20 April Saturday

കേരളം വ്യവസായഭൂപടത്തിൽ: എസ്‌ ശർമ എഴുതുന്നു

എസ്‌ ശർമUpdated: Monday Nov 30, 2020

കേന്ദ്രം ഭരിച്ച  സർക്കാരുകളുടെ നയങ്ങളും സമീപനങ്ങളുംകൊണ്ട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പിന്നോട്ടടിച്ച ഘട്ടത്തിലും സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാർ ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും നടത്തിയ ഇടപെടലിന്റെ ഫലമായി മൊത്തം സംസ്ഥാന സംയോജിത മൂല്യത്തിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു. 2018–-19 ൽ ജിഎസ്‌വിഎ വളർച്ചനിരക്ക് 7.5ശതമാനം ആയിരുന്നു. പ്രളയം, വരൾച്ച, ഓഖി തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു ഈ നേട്ടം.

സംസ്ഥാന ആഭ്യന്തരോൽപ്പാദനത്തിൽ ഉൽപ്പാദനമേഖലയുടെ വിഹിതം കേവലം 13.2 ശതമാനം മാത്രമാണെന്നതും രാജ്യത്തെ പ്രതിശീർഷ ഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനത്ത് ഒന്നരലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് പ്രതിവർഷം ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതെന്നതും വ്യവസായരംഗത്തിന്റെ ആപേക്ഷിക പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്നു. ഇതു മറികടക്കുന്നതിന് അടിസ്ഥാനസൗകര്യമേഖലയിലും വ്യവസായ നിക്ഷേപരംഗത്തും വൻ കുതിച്ചുചാട്ടമുണ്ടാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ഫലപ്രാപ്തിയേകുമെന്നതു നിസ്തർക്കമാണ്. കേന്ദ്ര സർക്കാർ,  മുൻ സംസ്ഥാന സർക്കാർ എന്നിവയിൽനിന്ന് വിഭിന്നമായി പൊതുമേഖലയെയും തൊഴിൽമേഖലയെയും ശാക്തീകരിച്ചുകൊണ്ടു മാത്രമേ വ്യവസായവികസനത്തിന്‌ സാധ്യതയുള്ളൂവെന്ന വികസനക്കാഴ്ചപ്പാടാണ്  സംസ്ഥാന സർക്കാരിനുള്ളത്. ആധുനിക വ്യവസായങ്ങൾക്കു നൽകുന്ന പ്രോത്സാഹനം അതേ അളവിൽ പരമ്പരാഗത വ്യവസായങ്ങൾക്കും നൽകിവരുന്നു.

അടിസ്ഥാനസൗകര്യ വികസനം

കോവിഡ്കാലത്ത്  സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങളുടെ ക്രയശേഷി ഉയർത്തി. നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് ചുവപ്പുനാട ഇല്ലാതാക്കി. പുതിയ വ്യവസായങ്ങൾ തുടങ്ങാനുള്ള അപേക്ഷകളിൽ ഒരാഴ്ചയ്‌ക്കകം അനുമതി നൽകാൻ നടപടി സ്വീകരിച്ചു. 10 കോടിവരെയുള്ള എംഎസ്എംഇകൾക്ക് മുൻകൂർ അനുമതിയില്ലാതെ വ്യവസായം തുടങ്ങാം. സംസ്ഥാനത്തെ ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര, വിദേശ മാർക്കറ്റുകൾ കണ്ടെത്തുന്നതിനും അസംസ്കൃത പദാർഥങ്ങൾ ലഭ്യമാക്കുന്നതിനും ഇടപെടുന്നതിനായി വാണിജ്യ മിഷൻ രൂപീകരിച്ചു.
അടിസ്ഥാന സൗകര്യ മേഖലകളിലെ അപര്യാപ്തത പരിഹരിക്കാൻ ഈ സർക്കാരിന്റെ ഇച്ഛാശക്തിക്ക് കഴിഞ്ഞു. ഇടമൺ കൊച്ചി പവർഹൈവേ,  പുനലൂർ മാടക്കത്തറ ലൈൻ, കിഫ്ബി വഴി നടപ്പാക്കുന്ന 6375 കോടി രൂപയുടെ ബൃഹദ് പദ്ധതിയായ ട്രാൻസ്ഗ്രിഡ് 2 ഇവയെല്ലാം വ്യവസായമേഖലയ്ക്ക് ആവശ്യമായ വൈദ്യുതി അഭംഗുരം ലഭ്യമാക്കുന്നതിന്‌ സംസ്ഥാനത്തെ പര്യാപ്തമാക്കി.  വൈദ്യുതമേഖലയാകെ റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യകുത്തകകൾക്ക് അടിയറവയ്ക്കുന്ന കേന്ദ്ര നയത്തിനെതിരെ പോരാടിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.‌ ദേശീയ ജലപാത, മാരിടൈം ബോർഡ് രൂപീകരിച്ചുകൊണ്ട് അഴീക്കൽ ഉൾപ്പെടെയുള്ള വലിയതോതിൽ ചരക്കു കൈകാര്യം ചെയ്യാവുന്ന തരത്തിൽ തുറമുഖ വികസനം, ദേശീയപാത നാലുവരിയാക്കൽ, മലയോര, തീരദേശ ഹൈവേകൾ, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി വാട്ടർ മെട്രോ, അതിവേഗ റെയിൽപാത തുടങ്ങി കേരളത്തെ വ്യവസായ കേന്ദ്രമാക്കാൻ കഴിയുന്ന തരത്തിലുള്ള കുതിപ്പാണ്.

വ്യവസായ നിക്ഷേപത്തിന്‌ സുരക്ഷിതം

കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലായി കിൻഫ്ര പ്രത്യേകോദ്ദേശ്യ കമ്പനിയായി വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിന്‌ കിഫ്ബിയിൽ വകയിരുത്തിയിരിക്കുന്നത്‌ 12170 കോടിയാണ്. കൊച്ചി പെട്രോ കെമിക്കൽ പാർക്കിനായി കിഫ്ബി ധനസഹായത്തോടെ 977 കോടി രൂപയുടെ ഭൂമി ഏറ്റെടുത്തു. ഇതേസമയം, കേന്ദ്ര സർക്കാർ ചെയ്യുന്നത് വിമാനത്താവളങ്ങളും കൽക്കരി ഖനികളും റെയിൽവേയും മഹാരത്നപദവിയുള്ളവയുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും ഐസ്ആർഒ ഉൾപ്പെടെയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സൗകര്യങ്ങളും ആയുധ ഫാക്ടറികൾപോലും കോവിഡിന്റെ മറവിൽ കുത്തകകൾക്ക് ദാനം ചെയ്യുകയാണ്.

കേരളം വ്യവസായ നിക്ഷേപത്തിന്‌ സുരക്ഷിത ഇടമാണെന്ന്‌ നിക്ഷേപകരെ ബോധ്യപ്പെടുത്താൻ ഈ സർക്കാരിനു കഴിഞ്ഞതിന്റെ ഫലമാണ് കൊച്ചിയിൽ നടന്ന അസെൻഡ് വ്യവസായസംഗമത്തിൽ നിക്ഷേപകരുടെ പ്രതികരണം. മുമ്പ്‌ വിവിധ യുഡിഎഫ് സർക്കാരുകൾ നടത്തിയ ജിം, എമർജിങ്‌ കേരള, പാർട്ണർ കേരള, യെസ് തുടങ്ങിയവ പോലുള്ള തട്ടിപ്പു വേദിയായിരുന്നില്ല ഇത്. നമ്മുടെ സംസ്ഥാനത്തെ രാജ്യത്തെ അഞ്ച്‌  മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റി  അതുവഴി തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സർക്കാർ നടത്തിയ നിക്ഷേപസംഗമവും തുടർ നടപടികളും.

ഈ സാമ്പത്തികവർഷംമുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പിഎഫ് വിഹിതത്തിനു തുല്യമായ തുക, ആകെ തൊഴിലാളികളുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക, സബ്സിഡിയായി സർക്കാർ വ്യവസായസ്ഥാപന ഉടമയ്ക്കു നൽകുന്നു. ഇതിനായി 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  സംസ്ഥാന വ്യവസായത്തിന്റെ നട്ടെല്ലായ എംഎസ്എംഇ രംഗത്ത് ഈ സാമ്പത്തികവർഷം 15000 സംരംഭം എന്ന സർക്കാരിന്റെ  ലക്ഷ്യം സാധാരണക്കാർക്ക്  പ്രതീക്ഷയേകുന്നതാണ്. മൂന്നര വർഷംകൊണ്ട് 55740 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വഴി 5093 കോടി രൂപ  നിക്ഷേപം ആകർഷിക്കാനും അതുവഴി 1,94,175 തൊഴിലും സൃഷ്ടിക്കാനായി.

കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമായി. തീർന്നുകൊണ്ടിരിക്കുന്ന പദ്ധതിയിലെ പ്രാരംഭ പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുള്ള  ആലുവയിലെ  ഗിഫ്റ്റ് സിറ്റിക്ക് ഭരണാനുമതി നൽകിക്കഴിഞ്ഞു. ഈ പദ്ധതി വഴി ഒന്നേകാൽ ലക്ഷം തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്.  പാലക്കാട് 1800 ഏക്കറിൽ 10000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പ്രോജക്ടുകളിലൂടെ അഞ്ചുവർഷത്തിനകം ഒരു ലക്ഷത്തിലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. 160 കിലോമീറ്റർ നീളമുള്ള വ്യവസായ ഇടനാഴിക്കായി പണം കണ്ടെത്തുന്നത് കിഫ്ബി വഴിയാണ്.  കെഎഫ്സിയെ ശാക്തീകരിച്ച്‌ ഈ സാമ്പത്തികവർഷം 500 കോടി സംരംഭകത്വവായ്പ ഉറപ്പാക്കാൻ പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയും സാധ്യത പ്രയോജനപ്പെടുത്തി അവയുടെ പ്രാന്തപ്രദേശങ്ങളിൽ വ്യവസായ സമുച്ചയങ്ങളും ഗ്രോത്ത് കോറിഡോറും നിർമിക്കാനുള്ള പരിപാടി പ്രാരംഭ ദിശയിലാണ്.
മുൻ സർക്കാർ തകർത്തെറിഞ്ഞ പൊതുമേഖലാസ്ഥാപനങ്ങളെ കരകയറ്റുന്നതിന്‌ ഈ സർക്കാർ നടത്തിയ വിസ്മയാവഹമായ പ്രവർത്തനങ്ങളുടെ ഫലമായി 17 സ്ഥാപനം ലാഭത്തിലായി. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾക്കെല്ലാംകൂടി 121.8 കോടി ആകെ നഷ്ടമുണ്ടായിരുന്ന സ്ഥാനത്ത് 2018 –-19  അവസാനത്തോടെ 156 കോടി പ്രവർത്തനലാഭം നേടി.

കേന്ദ്രനയങ്ങൾ തിരുത്തണം

2015–- 16ൽ 3.24 കോടിമാത്രം ലാഭമുണ്ടായിരുന്ന കെഎംഎംഎൽ 2017–18 ൽ സൃഷ്ടിച്ചത്‌ 181.11 കോടി രൂപ ലാഭം. 2018–-19ൽ ഇത്‌ 163.29 കോടി. നഷ്ടത്തിൽ കഴിഞ്ഞിരുന്ന കെഎസ്ഡിപി, ഡബ്ല്യുഎച്ച്ഒ അംഗീകാരവും എൻഎബിഎൽ അക്രെഡിറ്റേഷനും നേടി ഉൽപ്പാദനലക്ഷ്യം 500 കോടിയിലേക്കു കുതിക്കുന്ന ആധുനിക മരുന്നുനിർമാണ ഫാക്ടറിയായി മാറി. യുഡിഎഫ് സർക്കാരിന്റെ അഴിമതി തട്ടകമായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം 2018–19 ൽ 200 കോടിയിലധികം വിറ്റുവരവും 18.37 കോടി ലാഭവും നേടി. കെഎഎൽ  ഇലക്ട്രിക് ഓട്ടോറിക്ഷ നിർമിക്കുന്ന രാജ്യത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമായി മാറി എന്നു മാത്രമല്ല ഇലക്ട്രിക് ബസുകൾ നിർമിക്കാനും തയ്യാറെടുക്കുന്നു. തകർന്നുകിടന്നിരുന്ന കെൽട്രോണിന്റെ ഇന്നത്തെ വിറ്റുവരവ് 550 കോടിക്കടുത്താണ്.

കേന്ദ്ര സർക്കാർ ആനുപാതികമായി നിക്ഷേപങ്ങളൊന്നും സംസ്ഥാനത്ത്‌ നടത്തുന്നില്ലെന്നതോ പോകട്ടെ  ബിപിസിഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ  സ്വകാര്യമേഖലയ്‌ക്ക് ദാനം ചെയ്യുകയാണ്. 3.3 ലക്ഷം കോടി വിറ്റുവരവുള്ള ബിപിസിഎല്ലിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 7135 കോടി രൂപ;  അതിനു മുൻവർഷം ഇത് 11968 കോടിയായിരുന്നു. തന്ത്രപ്രധാനമായ എണ്ണ വിപണിയുടെ 24ശതമാനം കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തെ വിൽക്കുന്നതുകൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും റിലയൻസിനു മാത്രമായിരിക്കും നേട്ടം. സംസ്ഥാനം ഫാക്ടിന്റെ 482 ഏക്കർ വാങ്ങി 15000 കോടി നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ  ഹബ്ബ് അനിശ്ചിതാവസ്ഥയിലാകും. ‘ആത്മ നിർഭർ ഭാരതത്തിന്റെ’ സംസ്ഥാനത്തെ ഇരകളാണ് എച്ച്എംടി, എച്ച്ഒസി, എച്ച്ഐഎൽ, ഫാക്ട്, എച്ച്എൽഎൽ, കപ്പൽശാല, കഞ്ചിക്കോട് ഐടിഐ തുടങ്ങിയവ. 56000 കോടി വിലയുള്ള ബെമലിനെ ഒന്നാം മോഡി സർക്കാർ വിൽക്കാൻ ശ്രമിച്ചത് കേവലം 518 കോടിക്കായിരുന്നെന്നത് ആരെയും ഞെട്ടിക്കും.  ഏറെ ശ്രമങ്ങൾക്കൊടുവിലാണ് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് സംസ്ഥാനത്തിന്‌ വിലയ്ക്കു കൈമാറാൻ തയ്യാറായത്. ഇപ്പോഴും കാസർകോട്‌  ബെൽ ഇഎംഎൽ കൈമാറുന്നതിന്‌ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ്. റിലയൻസിന്റെ താൽപ്പര്യാർഥം ബിഎസ്എൻഎൽ തകർത്തതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ തൊഴിൽ നഷ്ടപ്പെട്ടത്‌ അയ്യായിരത്തോളം പേർക്കാണ്. കോവിഡ് പ്രത്യാഘാതത്തെ തുടർന്ന് രാജ്യത്തെ വ്യവസായവളർച്ച കൂപ്പുകുത്തിയപ്പോഴും ഫോർബ്സ് മാഗസിൻ കണക്കുപ്രകാരം അംബാനിക്ക് 73 ശതമാനവും അദാനിക്ക് 61 ശതമാനവും വളർച്ച നേടാൻ കഴിഞ്ഞത് ഇത്തരം നയങ്ങൾകൊണ്ടാണ്.

കെ സ്വിഫ്റ്റ് ആവിഷ്കരിച്ച് വ്യവസായ വകുപ്പിനെ നിക്ഷേപക സഹായക വകുപ്പായി പരിണമിപ്പിക്കുന്നതിന്‌ ഈ സർക്കാർ നടത്തിയ മികച്ച ഇടപെടൽ ഫലം കാണുന്നുവെന്നുതന്നെയാണ് ഒരു വിഭാഗം മാധ്യമങ്ങളെ ചങ്ങാത്തത്തിലെടുത്തുകൊണ്ട് വിധ്വംസക രീതിയിൽ പ്രതിപക്ഷം സർക്കാരിനെതിരെ നിങ്ങുന്നതിൽനിന്ന്‌ വ്യക്തമാകുന്നത്.  സംസ്ഥാന വികസനത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് ഓർമിപ്പിക്കുന്നു.
 
(സിപിഐ എം പാർലമെന്ററി
പാർടി സെക്രട്ടറിയാണ്‌ ലേഖകൻ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top