20 April Saturday

ഗവർണറുടെ ‘സന്തോഷം’ - ബാബു പ്രകാശ് വി കെ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 29, 2022


കേരളധനമന്ത്രിയോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി വീണ്ടും വിവാദത്തിന്  തിരികൊളുത്തിയതാണല്ലോ പുതിയ സംഭവം. ഗവർണർക്ക് അത്തരത്തിൽ തന്റെ സന്തോഷം അഥവാ പ്രീതി (pleasure) പിൻവലിക്കാൻ കഴിയുമോ? അപ്രകാരം സന്തോഷം പിൻവലിച്ചാൽ എന്തായിരിക്കും സ്ഥിതി? ഇതൊന്നു പരിശോധിക്കാം.

നമ്മുടേത് പാർലമെന്ററി ജനാധിപത്യഭരണ സംവിധാനമാണ്. അതിൽ ക്യാബിനറ്റ് മന്ത്രിസഭാ സമ്പ്രദായത്തിലാണ് ഭരണം നടക്കുന്നത്. ഇംഗ്ലണ്ടിൽനിന്ന് സ്വീകരിച്ച രീതിയാണിത്. ഇതാണ് സംസ്ഥാന ഭരണത്തെ സംബന്ധിച്ച് ഭരണഘടന അനുച്ഛേദം 164 വ്യക്തമാക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളിൽനിന്ന്‌ ഭരണത്തിനായി മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റ മന്ത്രിമാരെയും വിജയിച്ച ഭൂരിപക്ഷ കക്ഷി തെരഞ്ഞെടുക്കുന്നു. അവരെ ഗവർണർ നിയമിക്കുന്നു. ഗവർണർ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത ഭരണത്തലവനാണ്. ഭരണത്തലവനാണെങ്കിലും ഗവർണറിൽ ഭരണാധികാരം നിക്ഷിപ്തമല്ല. ഗവർണറുടെ പേരിൽ മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. നയം തീരുമാനിക്കുന്നതും അത് നടപ്പാക്കാനായി നിയമം നിർമിക്കുന്നതും മന്ത്രിസഭയാണ്. നോമിനേറ്റഡ് ഗവർണർക്ക് ഭരണത്തിൽ ഇടപെടാൻ അധികാരമില്ല. തന്റെ മന്ത്രിമാരെ തീരുമാനിക്കാനും അവരെ നിയമിക്കാനും അവരെ പിൻവലിക്കാനും ശുപാർശ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. മന്ത്രിമാർ രാജിക്കത്ത് നൽകുന്നത് മുഖ്യമന്ത്രിക്കാണ്. ഇതിനിടയിൽ ഗവർണർക്ക് ഭരണഘടന ഒരു റോളും നൽകുന്നില്ല. ഭരണഘടനയിൽ ഇക്കാര്യത്തിൽ ഗവർണർക്ക് ഒരു വിവേചനാധികാരവും നൽകിയിട്ടുമില്ല. അനുച്ഛേദം 164 മുതൽ 200 വരെ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

അതുപോലെ ഗവർണറുടെ വ്യക്തിപരമായ സന്തോഷമല്ല അനുച്ഛേദം 164 വിഭാവനം ചെയ്യുന്നതും. ഭരണഘടനാ ചുമതലയാണത്. അത് വിവേചനാധികാരമായി ഉപയോഗിച്ച് സന്തോഷം ഗവർണർക്ക് തോന്നുമ്പോൾ പിൻവലിക്കാനുള്ളതുമല്ല. മന്ത്രിസഭയ്‌ക്ക് ഭൂരിപക്ഷം ഉള്ളിടത്തോളം, മുഖ്യമന്ത്രിക്ക്  മന്ത്രിമാരിൽ വിശ്വാസം ഉണ്ടായിരിക്കുന്നിടത്തോളം ഗവർണറുടെ സന്തോഷവും അതോടൊപ്പം ഭരണഘടന വാഗ്ദാനം ചെയ്യുന്നു. ഭരണഘടനാ വിരുദ്ധമായി മന്ത്രിമാർ പ്രവർത്തിച്ചാൽ അത് ചൂണ്ടിക്കാട്ടി തിരുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തെഴുതാം എന്നല്ലാതെ തന്റെ സന്തോഷം പിൻവലിച്ച് മന്ത്രിസഭയെ തകിടം മറിക്കാനുള്ള ഒരധികാരവും ഭരണഘടന ഗവർണർക്ക് നൽകുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം വിവേചനാധികാരമെന്ന ഇല്ലാത്ത അധികാരം ഉയർത്തിക്കാട്ടി സന്തോഷം പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ല. കാരണം ഭരണഘടന സ്പഷ്ടമായി അത്തരം ഒരധികാരം ഗവർണർക്ക് നൽകിയിട്ടില്ല.

ഗവർണറുടെ സന്തോഷം എന്നത് ഭരണഘടനയുടെ അനുച്ഛേദം 164ലാണ് വരുന്നത്. അതിന്റ അർഥവ്യാപ്തി ഗവർണറുടെ വ്യക്തിപരമായ സന്തോഷമല്ലെന്ന് സുപ്രീംകോടതി കാലാകാലങ്ങളിൽ വ്യാഖ്യാനിച്ച് സ്ഥാപിച്ചിട്ടുണ്ട്. 1974ലെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഷംസേർ സിങ്‌ കേസിൽ പറഞ്ഞത്, രാഷ്‌ട്രപതിയും ഗവർണറും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കേണ്ടത് എന്നാണ്. സംസ്ഥാന ഭരണകൂടത്തിന്റെ തലവനായാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതായത്, മന്ത്രിസഭയുടെ പരസ്പര വിശ്വാസം ഉണ്ടായിരിക്കുന്നിടത്തോളം, മുഖ്യമന്ത്രിക്ക് തന്റെ മന്ത്രിമാരിൽ വിശ്വാസമുള്ളിടത്തോളം, മന്ത്രിസഭയ്‌ക്ക് ഭൂരിപക്ഷമുള്ളിടത്തോളം ഗവർണറുടെ സന്തോഷവും അതോടൊപ്പം ഭരണഘടന വാഗ്ദാനം ചെയ്യുന്നു.

ഗവർണർക്ക് വിവേചനാധികാരം വളരെ കുറവാണെന്നും രാഷ്‌ട്രപതിക്ക്‌ വിവേചനാധികാരം ഒട്ടുമില്ലെന്നും 2016ൽ നബാം റേബിയ കേസിൽ സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് ഭൂരിപക്ഷമുള്ള കാലത്തോളം സർക്കാരിനെയും നിയമസഭയെയും മറികടക്കാൻ ഗവർണർക്ക് ഒരധികാരവും ഭരണഘടന നൽകുന്നില്ലെന്ന് പ്രസ്തുത കേസിൽ സുപ്രീംകോടതി പറയുന്നു. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിനായി നിയമസഭ പാസാക്കുന്ന നിയമത്തിന് ഭരണഘടനാ സാധുത ഉണ്ടെന്നാണ് നിയമം പറയുന്നത്. അത് ലഭിച്ചു കഴിഞ്ഞാൽ കാലതാമസം കൂടാതെ അംഗീകരിക്കുകയോ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയോ അതല്ല കൺകറന്റ് ലിസ്റ്റിലെ വിഷയമാണെങ്കിൽ രാഷ്‌ട്രപതിക്കയക്കുകയും ചെയ്യാമെന്ന് അനുച്ഛേദം 200 പറയുന്നു. എന്നാലത് കഴിവതും വേഗത്തിൽ ചെയ്യണമെന്നും അല്ലാതെ നിയമസഭ പാസാക്കിയ ബില്ലിൽ അടയിരിക്കരുതെന്നും സുപ്രീംകോടതി പറയുന്നു. ഗവർണറുടെ നടപടികൾ കോടതിയിൽ ചോദ്യം  ചെയ്യാൻ പാടില്ലെന്ന് അനുച്ഛേദം 361 പറയുന്നു. എന്നാലത് ഗവർണറുടെ നിയമപരമായ നടപടികൾക്കുള്ള സംരക്ഷണമാണ്. ബില്ലൊപ്പിടാതെയോ  തിരിച്ചയക്കാതെയോ അന്യായ കാലതാമസം വരുത്തുന്നതോ ആയ പ്രവൃത്തികൾക്ക് നിയമസംരക്ഷണം ലഭിക്കില്ലെന്നും അത്തരം ദുരുദ്ദേശ്യപരമായ കാര്യങ്ങൾക്ക് അനുച്ഛേദം 361ന്റ സംരക്ഷണം ലഭിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.

2006ൽ രാമേശ്വര പ്രസാദ് കേസിലും ഭരണഘടനാ ബെഞ്ച് പറഞ്ഞത് ഗവർണറുടെ വിവേചനാധികാരം ഭരണഘടന പ്രത്യക്ഷത്തിൽ പറയുന്നതിനപ്പുറം കടക്കുന്നതല്ല എന്നാണ്. 2013ൽ ആർ എമേത്തയുടെ കേസിൽ സുപ്രീംകോടതി പറഞ്ഞത്, ഭരണഘടന പ്രത്യക്ഷത്തിൽ നിഷ്കർഷിക്കുന്നവയൊഴിച്ച് എല്ലാ സന്ദർഭങ്ങളിലും മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അല്ലാത്ത തീരുമാനങ്ങൾക്ക് ഭരണഘടനയുടെ പരിരക്ഷയില്ലാത്തതിനാൽ ഭരണഘടനാ വിരുദ്ധമാകും.

മുഖ്യമന്ത്രിയുടെ ശുപാർശയിലൂടെയാണ് ഗവർണർ മറ്റ് മന്ത്രിമാരെ നിയമിക്കുന്നത്. നിയമിക്കുന്നു എന്നത് ഭരണഘടന നൽകുന്ന ഒരു അധികാരമാണ്. നിയമിക്കാൻ അധികാരമുണ്ട് അതിനാൽ മന്ത്രിമാരെ നീക്കം ചെയ്യാനും പിൻവലിക്കാനും അധികാരമുണ്ടെന്ന് വ്യാഖ്യാനിക്കാനാകില്ല. അപ്രകാരം അധികാരം ഭരണഘടനയുടെ അനുച്ഛേദം 164 ഗവർണർക്ക് നൽകുന്നില്ല. മന്ത്രിയെ നീക്കാൻ മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമാണ്. തനിക്ക് വിവേചനാധികാരമുണ്ട്, അതിനാൽ മന്ത്രിമാരെ പിൻവലിക്കാൻ കഴിയുമെന്ന് ഗവർണർ കരുതുന്നത് ഫെഡറൽ സ്വഭാവത്തിന് എതിരാണ്. അത് ഭരണഘടനയുടെ അടിസ്ഥാന ഘടനാ പ്രമാണത്തിനെതിരാണ് (basic structure).

ഗവർണറും മന്ത്രിസഭയും പരസ്പര വിശ്വാസത്തിൽ പൂരകമായി പ്രവർത്തിക്കേണ്ടതാണ്. തന്റെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഗവർണർ കരുതേണ്ടത്. അല്ലാതെ താൻ ഹെഡ്മാസ്റ്ററും മുഖ്യമന്ത്രിയും മന്ത്രിമാരും തന്റെ സ്കൂളിലെ വിദ്യാർഥികളും അതിനാൽ താൻ വിചാരിച്ചാൽ ക്ലാസിൽനിന്ന് പുറത്താക്കുമെന്ന് കരുതുന്നത് അപക്വമാണ്. ഭരണഘടനാപദവി വഹിക്കുന്നവർ പക്വതയോടെയും പരിപാവനതയോടെയും ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം.

(കേരള നിയമസഭ മുൻ സെക്രട്ടറിയാണ്‌
 ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top