05 July Tuesday

സാധ്യമാണ്‌, 
പ്രളയരഹിത കേരളം - അഡ്വ. കെ അനിൽകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനത്തിന്റെ ഭാഗമായി സംഭവിക്കുന്ന അതിതീവ്ര മഴയും ഏതുസമയത്തും എവിടെയും പ്രളയം സൃഷ്ടിക്കാം. 2018-ലെ മഹാപ്രളയം കേരളത്തിലെ ആദ്യത്തെ വെള്ളപ്പൊക്കമായിരുന്നില്ല. മലയാളവർഷം 99 അത്തരമൊരു വലിയ പ്രളയത്തിന്റെ ഭീതിദമായ ഓർമകൾ തലമുറകൾ കൈമാറി മലയാളിയുടെ മനസ്സിലുണ്ട്. മലകളിൽ മാത്രമല്ല, ഇടനാട്ടിൽ ഉൾപ്പെടെ പെയ്‌തിറങ്ങിയ അതിവൃഷ്ടിക്കൊപ്പം കായലും കടലും വേലിയേറ്റത്തിന്റെ പ്രഭാവത്താൽ വെള്ളം നദികളിൽനിന്ന് സ്വീകരിക്കാതിരുന്നതുമാണ് വലിയൊരു പ്രളയത്തിലേക്ക് തള്ളിവിട്ടത്. അണക്കെട്ടുകൾ തുറന്നുവിട്ടതിനാലാണ് പ്രളയമുണ്ടായതെന്ന മുറിവൈദ്യന്മാരുടെ കുറിപ്പടികൾ ഏറെ പ്രചരിച്ചെങ്കിലും അണക്കെട്ടിന്റെ മേൽത്തട്ടിലൂടെ അധികജലം മാത്രമാണ് ഒഴുക്കാറുള്ളതെന്നും അതിനപ്പുറമൊന്നും അക്കൊല്ലവും സംഭവിച്ചില്ലെന്നും വ്യക്തമായി. സിൽവർ ലൈൻ ഉൾപ്പെടെ ഏതു വികസനപ്രവർത്തനത്തെയും എതിർക്കുന്ന കാലാവസ്ഥാ വിദഗ്ധർ, കേരളത്തിൽ മാത്രമായി കാലാവസ്ഥാ വ്യതിയാനം എന്തോ ദുരന്തമുണ്ടാക്കുന്നുവെന്ന പ്രതീതി പരത്തുകയാണ്.

നമ്മുടെ നദികൾ ഉത്ഭവിക്കുന്നത് ശൂന്യതയിൽനിന്നല്ല. ഉറവകൾമുതൽ പതനസ്ഥാനംവരെയുള്ള അതിന്റെ പ്രവാഹവഴികളിൽ സിരാപടലംവരെ അനേകം തോടുണ്ട്. മീനച്ചിലാറും മീനന്തറയാറും കൊടൂരാറും തമ്മിൽ ബന്ധപ്പെട്ട 3000 കിലോമീറ്റർ തോടുകളാണുള്ളത്. മലകളിൽ മഴക്കാലത്ത് ആഴ്ചകൾമാത്രം ദൃശ്യമാകുന്ന ചെറിയ അരുവികൾ നദികളുടെ നിർമിതിയിലെ ആദ്യപങ്കുകാരാണ് (Ist order streams). തുടർന്ന് ഓലി (ചെറിയകുളം)കൾമുതൽ തോടുകൾവരെയുള്ള അരുവികൾക്ക്‌  അൽപ്പംകൂടി ആയുസ്സുണ്ടാകും.  ഒന്നും രണ്ടും വിഭാഗത്തിലുള്ള ആ നീരൊഴുക്കു സംവിധാനങ്ങളെ അടയാളപ്പെടുത്തുകയും ചാലുകൾ തെളിച്ച് നിരന്തരമായി നിലനിർത്തുകയുമാണ് ഉരുൾപൊട്ടൽ ഒഴിവാക്കാനുള്ള പ്രധാന ഇടപെടൽ. പെട്ടിമുടിദുരന്തം എന്തുകൊണ്ടെന്ന അന്വേഷണം എത്തിച്ചേരുന്നത് ആദ്യഘട്ട അരുവികളെ മുറിച്ച് മനുഷ്യൻ നിർമിക്കുന്ന അശാസ്‌ത്രീയ നിർമാണങ്ങൾ വെള്ളമൊഴുക്ക് തടയുന്നതാണ് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നതെന്നാണ്. ദേശീയ തൊഴിലുറപ്പുപദ്ധതിയിലൂടെ സ്വകാര്യ പുരയിടങ്ങളിലും തോട്ടങ്ങളിലും എല്ലാ മലയിടുക്കിലും സൂക്ഷ്മ -ഇടത്തരം നീർച്ചാലുകൾ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും നീരൊഴുക്കിന് സാധ്യമാകുന്നവിധം നിലനിർത്തുകയും വേണം.

ഉരുൾപൊട്ടൽ ബാധിക്കുന്ന പ്രദേശങ്ങൾക്ക് മുന്തിയ പരിഗണനയുണ്ടാകണം. ഉരുൾപൊട്ടൽ വരുമ്പോൾമാത്രം ജാഗ്രത രൂപപ്പെടുന്നതിനുപകരം ഏതു കാലാവസ്ഥയിലും സംഭവിക്കാവുന്ന ന്യൂനമർദത്തിന്റെ പ്രഭാവം  മലയിടുക്കുകളിൽ അതിതീവ്രമഴയായി പെയ്തിറങ്ങുമെന്ന മുൻധാരണയോടെ ഇടപെടാനാകണം. ഇതിനാവശ്യമായ ദുരന്തനിവാരണപ്രവർത്തനങ്ങൾ തികച്ചും വികേന്ദ്രീകരിച്ചും പ്രാദേശികതലത്തിലുമാണ് നടത്തേണ്ടത്. അതിവേഗം വെള്ളം ഒഴുകി തോടുകളിലേക്കും നദികളിലേക്കും എത്തിയാലേ മലയോരം സുരക്ഷിതമാകൂ. ഖരമാലിന്യങ്ങൾ വെള്ളത്തോടൊപ്പം കലർന്നാൽ നീരൊഴുക്കിന് വേഗം കുറയും. മഴക്കാലപൂർവ ഖരമാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം അവിടെയാണ്. ജലാശയങ്ങൾക്കരികിൽ ചരിഞ്ഞുകിടക്കുന്നതും വീണുകിടക്കുന്നതുമായ മരച്ചില്ലകൾ മാറ്റുകയെന്നതാണ് രണ്ടാമത്തെ ദൗത്യം. മരശിഖരങ്ങൾ ഒഴുകി പാലങ്ങളുടെ അടിത്തട്ടിൽ തടയുന്നതോടെ പാലങ്ങൾതന്നെ ഒലിച്ചുപോകും. വെള്ളത്തെ സ്വതന്ത്രമാക്കി ഒഴുക്കിക്കളയുകയെന്ന തന്ത്രം സ്വീകരിക്കണം.


 

മൂന്നും നാലും തലത്തിലെ തോടുകൾ, ഏതാണ്ട് വർഷം മുഴുവനും ആയുസ്സുള്ളതാണ്. ഇടനാട്ടിലെ ചില തോടും വേനൽക്കാലമായാൽ വെള്ളം ഒഴുക്കില്ലാത്ത അവസ്ഥയിൽ മെലിഞ്ഞുപോകാറുണ്ട്. റോഡുപണികൾക്കായി അവയുടെ വീതി കുറയ്‌ക്കുക, പാലങ്ങൾ വീതി കുറച്ച് സമീപ പാത നിർമിക്കുക, പുഴയുടെ പുറമ്പോക്കുകൾ കൈയേറ്റത്തിലൂടെ സ്വന്തമാക്കുക തുടങ്ങി ധാരാളം  ഇടപെടലുകൾ നടത്താറുണ്ട്. ഇത്‌ നദികൾക്ക്‌ ദോഷമാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ, ജലാശയങ്ങളിലെ അധികജലം ഒഴുക്കാനുള്ള ഇടമായ പുറമ്പോക്കുകളുടെ സംരക്ഷകരായാണ് നിയമം വിഭാവനം ചെയ്യുന്നത്. പലയിടത്തും സ്വകാര്യമോ പൊതുതാൽപ്പര്യങ്ങളുടെ മറവിലോ അത്തരം ഇടങ്ങൾ നദികളിൽനിന്ന്‌ അപഹരിക്കുകയാണ്‌ ഉണ്ടായത്. തങ്ങളുടെ ഇടം മനുഷ്യർ അപഹരിച്ചതിന്റെ തുടർച്ചയായി നദികൾ നടത്തുന്ന മറുപ്രതികരണമാണ് ജനവാസയിടങ്ങളെ പ്രളയത്തിൽ മുക്കുന്നത്. അധികജലം ഒഴുകിമാറാൻ നദികൾക്ക് വഴിയൊരുക്കുക എന്നതുമാത്രമാണ് പ്രളയം ഒഴിവാക്കാനുള്ള മാർഗം.

കാലവർഷത്തിലെ അധികജലം വേഗത്തിൽ കായലിലും കടലിലും എത്തിക്കുന്നതുപോലെയല്ല തുലാവർഷക്കാലത്തെ ജല മാനേജ്മെന്റ് നടത്തേണ്ടത്. തുലാവർഷം കഴിഞ്ഞാൽ ആറുമാസത്തിലേറെ നീണ്ട വേനൽക്കാലമാകയാൽ ജൈവതടയണകൾ ഉപയോഗിച്ച്, ജലവഴികളിലെ നീരൊഴുക്കിന്റെ വേഗം കുറയ്‌ക്കണം. ഇത് ഓരോ പ്രദേശത്തും പ്രത്യക്ഷത്തിൽത്തന്നെ പരസ്പരവിരുദ്ധമായ സമീപനരീതിയിലാണ് നടത്തേണ്ടത്. ഒന്നാം പിണറായി സർക്കാർ ആവിഷ്കരിച്ച പരിസ്ഥിതിസംരക്ഷണ യജ്ഞത്തിന്റെ കാലത്തെ മുന്നേറ്റമാണ് ഹരിതകേരളം മിഷൻ നിർവഹിച്ചത്. ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പേരിൽ ജനങ്ങളെ പങ്കെടുപ്പിച്ച മഹായജ്ഞം, വരട്ടാറിൽനിന്ന്‌ ആരംഭിച്ച് കോട്ടയത്ത് മീനച്ചിലാർ – -മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതി ഉൾപ്പെടെയുള്ള നിരവധി മാതൃകാ പദ്ധതികളിലൂടെ മുന്നേറുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ നവകേരള മിഷന്റെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിനുമായി പുതിയ ഇടപെടലുകൾ നടത്തുകയുമാണ്.

ചെറുതോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണമാണ് പ്രളയരഹിതകേരളം നേടാനുള്ള ആദ്യപടി. തരിശായി കാട്‌ വളർന്നുകിടക്കുന്ന നിലങ്ങളെ തെളിച്ചെടുത്ത് കൃഷിയിലേക്ക്‌ എത്തിച്ചാൽ, തോടുകൾ സംരക്ഷിക്കാം. പരന്നൊഴുകുന്ന അധികജലത്തിന് തടസ്സമില്ലാതെ ഒഴുകുന്നതിന് തരിശുനിലക്കൃഷി സഹായമാകും. നദിയിലേക്ക് വീണുകിടക്കുന്ന മരങ്ങളും ചാഞ്ഞുകിടക്കുന്ന ചില്ലകളും അധികജലം ഒഴുകുന്നതിനെ തടയുന്നതാകയാൽ  നീക്കം ചെയ്യിക്കണം. അതാണ് തദ്ദേശസ്ഥാപനങ്ങൾ ഉടൻ നടപ്പാക്കേണ്ടത്. ദുരന്തനിവാരണ നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങൾ, ദുരന്തം വരുന്നതുവരെ കാത്തിരിക്കാതെ ഉടൻ ചെയ്തുതീർക്കാനാകണം. നദികളിൽ അടിഞ്ഞുകൂടുന്ന എക്കൽ മാറ്റുകയെന്നത് വാർഷികമായി നടക്കേണ്ട നദീസംരക്ഷണ പ്രവർത്തനമാണ്. മണൽ എല്ലാവർഷവും നദികളിൽ രൂപപ്പെടാറില്ല. അതും മാറ്റേണ്ട ഇടങ്ങളിൽ ശാസ്ത്രീയമായ സമീപനത്തോടെ നീക്കാൻ നടപടി വേണം.

ദേശീയ ജലപാതകളുടെ നവീകരണത്തിനായി 30 കിലോമീറ്ററിലേറെ നീളത്തിൽ പുതുതായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് പിണറായി സർക്കാർ മാതൃകാപരമായി നിർവഹിക്കുന്നത്. പ്രാദേശികമായി വെള്ളക്കെട്ട് ഒഴിവാക്കാനും മുമ്പുണ്ടായിരുന്ന ജലപാതകൾ വീണ്ടെടുക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കൽപോലെതന്നെ നദികൾക്കായി സ്ഥലം ഏറ്റെടുക്കേണ്ടിയുംവരും. നദികളുടെ പുറമ്പോക്കുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുകയും വീണ്ടും അവിടങ്ങളിൽ കൈയേറ്റം ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തുകയും വേണം.

കായലുകളുടെ ആഴംകൂട്ടൽ വലിയൊരു സാധ്യതയാണ്. രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി പഴുക്കാനിലക്കായൽ ആഴംകൂട്ടാൻ ചെളിയെടുത്തുമാറ്റി, അവ ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ഉയരം കൂട്ടുന്ന പരിപാടിക്ക് കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കുകയാണ്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലും പ്രളയം ഒഴിവാക്കാനുള്ള നടപടിക്ക്‌ വലിയ പരിഗണന നൽകുന്നു. കായലുകളിൽനിന്ന് കടലിലേക്ക് വെള്ളമെത്തിക്കാനുള്ള പൊഴികൾ തെളിച്ച് എടുക്കുകയും വീതി കൂട്ടുകയും ചെയ്യുന്നതിന്റെ പ്രാധാന്യം തോട്ടപ്പള്ളി സ്പിൽവേ വികസനത്തിലൂടെ തെളിയിച്ചതാണ്. അത്തരം എല്ലാ പൊഴിയും തെളിച്ചെടുക്കണം. ദീർഘകാല കാഴ്ചപ്പാടിനൊപ്പം, താൽക്കാലികമായി ഉടൻ ചെയ്യേണ്ട കാര്യങ്ങളും പ്രാദേശികമായി സൂക്ഷ്മതയോടെ നിർവഹിച്ചാൽ, പ്രളയരഹിതകേരളം എന്ന ലക്ഷ്യം സാധ്യമാണ്.

(മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ കോ–-ഓർഡിനേറ്ററാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top