 34 ആയി ഉയർന്നു. 2018 ആയപ്പോഴേക്കും 48 ശതമാനമായി ഉയർന്നു. ശിശുമരണ നിരക്ക് ഏഴ്‌ ശതമാനമായി താഴ്‌ന്നു. കോവിഡ്‌കാലത്ത് കീഴ്‌ത്തട്ട് ആരോഗ്യമേഖലയുടെ കരുത്ത് നാം അനുഭവിച്ചറിഞ്ഞു.

ജനകീയാസൂത്രണത്തിനുമുമ്പ് അൺഎയ്ഡഡ് സ്കൂളുകളിലേക്ക്‌ കുട്ടികൾ കൊഴിഞ്ഞുപോയിരുന്നു. ഈ മേഖലയിൽ 1991ൽ 1.5 ലക്ഷം കുട്ടികൾ ഉണ്ടായിരുന്നു. 2016–-17 ആയപ്പോഴേക്കും അത് 4.1 ലക്ഷമായി ഉയർന്നു. എന്നാൽ, ഇന്ന് ഒഴുക്കിന്റെ ഗതി മാറി. 2016–-2021 കാലത്ത് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നു. വലിയൊരു സംഖ്യ കുട്ടികൾ അൺഎയ്ഡഡ് സ്കൂളുകളിൽനിന്ന്‌ ടിസി വാങ്ങി പൊതു വിദ്യാലയങ്ങളിൽ ചേർന്നുവെന്നതു വ്യക്തമാണ്. നിതി ആയോഗിന്റെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ 100ൽ 76.6 മാർക്കോടുകൂടി കേരളം ഒന്നാം സ്ഥാനത്താണ്.

ദാരിദ്ര്യനിർമാർജനം
ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക ദാരിദ്ര്യരേഖാ കണക്കുപ്രകാരം 1993–-94ൽ കേരളത്തിലെ ദാരിദ്ര്യരേഖയ്ക്കു കീഴിൽ 25 ശതമാനം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 2011–-12ൽ ഇത് ആറ്‌ ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. ആശ്രയ പദ്ധതി, ബഡ്സ്കൂളുകൾ, പാലിയേറ്റീവ് ശൃംഖലകൾ എന്നിവയൊക്കെ ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്.

പട്ടികവിഭാഗങ്ങൾ അടക്കമുള്ള ദുർബലവിഭാഗങ്ങൾ ആസൂത്രണ പ്രക്രിയയിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ലായെന്ന വിമർശമുണ്ട്. അതിദാരിദ്ര്യം ഒഴിവാക്കാനുള്ള ബൃഹത്തായ പരിപാടി ഈ പോരായ്മ പരിഹരിക്കാൻ ഉപയോഗപ്പെടുത്താനാകും.


 

ഉൽപ്പാദനമേഖല
ഉൽപ്പാദനമേഖലകളിൽ ഇനിയും വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. സുഭിക്ഷകേരളം പദ്ധതി പച്ചക്കറി ഉൽപ്പാദനത്തിലും തരിശുരഹിത പഞ്ചായത്ത് നെല്ലുൽപ്പാദനത്തിലും ശ്രദ്ധേയമായ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. 1000 പേർക്ക് അഞ്ചുവീതം തൊഴിൽ സൃഷ്ടിക്കുന്ന സ്കീം തദ്ദേശസ്ഥാപനങ്ങളെ ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രമാക്കും. ഇവിടങ്ങളിലെല്ലാം നൂതനവിദ്യകൾ സന്നിവേശിപ്പിക്കുന്നതിന് ഉത്തേജനം നൽകുന്നതാണ് വിജ്ഞാനസമൂഹ സങ്കൽപ്പം. കാർഷിക സംസ്കരണവും തറവിലയും പ്രാവർത്തികമാകണം.

കാർഷികമേഖലയിൽ സംയോജിതമായ പരിപാടികൾക്ക്‌ നീർത്തടാടിസ്ഥാനത്തിലുള്ള ആസൂത്രണം അനിവാര്യമാണ്. പ്രാദേശിക ദുരന്തനിവാരണ ആക്‌ഷൻ പ്ലാനിന്റെ നിർമാണവും കൂട്ടിച്ചേർക്കാവുന്നതാണ്. ശുചിത്വ പരിപാടിയും പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും ഇത്തരമൊരു സമീപനം അത്യന്താപേക്ഷിതമാണ്. വിവിധതട്ടു സർക്കാരുകളുടെ പദ്ധതികളും പരിപാടികളും പ്രാദേശികതലത്തിൽ ഉദ്ഗ്രഥിക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗം ജില്ലാ പ്ലാനാണ്. ഇതിന് സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ അത്യന്താപേക്ഷിതമാണ്.

ജനപങ്കാളിത്തം
ഏറ്റവും വലിയ പ്രശ്നം ജനകീയപങ്കാളിത്തം ശോഷിക്കുന്നുവെന്നുള്ളതാണ്. ഇതിനു പരിഹാരം ഗ്രാമസഭകളുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും റസിഡൻസ് അസോസിയേഷനുകളെയും വളർത്തിയെടുക്കുക എന്നുള്ളതാണ്. ഗ്രാമസഭകൾക്കുമുമ്പ് ഈ വേദികളിൽ അജൻഡ വിശദമായി ചർച്ച ചെയ്യുകയും ഗ്രാമസഭയിൽ പ്രതിനിധികൾക്ക് ഉന്നയിക്കാനുള്ള സന്ദർഭം കൊടുക്കുകയും വേണം. അഴിമതി പൂർണമായും നിർമാർജനം ചെയ്യാനായിട്ടില്ല. അതു കൂടുന്നുവെന്ന വിമർശവുമുണ്ട്. പൗരാവകാശരേഖയും സോഷ്യൽ ഓഡിറ്റുമാണ്‌ പ്രതിവിധി.

സ്ത്രീശാക്തീകരണം
ജനകീയാസൂത്രണത്തിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആവിർഭാവവും വ്യാപനവുമാണ്. സ്വയംസഹായ സംഘങ്ങൾ എല്ലാ സംസ്ഥാനത്തുമുണ്ട്. എന്നാൽ, കേരളത്തിലെ കുടുംബശ്രീ അവയിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നു. ഇവ അയൽക്കൂട്ടങ്ങളാണ്. ജാതി–-മത–-പാർടി ഭേദങ്ങൾക്ക് അതീതമായി അയലത്തുകാർക്കെല്ലാം ചേരാൻ അവകാശമുണ്ട്. സന്നദ്ധസംഘടനകളല്ല, തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വം വരുമാനദായക പദ്ധതികൾ എല്ലാത്തട്ടു സർക്കാരിന്റെയും ദാരിദ്ര്യനിർമാർജന പരിപാടികളുടെ കൺവെർജൻസ് തുടങ്ങിയവയെല്ലാം കുടുംബശ്രീയെ വ്യത്യസ്തമാക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഉപാധിയാണ്. ഇന്ന് 2.77 ലക്ഷം അയൽക്കൂട്ടത്തിൽ 43 ലക്ഷം കുടുംബം കുടുംബശ്രീയിൽ അംഗങ്ങളാണ്. 11,000 കോടി രൂപ ലഘുവായ്പ നൽകുന്നുണ്ട്. സ്ത്രീകൾക്കുനേരെ വർധിക്കുന്ന അതിക്രമങ്ങൾ നാടിനൊരു നാണക്കേടാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരമാണ് ക്രൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കാനുള്ള ബോധവൽക്കരണവും പദ്ധതികളും. വനിതാ ഘടകപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം ഇതാകണം.

മുകളിൽ സൂചിപ്പിച്ച ഏതാണ്ട് എല്ലാ കാര്യവും സംസ്ഥാന സർക്കാർ നയപരമായി അംഗീകരിച്ചിട്ടുണ്ട്. അംഗീകരിച്ചതുകൊണ്ട് അവ നടക്കണമെന്നില്ല. അതിനുള്ള ഗ്യാരന്റി കീഴ്‌ത്തട്ടിൽ നമ്മൾ ഇടപെടുക എന്നുള്ളതാണ്. അങ്ങനെ ഇടപെടുന്നതിനുള്ള ജനാധിപത്യയിടം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അധികാരവികേന്ദ്രീകരണം എല്ലാം നന്നാകുമെന്ന് ഒരുറപ്പും നൽകുന്നില്ല. എന്നാൽ, നന്നാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെയാകാൻ ഒരു തടസ്സവുമില്ല. നന്നാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇടപെടാനാകും. ഇതാണ്‌ ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top