25 April Thursday

ജോലിക്ക്‌ വിദ്യാഭ്യാസം - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Tuesday Jan 19, 2021

 

കടം, കമ്മി, അടങ്കൽ തുടങ്ങിയ പരിചിതസങ്കേതങ്ങൾ പ്രയോഗിച്ചുള്ള വിശകലനം സംസ്ഥാന ബജറ്റിന്‌ അനുരൂപമല്ല. കാരണം അവയെക്കാളെല്ലാം വളരെ ഉയർന്ന തലത്തിലാണ്‌ സർക്കാരിന്റെ വികസനക്കാഴ്‌ചപ്പാടും ധനമന്ത്രിയുടെ വിശകലനപാടവവും സമന്വയിപ്പിച്ച കേരള ബജറ്റിന്റെ സ്ഥാനം. ജ്ഞാനോൽപ്പാദനം, അതിന്റെ അടിസ്ഥാനത്തിലുള്ള നൂതനവിദ്യകൾ, അവ സ്വായത്തമാക്കുന്നതിനുള്ള നൈപുണി പരിശീലനങ്ങൾ, സംരംഭകത്വം, വൈജ്ഞാനിക തൊഴിലുകൾ–- ഇതാണ്‌ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്ന വികസനതന്ത്രം. (ബജറ്റ്‌ പ്രസംഗം പാരഗ്രാഫ്‌ 370). സാമൂഹ്യക്ഷേമത്തിലും പശ്ചാത്തല സൗകര്യവികസനത്തിലും ഊന്നി  ‘‘വിജ്ഞാനസാന്ദ്രമായ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുക’’യാണ്‌  ബജറ്റിന്റെ അടിസ്ഥാന കാഴ്‌ചപ്പാട്‌. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്യണം. അതാകട്ടെ കേവലമായ സാക്ഷരതയോ ബിരുദം കരസ്ഥമാക്കലോ അല്ല. വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്യുന്നതോടെ എല്ലാവർക്കും ക്ഷേമവും തൊഴിലും ഉറപ്പുവരുത്താൻ കഴിയും. ‘‘ ഇതാണ്‌ ഇടതുപക്ഷത്തിന്റെ കേരള ബദൽ. ഇതാണ്‌ 2021–-22 ലെ ബജറ്റ്‌ തുറക്കുന്ന പാത’’. പ്രഖ്യാപിത ലക്ഷ്യം സാക്ഷാൽക്കരിക്കാൻ സംസ്ഥാന ബജറ്റ്‌ എത്രത്തോളം അനുയോജ്യമാണ്‌ എന്നതാണ്‌ കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരും വിശകലനം ചെയ്യേണ്ട കാര്യം.

ഉന്നത വിദ്യാഭ്യാസം വിദ്യാർഥികളെ തൊഴിൽ ചെയ്യാൻ പ്രാപ്‌തരാക്കുന്നില്ല. തൊഴിലുകൾ ഇല്ലാതായിട്ടില്ല. പക്ഷേ, തൊഴിലുകൾ എത്തിപ്പിടിക്കാൻ കഴിയുന്നില്ല. ഫലമോ ഉയർന്ന തൊഴിലില്ലായ്‌മയും. വർഷങ്ങളായി തുടരുന്ന വികസനശ്രമങ്ങളുടെ ബാക്കിപത്രമാണിത്‌. സ്‌ത്രീകളാണ്‌ ഏറ്റവും തൊഴിലില്ലായ്‌മ നേരിടുന്നത്‌. പുരുഷൻമാരിൽ തൊഴിലുള്ളവരും തൊഴിലന്വേഷകരും ചേർന്നാൽ ആകെ 74 ശതമാനം വരും. സ്‌ത്രീകളിൽ 28.5 ശതമാനം മാത്രമാണത്‌.

രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽസാധ്യതകൾ കൈയെത്തിപ്പിടിക്കാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ്‌ ഉന്നത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളി. ചുരുക്കത്തിൽ യുവാക്കളെ തൊഴിൽ ചെയ്യാൻ പ്രാവീണ്യമുള്ളവരാക്കുക, അവരെ തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുത്തുക. അങ്ങനെ ചെയ്‌താൽ ആവശ്യാനുസരണം തൊഴിൽദാതാക്കൾ തൊഴിലന്വേഷകരെ സ്വീകരിക്കുന്ന സ്ഥിതി വരും. തൊഴിൽ നൈപുണി വളർത്തുകയും തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുകയുമാണ്‌ അടിയന്തര കടമ. അതിന്‌ പരസ്‌പരം ബന്ധപ്പെടാൻ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉണ്ടാകണം. അത്തരമൊരു പ്ലാറ്റ്‌ഫോമാണ്‌ കേരള ഡെവലപ്‌മെന്റ്‌ ഇന്നവേഷൻ സ്‌ട്രാറ്റജി കൗൺസിൽ അഥവാ കെ –-ഡിസ്‌ക്‌. ഉദ്യോഗാർഥികൾക്ക്‌ നൈപുണി പരിശീലനം നൽകുകയും വിവരങ്ങൾ സമാഹരിച്ച്‌ നവ സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുകയുമാണ്‌ 2018ൽ നിലവിൽ വന്ന കെ –-ഡിസ്‌കിന്റെ ചുമതല.

തൊഴിൽദാതാക്കൾ നേരിടുന്ന ഒരു പ്രശ്‌നം തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച്‌ അതത്‌ മേഖലയിൽ വിജ്ഞാനവും നൈപുണിയുമുള്ള തൊഴിലന്വേഷകരെ ലഭിക്കുന്നില്ല എന്നതാണ്‌. വിജ്ഞാനവും നൈപുണിയുള്ളവരുമായി യുവജനതയെ പരിവർത്തിപ്പിക്കണം. അതിനുള്ള പദ്ധതികളും പരിപാടികളും ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നു. ചില ഉദാഹരണങ്ങൾ –-കംപ്യൂട്ടറും അനുബന്ധങ്ങളും സ്വായത്തമാക്കാൻ ഇൻസ്റ്റാൾമെന്റ്‌ വ്യവസ്ഥയിൽ വായ്‌പ നൽകും. കുറഞ്ഞ വാടകയ്‌ക്ക്‌ തൊഴിൽസ്ഥലം ഏർപ്പാടാക്കും. പ്രൊവിഡന്റ്‌ ഫണ്ടും സർക്കാർ അടയ്‌ക്കും. ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തും. കോവിഡ്‌–- 19 ആരംഭിച്ചശേഷം ഏതാണ്ട്‌ അഞ്ച്‌ ലക്ഷം വനിതാ പ്രൊഫഷണലുകൾ ബ്രേക്ക്‌ എടുത്തിട്ടുണ്ട്‌. വിദ്യാസമ്പന്നരായ മറ്റൊരു 40 ലക്ഷം വനിതകൾ വീടുകളിലുണ്ട്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ പേര്‌ രജിസ്‌റ്റർ ചെയ്‌ത 16 ലക്ഷം പേരുണ്ട്‌. അങ്ങനെ ഏകദേശം 60 ലക്ഷം വനിതകൾ. ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം പേർക്ക്‌ അഞ്ച്‌ വർഷത്തിനകം തൊഴിൽ നൽകാൻ കഴിയുമെന്ന്‌ ബജറ്റ്‌ പ്രതീക്ഷിക്കുന്നു.

കോവിഡ്‌ നിയന്ത്രിച്ച്‌‌ മരണനിരക്ക്‌ കുറയ്‌ക്കാൻ കഴിഞ്ഞതിനാൽ കേരളം വിദേശ നിക്ഷേപകരുടെ ആകർഷക കേന്ദ്രമാകുകയാണ്‌. കേരളം ഒരു ബ്രാൻഡ്‌ നെയിം ആയി മാറിയിരിക്കുകയാണ്‌. ജനുവരി ഏഴുവരെയുള്ള കണക്കനുസരിച്ച്‌ 3235 പേരാണ്‌ കേരളത്തിൽ മരിച്ചത്‌. മഹാരാഷ്‌ട്രയിൽ 49897 പേരും കർണാടകത്തിൽ 12131 പേരും തമിഴ്‌നാട്ടിൽ 12200 പേരും ഡൽഹിയിൽ 10644 പേരും ഉത്തർപ്രദേശിൽ 8452 പേരും മരിച്ചു.


 

ലക്ഷക്കണക്കിനാളുകൾക്ക്‌ കെ–-ഫോൺ സൗകര്യം രണ്ടു മാസത്തിനകം ഭാഗികമായും ജൂണിൽ പൂർണമായും ലഭ്യമാകും. അതോടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള തൊഴിലന്വേഷണം കൂടുതൽ ഫലപ്രദമാകും. കോവിഡിനെത്തുടർന്ന്‌ ഐടി കമ്പനികൾ ജീവനക്കാരെ വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്‌. ആവശ്യക്കാർക്ക്‌ റിസോർട്ടുകളോ വാടകക്കെട്ടിടങ്ങളോ വർക്ക്‌ സ്‌റ്റേഷനുകളാക്കാൻ കഴിയും. അതിന്‌ ബജറ്റ്‌ തുക വകയിരുത്തുന്നുണ്ട്‌.

പ്രതിവർഷം ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽനിന്ന്‌ പുറത്തുവരുന്നുണ്ട്‌. 6660ലധികം വിദ്യാർഥികൾ എൻജിനിയറിങ് കോളേജികളിൽനിന്നും പുറത്തുവരുന്നു. ആധുനിക സാങ്കേതികവിദ്യകളും വിജ്ഞാനവും കരസ്ഥമാക്കിയവരല്ല അവർ. പരമ്പരാഗത കോഴ്‌സുകളിൽ ബിരുദ–- ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്‌. നിത്യ നൂതനങ്ങളായ കോഴ്‌സുകളുടെ സമാന ദീർഘമായ പട്ടികതന്നെ ബജറ്റ്‌ ഉദ്ധരിക്കുന്നുണ്ട്‌. അവയിൽ ഭൂരിപക്ഷവും പുതിയ വിജ്ഞാനമേഖലകളുമായി ബന്ധപ്പെട്ടവയും എന്നാൽ അപരിചിതവുമായ വിഷയങ്ങളാണ്‌. സ്‌കൂൾ വിദ്യാഭ്യാസത്തിലെന്നപോലെ ഉന്നത വിദ്യാഭ്യാസരംഗത്തും മാറ്റങ്ങളുണ്ടാകണം. അല്ലെങ്കിൽ ബജറ്റ്‌ ന്യായമായും ആശങ്കിക്കുന്നതുപോലെ പ്രതീക്ഷകൾ മരുപ്പച്ചയായി മാറും. കേരളം ഒരു വിജ്ഞാനസമൂഹമായി മാറണം. അഥവാ മാറ്റണം.


 

വിജ്ഞാനം സ്‌റ്റാർട്ടപ്പുകളിലൂടെ പ്രയോഗവൽക്കരിക്കുകയും സാമ്പത്തിക പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. വർധിച്ച തൊഴിലവസരങ്ങളും പ്രദാനം ചെയ്യും. വിജ്ഞാനം കുറച്ചുപേരിൽ പരിമിതപ്പെടാൻ പാടില്ല. അധികം വിദ്യാർഥികൾക്ക്‌ പ്രവേശനം ഉറപ്പുവരുത്തണം. ഫാക്കൽറ്റികളുടെ എണ്ണം വർധിക്കണം. സർവകലാശാലകൾക്കകത്ത്‌ മികവിന്റെ കേന്ദ്രങ്ങൾ രൂപംകൊള്ളണം. പോസ്‌റ്റ്‌ ഡോക്‌ടറൽ ഫെലോഷിപ്പുകളുടെ എണ്ണം വർധിക്കണം. സർവകലാശാലകളുടെ പശ്‌ചാത്തല സൗകര്യം വികസിപ്പിക്കുകയും കോളേജുകൾക്കുള്ള സാമ്പത്തിക സഹായം ഉയർത്തുകയും വേണം.

സാമ്പ്രദായിക വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ കേവലമായ എണ്ണപ്പെരുമയല്ല ബജറ്റ്‌ വിഭാവനം ചെയ്യുന്നത്‌. മറിച്ച്‌ പുതിയൊരു വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കുകയും ഒപ്പം തൊഴിലും സാമ്പത്തികവികസനവും സാക്ഷാൽക്കരിക്കുകയുമാണ്‌ ബജറ്റ്‌ ലക്ഷ്യം. അതിനുള്ള ഉപകരണമാണ്‌ സ്‌റ്റാർട്ടപ്പുകൾ. 32000 പേർക്ക്‌ തൊഴിൽ നൽകുന്ന 3900 സ്‌റ്റാർട്ടപ് നിലവിലുണ്ട്‌.

ധനമന്ത്രിയുടെ സമീപകാല ബജറ്റുകളിൽനിന്ന്‌ എന്തുകൊണ്ടും വിഭിന്നവും നൂതനവുമാണ്‌ ഇപ്പോഴത്തെ ബജറ്റ്‌ എന്ന്‌ നിസ്സംശയം പറയാം. ദീർഘയാത്രയിലേക്കുള്ള കരുതലോടെയുള്ള ചുവടുവയ്‌പാണിത്‌. കേവലമായ സാക്ഷരതയും ബിരുദവുമല്ല വിജ്ഞാനത്തിന്റെ അളവുകോൽ എന്ന്‌ ബജറ്റ്‌ അടിവരയിടുന്നു. ഈ  ബജറ്റ്‌ ചരിത്രത്തിൽ രേഖപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസമേഖലയുടെ പുറത്ത്‌ വലിയൊരു ജനസമൂഹമുണ്ട്‌. ആ വിഭാഗത്തിന്റെ ഉപജീവനപദ്ധതികൾക്ക്‌ ബജറ്റ്‌ അർഹമായ പ്രാധാന്യം നൽകുന്നുണ്ട്‌. അതിനായി 7500 കോടി രൂപയുടെ അടങ്കൽപദ്ധതി മുന്നോട്ടുവയ്‌ക്കുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിലവിൽ 13–-14 ലക്ഷം പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മൂന്ന്‌ ലക്ഷം പേർക്കുകൂടി ലഭ്യമാകാനുള്ള നിർദേശം ബജറ്റിലുണ്ട്‌. 2021–-22 ധനവർഷത്തിലേക്ക്‌ 4057 കോടി രൂപ ഈ ഇനത്തിൽ നീക്കിവയ്‌ക്കുന്നു. കേരളത്തിന്റെ തനതു പദ്ധതിയാണ്‌ അയ്യൻകാളി തൊഴിലുറപ്പു പദ്ധതി. മൊത്തം 200 കോടി രൂപ അതിനായി മാറ്റിവയ്‌ക്കുന്നു.


 

തീർച്ചയായും പ്രധാന തൊഴിൽരംഗമാണ്‌ കൃഷി. സമീപകാലത്തായി നെൽവയൽ വിസ്‌തൃതി കാര്യക്ഷമമായി വർധിച്ചിട്ടുണ്ട്‌. 2016–-17 ലെ 1.7 ലക്ഷം ഹെക്‌ടറിൽനിന്ന്‌ 2.23 ലക്ഷം ഹെക്‌ടറിലേക്ക്‌. 31 ശതമാനം വർധന. കാർഷികമേഖലയിൽ രണ്ടു ലക്ഷം പേർക്ക്‌ പുതുതായി തൊഴിലവസരം  ഉണ്ടാക്കുമെന്നും സൂക്ഷ്‌മ–- ചെറുകിട സംരംഭങ്ങൾ വളർത്തി മൂന്നുലക്ഷം പേർക്ക്‌ അധികമായി തൊഴിൽ നൽകുമെന്നും ബജറ്റിൽ വാഗ്‌ദാനം ചെയ്യുന്നു. നിലവിൽ 1.4 ലക്ഷം തൊഴിലാളികൾ ആ മേഖലയിൽ തൊഴിലെടുക്കുന്നു.

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയാക്കിയും  സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണം അവധിയില്ലാതെ തുടരുമെന്ന്‌ പ്രഖ്യാപിച്ചും ദുർബല വിഭാഗങ്ങളോട്‌ പ്രതിബദ്ധത ബജറ്റ്‌ ആവർത്തിച്ചുറപ്പിക്കുന്നു. നെല്ലിന്റെയും റബറിന്റയും നാളികേരത്തിന്റെയും താങ്ങുവില ഉയർത്താനുള്ള തീരുമാനം സമരം ചെയ്യുന്ന കർഷകരോടുള്ള ഐക്യദാർഢ്യം ഉറപ്പിക്കുന്നതും കേന്ദ്ര സർക്കാരിനോടുള്ള കേരളത്തിന്റെ മറുപടിയുമാണ്‌. സർക്കാർ വിദ്യാലയങ്ങളിൽ 6.79 ലക്ഷം വിദ്യാർഥികൾക്ക്‌ പുതുതായി പ്രവേശനം നൽകുക വഴി രക്ഷിതാക്കളുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞിട്ടുണ്ട്‌. രണ്ടേമുക്കാൽ ലക്ഷത്തോളം വീടുകൾ നിർമിച്ച്‌ ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞത്‌ സാധാരണക്കാർക്ക്‌ വലിയ ആശ്വാസമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top