24 April Wednesday

ഇന്ത്യയുടെ തയ്‌വാനാകാൻ വ്യവസായ കേരളം

സി ബാലഗോപാൽUpdated: Tuesday May 16, 2023

തൊഴിലാളി സംഘടനകളുടെ ഇടപെടലുകൾ തൊഴിൽ പ്രശ്നങ്ങളിലേക്കും വ്യവസായശാലകൾ അടച്ചുപൂട്ടിക്കുന്ന  തർക്കങ്ങളിലേക്കും നയിക്കുമെന്നും തൊഴിലാളികളുടെ ഉയർന്ന വേതനം  വ്യവസായങ്ങൾ പുറത്തേക്ക് പോകാൻ ഇടയാക്കുമെന്നുമുള്ള അശാന്തിപൂർണമായ കഥകളിൽ കുടുങ്ങിക്കിടക്കുകയാണ്‌ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചുള്ള പൊതുധാരണ. ഇക്കാര്യങ്ങളിൽ കണക്കുകൾ പറയുന്നതെന്തെന്ന്‌ പരിശോധിക്കാനുള്ള ശ്രമമാണ്‌ ഇവിടെ നടത്തുന്നത്‌.

സ്വാതന്ത്ര്യാനന്തരം ആദ്യ 30 വർഷം കേരളത്തിലെ വ്യവസായമേഖല പ്രധാനമായും കയർ, കശുവണ്ടി, സുഗന്ധവ്യഞ്ജനം, കൊപ്ര തുടങ്ങിയ കാർഷിക വ്യവസായങ്ങളിലായിരുന്നു കേരളത്തിന്റെ ശ്രദ്ധ. ഇക്കാലഘട്ടത്തിൽ കേരളത്തിലെ കാർഷിക വ്യവസായ മേഖല വളർച്ച പ്രാപിക്കുകയും ഉൽപ്പാദനത്തിൽ ആധിപത്യമുറപ്പിക്കുകയും ചെയ്‌തു. വിദേശരാജ്യങ്ങളിലേക്ക്‌ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന്‌ മുന്നോടിയായുള്ള അസംസ്കൃത വസ്തുക്കളുടെ പ്രാഥമിക സംസ്കരണത്തിലായിരുന്നു ഭൂരിഭാഗവും കേന്ദ്രീകരിച്ചത്‌.

കുറഞ്ഞ വൈദ്യുതി നിരക്ക്‌ പ്രയോജനപ്പെടുത്തി ആധുനിക വ്യവസായ സ്ഥാപനങ്ങൾ കൊണ്ടുവരാനും ഇക്കാലത്ത്‌ ശ്രമമുണ്ടായി. അതിന്റെ ഭാഗമായി വൈദ്യുതി കേന്ദ്രീകൃത വ്യവസായങ്ങൾ കേരളത്തിലെത്തി. കൊച്ചിയിലെ രാസവ്യവസായ മേഖലയിലേക്കും കഞ്ചിക്കോടേയ്‌ക്കും നിരവധി ഇടത്തരം ഫാക്ടറികളെ ആകർഷിക്കാനായി. അസംസ്‌കൃത വനവിഭവങ്ങളുടെ വിലനിർണയത്തിലെ ഉദാരമായ ഇളവുകളാണ് മറ്റ് വ്യവസായങ്ങൾക്ക്‌ പ്രചോദനമായത്‌.

എൺപതുകളുടെ അവസാനത്തോടെ ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള വിദഗ്‌ധ തൊഴിലാളികളുടെ കുടിയേറ്റമാരംഭിച്ചു. വൈകാതെ അത്‌ വലിയൊരു ഒഴുക്കായി മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം പൂർത്തിയാകുമ്പോൾ ഗൾഫിൽനിന്നുള്ള പ്രതിവർഷ വരുമാനം 75,000 കോടിയായി ഉയർന്നു. ഗൾഫ്‌ രാജ്യങ്ങളിൽനിന്നുള്ള പണത്തിന്റെ വരവു കൂടിയതോടെ കേരളത്തിലെ തൊഴിൽവേതനം മുമ്പുണ്ടായിരുന്നതിനേക്കാളും അധികരിക്കാനും അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌  ഉയർന്ന കൂലി ലഭിക്കാൻ സാഹചര്യമുണ്ടാക്കുകയും ചെയ്‌തു. കൂലി വർധിച്ചു തുടങ്ങിയത്‌ സംസ്ഥാനത്തെ വ്യാവസായികമേഖലയെ പ്രതികൂലമായി ബാധിച്ചെന്നു പറയാം. പരമ്പരാഗത ഉൽപ്പാദനമേഖലയും ഇവിടേയ്‌ക്കെത്തിയ വൈദ്യുതി കേന്ദ്രീകൃത വ്യവസായങ്ങളും സംസ്ഥാനത്തിനു പുറത്തേക്ക്‌ നീങ്ങാൻ ഇത്‌ കാരണമായി.  കുറഞ്ഞ ഉൽപ്പാദനക്ഷമതയും കാലഹരണപ്പെട്ട സാങ്കേതികവിദ്യയും കായികരീതികൾ അവലംബിച്ചുള്ള ഉൽപ്പാദന രീതിയുമാണ്‌ വ്യവസായങ്ങളെ ഇവിടെനിന്ന്‌ അകറ്റിയത്‌.


 

തൊണ്ണൂറുകളിൽ വ്യവസായ മേഖലയിലുണ്ടായ കീഴ്‌പോട്ടുള്ള വളർച്ച കേരളം വ്യവസായ സൗഹൃദമല്ലെന്ന പൊതുധാരണയിലേക്ക്‌ നയിച്ചു. സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ ഉൽപ്പാദനക്ഷമതയെയും തൊഴിലവസരങ്ങളെയും ഇതു ബാധിച്ചു. കേരളത്തെ താങ്ങിനിർത്തുന്നത്‌ വിദേശമലയാളികൾ അയക്കുന്ന പണമാണെന്ന പ്രചാരണം ഉയർന്നുവന്നതും  ഈ ഘട്ടത്തിലാണ്‌. ഈ പ്രചാരണം കേരളത്തിലെ വ്യവസായവളർച്ചയെ ദോഷകരമായി ബാധിക്കുകയും ഇവിടം ആധുനിക വ്യവസായങ്ങൾക്ക്‌ ചേർന്നതല്ലെന്ന ധാരണയുണ്ടാക്കുകയും ചെയ്തു. മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയുടെ പൊതുവിതരണത്തിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ വിമർശിക്കാനും ഈ ധാരണയെ ഉപയോഗപ്പെടുത്തി. ഒരു കണക്കിന്റെയും അടിസ്ഥാനമില്ലാതെയായിരുന്നു ഈ വിമർശങ്ങൾ. കേരളത്തിന്റെ മാനവ വികസന സൂചിക വികസിത രാജ്യങ്ങൾക്കൊപ്പമെത്തിയെന്നും മറ്റ്‌ സംസ്ഥാനങ്ങൾ അതിൽ എത്രയോ പിന്നിലായെന്ന കാര്യവും ഇവിടെ വിസ്മരിക്കപ്പെട്ടു. പല നിരീക്ഷകരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിൽ ഒരു ആധുനിക ഉൽപ്പാദനമേഖല ക്രമാനുഗതമായി വളർന്നുവരുന്നുണ്ട്‌.

സമീപകാലത്ത്‌ ഞാനെഴുതിയ ‘ബിലോ ദ റഡാർ: ഹൗ മോഡേൺ മാനുഫാക്‌ചറിങ്‌ ഗ്രോത്ത്‌ ബൈ സ്റ്റെൽത്ത്‌ ഇൻ കേരള’ എന്ന പുസ്തകത്തിൽ പറയുന്നതുപോലെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കേരളത്തിൽ ആരംഭിച്ച നിരവധി സംരംഭങ്ങൾ വലിയൊരു പരിധിവരെ വളർന്ന്‌ ആധുനിക നിർമാണമേഖലയുടെ ഭാഗമായിത്തീർന്നിരിക്കുന്നു. ആധുനിക നിർമാണ സാങ്കേതികവിദ്യയുടെ ഉപയോഗവും ഉയർന്ന മൂല്യവർധനയും അസംസ്കൃത വസ്തുക്കളും ഘടകങ്ങളും വിദൂര സ്രോതസ്സുകളിൽനിന്ന്‌ ശേഖരിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനും ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാനുമാകുന്നു എന്നതാണ്‌ ഈ മേഖലയുടെ സവിശേഷത.


 

കേരളത്തിലെ നൂറോളം ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്ന നിർവചനത്തിനുമപ്പുറം വളർന്നിരിക്കുന്നു. ഇത്തരം ചെറുകിട ഇടത്തരം സംരംഭങ്ങളാണ്‌ കേരളത്തിന്റെ വാണിജ്യ പരിതഃസ്ഥിതിക്ക്‌ അനുയോജ്യം. ചെറിയ യൂണിറ്റുകളാണെന്നതും വെള്ളം, ഭൂമി, വൈദ്യുതി തുടങ്ങിയവയുടെ കുറഞ്ഞ ഉപയോഗവും ചെറിയ മൂലധനവുമാണെങ്കിലും നിരവധി വിദഗ്‌ധ തൊഴിലാളികൾക്കും സാങ്കേതിക വിദഗ്‌ധർക്കും ഉയർന്ന വേതനം ഉറപ്പാക്കാൻ ഈ സംരംഭങ്ങൾക്കാകുന്നുണ്ട്‌. കേരളത്തിന്‌ അനിവാര്യമായ വിജ്ഞാനാധിഷ്ഠിതമായ വ്യവസായമാണിത്‌. സിന്തൈറ്റ്‌, ടെറുമോ പെൻപോൽ, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്‌, ഡെന്റ്‌കെയർ, പീക്കേ സ്റ്റീൽ കാസ്റ്റിങ്‌സ്‌, എസ്‌എഫ്‌ഒ ടെക്‌നോളജീസ്‌, വജ്ര റബർ, ബിപിഎൽ മെഡിക്കൽ ടെക്‌നോളജീസ്‌, കെയറോൺ ഹെൽത്ത്കെയർ, പ്ലാന്റ്‌ ലിപിഡ്‌സ്‌, സൈജെനോം, ആക്ടീവ്‌ ചർ, അമൽഗാം ഗ്രൂപ്പ്‌, കൊച്ചിൻ റുട്ടീൽ, ഡൈനാമിക്‌ ടെക്‌നോ മെഡിക്കൽസ്‌ തുടങ്ങിയവയെല്ലാം ഇടത്തരം ചെറുകിട സംരംഭങ്ങൾക്ക്‌ ഉദാഹരണമാണ്‌. കൊച്ചിൻ ഷിപ്‌യാർഡ്‌, എച്ച്‌ഒസി ലിമിറ്റഡ്‌, എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌, കെഎംഎംഎൽ എന്നിവ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നവയാണ്‌.

വിവിധ മേഖലകളിലെ ആകെയുള്ള സാമ്പത്തിക ഉൽപ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാനാകില്ലെങ്കിലും സംസ്ഥാന ആസൂത്രണ ബോർഡും വിക്കിപീഡിയയും നൽകിയ കണക്കുകൾ പരിശോധിച്ചാൽ, ഇന്നത്തെ ഉൽപന്ന നിർമാണ ( മാനുഫാക്ചറിങ്ങ്) വ്യവസായ മേഖലയിലെ ഉൽപാദനം ജി എസ് ഡി പി(മൊത്തം സംസ്ഥാന ആഭ്യന്തരോൽപാദനം ) യുടെ പത്തു ശതമാനം വരും. (മറ്റുചില പഠനങ്ങൾ ഇത്‌ 13 ശതമാനമാണെന്നാണ്‌ വിലയിരുത്തുന്നത്‌). വിക്കിപീഡിയയുടെ കണക്ക്‌ ശരിവച്ചാൽ 2022ൽ ഏതാണ്ട്‌ 14200 കോടി ഡോളറായിരുന്നു ജിഎസ്‌ഡിപി. 1990ൽ ഇത്‌ ഏകദേശം 3000 കോടി ഡോളറായിരുന്നു. 1990 കളിൽ ഉല്പന്ന വ്യവസായ ഉൽപാദനം ജി എസ് ഡി പി യുടെ ഒമ്പതു ശതമാനമായി. കശുവണ്ടി, കയർ, സമുദ്രോൽപ്പന്നങ്ങൾ, മറ്റ് അടിസ്ഥാന സംസ്കരണ മേഖലകൾ എന്നിവയായിരുന്നു ഇതിലുൾപ്പെട്ടത്‌.  ഉൽപ്പാദനത്തിന്റെ മൂല്യം 300 കോടി ഡോളറാണ് . ഇന്നത്തെ ജിഎസ്ഡിപിയുടെ ഏകദേശം 10 ശതമാനം ഉൽപ്പാദനമേഖലയാണെന്ന് കണക്കാക്കപ്പെടുന്നു. പഠനം നടന്ന കാലയളവിലെ പണപ്പെരുപ്പം കുറച്ചുകണ്ടാലും യഥാർഥത്തിൽ വ്യാവസായിക ഉൽപ്പാദനത്തിൽ ഗണ്യമായ വളർച്ചയുണ്ടായെന്നാണ്‌ കണക്കുകൾ പറയുന്നത്‌.

സംസ്ഥാനത്തിന്‌ ശുഭപ്രതീക്ഷ നൽകുന്നതാണ്‌ ഈ കണക്കുകൾ. കൂടാതെ, ഉൽപ്പാദനമേഖലയുടെ വളർച്ചയെ പിന്തുണയ്‌ക്കാനും ശക്തിപ്പെടുത്താനുമുള്ള പൊതുനയ നിർദേശങ്ങളെയും സൂചിപ്പിക്കുന്നു. ഇന്ത്യയുടെ തയ്‌വാനായി മാറാൻ കേരളത്തിനുള്ള സാധ്യതകളെ തിരിച്ചറിയാൻ നയപരമായ രംഗത്ത്‌ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്‌.

(ടെറുമോ പെൻപോൽ ലിമിറ്റഡ് സ്ഥാപകനും മുൻ എംഡിയുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top