20 April Saturday

‘ ഗെറ്റൗട്ടി’നെ പടിക്ക് പുറത്താക്കിയവർ

ദിനേശ്‌ വർമUpdated: Wednesday Nov 9, 2022


ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ തിങ്കളാഴ്ച രണ്ട്‌ ചാനലുകളെ ‘ഗെറ്റൗട്ട്‌ ’ അടിച്ച നിമിഷംമുതൽ ചൂടുപിടിച്ച വിവാദവും ചർച്ചയും ചില വസ്തുതകളിലേക്ക്‌ ‘ടോർച്ച്‌’അടിച്ചു. ഗവർണറുടെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള മറയില്ലാത്ത കടന്നുകയറ്റമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പൊതുസമൂഹം ശക്തമായി പ്രതികരിച്ചു. എന്നാൽ, നിശ്ചയമായും ശക്തമായി പ്രതികരിക്കേണ്ടിയിരുന്ന മലയാള പത്രങ്ങൾ ജാഗ്രതയോടെ പ്രതികരിച്ചില്ലെന്നു മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുംവിധം വളച്ചൊടിക്കാനും ശ്രമിച്ചു.

‘വാർത്തയിൽ കലർപ്പ്‌ പാടില്ല,  എന്നാൽ, മുഖപ്രസംഗത്തിൽ പൂർണ സ്വാതന്ത്ര്യമാകാം’ എന്ന്‌ ‘ഗാർഡിയൻ’ പത്രാധിപർ സി പി സ്‌കോട്ട്‌. ദേശാഭിമാനിയും മാധ്യമവും കൂടാതെ  മലയാള മനോരമ മാത്രമാണ്‌ ഗവർണറുടെ നടപടിക്കെതിരെ മുഖപസംഗം എഴുതിയത്‌. അപ്പോഴും മാസങ്ങളായി ഗവർണർ തുടരുന്ന ജനാധിപത്യ–-ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ വിമർശിക്കാൻ മനോരമ തയ്യാറായില്ല. ഗവർണറുടെ ഭരണഘടനാ വിരുദ്ധ നടപടികളെ ചോദ്യംചെയ്തതിന്റെ തുടർചലനമാണല്ലോ ‘ഗെറ്റൗട്ട്‌’.  എങ്കിലും  പ്രതിഷേധത്തെ വിലകുറച്ചു കാണാനാകില്ല. സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളെന്ന്‌ അവകാശപ്പെടുന്ന മാതൃഭൂമി ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയേക്കാൾ വലുപ്പത്തിൽ ഇല്ലാത്ത മാധ്യമ നിയമത്തിന്റെ വാർത്തയാണ്‌ കൊടുത്തത്‌; മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരുന്നുപോലും. 1959ൽ ജനാധിപത്യവിരുദ്ധമായി കേരള സർക്കാരിനെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ ശക്തമായി എതിർത്ത കെ സുകുമാരന്റെ പാരമ്പര്യം പേറുന്നുവെന്ന്‌ അവകാശപ്പെടുന്ന കേരള കൗമുദി ‘ഗെറ്റൗട്ടി’ന്‌ ഒട്ടും കനം നൽകിയില്ല. വാർത്ത ഒന്നാം പേജിൽ ഇല്ല. കേരള സമൂഹത്തിനുതന്നെ അപകടകരമാംവിധം വെല്ലുവിളി ഉയർത്തുന്ന ഗവർണറുടെ നീക്കങ്ങളിൽ പത്രങ്ങൾക്ക്‌ തെല്ലും ആശങ്കയില്ല. ചന്ദ്രികയും മാധ്യമവും ജനയുഗവുമടക്കം ഗവർണറുടെ നടപടിയെ ശക്തമായി വിമർശിക്കുംവിധം വാർത്തയും പ്രതിഷേധങ്ങളും നൽകി.

അതേസമയം, ഗവർണറുടെ ജനാധിപത്യവിരുദ്ധത തുറന്നുകാണിക്കുന്നതിനു പകരം, അതിൽ മുഖ്യമന്ത്രിയെക്കൂടി കൂട്ടിക്കെട്ടി തെറ്റിദ്ധാരണ പരത്തുന്നതിൽ മുഖ്യധാരയിൽ യോജിപ്പുണ്ടായി. തലക്കെട്ടായും കാർട്ടൂണുകളായും അത്‌ നിറഞ്ഞുനിന്നു. സംഭവങ്ങളെ സമാനവൽക്കരിക്കുമ്പോൾ വസ്തുതയുടെ പിൻബലം വേണമെന്ന അടിസ്ഥാന യുക്തിപോലും പാലിച്ചില്ല. എന്നാൽ, ദേശാഭിമാനി ലേഖകനെ പുറത്താക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ വയനാട്ടിൽ ഭീഷണിപ്പെടുത്തിയ സംഭവമൊന്നും ഓർക്കാൻക്കൂടി ഇവർ തയ്യാറല്ല, പിന്നെയല്ലേ ഉപമിക്കൽ. ‘ചോര തന്നെ കൊതുകിന്‌ കൗതുകം’ എന്നല്ലാതെ മറ്റെന്തുപറയാൻ.

ഗവർണറെ കൊണ്ട്‌  സർക്കാരുകളെ വേട്ടയാടുന്ന മറ്റു ചില സംസ്ഥാനങ്ങളുമുണ്ടല്ലോ. അവിടങ്ങളിലെ മാധ്യമങ്ങൾ നാടിന്റെ പൊതുതാൽപ്പര്യം എങ്ങനെയാണ്‌ ഉയർത്തിപ്പിടിച്ചത്‌ എന്ന്‌ നമ്മുടെ ‘മുഖ്യധാരകൾ’ പരിശോധിക്കുന്നത്‌ നല്ലതാണ്‌.കേരളത്തിന്റെ പോരാട്ട ചരിത്രമോ തലകുനിക്കാത്ത മാധ്യമ പാരമ്പര്യമോ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അറിയാൻ ഇടയില്ല. കാരണം, സംഘപരിവാർ സമൂഹമാധ്യമ ഗ്രൂപ്പുകളാണ്‌ പ്രധാന ‘സോഴ്‌സ്‌’.
ഇന്ദിര ഗാന്ധിയെ ചൂണ്ടി  ‘ഈ സ്‌ത്രീ ജനങ്ങളുടെ കാരുണ്യം അർഹിക്കുന്നില്ല. 60 കോടി മനുഷ്യർക്ക്‌ മനുഷ്യാവകാശം നിഷേധിച്ച ഇവർ ഭാരതത്തിന്റെ വെറുക്കപ്പെടേണ്ട  ‘പുത്രി’യാണ്‌’ എന്ന്‌ മുഖപ്രസംഗം എഴുതിയ പത്രാധിപർക്കും പത്രത്തിനും പോറലേൽക്കാത്ത മണ്ണാണ്‌ ഇത്‌, ഓർക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top