22 September Friday

അതിജീവനപാത തെളിച്ച് കേരളം

ജോർജ് ജോസഫ്Updated: Friday May 12, 2023

കോവിഡ് അതിജീവനമെന്ന സങ്കീർണമായ പ്രക്രിയയിലാണ് ലോകമെമ്പാടുമുള്ള സമ്പദ്ഘടനകൾ. പ്രധാനമായും മൂന്ന് കാരണത്താൽ ഈ പ്രക്രിയ വൻതിരിച്ചടി നേരിടുകയാണ്. ഒന്ന്, ആഗോളതലത്തിൽ പ്രത്യേകിച്ച്, വികസിത രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക മാന്ദ്യമാണ്. അമേരിക്കയും യൂറോപ്പും ഉൾപ്പെടെ നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവുമാണ് രണ്ടാമതായി വരുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ മിക്കവാറും രാജ്യങ്ങൾ ഇതുമൂലം പലിശ വർധനയുടെ കഠിനഭാരം പേറുന്ന സ്ഥിതിയുണ്ട്. റഷ്യ –- ഉക്രയ്‌ൻ സംഘർഷം ഉളവാക്കിയിരിക്കുന്ന അനിശ്ചിതത്വം ലോകവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് മൂന്നാമത്തെ കാരണം.  അതുകൊണ്ട് ഈവർഷവും അടുത്തവർഷവും ആഗോള സാമ്പത്തികവളർച്ച ഏറെ താഴ്ന്നനിലയിൽ ആയിരിക്കുമെന്ന് ഐഎംഎഫ്,  ലോകബാങ്ക് എന്നിവ അടക്കമുള്ള സ്ഥാപനങ്ങൾ കണക്കാക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം ഇന്ത്യൻ സമ്പദ്ഘടനയെയും വിഷമവൃത്തത്തിലാഴ്ത്തുന്നുണ്ട്. കോവിഡിനുശേഷം കേരളമെന്ന കൊച്ചുഭൂമികയുടെ സാമ്പത്തികമായ തിരിച്ചുവരവിനെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.

വീണ്ടെടുപ്പിന്റെ ക്ലാസിക്‌ മാതൃക
പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ പ്രശ്നങ്ങളുടെ നടുമുറിയിലായിരുന്നു കഴിഞ്ഞ അര വ്യാഴവട്ടക്കാലമായി കേരളം. 2016ലെ നോട്ട് നിരോധനത്തോടെയാണ് സാമ്പത്തികരംഗം സങ്കീർണമായത്. ജിഎസ്ടി, ഓഖി, തുടർച്ചയായ രണ്ട്  പ്രളയങ്ങൾ, ഒടുവിൽ കോവിഡ് മഹാമാരിയും. സ്വാഭാവികമായും ഒരു സമ്പദ്ഘടനയെ മുച്ചൂടും തകർക്കാൻ ഇവ ധാരാളമാണ്. 

എല്ലാ പ്രതിസന്ധികളെയും പ്രത്യേകിച്ച്, കോവിഡിനെ അതിജീവിച്ച് കേരളം വീണ്ടെടുപ്പിന്റെ പാതയിൽ ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. ഭരണനേതൃത്വങ്ങളുടെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നതും, എല്ലാം  വിപണി നോക്കിക്കൊള്ളും സർക്കാർ നടത്തിപ്പുകാരൻ മാത്രമായി നിന്നാൽ മതിയെന്ന വാദമുഖങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റതുമായ ഒരു ഘട്ടംകൂടിയായിരുന്നു ഈ മഹാദുരന്തം. സർക്കാർ ചെലവഴിക്കൽ സമ്പദ്ഘടനയുടെ നിലനിൽപ്പിനും വളർച്ചയ്‌ക്കും അനിവാര്യമാണെന്ന വാദത്തിന്റെ സ്പന്ദിക്കുന്ന തെളിവുകൂടിയാണ് കോവിഡ് ഘട്ടം. സർക്കാർ ചെലവുകൾ ഉയർത്തിക്കൊണ്ട് പ്രതിസന്ധിയെ മറികടക്കാനും സാമ്പത്തികമേഖലയെ ശക്തമായി തിരിച്ചുകൊണ്ടുവരാനും കഴിഞ്ഞതിന്റെ ക്ലാസിക് ഉദാഹരണംകൂടിയാണ് കേരളം.

വളർച്ചയിലെ കുതിപ്പ്‌
2020ൽ മൈനസ് 6.6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയുടെ സാമ്പത്തികവളർച്ച 2021-–-22ൽ 8.7 ശതമാനമെന്ന നിലയിലേക്ക് ഉയർന്നു. വലിയ തകർച്ചയ്‌ക്കുശേഷമുള്ള സ്വാഭാവികമായ ഒരു റീബൗണ്ടായി ഇതിനെ വിലയിരുത്താം. എന്നാൽ, തിരിച്ചുവരവിന്റെ ഈ ഘട്ടത്തിൽ കേരളത്തിന് 12 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞെന്നത് നിസ്സാരമായ ഒരു നേട്ടമായി എണ്ണാൻ കഴിയില്ല. 6.9 ശതമാനമെന്ന നിലയിലേക്ക് 2022–--23ൽ ഇന്ത്യയുടെ വളർച്ച താഴ്ന്നു. ഈ ഘട്ടത്തിലും കേരളത്തിന്റെ വളർച്ച ദേശീയ നിരക്കിനേക്കാൾ ഏറെ ഉയരത്തിൽ 10.8 ശതമാനമെന്ന നിലയിലായിരുന്നു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന പല സംസ്ഥാനത്തിനും രണ്ടക്ക വളർച്ചനിരക്ക് അന്യമായി തുടർന്നപ്പോൾ മികച്ച നേട്ടമാണ് കേരളം കോവിഡിനു ശേഷമുള്ള തിരിച്ചുവരവിന്റെ ഘട്ടത്തിൽ കൈവരിച്ചതെന്ന് കാണാം. 2023-–-24ൽ നിലവിലെ വിലനിലവാരം അടിസ്ഥാനമാക്കി കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഎസ്ഡിപി) 11.2 ശതമാനം വളർച്ചയോടെ 11.3 ലക്ഷം കോടി രൂപയായി ഉയരുമെന്ന് അനുമാനിക്കുന്നു. വിവിധ ഏജൻസികൾ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ജിഡിപി വളർച്ച ഇതേ കാലയളവിൽ ആറുമുതൽ 6.5 ശതമാനമാണ്.

ആഗോള സാമ്പത്തികമേഖല പ്രതിസന്ധി മറികടക്കാൻ പ്രയാസപ്പെടുമ്പോൾ ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലുംനിന്ന് വ്യത്യസ്തമായി കേരളം വളർച്ചാ പാതയിൽ ശക്തമായി തിരിച്ചെത്തിയത് എങ്ങനെയെന്നത് വിശദമായി വിലയിരുത്തേണ്ട കാര്യമാണ്, പ്രത്യേകിച്ച് സാമ്പത്തികശാസ്ത്ര പഠനരംഗത്ത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എല്ലാ മേഖലയിലും സർക്കാർ ചെലവഴിക്കൽ ഉയർത്തിയതിലെ പ്രകടമായ വ്യത്യാസംതന്നെയാണ് ഈ മാറ്റത്തിനു കാരണം. 2020-–-21ൽ കേരളത്തിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവ് 165 ശതമാനം ഉയർന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ വലിയ നേട്ടമാണ് കേരളം കൈവരിച്ചത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) നടത്തിയ പഠനപ്രകാരം മഹാമാരിയുടെ ഘട്ടത്തിൽ സാമൂഹ്യമായ ചെലവഴിക്കലിന്റെ കാര്യത്തിൽ ഏറ്റവുമുയർന്ന വളർച്ചയായ 163 ശതമാനം രേഖപ്പെടുത്തിയത് കേരളത്തിലാണ്. തൊട്ടടുത്ത് വരുന്ന ഗുജറാത്ത് 60 ശതമാനംമാത്രമാണ് രേഖപ്പെടുത്തിയത്‌.

വിഹിതം ചുരുക്കിയിട്ടും കേരളം മുന്നേറി
പതിനഞ്ചാം ധന കമീഷന്റെ റിപ്പോർട്ട് പ്രകാരം കേന്ദ്ര –--സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണ്. എന്നാൽ, രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 37.6 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവയ്ക്കുന്നതിനുള്ള ഫോർമുല പലപ്പോഴും കേരളംപോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് ദോഷകരമാകുകയാണ്. ഇതുമൂലം കേന്ദ്രനികുതി വരുമാനത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം പകുതിയായി. 10–-ാം ധന കമീഷന്റെ കാലത്ത് 3.85 ശതമാനമായിരുന്ന വിഹിതം 15–-ാം ധന കമീഷന്റെ കാലത്ത് 1.92 ശതമാനമായി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലയിലും കൈവരിച്ച നേട്ടങ്ങളും ജനസംഖ്യാ വളർച്ചയിലുണ്ടായ കുറവും കേരളത്തിന് ദോഷകരമായി. ജിഎസ്ടിയിലേക്ക് മാറിയതും സംസ്ഥാനത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ആവശ്യമായ സമയത്ത് സാമൂഹ്യമായ ചെലവഴിക്കലിന്റെ അളവ് ഉയർത്തി, ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ ചേർത്തുപിടിക്കാനും വളർച്ചയുടെ പാതയിൽ തിരിച്ചെത്തിക്കാനും കേരളത്തിന് കഴിഞ്ഞെന്നത് എടുത്തുപറയത്തക്കതാണ്.

മികച്ച ധന മാനേജ്‌മെന്റ്‌
ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളം നീങ്ങും, ട്രഷറി പൂട്ടും, ശമ്പളവും ക്ഷേമ പെൻഷനും ഇനി എത്രനാൾ, സാമ്പത്തിക കേരളം ജപ്തി ഭീഷണിയിലാണെന്ന് തുടങ്ങി കോവിഡിനുശേഷം സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്നതിനുള്ള വലിയ ശ്രമങ്ങൾക്കിടയിലും കേരളം നടത്തിയ തിരിച്ചുവരവും സാമ്പത്തിക അച്ചടക്കം വീണ്ടെടുക്കാൻ കഴിഞ്ഞതും ധന മാനേജ്‌മെന്റിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ എൽഡിഎഫ് സർക്കാരിന്റെ ശ്രദ്ധേയമായ നേട്ടമാണ്. ഇതിന് അടിവരയിടുന്ന നിഗമനങ്ങൾ സിഎജിയിൽനിന്നുള്ള ഒടുവിലത്തെ റിപ്പോർട്ടുകളിൽ വ്യക്തമാണ്. കടമെടുക്കുന്നതിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചപ്പോഴും പോയ സാമ്പത്തികവർഷം വരുമാന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന് നേട്ടമായെന്ന് സിഎജിയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ജിഎസ്ടി, ഗ്രാന്റുകളും സംഭാവനകളും എന്നീ രണ്ട് ഇനത്തിൽ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതിനേക്കാൾ കുറവ് സമാഹരിക്കാൻ കഴിഞ്ഞത്. മൊത്തം 134, 471 കോടി രൂപ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 1475 കോടിയുടെ കുറവിൽ 1,32,996 കോടി രൂപ വരുമാനം നേടാൻ കഴിഞ്ഞെന്ന നേട്ടം ചെറുതല്ല.  

ഏറ്റവുമൊടുവിലെ ജിഎസ്ടി കണക്കുകൾ പരിശോധിക്കുമ്പോൾ 2023 ഏപ്രിലിൽ വരുമാനം 12 ശതമാനം ഉയർന്ന് 3010 കോടി രൂപയായി. അതുപോലെ എല്ലാ മേഖലയിലും ചെലവുകൾ ചുരുക്കാൻ കഴിഞ്ഞതിനാൽ ധനപരമായ കൈയടക്കം മികച്ച രീതിയിലായെന്ന് സിഎജി റിപ്പോർട്ട് പറയുന്നു. ഭരണച്ചെലവുകൾ 18,685 കോടി രൂപ കണ്ട് കുറയ്ക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം പ്രതീക്ഷിച്ചിരുന്ന ചെലവ് 1,87,960 കോടിയായിരുന്നെങ്കിൽ യഥാർഥ ചെലവ് 35,080 കോടി കുറഞ്ഞ് 1,52,880 കോടിയായി. അതായത് ചെലവാക്കേണ്ട ആവശ്യങ്ങൾക്ക് ഫലപ്രദമായി ചെലവഴിച്ചും ചെലവുകൾ പരമാവധി ചുരുക്കിയും മികച്ച ധന മാനേജ്‌മെന്റ് സംസ്ഥാനത്തിന് കൈവരിക്കാനായി. കോവിഡ് ഘട്ടത്തിൽ കുതിച്ചുയർന്ന റവന്യു ചെലവുകൾ കഴിഞ്ഞ രണ്ടുവർഷവും കർശനമായി നിയന്ത്രിക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് അടിസ്ഥാനം. മുഖ്യധാരാ മാധ്യമങ്ങൾക്ക് ഇതൊന്നും വാർത്ത പോലുമായില്ല. ദുരന്തങ്ങളും കൂട്ടമരണങ്ങളും അപരന്റെ കണ്ണീരും തങ്ങളുടെ അന്നന്നത്തെ അപ്പവും ആഘോഷവുമാക്കുന്ന, മനഃശാസ്ത്രത്തിലെ ഒരു സിദ്ധാന്തത്തിനും വിവരിക്കാൻ കഴിയാത്ത മനസികാവസ്ഥയുള്ളവരുമാണല്ലോ ഇക്കൂട്ടർ.

റവന്യു കമ്മി തുടർച്ചയായി നിലനിൽക്കുന്നുവെന്നത് അടിയന്തര പരിഹാരം ആവശ്യമായ കാര്യമാണ്. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യത്തെ ആറുമാസത്തെ കണക്കുകൾ പരിഗണിക്കുമ്പോൾ കേരളം ഇക്കാര്യത്തിൽ ശക്തമായ ചുവടുവയ്പ് നടത്തി.  കാരണം, റവന്യു ചെലവുകൾ കുറഞ്ഞെന്ന് മാത്രമല്ല, അതിന്റെ വളർച്ച -5.6 ശതമാനംമാത്രമാണ്. 

റവന്യു ചെലവിലെ വളർച്ച നിർണായകമായ രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞെന്നത് ധനപരമായ നിയന്ത്രണമേഖലയിൽ കേരളം നല്ല രീതിയിൽ മുന്നേറുന്നു എന്നതിന്റെ സൂചനയാണ്. തനതുവരുമാന മാർഗങ്ങൾ ഉയർത്തുകയെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ വളരെ നിർണായകമാണ്. ഇക്കാര്യത്തിൽ കക്ഷിഭേദമന്യേ സമവായമുണ്ടാക്കാൻ കഴിയുന്നില്ലെന്നത് പ്രയാസകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന തരത്തിലുള്ള മഹാമാരി സംഭവിച്ചപ്പോൾ കേരളം വരുമാനം ഉയർത്തുന്നതിന് ചില നീക്കങ്ങൾ കഴിഞ്ഞ ബജറ്റിൽ നടത്തി. എന്നാൽ, ഇതിനെ വല്ലാത്ത ജനദ്രോഹമായി പെരുപ്പിച്ചുകാണിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ശ്രമങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്. റവന്യു വരുമാനത്തിൽ പ്രകടമായ വളർച്ചയും ഒപ്പം റവന്യു ചെലവിലും കടമെടുപ്പിലും ഉണ്ടായ കുറവും എടുത്തുപറയത്തക്കതാണ്. റവന്യു കമ്മി, ധനക്കമ്മി തുടങ്ങിയ കാര്യങ്ങളിൽ ഇത് വ്യക്തമായി കാണാവുന്നതാണ്. 2022-–-23ൽ ധനക്കമ്മി ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന 3.9 ശതമാനമെന്ന നിലയിൽനിന്നും പുതുക്കിയ കണക്കുകൾ പ്രകാരം 3.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 3.5 ശതമാനമാണ് നടപ്പുവർഷത്തേക്ക് ലക്ഷ്യമിട്ടിരിക്കുന്നത്. അതുപോലെ റവന്യു കമ്മി ലക്ഷ്യമിട്ടിരുന്ന 2.3 ശതമാനത്തിൽനിന്ന്‌ രണ്ടു ശതമാനമായും കുറഞ്ഞു.

(സാമ്പത്തിക കാര്യ മാധ്യമ പ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top