27 April Saturday

സുസ്ഥിര വളർച്ച ലക്ഷ്യമാക്കുന്ന ബജറ്റ്

ഡോ. ജിജു പി അലക്സ്Updated: Wednesday Feb 8, 2023

സാമ്പത്തികവളർച്ചയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രവും സുസ്ഥിരവുമായ വികസനമാണ് കേരളത്തിന്റെ 14–-ാം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി  നിരവധി പ്രവർത്തനങ്ങളാണ്  ആവിഷ്കരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും  ആധുനികവൽക്കരണത്തിനുമായി മൂലധന നിക്ഷേപം  ഉറപ്പാക്കുകയും ആർജിച്ച വികസനനേട്ടങ്ങൾ നിലനിർത്തുകയും വേണം. സർവതല സ്പർശിയായ വികസനത്തിന്റെ പുതിയ മാതൃകയ്‌ക്കാണ് രൂപംകൊടുക്കുന്നത്. കേരളത്തിന്റെ  2023–-24ലെ ബജറ്റ് ഈ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട്‌ തയ്യാറാക്കിയിട്ടുള്ളതാണ്‌. 

ലോകമാകെ സാമ്പത്തികമാന്ദ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് കേരളവും ഭാവിയിലെ വികസനസ്വപ്നങ്ങൾ നെയ്യുന്നത്. കോവിഡിനു ശേഷമുള്ള സാമ്പത്തികവളർച്ചയ്ക്ക് ശക്തമായ പിന്തുണ വേണ്ടുന്ന സമയമാണ്‌ ഇത്. എന്നാൽ, സഹായഹസ്തം നൽകുന്നതിനു പകരം കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്‌. എന്നാൽ, ഈ വെല്ലുവിളികൾക്കിടയിലും ഉയർന്ന സാമ്പത്തികവളർച്ച ലക്ഷ്യമാക്കിയുള്ള നവീനമായ പദ്ധതികളാണ് കേരളം വിഭാവനം ചെയ്യുന്നത്. അധിക വിഭവസമാഹരണം ഉറപ്പാക്കുന്നതിനുള്ള നിരവധി മാർഗങ്ങൾ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞെങ്കിലും കേന്ദ്ര സർക്കാരിന്റെ സഹായത്തിൽ വന്നിട്ടുള്ള കുറവ് അതിഭീമമാണ്. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2021–-22ൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 12.86 ശതമാനമായി ഉയർന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമാകട്ടെ  22.41 ശതമാനമെന്ന നിരക്കിലാണ് വളർന്നത്. പൊതു ചരക്കുസേവന നികുതി, വിൽപ്പന നികുതി, മൂല്യവർധിത നികുതി എന്നീ ഇനങ്ങളിലുണ്ടായ വളർച്ച വിഭവസമാഹരണത്തിലെ കാര്യക്ഷമത വർധിപ്പിച്ചതുമാണ് ഇതിനു കാരണം. റവന്യൂ വരവിൽ കേന്ദ്ര സർക്കാരിന്റെ  സഹായം 2020–-21നു ശേഷം കുറഞ്ഞുവരുന്നു എന്നതും ഓർക്കേണ്ടതാണ്. കേരളം ഉൽപ്പാദനമേഖലയിൽ കൂടുതൽ മൂലധന നിക്ഷേപം ഉറപ്പാക്കിയും ഉൽപ്പാദനക്ഷമത വർധിപ്പിച്ചും ആധുനിക ശാസ്ത്രസാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള  സാഹചര്യം സൃഷ്ടിച്ചും അവ പ്രയോഗിച്ചും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ശ്രമിക്കുന്നത്.

ആഗോള സാമ്പത്തികവളർച്ച 2020–-21ലെ 5.7 ശതമാനത്തിൽനിന്ന്‌ 2022ലെ 2.9 ശതമാനമായി കുറയുമെന്നും  2023–-24ൽ മൂന്നു ശതമാനമായി വർധിക്കുമെന്നുമാണ് ലോക ബാങ്കിന്റെ നിഗമനം. ആഗോളതലത്തിൽ പണപ്പെരുപ്പം വർധിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വളർച്ച നിരക്കും ഗണ്യമായി കുറയുമെന്നാണ് ലോക ബാങ്കിന്റെ കണക്കുകളിൽനിന്നും വ്യക്തമാകുന്നത്. എന്നാൽ, കേരളത്തിന്റെ സാമ്പത്തികരംഗം പ്രതിസന്ധികളെ അതിജീവിക്കുകയും വളർച്ചയുടെ പ്രവേഗം തിരിച്ചുപിടിക്കുകയും ചെയ്യുകയാണുണ്ടായത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനം 2011–-12ലെ സ്ഥിര വിലനിലവാരമനുസരിച്ച്  2020–-21 നേക്കാൾ 12.01 ശതമാനം വളർച്ച നേടി. കോവിഡിന്റെ ഫലമായി മുൻവർഷം നിരാശാജനകമാംവിധം കൂപ്പുകുത്തിയ സ്ഥിതിയിൽനിന്നാണ് (8.43 ശതമാനം) ഈ ആവേശകരമായ തിരിച്ചുവരവ്.

കേരളത്തിന്റെ പുതിയ ബജറ്റ് ഈ വളർച്ചയുടെ വേഗം വർധിപ്പിക്കുന്ന തരത്തിലാണ് ധനവിനിയോഗത്തിന്റെ മുൻഗണനാക്രമം  നിശ്ചയിച്ചിട്ടുള്ളത്. എല്ലാവരെയും ചേർത്തുപിടിക്കാനുള്ള ആത്മാർഥമായ ശ്രമം ബജറ്റിൽ വ്യക്തമായി കാണാൻ കഴിയും. അതോടൊപ്പം കൃത്യമായി സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ലക്ഷ്യോന്മുഖമായ ഇടപെടലുകളും കാണാം.

ഉൽപ്പാദനമേഖലയിൽ ഗണ്യമായ പുരോഗതി കൈവരിക്കാനുതകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി, മത്സ്യസംരക്ഷണം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ വിഹിതത്തിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ താഴ്ന്ന വരുമാനക്കാരോടും ദരിദ്രരോടും അനുഭാവപൂർണമായ സമീപനമല്ല സ്വീകരിച്ചിരുന്നത്. തൊഴിലുറപ്പുപദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചതും പ്രാഥമിക ഉൽപ്പാദനമേഖലയെ അവഗണിച്ചതും ഇതിന്‌ ഉദാഹരണമാണ്. ഗ്രാമീണമേഖലയിലും നഗരപ്രദേശങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാകുന്ന സമയത്താണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി വെറും 60,000 കോടിയായി വെട്ടിക്കുറച്ചത്. പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള കേന്ദ്ര പദ്ധതികളുടെ വിഹിതവും 10,000 കോടിയിൽനിന്ന് വെറും 3365 കോടിയായി വെട്ടിച്ചുരുക്കുകയാണ് ചെയ്തത്.  എന്നാൽ, ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് കേരളത്തിന്റെ ബജറ്റിൽ കാണാനാകുന്നത്. ഉൽപ്പാദനമേഖലയിൽ ഗണ്യമായ പുരോഗതി കൈവരിക്കാനുതകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി, മത്സ്യസംരക്ഷണം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ വിഹിതത്തിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്.  കാർഷിക മേഖലയിലെ ആധുനികവൽക്കരണത്തിന് നൽകിയിരിക്കുന്ന പ്രാധാന്യവും എടുത്തുപറയേണ്ടതാണ്. മത്സ്യമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ  ഉൽപ്പാദനമേഖലയുടെ വികസനത്തിന് കരുത്തുപകരും.   മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയിൽ 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും ഉൽപ്പാദനമേഖലയിൽ ഊന്നൽനൽകുന്നതിനും ശ്രദ്ധിച്ചിരിക്കുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച അതിദാരിദ്ര്യ നിർമാർജനപരിപാടിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളെ  സഹായിക്കുന്നതിന് 50 കോടി രൂപ നീക്കിവച്ചു. കുടുംബശ്രീ പദ്ധതികൾ വിപുലപ്പെടുത്തുന്നതിനും കോവിഡ് –- വിലക്കയറ്റ കെടുതികളിൽനിന്നും ഗ്രാമീണ, നഗര പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ഇത്തരത്തിലുള്ള സഹായം അത്യന്താപേക്ഷിതമാണ്. ദേശീയ ബജറ്റിന്റെ പൊതുസമീപനത്തിൽനിന്നും വ്യത്യസ്തമായി  കേരളത്തിന്റെ 27.19 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്  നേരിട്ടുനൽകുന്നതും സാധാരണ ജനങ്ങളുടെ  ജീവിത നിലവാരം വർധിപ്പിക്കാൻ സഹായകമാകും.

തൊഴിൽ സൃഷ്ടിക്കുന്നതിനും  സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുമുഖമായ തന്ത്രമാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഫലം വ്യാപകമായി കാണാനാകുന്നുണ്ട്. വ്യാവസായികോൽപ്പാദനമേഖലയിൽ ഹ്രസ്വകാലംകൊണ്ട്  കൈവരിച്ച നേട്ടം സുസ്ഥിരമായി നിലനിർത്തുന്നതിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റ് ഊന്നൽനൽകി. തദ്ദേശഭരണ സ്ഥാപനതലത്തിൽ സംരംഭങ്ങൾക്ക് സഹായം നൽകാവുന്നവിധത്തിൽ പ്രാദേശികസാമ്പത്തിക വികസനപ്രക്രിയ പുനഃസംഘടിപ്പിക്കുകയും വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. സ്റ്റാർട്ടപ്‌ പശ്ചാത്തലം കേരളത്തിൽ സുശക്തമാണെന്ന് നീതി ആയോഗിന്റെ റാങ്കിങ്ങുകൾ തെളിയിക്കുന്നുണ്ട്. നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി  മാറ്റുന്നതിനുള്ള നിരവധി ഭാവനാത്മകമായ നിർദേശങ്ങൾ ബജറ്റിലുണ്ട്‌. ഗവേഷണവികസന പ്രവർത്തനങ്ങളെ ഉൽപ്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകാനും ശ്രദ്ധിച്ചിട്ടുണ്ട്.

വിവിധ സ്രോതസ്സുകളിൽനിന്നും സമാഹരിക്കുന്ന ധനവിഭവങ്ങൾ ഉൽപ്പാദനോന്മുഖമായി വിനിയോഗിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടാണ് ഈ ബജറ്റിനെ വ്യത്യസ്തമാക്കുന്നത്. സാമൂഹ്യനീതി ഉറപ്പാക്കുകയും  സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനുള്ള  പ്രായോഗികമായ സമീപനമാണ് ഈ ബജറ്റിന്റെ സവിശേഷത.

(സംസ്ഥാന ആസൂത്രണബോർഡ് അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top