23 April Tuesday

കേരളം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ - ധനമന്ത്രി കെ എൻ ബാലഗോപാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

2021–22ൽ ദേശീയ വളർച്ചയേക്കാൾ ഉയർന്ന വളർച്ചനിരക്കാണ് കേരളത്തിന്റെ സമ്പദ്‌രംഗം കൈവരിച്ചിരിക്കുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.  2021–22ൽ ദേശീയ വളർച്ചനിരക്ക് 8.7 ശതമാനമായിരിക്കുമ്പോൾ കേരളം നേടിയത് 12.8 ശതമാനമാണ്. കോവിഡിന് മുമ്പുള്ള 2018–19മായി താരതമ്യപ്പെടുത്തുമ്പോൾ 14.4 ശതമാനം വളർച്ച നേടി.  കേരളത്തിന്റെ പ്രതിശീർഷ വരുമാനവും 2021–22ൽ 12.5 ശതമാനം  വളർച്ച കൈവരിച്ചു.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 2020–21ൽ 7,99,571 കോടി രൂപ ആയിരുന്നത് 2021–22ൽ 9,01,998 കോടി ആയി.  കോവിഡിന്റെയും വെള്ളപ്പൊക്കത്തിന്റെയും സാമ്പത്തികപ്രതിസന്ധികളിൽനിന്ന്‌ കേരളം മോചനം നേടിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. അന്തർദേശീയ സമ്പദ്‌രംഗവും ദേശീയ സമ്പദ്‌രംഗവും വലിയ തിരിച്ചടി നേരിടുന്ന സമയത്താണ്  ഈ വളർച്ച . 2022 ഒക്ടോബർ ആദ്യവാരം യുഎൻ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ്‌ ഡെവലപ്മെന്റ്, ഡബ്യുടിഒ, ഐഎംഎഫ്  എന്നീ അന്തർദേശീയ ഏജൻസികളെല്ലാം പുറത്തുവിട്ട കണക്കുകളും നിഗമനങ്ങളും പറയുന്നത് ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിലോ മാന്ദ്യത്തിന്റെ പിടിയിലോ ആണെന്നാണ്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ റിപ്പോർട്ട് പറയുന്നത് റഷ്യ– ഉക്രയ്ൻ യുദ്ധം, കേന്ദ്രബാങ്കുകളുടെ പലിശനിരക്ക് ഉയർത്തൽ, ഉയരുന്ന ഊർജവില, വിലക്കയറ്റം തുടങ്ങിയ നടപടികൾമൂലം ലോക ചരക്കുവ്യാപാര വളർച്ച 2023ൽ ഒരു ശതമാനമെന്ന നിലയിലേക്ക് ഇടിയുമെന്നാണ്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഏപ്രിലെ  റിപ്പോർട്ട് പറഞ്ഞത് 2023ൽ 3.4 ശതമാനം വളർച്ച ലോക വ്യാപാരം കൈവരിക്കുമെന്നാണ്. മാറിയ സാഹചര്യത്തിൽ 3.4 ശതമാനം എന്നതിൽനിന്ന്‌ ഒരു ശതമാനമായി കുറയ്ക്കാൻ ഡബ്യുടിഒ നിർബന്ധിതമായിരിക്കുകയാണ്.  2022 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വ്യാപാരത്തിൽ വലിയ ഇടിവുണ്ടാകുമെന്നും ഡബ്യുടിഒ പറയുന്നു.

ഡബ്യുടിഒയുടെ നിഗമനമനുസരിച്ച് ആഗോള ജിഡിപി വളർച്ച 2022ൽ 2.8 ശതമാനവും 2023ൽ 2.3 ശതമാനവും മാത്രമായിരിക്കുമെന്നും ഐഎംഎഫിന്റെ നിഗമനം 2023ൽ ലോക സാമ്പത്തികവളർച്ച 2.7 ശതമാനമായിരിക്കും എന്നുമാണ്. 2022 ഒക്ടോബറിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിന്റെ അപ്ഡേറ്റിലാണ് ഈ വിവരം ഐഎംഎഫ് പറയുന്നത്.  ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞതിനേക്കാൾ 0.2 ശതമാനം വളർച്ചയിൽ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.  2022ൽ 3.2 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് റിപ്പോർട്ട്.  2021ൽ ആഗോള സാമ്പത്തികവളർച്ച ആറ്‌ ശതമാനമായിരുന്നതാണ് 2022ൽ ഈ നിലയിൽ കുറഞ്ഞത്.  ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നും അടുത്ത രണ്ട് സാമ്പത്തിക പാദത്തിൽ ചുരുങ്ങുമെന്നാണ് ഐഎംഎഫ് റിപ്പോർട്ട്.  ഇനിയും വരാനിരിക്കുന്നത് ഇതിലും മോശമായ സ്ഥിതിയെന്ന്  ഐഎംഎഫ്  പ്രവചിക്കുന്നു.


 

എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും വളർച്ച ഇടിഞ്ഞു.  2019ലെ കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് വളർച്ച എത്തുന്നുമില്ല. വരുമാനം കുറഞ്ഞ 60 ശതമാനം രാജ്യങ്ങളും 30 ശതമാനത്തോളം വികസ്വര രാജ്യങ്ങളും കട പ്രതിസന്ധിയിലായി.  കടം തിരിച്ചടയ്ക്കാൻ കഴിയാത്ത വലിയ ബുദ്ധിമുട്ടിലേക്ക് അവർ എത്തിക്കൊണ്ടിരിക്കുന്നു.  സാമ്പത്തികപ്രതിസന്ധി, ജീവിതച്ചെലവുകളുടെ വർധന, കാലാവസ്ഥാ വ്യതിയാനം, സർക്കാർ നിക്ഷേപങ്ങളിലെ ഇടിവ് ഇവയെല്ലാം സാമൂഹ്യ അസ്വസ്ഥതകളിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിച്ചു.  അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയങ്ങൾ ലോകത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ്‌ ഡെവലപ്മെന്റും പറയുന്നത്.  ഫെഡറൽ റിസർവ്‌ ഒരു ശതമാനം പലിശ ഉയർത്തുമ്പോൾ വികസിത രാജ്യങ്ങളുടെ സാമ്പത്തികവളർച്ച ഏതാണ്ട് 0.5 ശതമാനവും വികസ്വര രാജ്യങ്ങളിലെ സാമ്പത്തികവളർച്ച 0.8 ശതമാനവും ഇടിയുന്നു.

ഇന്ത്യൻ സമ്പദ്‌രംഗത്തെ സ്ഥിതിയും ആശങ്കാജനകമാണ്.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട അടിസ്ഥാന ഘടകങ്ങളെല്ലാം സൂചിപ്പിക്കുന്നത് സ്ഥിതിഗതികൾ ശുഭകരമല്ല എന്നാണ്. ഡോളറുമായി രൂപയുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നവംബർ 19ന്റെ  നിലയെടുത്താൽ 81.5 രൂപയാണ് ഒരു ഡോളറുമായുള്ള വിനിമയ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ രൂപയുടെ വില ഡോളറുമായുള്ള വിനിമയ നിരക്കിൽ 10 ശതമാനം ഇടിഞ്ഞു. 

റിസർവ്‌ ബാങ്ക് നിരന്തരം പലിശനിരക്ക് ഉയർത്തിയിട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ല.  2022 ഒക്ടോബറിലെ വിലക്കയറ്റം 6.77 ശതമാനമായിരുന്നു

കറണ്ട് അക്കൗണ്ട്  കമ്മിയും വ്യാപാര കമ്മിയും കുതിച്ചുയരുകയാണ്. വിദേശനാണ്യ  ശേഖരം കുത്തനെ കുറയുകയാണ്.  അടുത്തകാലത്തായി ചില ശുഭകരമായ സൂചനകൾ ഉണ്ടെങ്കിലും ലോക വ്യാപാര രംഗത്തെ പ്രതിസന്ധി ഇന്ത്യൻവ്യാപാര രംഗത്തെയും ബാധിച്ചുകഴിഞ്ഞു.  2022 ഒക്ടോബറിൽ ഇന്ത്യയുടെ കയറ്റുമതി 16.65 ശതമാനം ഇടിഞ്ഞ് 2978 കോടി  ഡോളറായി. വ്യാപാര കമ്മി ഒക്ടോബറിൽ 2691 കോടി  ഡോളറായി.  എൻജിനിയറിങ്‌ ചരക്കുകൾ, വസ്ത്രം, വജ്രം എന്നിവയിലാണ് കയറ്റുമതി ഇടിഞ്ഞത്.  ഈ മേഖലയിലാണ് വലിയ തോതിൽ തൊഴിലാളികൾ പണിയെടുക്കുന്നത്.  തൊഴിലില്ലായ്മ ഉയരാൻ ഇതു കാരണമാകും. റിസർവ്‌ ബാങ്ക് നിരന്തരം പലിശനിരക്ക് ഉയർത്തിയിട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ല.  2022 ഒക്ടോബറിലെ വിലക്കയറ്റം 6.77 ശതമാനമായിരുന്നു. 2022 സെപ്തംബറിലെ വിലക്കയറ്റം 7.4 ശതമാനമായിരുന്നു. കഴിഞ്ഞ ഒമ്പത്‌ മാസമായി വിലക്കയറ്റം റിസർവ്‌ ബാങ്കിന്റെ പരിധിയായ ആറ്‌ ശതമാനത്തിനും മുകളിലാണ്. 

ഈ  അന്തർദേശീയ ദേശീയ പശ്ചാത്തലത്തിലാണ് കേരളം കൈവരിച്ച 12.8 ശതമാനം വളർച്ച നാം വിലയിരുത്തേണ്ടത്.  മറ്റ് സംസ്ഥാനങ്ങളിൽ ചിലത് കേരളത്തേക്കാൾ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും മറ്റൊരു സംസ്ഥാനവും നേരിടാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് കേരളം നേരിട്ടത്.

കേരളം കൈവരിച്ച നേട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കണമെങ്കിൽ ഗുജറാത്തുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ഉൽപ്പാദനരംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.  2019–20ലെ കണക്കനുസരിച്ച് വളർച്ച മുരടിച്ച കുട്ടികളുടെ എണ്ണം ഗുജറാത്തിൽ 39 ശതമാനമാണ്.  കേരളത്തിന്റെ നിരക്ക് 23.4 ശതമാനമാണ്. ഇന്ത്യയിൽ വളർച്ച മുരടിച്ച കുട്ടികളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്.  ഗുജറാത്തിൽ സ്കൂളിൽ പോയ സ്ത്രീകളുടെ എണ്ണം 72.9 ശതമാനമാണ്.  കേരളത്തിൽ അത് 95.5 ശതമാനമാണ്.  81 ശതമാനവുമായി ഹിമാചൽപ്രദേശ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.  ഇതിലും കേരളമാണ് മുൻപന്തിയിലുള്ളത്. ശിശുമരണ നിരക്ക് ഗുജറാത്തിൽ 31.2 ശതമാനമാണ്. കേരളത്തിൽ ശിശുമരണനിരക്ക് 4.4 ശതമാനം മാത്രമാണ്. ഇത്തരത്തിൽ സാമൂഹ്യ സൂചികകളിൽ പ്രധാനപ്പെട്ട ഏത് ഘടകമെടുത്താലും മിക്കതിലും കേരളമാണ് മുൻപന്തിയിൽ.  കേരളത്തിന്റെ മനുഷ്യവിഭവശേഷി ഇതുമൂലം മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെയധികം മുന്നിലാണ്.  അതിൽ കേരളം നടത്തുന്ന നിക്ഷേപമാണ് ഇതിനുകാരണം.

പിഎസ്‌സി വഴി ഏറ്റവും കൂടുതൽ പേർക്ക് നിയമനം കൊടുത്ത  സംസ്ഥാനമാണ് കേരളം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ 1,65,000 പേർക്ക്  നിയമനം നൽകി. അതേസമയം ബംഗാൾപോലുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ 11 വർഷംകൊണ്ട് പതിനായിരത്തോളം പേർക്ക് മാത്രമാണ്  നിയമനം നൽകിയത്.

കേരളം ദേശീയരംഗത്ത് ഔദ്യോഗികമായിത്തന്നെ നേടിയ പുരസ്കാരങ്ങൾ കേരളത്തിന്റെ വളർച്ചയെ പ്രത്യേകം എടുത്തുകാണിക്കുന്നതാണ്. നിതി ആയോഗിന്റെ 2020–21ന്റെ സുസ്ഥിര വികസന സൂചികയിൽ കേരളത്തിന്  ഒന്നാംസ്ഥാനം. മുൻവർഷത്തെ സ്‌കോറിൽനിന്ന് അഞ്ച് പോയിന്റുകൂടി കൂട്ടി 100ൽ 75 പോയിന്റോടെയാണ് കേരളം വീണ്ടും ആദ്യസ്ഥാനം നേടിയത്. ആരോഗ്യമേഖലയ്ക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്  അംഗീകാരം. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികൾക്ക്. 140 ആരോഗ്യസ്ഥാപനത്തിന്‌ എൻക്യുഎഎസ്.  സംസ്ഥാനത്തെ ഇ– സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ സംരംഭങ്ങൾക്ക് ഗവേണൻസ് നൗവിന്റെ നാലാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്. വൈദ്യുതി വിതരണത്തിലെ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദ നടപടികളും വിലയിരുത്തുന്ന നിതി ആയോഗ് സൂചികയിൽ സംസ്ഥാനത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.

കോവിഡ് പ്രതിസന്ധിയും വെള്ളപ്പൊക്കവും നേരിടാൻ കേരളം സ്വീകരിച്ച നടപടികളും സാമൂഹ്യസുരക്ഷാ പദ്ധതികളും കിഫ്ബിയിലൂടെ നടത്തിയ നിക്ഷേപങ്ങളുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. വെള്ളപ്പൊക്കത്തെ നേരിടാൻ റീബിൽഡ് കേരള പദ്ധതി, കോവിഡിനെ നേരിടാൻ 20,000 കോടി രൂപ വീതമുള്ള രണ്ട് പാക്കേജ്‌, ചെറുകിട വ്യവസായങ്ങൾക്ക് നൽകിയ പിന്തുണ, ക്ഷേമപെൻഷനുകൾ മുടക്കംകൂടാതെ നൽകിവന്നത്, കെഎഫ്സി, കെഎസ്എഫ്ഇ, സഹകരണ ബാങ്കുകൾ, വാണിജ്യബാങ്കുകൾ തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളിലൂടെ നടപ്പാക്കിയ വായ്പാ പദ്ധതികൾ തുടങ്ങിയവയെല്ലാം ഈ വളർച്ച കൈവരിക്കാൻ സഹായിച്ചു.

നികുതി വിഹിതം വെട്ടിക്കുറച്ചും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയും റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ഓരോവർഷവും വെട്ടിക്കുറച്ചും കടമെടുപ്പ് പരിധി നിയന്ത്രിച്ചും ഏകദേശം 32,000 കോടി രൂപയുടെ കുറവ്  സാമ്പത്തികസ്രോതസ്സിൽ കുറഞ്ഞ അവസരത്തിലാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

കേരളത്തിലെ വിലക്കയറ്റത്തിന്റെ നിലയും ദേശീയ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ താഴ്ന്ന നിലയിലാണ്. ഉപഭോഗ വിലസൂചിക ആഗസ്തിൽ  ദേശീയതലത്തിൽ ഏഴ്‌ ശതമാനം ഉയർന്നപ്പോൾ കേരളത്തിൽ അത് 5.73 ശതമാനം മാത്രമാണ്.  ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താനായി  സ്വീകരിച്ച ഫലപ്രദമായ നടപടികളും ശക്തമായ പൊതുവിതരണ സമ്പ്രദായവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന സമ്പത്ത് കുറേയെങ്കിലും ന്യായമായി വിതരണം ചെയ്യപ്പെടുന്നുവെന്നു വേണം മനസ്സിലാക്കാൻ. മിക്ക സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി.  കേരളത്തിന്റെ വളർച്ച കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെയും സാധാരണക്കാരെയും കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്.  ആ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി മുന്നോട്ടുകൊണ്ടുപോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top