25 April Thursday

ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ

അരക്കൻ ബാലൻUpdated: Tuesday Nov 22, 2022

കേരള സംസ്ഥാന കെെത്തറിത്തൊഴിലാളി കൗൺസിൽ പതിനഞ്ചാം സംസ്ഥാന സമ്മേളനം എറണാകുളം വടക്കൻ പറവൂരിൽ ചേരുകയാണ്‌. നിലനിൽപ്പിനായുള്ള ജീവിതസമരത്തിലാണ് സംസ്ഥാനത്തെ  കൈത്തറിത്തൊഴിലാളികളും കുടുംബവും. ഏറ്റവും ഒടുവിലെ സർവേ പ്രകാരം 1,26,000 തൊഴിലാളികളാണ് കെെത്തറി മേഖലയിൽ അവശേഷിക്കുന്നത്. വർഷങ്ങളായി ലഭിച്ചിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും പ്രത്യേക പാക്കേജുകളും നവലിബറൽ നയങ്ങളുടെ ഭാഗമായി കേന്ദ്ര ഭരണാധികാരികൾ കവർന്നെടുത്തതാണ് ഇവരുടെ ജീവിതം ദുരിതപൂർണമാക്കിയത്. ആഗോളവൽക്കരണ നയം വരുന്നതിനുമുമ്പ് കേരളത്തിൽനിന്ന് 350 കോടി രൂപയുടെ കൈത്തറി ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത് ഇന്ന് 100 കോടിക്കു താഴെയായി കുറഞ്ഞു. 

കോർപറേറ്റ് താൽപ്പര്യങ്ങൾക്കായി പരമ്പരാഗത വ്യവസായങ്ങളെ പാടേ തകർക്കുന്ന ദേശീയ സാഹചര്യത്തിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. ഇടതുപക്ഷ സർക്കാരിന്റെ അനുഭാവപൂർണമായ നയങ്ങൾ പ്രധാനമാണ്. മറ്റു പല മേഖലകളിലുമെന്നപോലെ സഹകരണപ്രസ്ഥാനത്തിന്റെ കരുത്തും കൈത്തറിമേഖലയിൽ സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്ത് നെയ്ത്ത് മേഖലയിലെ 86 ശതമാനം സഹകരണ അടിസ്ഥാനത്തിൽ സംഘടിച്ചവയാണ്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ക്ഷേമനിധി ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുന്നു. 

കൈത്തറി ഇന്നുള്ളതുപോലെ നിലനിൽക്കണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഷെയർ ക്യാപിറ്റൽ, കയറ്റുമതി പ്രോത്സാഹനം, ഹാൻവീവ്, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങൾക്ക് ഓഹരി പങ്കാളിത്ത വർധന, ഫാക്ടറി ടൈപ്പ് സംഘങ്ങൾ നവീകരിക്കാനുള്ള സഹായം, പ്രോസസ് യൂണിറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള സഹായം, പ്രൈമറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനുള്ള സഹായം, പ്രാദേശികാടിസ്ഥാനത്തിൽ ബ്രാൻഡുകൾക്കുള്ള സഹായം, കണ്ണൂരിൽനിന്ന് മാറ്റിയ എൻഎച്ച്ഡിസി ഓഫീസ് പുനഃസ്ഥാപിക്കൽ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഫലപ്രദമാക്കാനുള്ള നടപടി  എന്നിവ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.


 

സഹകരണ മേഖലയിലെയും മറ്റ് സ്ഥാപനങ്ങളിലെയും നെയ്ത്തുകാർക്ക് തറിയും അനുബന്ധ ഉപകരണങ്ങളും (അച്ച്, റക്ക) മുൻകാലങ്ങളിലേതുപോലെ സൗജന്യമായി നൽകണം. കൈത്തറി മേഖലയിലെ സ്ഥാപനങ്ങൾക്ക് റിബേറ്റ് യഥാസമയം അനുവദിക്കുകയും റിബേറ്റ് ദിവസങ്ങൾ വർധിപ്പിക്കുകയും വേണം. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ ഇൻകം സപ്പോർട്ട് സ്കീം തുടരണം. ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും വേണം. ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷനും ആനുകൂല്യങ്ങളും കാലോചിതമായി വർധിപ്പിക്കണം.

സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിൽ രണ്ടു ദിവസം കൈത്തറി/ഖാദി വസ്ത്രം ധരിക്കണമെന്ന എൽഡിഎഫ് സർക്കാർ പദ്ധതിയും സ്കൂൾ കുട്ടികൾക്ക് രണ്ടു ജോഡി യൂണിഫോം സൗജന്യമായി നൽകുന്ന പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കണം. ഹാൻഡ്‌ലൂം മാർക്ക് ഉൽപ്പന്നങ്ങൾക്ക് നിർബന്ധമാക്കുകയും ഇവയെ വാറ്റിൽനിന്ന് ഒഴിവാക്കുകയും വേണം. കൈത്തറി വ്യവസായത്തിന് പ്രത്യേക വകുപ്പ് കൊണ്ടുവരണം. ആയിരം രൂപവരെയുള്ള കൈത്തറി ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് അഞ്ച്‌ ശതമാനവും അതിനുമുകളിൽ 12 ശതമാനവും ജിഎസ്ടി കൈത്തറിമേഖലയെ സർവനാശത്തിലെത്തിക്കുമെന്നതിൽ സംശയമില്ല. ഇതുൾപ്പെടെ കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തിക്കാനുള്ള യോജിച്ച പ്രക്ഷോഭവും കെെത്തറിത്തൊഴിലാളി കൗൺസിൽ സംസ്ഥാനസമ്മേളനം മുമ്പാകെയുള്ള ഗൗരവമായ വിഷയമാണ്. കേരളത്തിലെ കൈത്തറി മേഖലയ്ക്ക് സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കുന്ന സംരക്ഷണവും പ്രോത്സാഹനവും ഈ മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും കഴിയുമെന്ന പ്രത്യാശ പകരുന്നു.

(കേരള സംസ്ഥാന കെെത്തറിത്തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top