07 June Wednesday

ഗവർണറുടെ തീരുമാനം അന്തിമമല്ല - ഡോ. ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. രാജ്യതലസ്ഥാനംമുതൽ രാജ്ഭവൻവരെയും ഫാസിസ്റ്റ് പ്രവണതകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, അതിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടമാണ് ജനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഹൈക്കോടതിയുടെ പ്രഹരം ലഭിച്ചിരിക്കുന്നു. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വിധിച്ചു. താൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഗവർണർ പ്രീതി പിൻവലിച്ചത്. ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി വേണം ‘പ്രീതി' തത്വത്തെ പ്രയോഗിക്കേണ്ടത്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല, മറിച്ച് നിയമവിരുദ്ധമായി എന്തെങ്കിലും അവർ ചെയ്തോ എന്നതാണ് നോക്കേണ്ടത്.

സെനറ്റ്അംഗങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല. അപ്രകാരം ഒന്നും ഗവർണർക്ക് തെളിയിക്കാനുമായില്ല. തനിക്കെതിര പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച്, അവരെ പുറത്താക്കിയ നടപടി സ്വാഭാവിക നീതിയുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ്. നോമിനേറ്റ് ചെയ്യപ്പെട്ടവരാണെങ്കിലും സെനറ്റ് അംഗങ്ങൾക്ക് നിയമപരമായ അവകാശങ്ങളുണ്ട്. ഏകപക്ഷീയമായി, അതിനെ അട്ടിമറിക്കാൻ ആർക്കും അധികാരമില്ല. നേരത്തേ സാങ്കേതിക സർവകലാശാലയിലെ (കെടിയു) ഭരണസമിതി കൈക്കൊണ്ട തീരുമാനങ്ങൾ റദ്ദ് ചെയ്ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നു. മുൻകൂട്ടി അറിയിക്കാതെയും വിശദീകരണം ആരായാതെയും ജനാധിപത്യ ഭരണസമിതികളുടെ തീരുമാനങ്ങൾ റദ്ദാക്കാൻ തനിക്ക് അധികാരമുണ്ടെന്ന ഗവർണറുടെ ധാർഷ്ട്യം തോറ്റു.

സാങ്കേതിക സർവകലാശാലയിലെ വിസി ആയി ഡോ. സിസ തോമസിനെ നിയമിച്ചതും ചട്ടവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി. സർക്കാർ ശുപാർശ മാനിക്കാതെ സ്വമേധയാ ഗവർണർ നടത്തിയ നിയമനം തെറ്റായിരുന്നു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെയും ഡിവിഷൻ ബെഞ്ച്‌ അസാധുവാക്കിയിട്ടുണ്ട്. ഇങ്ങനെ തുടർച്ചയായ വിധികൾ അമിതാധികാര പ്രവണതയ്ക്കെതിരെയുള്ള മുന്നറിയിപ്പാണ്.

കേന്ദ്ര-–- സംസ്ഥാന ബന്ധങ്ങൾ  സംഘർഷാത്മകമാകുകയും ഗവർണർമാർ രാഷ്ട്രീയ ആയുധമായും മാറിയ കാലത്ത് ഇത്തരം വിധികൾക്ക് വലിയ പ്രാധാന്യമുണ്ട്. അധികാര വിഭജനവും നിയമനിർമാണ പരിധിയും ഭരണഘടനയിൽ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും കേന്ദ്രം മാനിക്കുന്നില്ല. സംസ്ഥാന സർക്കാരുകളുടെ അധികാരത്തെ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. കേന്ദ്രഭരണത്തിന്റെ പ്രതിനിധിയായ ഗവർണർമാരെ ഇതിനായി ഉപയോഗിക്കുന്നു. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾക്ക് മുൻകൈയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാതെ ഗവർണർമാർ ഭരണസ്തംഭനം സൃഷ്ടിക്കുകയാണ്. തെലങ്കാനയിൽ  ഇപ്രകാരം പത്തു ബില്ലിന്‌ അംഗീകാരം നൽകാത്ത ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ നിലപാടിനെതിരെ ടിആർഎസ് നേതൃത്വത്തിലുള്ള  സർക്കാർ സുപ്രീംകോടതിയിൽ പോയി.

ഡൽഹിയിലെ ആം ആദ്മി പാർടി സർക്കാരിനെ നിയന്ത്രിക്കാൻ കേന്ദ്രം കടുത്ത നിയമഭേദഗതികൾ കൊണ്ടുവന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലിലടച്ചു. പ്രതിപക്ഷത്തെ പ്രമുഖ നേതാവായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും അസംബ്ലി അംഗവുമായ കെ കവിതയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും സംസ്ഥാനങ്ങളുടെ അധികാരത്തെയും മാനിക്കാത്ത കേന്ദ്ര സർക്കാർ ഫെഡറലിസത്തിന് കളങ്കമാണ്. ഗവർണറുടെ അധികാരവും പദവിയും സംബന്ധിച്ച വിഷയത്തിൽ ഭരണഘടനാ രൂപീകരണകാലംമുതൽ തർക്കമുണ്ട്.  ഗവർണറും സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടൽ പുതിയ കാര്യമല്ല. എന്നാൽ, ഇപ്പോൾ സ്ഥിതി ഗൗരവതരമാണ്. ഫാസിസ്റ്റ് സ്വഭാവം പേറുന്ന ആർഎസ്എസിനാൽ നയിക്കപ്പെടുന്ന ഒരു സർക്കാരാണ് അധികാരത്തിലിരിക്കുന്നത്. സംസ്ഥാന ഗവർണർമാർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ, മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർ എന്നിവരെ സംഘപരിവാറിനായി കളത്തിലിറക്കി. ഇവരെല്ലാം ചേർന്ന് ഫെഡറൽ ചട്ടക്കൂടിന് കനത്ത പ്രഹരമേൽപ്പിച്ചു. 

ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്‌ട്രപതിയോട്‌ ശുപാർശ ചെയ്യാനും സർവകലാശാല ചാൻസലർ പദവിയിൽനിന്ന്  ഒഴിവാക്കാനും സംസ്ഥാനങ്ങൾ നിർബന്ധിതമാകുന്നു. വിശ്വാസ വോട്ടെടുപ്പ്പോലുള്ള വിഷയങ്ങളിൽ ഗവർണർമാർ പാലിക്കേണ്ട മര്യാദയെപ്പറ്റി സുപ്രീംകോടതിക്ക്‌ ഓർമിപ്പിക്കേണ്ടി വന്നിരിക്കുന്നു. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ, വ്യവസ്ഥകൾക്ക് വിരുദ്ധമായി ഗവർണർമാർ ഇടപെടരുത്. ഇത്തരം സന്ദർഭങ്ങളിൽ ശരിയായ നിലപാട് സ്വീകരിക്കലാണ് പ്രധാനം. സ്വതന്ത്ര സ്വഭാവത്തോടെ ഗവർണർമാർ പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ഗവർണർ ഭഗത് സിങ് കോഷിയാരിയെയും സംസ്ഥാനത്തുണ്ടായ സവിശേഷ സാഹചര്യത്തെയുമാണ് കോടതി പരിഗണിച്ചത്. പഞ്ചാബിലെ ഗവർണർ ബൻവാരിലാൽ പുരോഹിത് ബജറ്റ് സമ്മേളനത്തിന് അനുമതി നൽകാത്തതിനെതിരെ പഞ്ചാബ് സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്‌നാട്ടിൽ നയപ്രഖ്യാപന പ്രസംഗ ദിവസം ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോയതും മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗത്തിൽ വ്യത്യാസം വരുത്തിയതും മതനിരപേക്ഷത, അംബേദ്കർ, പെരിയാർ, കാമരാജ് തുടങ്ങിയ ഭാഗങ്ങൾ പ്രസംഗത്തിൽനിന്ന് ഗവർണർ വെട്ടിമാറ്റിയതും പ്രകോപനത്തിന് കാരണമായി. തമിഴ്നാടിന്റെ പേരുമാറ്റണമെന്ന ഗവർണറുടെ നിലപാടും സർക്കാരിന്റെ എതിർപ്പ് ക്ഷണിച്ചുവരുത്തി. നേരത്തേ രാജീവ് വധക്കേസിലെ പ്രതികളുടെ ജയിൽമോചനത്തിൽ തമിഴ്നാട് രാജ്ഭവന്റെ നടപടികൾക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശം ചൊരിഞ്ഞിട്ടുണ്ട്.

തമിഴ്നാട് നിയമസഭ പാസാക്കിയ ഇരുപതു ബിൽ രണ്ടു വർഷമായി ഗവർണറുടെ ഓഫീസ് പിടിച്ചുവച്ചിരിക്കുകയാണ്.  ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  തമിഴ്നാട്ടിലെ ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ 52 എംപിമാർ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക്‌ നൽകി. ഭരണഘടനാ ചുമതലകൾക്ക് പുറമെയുള്ള വിഷയങ്ങളിൽ മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും ഉപദേശത്തിന് വിധേയമായിട്ടായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്നാണ് സങ്കൽപ്പമെങ്കിലും അത് അട്ടിമറിക്കപ്പെടുകയാണ്.

ജനാധിപത്യമാണ് ഭരണഘടനയുടെ ജീവരക്തം. ഇത് പ്രായോഗികമാകുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളിലൂടെയാണ്.  ഇന്ത്യ പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ്. ഇതിൽ ഏതെങ്കിലുമൊരു മൂല്യത്തെ നിഷേധിക്കാൻ ഗവർണർക്ക് അവകാശമില്ല. രാജ്യത്തെ പ്രതിപക്ഷ  കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശത്രുതാപരമായാണ് ഗവർണർമാർ പെരുമാറുന്നത്. കേരളത്തിൽ കണ്ണൂർ  സർവകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ പരസ്യമായി അവഹേളിച്ചു. കേരള വൈസ് ചാൻസലർ പ്രൊഫ. വി പി മഹാദേവൻപിള്ളയെ പരിഹസിച്ചു. കേരള സർവകലാശാലയിലെ 15 അംഗങ്ങളെ സെനറ്റിൽനിന്ന് പുറത്താക്കിയതും സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവിൽ മുഴുവൻ വിസിമാരെയും പുറത്താക്കാൻ ശ്രമിച്ചതും ധനമന്ത്രിയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതും അമിതാധികാരപ്രയോഗത്തിന്‌ ഉദാഹരണമാണ്. ലോകായുക്ത ഭേദഗതിബിൽ, സർവകലാശാല വിസി നിയമനത്തിന്റെ സെർച്ച് കമ്മിറ്റി സംബന്ധിച്ച ഭേദഗതിബിൽ, ചാൻസലർ സ്ഥാനത്തേക്ക് പ്രമുഖരെ നിയോഗിക്കുന്ന ഭേദഗതി എന്നിവ നിയമസഭ പാസാക്കിയിട്ടും ഗവർണർ തീരുമാനമെടുത്തില്ല. ഇത് ജനാധിപത്യ സർക്കാരിന്റെ അധികാരത്തെ ചോദ്യംചെയ്യുന്നതാണ്. ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ രാജ്യം മുഴുവൻ അധികാരമുള്ള ഗവർണർ ജനറലിനെക്കുറിച്ച് വിശദീകരിക്കുന്നു. വിശാലമായ അധികാരം ഗവർണർ ജനറലിന് ഉണ്ടാകും. ഓരോ പ്രവിശ്യയിലും ഓരോ ഗവർണറുണ്ടാകും. 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമപ്രകാരം (India independence Act) രണ്ട് സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുകയും അവയ്ക്ക് രണ്ടിനും ഓരോ ഗവർണർ ജനറലിനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, 1950ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ ഗവർണർ ജനറൽ പദവിയില്ല. ഗവർണർ പദവി തുടരുകയും ചെയ്തു.

ബ്രിട്ടീഷ് പ്രവിശ്യകളും നാട്ടുരാജ്യങ്ങളും സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയൻ രൂപീകരിക്കുമ്പോൾ സംസ്ഥാനങ്ങളുടെ പദവിയെപ്പറ്റി രാഷ്ട്രശിൽപ്പികൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1950ൽ ഭരണഘടന നിലവിൽ വന്നപ്പോഴും ഭാഷാ സംസ്ഥാനങ്ങൾ രൂപംകൊണ്ടപ്പോഴും ഈ കാഴ്ചപ്പാട് -അരക്കിട്ടുറപ്പിക്കുകയായിരുന്നു. എന്നാൽ, ഇന്ന് സംസ്ഥാനങ്ങളെ ദുർബലമാക്കുകയും കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾക്ക് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ഇത് ഇന്ത്യയെന്ന ആശയത്തിന്റെ പടിപടിയായുള്ള തകർച്ചയിലേക്ക് വഴിതെളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top