29 March Friday

വിഭവക്കൈമാറ്റത്തിലെ വിവേചനം

എം ഗോപകുമാർUpdated: Wednesday Feb 15, 2023

കേന്ദ്ര വിഭവക്കൈമാറ്റത്തിലെ വിവേചനമാണ് കേരളത്തിന്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണമെന്ന വസ്തുത  മറച്ചുപിടിക്കുകയെന്ന ധർമമാണ് പല മാധ്യമങ്ങളും ചില പണ്ഡിതന്മാരും നിർവഹിക്കുന്നത്. ഇപ്പോൾ കേരളം നേരിടുന്ന അനീതി പൊതുവിൽ ചർച്ചയായിട്ടുണ്ട്. ഈ ചർച്ചയിൽനിന്ന്‌ ശ്രദ്ധ മാറ്റാൻ ബിജെപിയും കേന്ദ്ര സർക്കാരും കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. ഈ പണിക്ക്‌ വെള്ളം കോരുന്ന പണിയാണ് യുഡിഎഫ്‌ സ്വീകരിക്കുന്നത്. കേരളം കാണിക്കുന്ന എന്തോ അലംഭാവമാണ് സംസ്ഥാനം നേരിടുന്ന  ധന അസന്തുലിതാവസ്ഥയുടെ കാരണമെന്ന്‌ വരുത്തുകയാണ് ലക്ഷ്യം. കേരളം എങ്ങനെയൊക്കെയാണ് വിവേചനം നേരിടുന്നത്. ഏതൊക്കെ ഇനങ്ങളിലാണ് സംസ്ഥാനത്തിന്‌ നഷ്ടം വരുന്നത്. ഇത്‌ നമ്മുടെ ധനസന്തുലനത്തിൽ എത്ര പ്രധാനമാണ്.  കേന്ദ്ര കൈമാറ്റത്തിലെ  ഇടിവ്    വരുംവർഷം കേന്ദ്ര വിഭവ വിഹിതത്തിൽ വരുന്ന മാറ്റമെന്താണ്. 2023–--2024ൽ  സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 1,35,418 കോടി രൂപയാണ്. ഇതിൽ നമ്മുടെ തനത്‌ റവന്യൂ വരുമാനം (State’s Own Resource) 98,127  കോടിയാണ്. ഇപ്പോഴത്തെ  85,543 കോടിയിൽനിന്ന്‌ 14.7 ശതമാനം കൂടുകയാണ് ചെയ്യുന്നത്. അതേസമയം, കേന്ദ്ര കൈമാറ്റം (central transfer)  43,724 കോടിയിൽനിന്ന്‌ 37,291 കോടിയായി ഇടിയുന്നു. 14.71 ശതമാനം കുറയുന്നു എന്നർഥം. കേന്ദ്ര നികുതി വിഹിതം ധന കമീഷൻ അവാർഡ് പ്രകാരം 1.925 ശതമാനം മാത്രമായി തുടരും. അതേസമയം, ഇതിന്‌ പരിഹാരമായി ലഭിച്ചതടക്കമുള്ള ഗ്രാന്റുകൾ 25,940  കോടിയിൽനിന്ന്‌ 15,866  കോടിയായി കുറയുന്നു. ഇതാണ്‌ വരുംവർഷത്തെ പൊതുചിത്രം.  കേന്ദ്ര നികുതി വിഹിതത്തിലെ 
വിവേചനം  കേന്ദ്രം പിരിക്കുന്ന നികുതികളുമുണ്ട് സംസ്ഥാനം പിരിക്കുന്ന നികുതികളുമുണ്ട്. ഭരണഘടനയിലാണ് ഇത്‌ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വിൽപ്പന നികുതി സംസ്ഥാനമല്ലേ പിരിക്കുന്നത്. അതിൽ നല്ലൊരു പങ്കും ഇപ്പോൾ ജിഎസ്‌ടിയിലേക്ക് മാറി. അത്‌ പകുതിവീതമായി. വരുമാന നികുതിയും കസ്റ്റംസ് ഡ്യൂട്ടിയും എല്ലാം കേന്ദ്ര സർക്കാരാണ് പിരിക്കുന്നത്. ആകെ നികുതി അധികാരങ്ങളിൽ 62.7 ശതമാനവും കേന്ദ്ര സർക്കാരിനാണ്. അതേസമയം, ചെലവുകളിൽ  62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ധന കമീഷൻ കണക്കാണ്‌ ഇത്. കേന്ദ്രം  പിരിക്കുന്ന ചില നികുതികൾ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ ഈ  അസന്തുലനം പരിഹരിക്കുന്നതിനുള്ള ഭരണഘടനാ സ്കീമാണ്. അല്ലാതെ എന്തെങ്കിലും ഔദാര്യമല്ല.  ഇത്തരത്തിൽ പങ്കുവയ്ക്കേണ്ട നികുതികൾ ചേരുന്നതാണ്  ഡിവിസിബിൾ പൂൾ (divisible pool) എന്നുപറയുന്നത്. ഈ പങ്കുവയ്പ് തീരുമാനിക്കുന്നത് സ്വതന്ത്ര ഭരണഘടനാ സംവിധാനമായ ധന കമീഷനാണ്. വിഭജിക്കേണ്ട (divisible pool) നികുതിയിൽ കേന്ദ്രത്തിനും  സംസ്ഥാനങ്ങൾക്കും  എത്ര ശതമാനം വീതമെന്നത്‌ ആദ്യം  നിശ്ചയിക്കും. ഇതിന്‌ വെർട്ടിക്കൽ ഡെവലൂഷൻ എന്നാണ് പറയുക. സംസ്ഥാനങ്ങൾക്ക് 41 ശതമാനവും കേന്ദ്രത്തിന്‌ 59 ശതമാനവും എന്നതാണ്‌ ഇപ്പോഴത്തെ നില. മാത്രമല്ല, പല നികുതിയും ഡിവിസിബിൾ പൂളിൽനിന്നു മാറ്റി പോക്കറ്റിലാക്കുന്ന സ്ഥിതിയുമുണ്ട്. നിരന്തരം കൂട്ടുന്ന ഇന്ധന നികുതി ഡിവിസിബിൾ പൂളിൽ വരാത്ത സെസുകളായിട്ടാണ് ഈടാക്കുന്നത്. 2010-–-2011 ൽ ആകെ കേന്ദ്ര നികുതി വരുമാനത്തിന്റെ  88 ശതമാനവും വിഭജിക്കേണ്ട നികുതിയായിരുന്നു. 2019-–-2020 ആയപ്പോൾ ഇത്‌ 78.4 ശതമാനമായി ചുരുങ്ങി. ചെലവിന്റെ  കഥ നേരത്തേ കണ്ടല്ലോ. അപ്പോൾ വിഭവവിന്യാസത്തിൽ സംസ്ഥാനങ്ങൾ പൊതുവിൽ പരാധീനത നേരിടുന്നുണ്ട്.  സംസ്ഥാനങ്ങൾക്കുള്ള 41 ശതമാനം വിവിധ സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്നതിനെയാണ് ഹൊറിസോണ്ടൽ ഡെവലൂഷൻ എന്നുപറയുന്നത്. ഇങ്ങനെ കേരളത്തിന്‌ ലഭിക്കുന്നത് ഈ 41 ശതമാനത്തിന്റെ  1.925 ശതമാനമാണ്. 15–-ാം ധന കമീഷൻ കാലമാണ്‌ ഇത്. 10–-ാം ധന കമീഷൻ തീർപ്പുപ്രകാരം കേരളത്തിന്റെ വിഹിതം 3.88 ശതമാനമായിരുന്നു.

ഇപ്പോഴത്തെ ധനകമീഷൻ സംസ്ഥാനങ്ങൾക്കാകെ  അഞ്ചുകൊല്ലംകൊണ്ട് വീതിച്ചുനൽകുന്ന  നികുതി വിഹിതം 42,24,760  കോടി രൂപയാണ്. ഇതിൽ കേരളത്തിനു കിട്ടുന്നത് 81,326 കോടി. 1.92 ശതമാനം. 10–-ാം ധന കമീഷൻ  മാനദണ്ഡപ്രകാരം 3.88 ആയിരുന്നെങ്കിൽ 1,63,920 കോടി രൂപ കിട്ടുമായിരുന്നു. 82,594 കോടി രൂപയാണ് നഷ്ടം. പ്രതിവർഷം 16,518 കോടി. മറ്റിനങ്ങളിലെ നഷ്ടം വേറെയുമുണ്ട്. എന്തിന്, ജനസംഖ്യാനുപാതികമായി  നോക്കിയാൽത്തന്നെ  കേരളത്തിന് 8000 കോടി രൂപയുടെ പ്രതിവർഷ നഷ്ടമാണ്‌ ഉണ്ടാകുന്നത്.  റവന്യൂ കമ്മി  ഗ്രാന്റ് ദേശീയമായി തീരുമാനിക്കപ്പെടുന്ന മാനദണ്ഡങ്ങൾ അനുസരിച്ച്  നികുതി പങ്കുവയ്ക്കുമ്പോൾ നഷ്ടം വരുന്നത് പരിഹരിക്കുന്നതിനാണ് പലതരം ഗ്രാന്റുകൾ നൽകുന്നത്. അതിന്റെ സ്ഥിതിയാണ് തുടക്കത്തിൽ നാം കണ്ടത്. റവന്യു കമ്മി  ഗ്രാന്റിന് പറയുന്നത് പോസ്റ്റ്‌ ഡെവലൂഷൻ റവന്യു ഡെഫിസിറ്റ്‌ ഗ്രാന്റ്‌ (Post Devolution Revenue Deficit grant ) എന്നാണ്. നികുതി പങ്കുവച്ചതിനുശേഷവും ഉണ്ടാകുന്ന ധന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഗ്രാന്റ് എന്നർഥം. അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം നികുതി ഘടനയാണ്. നല്ല പങ്ക്‌ നികുതിയും പിരിക്കുന്നത് കേന്ദ്രം.

ജിഎസ്‌ടി നിരക്കുകളിൽ ഏകപക്ഷീയമായി വരുത്തിയ കുറവ്, ജിഎസ്‌ടി ഭരണം കാലോചിതമാക്കുന്നതിലെ പിഴവ് എന്നിങ്ങനെ ഘടനാപരമായ പ്രശ്നങ്ങളൊന്നും അഭിസംബോധന ചെയ്യാതെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടുന്നത്‌ എങ്ങനെയാണ്. റവന്യു കമ്മി  ഗ്രാന്റ് എന്തോ ഔദാര്യമെന്ന മട്ടിലാണ് പലരുടെയും വാദം. ദേശീയമായി തീരുമാനിക്കപ്പെടുന്ന മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനത്തിന്‌ നഷ്ടം വരുന്നു. മറ്റുള്ള സംസ്ഥാനങ്ങളുടെ പ്രശ്നമല്ല കേരളത്തിനുള്ളത്. എല്ലാത്തിലുമെന്നപോലെ വികസന ദശയിലും ഇന്ത്യൻ സംസ്ഥാനങ്ങൾ  വൈജാത്യം പുലർത്തുന്നവയാണ്. കേരളത്തിന്റെ സവിശേഷ വികസന വെല്ലുവിളികൾ  ധനവിന്യാസത്തിൽ അവഗണിക്കപ്പെടുന്നു എന്നതാണ് നമ്മുടെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാനം. നഷ്ടപരിഹാരം ജിഎസ്‌ടി നഷ്ടപരിഹാരം കിട്ടിയില്ല എന്നൊരു പരാതി കേരളത്തിനില്ല. നഷ്ടപരിഹാരം കിട്ടാത്തത് കേരളം ഓഡിറ്റഡ് കണക്കുകൾ കൊടുക്കാത്തതിനാലാണെന്നു വരുത്തുകയും ധനപ്രയാസം ഇതുകൊണ്ടാണെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയുമാണ് ലക്ഷ്യം. കേന്ദ്ര ജിഎസ്‌ടി  അക്കൗണ്ടിങ് അധികാരികൾ തയ്യാറാക്കുന്ന കണക്കുകൾ അനുസരിച്ച് രണ്ടുമാസം കൂടുമ്പോൾ നഷ്ടപരിഹാരം കൈമാറണമെന്നതാണ് നിയമം. കേരളത്തിന് ഇതു കിട്ടിയിട്ടുമുണ്ട്. ബാക്കി  750–- - 800 കോടി രൂപയേ ഉണ്ടാകൂ. ഓഡിറ്റ് നടത്താൻ പറ്റാത്തത് കേന്ദ്ര റവന്യു മന്ത്രാലയം നഷ്‌ടപരിഹാര ഫണ്ടിന്റെ കണക്കുകൾ നൽകാത്തതിനാലാണെന്ന് 2021 ലെ ജിഎസ്‌ടി ഓഡിറ്റ് റിപ്പോർട്ടിൽ സി ആൻഡ്‌ എജി തന്നെ പറഞ്ഞിട്ടുമുണ്ട്. അതു കേരളത്തിന്റെ തലയിലിടണ്ട. കേരളത്തിന്റെ ആവശ്യം നഷ്ടപരിഹാരം തുടരണമെന്നതാണ്. നഷ്ടപരിഹാര ആശ്രിതത്വം കേരളത്തിന്റെമാത്രം എന്തോ  പ്രശ്നമാണെന്ന മട്ടിലാണ് പ്രചാരണം. എല്ലാ പ്രധാന സംസ്ഥാനങ്ങളും ഈ പ്രതിസന്ധി നേരിടുകയാണ്.

ഏറ്റവുമുയർന്ന വിടവുള്ള സംസ്ഥാനം പഞ്ചാബാണ്. നഷ്ടപരിഹാരം കേന്ദ്രം കൈയിൽനിന്ന്‌ തരുന്നില്ല. പ്രത്യേക നഷ്ടപരിഹാര സെസ് പിരിച്ചാണ് തരുന്നത്. ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുംവരെ നഷ്ടപരിഹാരം തുടരണമെന്ന സംസ്ഥാനങ്ങളുടെ പൊതുആവശ്യത്തെയാണ് ഇങ്ങനെ തെറ്റിദ്ധാരണ പരത്താൻ  ഉപയോഗിക്കുന്നത്. നികുതി പിരിവിലെ പ്രവണതവച്ച്  നടപ്പുസാമ്പത്തികവർഷം കുറഞ്ഞത് 10,000 കോടി രൂപ ഈ ഇനത്തിൽ കേരളത്തിന്‌ നഷ്ടപ്പെടും.  നിസ്സാരവൽക്കരിക്കാനുള്ള  സംഘടിതശ്രമം   ഈ ഗൗരവസ്ഥിതിയെ നിസ്സാരവൽക്കരിക്കാനുള്ള സംഘടിതശ്രമമാണ് ബിജെപിയും യുഡിഎഫും നടത്തുന്നത്. എന്താണ് ഈ നഷ്ടങ്ങളുടെ വലുപ്പം. വരുംവർഷം നമ്മുടെ റവന്യൂ കമ്മി 23,942 കോടി രൂപയാണ്. നടപ്പുസാമ്പത്തികവർഷത്തെ പുതുക്കിയ കണക്കുകൾ പ്രകാരം റവന്യു കമ്മി 19,915 കോടിയാണ്. ഈ റവന്യു കമ്മിയാണ് നമ്മുടെ ധന അസന്തുലിതാവസ്ഥയുടെ  സൂചകം. കേന്ദ്രനികുതി, ഗ്രാന്റ് കൈമാറ്റങ്ങളിൽ മുകളിൽ പറഞ്ഞ നഷ്ടങ്ങൾ നികത്തപ്പെട്ടാൽ കേരളം റവന്യു കമ്മി മറികടക്കും. കൂടുതൽ വികസന, ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുക്കാനാകും. ഇത്രമേൽ പ്രധാനമായ  വിവേചനത്തെയാണ് നിസ്സാരമാക്കാൻ നോക്കുന്നത്. ഇത്‌ കേരളം പൊതുവിൽ മനസ്സിലാക്കുകതന്നെ ചെയ്യും. 

(സ്വതന്ത്ര ഗവേഷകനായ ലേഖകൻ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിൽ പ്രവർത്തിക്കുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top