24 April Wednesday

രാജ്ഭവൻ മാർച്ച് എന്തിന്, ആർക്കുവേണ്ടി - എ കെ ബാലൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022


കേരള സംസ്ഥാനം രൂപീകരിച്ചശേഷം ഇതുവരെ  28 ഗവർണർമാർ വന്നിട്ടുണ്ട്. എന്നാൽ, 28–-ാമത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ഗവർണർപദവി കേരളത്തിനു നൽകിയ അപമാനഭാരം സംസ്ഥാനത്തിന്‌ താങ്ങാൻ കഴിയുന്നതല്ല. ഇക്കാര്യത്തിൽ 10 ചോദ്യമുന്നയിക്കാൻ ഉദ്ദേശിക്കുന്നു.

1. മുൻ ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് വി വി ഗിരി മുതൽ മുൻ ചീഫ് ജസ്റ്റിസ് സദാശിവം വരെയുള്ളവർ ഇരുന്ന കസേരയിൽ ഇരിക്കാൻ താൻ അർഹനാണോ എന്ന് സ്വയംചിന്തിക്കാനുള്ള ഗവർണറുടെ ഔചിത്യബോധത്തെ കേരള ജനതയ്‌ക്ക് ഈ ഘട്ടത്തിലെങ്കിലും പ്രതീക്ഷിക്കാമോ.

2. ഗവർണർപദവിയിലിരുന്ന്‌ ഹിന്ദുത്വവക്താവാകുന്നതും ആർഎസ്എസുകാരനാണെന്ന് പ്രഖ്യാപിക്കുന്നതും ആർഎസ്എസുകാരന്റെ വീട്ടിൽ പോയി ആർഎസ്എസ് ദേശീയ തലവന്റെകൂടെ ഭക്ഷണം കഴിക്കുന്നതും ഇത് അഭിമാനത്തോടെ പുറംലോകത്തോട് പറയുന്നതും ഭരണഘടനാപദവിക്ക്  യോജിച്ചതാണോ. ഗവർണറല്ലാത്ത ആരിഫ് മൊഹമ്മദ് ഖാന് ഇതിനൊക്കെ അവകാശമുണ്ട്. അത് നിഷേധിക്കുന്നില്ല.

3. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് നേതൃത്വം കൊടുക്കുന്ന കമ്യൂണിസ്റ്റ് പാർടികൾ വിദേശനിർമിത ആശയങ്ങൾ ഇറക്കുമതി ചെയ്ത, ആക്രമണസ്വഭാവമുള്ളവരും സഹിഷ്ണുതയില്ലാത്തവരുമാണെന്നു പറയാൻ ഇതുവരെ കേരളം കണ്ട ഒരു ഗവർണറും തയ്യാറായിട്ടില്ല. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അങ്ങനെ പറയുന്നത്‌ വഹിക്കുന്ന സ്ഥാനത്തിന് അലങ്കാരമാണോ.

4. പ്രഗത്ഭരായ അക്കാദമീഷ്യനും പണ്ഡിതനുമായ വിസിയെ ക്രിമിനലെന്നും ലോകപ്രസിദ്ധ ചരിത്രകാരനെ ഗുണ്ടയെന്നും  പ്രഗത്ഭനായ പാർലമെന്റേറിയൻ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞ ഒരു മന്ത്രിയെ വിവരമില്ലാത്തവനെന്നും പ്രകോപനപരമായി വിളിച്ചുകൂവുന്നത് ആ കസേരയ്‌ക്ക് യോജിച്ചതാണോ.

5. നിയമസഭ ചർച്ച ചെയ്ത് അംഗീകരിച്ച് പാസാക്കിയ നിയമങ്ങൾ ഒപ്പിടാതെ അനന്തമായി നീട്ടിവയ്‌ക്കുന്നത് ഏതു ഭരണഘടനാ വ്യവസ്ഥയുടെ പിൻബലത്തിലാണ്. ഇങ്ങനെയൊരു സമീപനം  മുൻ ഗവർണർമാർ സ്വീകരിച്ചിട്ടുണ്ടോ.

6. സാങ്കേതികത്വത്തിന്റെ പേരിൽ, സാങ്കേതിക സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പറഞ്ഞ   പ്രത്യേക കേസിൽ കോടതിയിൽ കേസില്ലാത്ത മറ്റ് ഒമ്പത്‌ വിസിമാരോട്‌ രാജിവച്ചൊഴിയാൻ ആവശ്യപ്പെട്ട  സംഭവം ഏതു നീതിബോധത്തിന്റെ ഭാഗമാണ്. ഈ നടപടി കേരള ഹൈക്കോടതി തടഞ്ഞിട്ടും കുറ്റബോധം തോന്നാത്തത് എന്തുകൊണ്ടാണ്. വിസിമാരുടെ ശമ്പളം മുൻകാലപ്രാബല്യത്തിൽ തടയുമെന്നു പറയാൻ ഗവർണർക്ക് ആര് അധികാരം തന്നു.

7.  സ്വാഭാവികനീതി പാലിക്കാതെ, വിശദീകരണം ചോദിക്കാതെ 15 സെനറ്റ് മെമ്പർമാരുടെ  അംഗത്വം റദ്ദാക്കിയ നടപടി കേട്ടുകേൾവിയുള്ളതാണോ. മന്ത്രിയിലുള്ള തന്റെ ‘പ്രീതി’ നഷ്ടപ്പെട്ടതിനാൽ ഒരു മന്ത്രിയോട് രാജിവയ്‌ക്കാൻ പറഞ്ഞതും മന്ത്രിക്കെതിരെ അപവാദപ്രചാരണം നടത്തുന്നതും ആരുടെ പ്രേരണയിലാണ്. ഗവർണറുടെ പ്രീതി വ്യക്തിപരമല്ല, അത് ഭരണഘടനാപരമായ പ്രീതിയാണ്. ഇത് ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധിയും കീഴ്വഴക്കങ്ങളും  ഭരണഘടനാ ഉത്തരവാദിത്വങ്ങളെല്ലാം മറന്ന് മന്ത്രിയിൽ ‘പ്രീതി’ നഷ്ടപ്പെട്ടത്‌ ഏതു സമ്മർദത്തിന്റെ ഭാഗമാണ്‌.

8. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ എല്ലാ വഴിവിട്ട നടപടികളും സ്വീകരിച്ചിട്ടും  ഉന്നതതലത്തിൽ സമ്മർദമുണ്ടായിട്ടും  മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്നു പറയാൻ ഗവർണർ ആധികാരികമായി ഉയർത്തിക്കാട്ടുന്നത്‌  സ്വർണക്കള്ളക്കടത്തുകേസിലെ പ്രതി എഴുതിയ പുസ്തകമല്ലേ. ഇതിന് ഖുറാന്റെയും ബൈബിളിന്റെയും ഗീതയുടെയും പവിത്രത നൽകാൻ ഗവർണർ തയ്യാറാകാതിരുന്നത് മലയാളിയുടെ ഭാഗ്യം. ഇത്തരം പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്.

9. ഭരണഘടനാ വിരുദ്ധമായി, സുപ്രീംകോടതി വിധിക്കെതിരായി, താൽപ്പര്യമുള്ള ചില പ്രത്യേക വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് എഴുതിയ എല്ലാ കത്തും പ്രസിദ്ധീകരിക്കാൻ തയ്യാറുണ്ടോ. അപ്രസക്തമായചില കത്തുകൾ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നുവല്ലോ.

10. മുമ്പ്‌ ജസ്റ്റിസ് സദാശിവം ഗവർണറായിരുന്ന ഘട്ടത്തിൽ രാജ്ഭവനിൽ വഴിവിട്ട മാർഗത്തിൽ ഇടപെട്ടപ്പോൾ അതിനു വഴങ്ങാതിരുന്ന ഗവർണറെ ഭീഷണിപ്പെടുത്തിയെന്നും  ആ കസേരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നതാണ് ഇതിനേക്കാളും നല്ലതെന്നും  പറഞ്ഞ് അപമാനിച്ച   ബിജെപി നേതാവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിരുന്നോ.

തലച്ചോറിനെ സ്വാധീനിച്ച ഹിന്ദുത്വ ആശയം മനസ്സിനെ ഭ്രാന്താവസ്ഥയിൽ എത്തിച്ചതാണല്ലോ ഗാന്ധി വധവും അയോധ്യാ പ്രശ്നവും ഗുജറാത്ത് കൂട്ടക്കൊലയും. അതിനു നേതൃത്വം കൊടുത്ത ഫാസിസ്റ്റ് ശക്തികളുടെ രാഷ്ട്രീയ സംഹിതയാണ് ഹിന്ദുത്വ വർഗീയത. ഈ ആശയം വിദ്യാഭ്യാസരംഗത്ത് പകർത്തി ഒരു തലമുറയെ നശിപ്പിക്കാനുള്ള ഗൂഢതന്ത്രം തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടാണ് കേരള സർക്കാർ വിദ്യാഭ്യാസരംഗത്തെ ജനാധിപത്യപരമായി, ശാസ്ത്രീയമായി വികസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്.

ഈ കടമ ഒരു പരിധിവരെ പൊതുവിദ്യാഭ്യാസരംഗത്ത് ഒന്നാം പിണറായി സർക്കാർ  നടപ്പാക്കിയത് ലോക പ്രശസ്തി നേടിയതാണ്. ഇനി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടപെടുകയാണ്. ഇതിന്റെ മാറ്റം കണ്ടുതുടങ്ങി. വ്യക്തിമുദ്ര പതിപ്പിച്ച വിസിമാരെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് നിയമിച്ചു. ഇത് ചാൻസലറായ ഗവർണറാണ് നിയമിച്ചത്. നിയമിച്ചത് എല്ലാ നടപടിക്രമവും പാലിച്ചാണ്. ഇതിൽ എവിടെയെങ്കിലും വീഴ്ചയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനല്ല. മാത്രമല്ല, സുപ്രീംകോടതി  നടപടിക്രമത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ, നിയമിക്കപ്പെട്ടവരുടെ അക്കാദമിക് നിലവാരത്തെ ചോദ്യം ചെയ്തിട്ടുമില്ല.

ഇന്ന് കേരളത്തിലെ യൂണിവേഴ്സിറ്റികൾ രാജ്യത്ത്  മുമ്പന്തിയിൽ നൽക്കുന്നവയാണ്‌. അതിന്റെ ഭാഗമായാണ് കേരളാ യൂണിവേഴ്സിറ്റിക്ക് ചരിത്രത്തിലാദ്യമായി ദേശീയ പരിശോധനാ സമിതിയുടെ ശുപാർശപ്രകാരം എ++ ഗ്രേഡ് ലഭിച്ചത്. സംസ്കൃത സർവകലാശാലയ്‌ക്കും കൊച്ചി സർവകലാശാലയ്‌ക്കും കോഴിക്കോട് സർവകലാശാലയ്‌ക്കും എ+ ലഭിച്ചു. ഡിജിറ്റൽ സർവകലാശാലയും  ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ എടുത്തുപറയേണ്ട നേട്ടമാണ്.

പുതിയ സാഹചര്യത്തിൽ ജ്ഞാനോൽപ്പാദനത്തിനുള്ള പ്രാപ്തി സൃഷ്ടിച്ച് കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റി നവകേരള സൃഷ്ടിക്കായി ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയെയും  ഉള്ളടക്കത്തെയും മാറ്റുകയാണ്. ഈ ദിശയിൽ നിർദേശങ്ങൾ അടങ്ങിയ മൂന്ന് കമീഷനുകളുടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ലഭിച്ചു. ഇവിടെ കാവി വിദ്യാഭ്യാസത്തിന് സ്ഥാനമുണ്ടാകില്ല. അത് പൂർണമായും ജനാധിപത്യപരവും ശാസ്ത്രീയവും ഹിന്ദുത്വ രാഷ്ട്രീയം ഉൽപ്പാദിപ്പിക്കുന്ന ആശയത്തെ പ്രതിരോധിക്കുന്നതുമായിരിക്കും.

ഈ ദൗത്യം കേരളം ഏറ്റെടുത്തിരിക്കുകയാണ്. അപ്പോഴാണ് കേന്ദ്ര സർക്കാർ കേരള ഗവർണറെ ഉപയോഗപ്പെടുത്തി ഈ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇത് കേരള ജനത തിരിച്ചറിണം. അതിന്റെ ഉജ്വല പ്രകടനമാണ് ഒരു ലക്ഷംപേർ പങ്കെടുക്കുന്ന 15ന്റെ രാജ്ഭവൻ മാർച്ച്. ജില്ലകളിലും സമാനമായ ജനമുന്നേറ്റം സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കും. ഒരു ഹിന്ദുത്വവാദിക്ക് മാനവികത ഉയർത്തിപ്പിടിക്കുന്ന യഥാർഥ മതവിശ്വാസിയാകാൻ കഴിയില്ല. അത് ഹിന്ദുത്വ വർഗീതയുടെ രാഷ്ട്രീയ ഭീകരരൂപമാണ്. ഈ സ്ഥിതിയിൽനിന്ന്‌ ഇനിയെങ്കിലും ഗവർണർ രക്ഷപ്പെടുമോ. 15-ന്റെ മതനിരപേക്ഷ ജനരോക്ഷം ഗവർണറുടെ കണ്ണ് തുറപ്പിക്കുമോ. കേരളീയരുടെ എല്ലാം മനസ്സിൽ ഉയരുന്ന ചോദ്യമാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top