29 March Friday

ഒറ്റക്കെട്ടായി കേരളം ചെറുക്കണം

ജോർജ് ജോസഫ്Updated: Monday May 29, 2023

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന ഹീനമായ വൈരനിര്യാതന ബുദ്ധിക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി 54 ശതമാനം വെട്ടിക്കുറച്ച നടപടി. നടപ്പ് സാമ്പത്തികവർഷത്തിൽ 33,420 കോടി രൂപ വായ്പയെടുക്കാൻ അർഹതയുള്ള സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ തീട്ടൂരമനുസരിച്ച് എടുക്കാൻ കഴിയുന്നത് 15,390 കോടി രൂപമാത്രം. പ്രളയത്തിനും കോവിഡിനുംശേഷം കരകയറുന്ന കേരളത്തെ എങ്ങനെയും തകർക്കുകയെന്ന ഹീനമായ നിലപാടാണ് കേന്ദ്ര സർക്കാരും ധനമന്ത്രാലയവും സ്വീകരിച്ചിരിക്കുന്നത്.  സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ മാത്രമല്ല, വാർഷിക ബജറ്റിനെപ്പോലും താളംതെറ്റിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ആസൂത്രിതമായി, രാഷ്ട്രീയമായ ഗൂഢാലോചനയോടെ ആവിഷ്കരിച്ചു നടപ്പാക്കുന്ന പലതലത്തിലുള്ള തന്ത്രങ്ങളിൽ ഒന്നാണ് ഇതെന്ന് വിലയിരുത്തേണ്ടതുണ്ട്. 

സംസ്ഥാന ജിഡിപിയുടെ (ജിഎസ്ഡിപി ) 3.5 ശതമാനമാണ് കേരളത്തിന് കേന്ദ്ര അനുമതി പ്രകാരം കടമെടുക്കാൻ കഴിയുന്ന പരിധി. ഇതനുസരിച്ച് 2023–--24 സാമ്പത്തിക വർഷത്തിൽ 11. 7 ലക്ഷം കോടി രൂപയുടെ ജിഎസ്ഡിപി പ്രതീക്ഷിക്കുന്ന കേരളത്തിന് സ്വാഭാവികമായി എടുക്കാൻ കഴിയുന്ന വായ്പ 33, 420 കോടി രൂപയാണ്. അതുപ്രകാരമാണ് സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയും ബജറ്റും അടക്കമുള്ള കാര്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. പൊടുന്നനെ അത് നേർപകുതിയിലധികം വെട്ടിക്കുറയ്ക്കുമ്പോൾ പകരം ഫണ്ട് കണ്ടെത്താൻ കഴിയുന്ന ഒരു സാഹചര്യവും കേരളത്തിന്റെ മുന്നിലില്ല. ഇത് കൃത്യമായി അറിഞ്ഞ്‌ കേരളത്തിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയെന്ന,  മിതമായ ഭാഷയിൽ പറഞ്ഞാൽ മര്യാദപോലുമില്ലാത്ത നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്.  അതിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ കേരളത്തിന്റെ അഭിമാനപദ്ധതികളായ ക്ഷേമ പെൻഷൻ വിതരണംമുതൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലയെയും പൊതുവിതരണ സംവിധാനത്തിന്റെയുമടക്കമുള്ള പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുന്നതിലൂടെ ജനവികാരം സംസ്ഥാനഭരണത്തിനെതിരായി തിരിക്കുകയെന്ന ദുഷ്ടലാക്കാണ് ഈ നടപടിക്കു പിന്നിൽ. ശമ്പളമടക്കമുള്ള റവന്യു ചെലവുകളെപ്പോലും പരോക്ഷമായി ബാധിക്കാവുന്ന നിലയിലേക്കാണ് ഈ നീക്കം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ നയിക്കുക.

ഉള്ള വരുമാനത്തിൽ നിന്നുകൊണ്ട് വികസനവും ക്ഷേമപ്രവർത്തനങ്ങളും ചിട്ടയൊത്തവണ്ണം കൊണ്ടുപോകുന്ന സംസ്ഥാനത്തിന്റെ ധനമാനേജ്‌മെന്റിൽ ഇത് ശക്തമായ വിള്ളൽ വീഴ്ത്തുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. കാരണം, അരിച്ചു പെറുക്കിയെന്നോണം വരുമാനം കണക്കാക്കി തയ്യാറാക്കിയിരിക്കുന്ന ബജറ്റിൽനിന്ന്  18,030 കോടി രൂപയുടെ കുറവുണ്ടാകുമ്പോൾ ഒരു ധനമന്ത്രിക്കും കാര്യങ്ങൾ മാനേജ് ചെയ്യുക എളുപ്പമാകില്ല. കേരളത്തോടു മാത്രമാണ് ഈ കുടിലത കേന്ദ്രം കാണിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിനു പറയുന്ന ന്യായീകരണം കിഫ്‌ബി ഉൾപ്പെടെ എടുത്ത ബജറ്റിനു പുറത്തുള്ള വായ്പകൾ മൊത്തം കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുമെന്നതാണ്. അതുകൂടി കണക്കാക്കി പരിധി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തതെന്നാണ് വിശദീകരണം. കഴിഞ്ഞ വർഷവും ഇതേ കലാപരിപാടി കേന്ദ്രം നടപ്പിൽ വരുത്തുകയുണ്ടായി. 32, 437 കോടി രൂപ വായ്പയെടുക്കുന്നതിന് അർഹതയുണ്ടായിട്ടും അത് 23,000 കോടിയാക്കി പരിമിതപ്പെടുത്തി. വായ്പയെടുക്കുന്നതിനുള്ള പരിധി 3.5 ശതമാനത്തിൽനിന്ന്‌ 4.5 ശതമാനമായി ഉയർത്തണമെന്ന് കേരളവും ഇതര സംസ്ഥാനങ്ങളും നിരന്തരം ആവശ്യപ്പെടുന്ന സ്ഥാനത്താണ് കേരളത്തോട് ഈ നീതികേട് കേന്ദ്രം ആവർത്തിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവയ്ക്കുന്നതിനുള്ള ഫോർമുല പലപ്പോഴും കേരളംപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് ദോഷകരമായി മാറുന്ന സ്ഥിതിയുണ്ട്.  ഇതുമൂലം കേന്ദ്രനികുതി വരുമാനത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം ഏതാണ്ട് പകുതിയായി കുറഞ്ഞു. പത്താം ധന കമീഷന്റെ കാലത്ത് 3.85 ശതമാനമായിരുന്ന വിഹിതം പതിനഞ്ചാം ധനകമീഷന്റെ കാലത്ത് 1.92 ശതമാനമായി താഴ്ന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങളും ജനസംഖ്യാ വളർച്ചയിൽ ഉണ്ടായ കുറവും ഇക്കാര്യത്തിൽ കേരളത്തിന് ദോഷകരമായി ഭവിച്ചു. ജിഎസ്ടി നികുതി സമ്പ്രദായത്തിലേക്ക് മാറിയതും സംസ്ഥാനത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലം ഉണ്ടായിരിക്കെ, അർഹമായ വായ്പയെടുക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നത് സാമ്പത്തിക ഫെഡറലിസത്തിനു മേലുള്ള നഗ്നമായ കൈയേറ്റംകൂടിയാണ്.

(മുതിർന്ന സാമ്പത്തിക കാര്യ മാധ്യമ പ്രവർത്തകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top