25 April Thursday

സഹകരണമേഖലയ്ക്ക് എതിരെ കേന്ദ്ര ഗൂഢാലോചന

ഡോ. ടി എം തോമസ് ഐസക്Updated: Monday Jul 12, 2021

കേന്ദ്രമന്ത്രിസഭയിലെ പൊളിച്ചുപണി ഒരു കുറ്റസമ്മതവുംകൂടിയാണ്. മോഡി സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനം നിരാശാജനകമാണ്. കോവിഡ് പ്രതിരോധം, കർഷകസമരം ഉയർത്തുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം, സമ്പദ്ഘടനയ്ക്ക്‌ ഉത്തേജനം ഇവയിലെല്ലാം തികഞ്ഞ പരാജയമാണ്. സാമൂഹ്യ മാധ്യമങ്ങൾക്ക്‌ മൂക്കുകയർ ഇടാൻ കഴിയുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അവർക്ക് ഒന്നും ചെയ്യാനായില്ല. ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുകയും ചെയ്തു. ചുമ്മാതല്ല, 11 മന്ത്രിമാരെ നീക്കം ചെയ്‌ത്‌ 43 മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

ഇങ്ങനെ പുനഃസംഘടിപ്പിച്ചപ്പോൾ പാലിച്ച മാനദണ്ഡങ്ങളെക്കുറിച്ച് പിറ്റേദിവസത്തെ ബിസിനസ് ലൈനിൽ ഒരു ലേഖനംതന്നെയുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് സിനർജി അഥവാ കൂട്ടുപ്രവർത്തന നേട്ടമാണ്. ഉദാഹരണത്തിന് ആയുഷ് വകുപ്പ് ആരോഗ്യവകുപ്പിനോടൊപ്പം ആക്കുന്നതാണ് നല്ലത്. ആഭ്യന്തരവകുപ്പും സഹകരണവും തമ്മിലുള്ള ബന്ധമെന്ത്? എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. സഹകരണം നേരത്തേ കൃഷിമന്ത്രിയാണ് നോക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ അതിന് പ്രത്യേകമന്ത്രാലയം ഉണ്ടാക്കിയെന്നു മാത്രമല്ല, ആഭ്യന്തരമന്ത്രിയുടെ കീഴിലുമാണ്. എന്താണ് ഇതിന്റെ ഉന്നമെന്ന്‌ മനസ്സിലാക്കണമെങ്കിൽ അമിത് ഷായുടെ പൂർവകാല ചരിത്രം പരിശോധിക്കണം.

എന്തുകൊണ്ട് അമിത് ഷാ
അമിത് ഷായെത്തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണമന്ത്രിയാക്കിയത് യാദൃച്ഛികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽനിന്ന്‌ അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണമേഖലയിൽനിന്ന്‌ പുകച്ച്‌ പുറത്തുചാടിച്ചതിന്റെ പിന്നിലും ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷം ആദരാഞ്ജലി അർപ്പിക്കാൻ തൊട്ടടുത്ത പട്ടണത്തിൽ ഉണ്ടായിട്ടും മോഡി തയ്യാറായില്ല എന്നതിൽനിന്ന്‌ എത്രമാത്രം വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണമേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിന്‌ പ്രസക്തിയില്ലെന്നും കേന്ദ്രനീക്കം ഫെഡറൽ സംവിധാനത്തെ ഹനിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇത് പാർടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതിനു കീഴിൽ ഒരു സംഘി എഴുതിയത് വായിക്കുക:

“ഇഡി മാതൃകയിൽ പുതിയ ഏജൻസി...സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുക ലക്ഷ്യം... പുതിയ ഏജൻസി വരുന്നത് സഹകരണവകുപ്പിനു കീഴിൽ. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ. സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവർ പെട്ടെന്നുതന്നെ നേതൃത്വം നൽകും...!

കാരണമെന്താണെന്ന് അറിയണ്ടേ? കേന്ദ്രം സഹകരണമന്ത്രാലയം രൂപീകരിച്ചു. അതിന്റെ തലൈവർ അമിത് ഷായും... അണ്ണന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരീക്ഷണശാല അഹമ്മദാബാദിലെ സഹകരണ ബാങ്കുകളായിരുന്നു...

മേൽപ്പറഞ്ഞത് ഒരു ഒറ്റപ്പെട്ട കമന്റ് അല്ല. സാമൂഹ്യ മാധ്യമങ്ങളിലെ ബിജെപിക്കാരുടെ പൊതുപ്രതികരണം ഇതാണ്: കേരളത്തിലെ സഹകരണ മേഖലയെ മാർക്സിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും നിയന്ത്രണത്തിൽനിന്ന്‌ മോചിപ്പിക്കുക. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള അസഹിഷ്ണുതയും വെറുപ്പും ഓരോ കമന്റിലും കാണാം. എത്രയോ ജനസേവനത്തിലൂടെയാണ് സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം വിശ്വാസ്യതയാർജിച്ചത്. ഈ പൈതൃകത്തിൽ ഒരുപങ്കും സംഘപരിവാറിനില്ല. അതുകൊണ്ടാണ് സഹകരണമേഖലയെ തകർക്കുന്നത് ഒരു പ്രധാനലക്ഷ്യമായി അവർ വീമ്പിളക്കുന്നത്.

അതെ, അതാണ്‌ ലക്ഷ്യം. പക്ഷേ, അത് അത്ര എളുപ്പമൊന്നുമല്ല. കേന്ദ്ര സഹകരണമന്ത്രിയായതുകൊണ്ട് കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ പിടിച്ചെടുക്കാനാകും? കേരളത്തിലെ സഹകരണ സംഘങ്ങൾ നിയമസഭ പാസാക്കിയ നിയമമനുസരിച്ച് സഹകരണ രജിസ്ട്രാറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിലിരുന്ന് കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് ഉത്തരവ്‌ കൊടുക്കാനാകില്ല. അപ്പോൾ ബിജെപിയുടെ ഗെയിം പ്ലാൻ എന്താണ്? ഇപ്പോൾ നമുക്ക് ഊഹിക്കാനേ കഴിയൂ.

ഹിന്ദു ബാങ്കുകൾ
കേരളത്തിൽ ഇപ്പോൾ ബിജെപിക്കാർ ‘ഹിന്ദു ബാങ്കു’കൾ തുടങ്ങിയിട്ടുണ്ട്. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നതാണ് മുദ്രാവാക്യം. ‘ഹിന്ദു ബാങ്ക്’ എന്നത്‌ വിളിപ്പേര് മാത്രമാണെന്ന് അവരും സമ്മതിക്കുന്നുണ്ട്. യഥാർഥത്തിൽ ഇവ കേന്ദ്രസർക്കാർ 2014ൽ രൂപം നൽകിയ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കിതര ധനസ്ഥാപനങ്ങളാണ്. ഇത്തരത്തിൽ 870 നിധി കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അതിന്റെ മുഖ്യസംഘാടകരിൽ ഒരാൾ അവകാശപ്പെട്ടത്. ഇവയിൽ കുറെയെണ്ണം കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ അഥവാ അന്തർസംസ്ഥാന സഹകരണ സംഘങ്ങളാണ്‌. 870 എണ്ണം രജിസ്റ്റർ ചെയ്തിട്ടും വലിയ ചലനമൊന്നും ഇതുവഴി സൃഷ്ടിച്ച്‌ കണ്ടില്ല. ഏക കോളിളക്കം ചെർപ്പുളശേരി ‘ഹിന്ദു ബാങ്ക്’ നിക്ഷേപകരുടെ പണവും തട്ടി മുങ്ങിയതുമാത്രമാണ്.

ഹിന്ദുനിധി കമ്പനികളെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വലയത്തിൽ കൊണ്ടുവരുന്നതിനോ പുതിയ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിനോ ആയിരിക്കും പുതിയ കേന്ദ്രമന്ത്രാലയം ശ്രമിക്കുക. അതല്ലെങ്കിൽ ‘ഹിന്ദു ബാങ്കു’കൾക്ക് ധനസഹായം നൽകുന്നതിന് ഒരു കേന്ദ്ര മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുതന്നെ ആരംഭിച്ചുകൂടായ്‌കയുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടതുപോലെ സഹകരണം സംസ്ഥാന വിഷയമാണ്. 2002ൽ പാർലമെന്റ് പാസാക്കിയ അന്തർസംസ്ഥാന സഹകരണ സംഘം നിയമം പ്രകാരം രൂപീകരിച്ച ചെറിയ എണ്ണം സംഘങ്ങൾ നിലവിലുണ്ട്. അവയ്ക്കുവേണ്ടി പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമില്ല. പുതിയ മന്ത്രാലയം രൂപീകരിക്കുംമുമ്പ് സംസ്ഥാനങ്ങളുമായി ആശയവിനിയമം നടത്തിയതുമില്ല. സംസ്ഥാനാധികാര വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യാതെ നടപടി സ്വീകരിക്കുകയെന്നത് മോഡി സർക്കാരിന്റെ ശൈലിയായി മാറിയിട്ടുണ്ട്.

റിസർവ്‌ ബാങ്കിന്റെ ഇടപെടൽ
ഇതുകൊണ്ടുമാത്രം നൂറ്റാണ്ടിന്റെ പഴക്കമുള്ള കേരളത്തിലെ ജനകീയ സഹകരണ സംഘങ്ങളെ തകർക്കാനാകില്ല. അതിന് കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്താൻ പോകുന്നത് റിസർവ്‌ ബാങ്കിനെയാണ്. സഹകരണ ബാങ്കുകളുടെ പൂർണ നിയന്ത്രണം റിസർവ്‌ ബാങ്കിനു കീഴിലാക്കി ബാങ്കിങ്‌ റെഗുലേഷൻ ആക്ട് 2020ൽ ഭേദഗതി ചെയ്യുകയുണ്ടായി. ഈ ഭേദഗതി ഇപ്പോൾ അർബൻ ബാങ്കുകൾക്കും സംസ്ഥാന സഹകരണ ബാങ്കിനുമാണ് ബാധകം. പക്ഷേ, റിസർവ്‌ ബാങ്കിന് ഏതൊക്കെയാണ് ബാങ്ക് അല്ലെങ്കിൽ ബാങ്ക് അല്ലാത്ത ധനസ്ഥാപനങ്ങൾ എന്ന്‌ തീരുമാനിക്കാനാകും. റിസർവ്‌ ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത സഹകരണസംഘംപോലുള്ള സ്ഥാപനങ്ങൾ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ എപ്പോൾ വേണമെങ്കിലും നിരോധിക്കാം.

ആ നിരോധനം വന്നുകഴിഞ്ഞാൽ പിന്നെ നമ്മുടെ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾക്ക് പേരുമാത്രമല്ല നഷ്ടപ്പെടുക. ചെക്കുകൾ ഉപയോഗിച്ച് പണമിടപാട് നടത്താനും കഴിയില്ല. വിത്ഡ്രോവൽ സ്ലിപ്പേ പറ്റൂ. തീർന്നില്ല, പൊതുജനങ്ങളിൽനിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാൻ കഴിയില്ല. വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽനിന്നുമാത്രമേ കഴിയൂ. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തിൽ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണ്‌ കണക്ക്. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിങ്‌ സേവനങ്ങൾ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അത്‌ നിരോധിക്കപ്പെടും. ഇങ്ങനെ കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

അതോടെ അമിത് ഷായുടെ ചൊൽപ്പടിക്കു നിൽക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും മുൻപന്തിയിലേക്ക്‌ വരാനാകും. വായ്പാ സഹകരണ സംഘങ്ങൾ തങ്ങളുടെ വരുതിയിലായാൽ പിന്നെ ബാക്കിയുള്ളവയെ കീഴ്പ്പെടുത്താൻ പ്രയാസമുണ്ടാകില്ലെന്നായിരിക്കും ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒരു ദുഷ്ടപദ്ധതിക്കാണ് അവർ രൂപം നൽകിയിരിക്കുന്നതെന്നുവേണം ചിന്തിക്കാൻ.

കേരളം മാത്രമല്ല ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ പവാറിനെ തളർത്താൻ അവിടത്തെ സഹകരണ അടിത്തറ പൊളിക്കണം. അതുപോലെ മറ്റു ചില സംസ്ഥാനങ്ങളും. സഹകരണ പ്രസ്ഥാനം അത്ര സുശക്തമല്ലാത്ത ബിജെപിയിതര സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ കടന്നുകയറാൻ കേന്ദ്ര സഹായത്തോടെയുള്ള സഹകരണമേഖല ഉപയോഗപ്രദമാകും. അമിത് ഷായുടെ കേന്ദ്ര സഹകരണമന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃച്ഛികമല്ല. ആസൂത്രിതമായ പദ്ധതിതന്നെയാണ്. ഇതിനെതിരെ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ രാഷ്ട്രീയ പാർടികളും ബഹുജനങ്ങളും യോജിച്ചൊരു നിലപാട് സ്വീകരിച്ചേതീരൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top