19 April Friday

വ്യത്യാസം ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ

ആർ രാംകുമാർUpdated: Saturday Feb 4, 2023


ആസൂത്രണ പ്രക്രിയയിലൂടെ  കൃത്യമായ പദ്ധതി ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി, ബജറ്റ് വിഹിതങ്ങൾ നിശ്ചയിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഇന്ന് കേരളമാണ്. ആ മികവ് കേരളത്തിന്റെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലുണ്ട്‌. കൃത്യമായ വികസന പരിപ്രേക്ഷ്യത്തോടെ വിപുലമായ ചർച്ചകളുടെ സഹായത്തിൽ എത്തിച്ചേർന്ന സംസ്ഥാനത്തിന്റെ വികസന രൂപരേഖയായി ബജറ്റിനെ കാണാം. മറുവശത്ത്, ആസൂത്രണ പ്രക്രിയയുടെ അഭാവം ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ പ്രകടമാകുന്നു. ആസൂത്രണ കമീഷന്റെ മരണത്തിനുശേഷം രാഷ്ട്രീയ അജൻഡകൾക്കനുസരിച്ചാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതവും വികസന ആവശ്യങ്ങൾക്കുള്ള പണവും അനുവദിക്കുന്നത്.

കേന്ദ്ര, സംസ്ഥാന ബജറ്റുകൾ തമ്മിലുള്ള മറ്റൊരു വ്യത്യാസം ധന മാനേജ്മെന്റിലാണ്. കേന്ദ്ര ബജറ്റിൽ ധനകമ്മി ജിഡിപിയുടെ 5.9 ശതമാനമാണ്‌. സംസ്ഥാന ബജറ്റിൽ ഇത് സംസ്ഥാന ജിഎസ്‌ഡിപി-യുടെ വെറും 3.5 ശതമാനംമാത്രം. ഇത് കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലുമാണ്. പക്ഷേ, മാധ്യമങ്ങളിൽ നിറയുന്നത് കേരളത്തിന്റെ കടഭാരം പെരുകുന്നുവെന്ന നുണയാണ്. അപ്പോഴും, കേരളത്തിന്റെ മൂലധന നിക്ഷേപത്തിന് ആക്കം കൂട്ടാൻ സർക്കാർ ആസൂത്രണംചെയ്ത കിഫ്‌ബി പോലുള്ള പദ്ധതികൾക്കെതിരെ കേന്ദ്രം തിരിഞ്ഞിരിക്കുന്നത് സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കിയിരിക്കുന്നു. ഈ സ്ഥിതിയിൽനിന്ന് പുറത്ത് കടക്കുന്നതിനാണ് ചില പുതിയ നികുതികൾ പ്രഖ്യാപിക്കേണ്ടി വന്നിട്ടുള്ളത്.

എന്നാൽ, ഈ പുതിയ നികുതികൾ മുഴുവനായും നാട്ടിലെ ഏറ്റവും പാവപ്പെട്ട വിഭാഗങ്ങൾക്കായി ചെലവുകൾ നടത്താനാണ് മാറ്റി വച്ചിരിക്കുന്നത്.
തൊഴിലവസരങ്ങൾ വർധിക്കണമെങ്കിൽ ഉൽപ്പാദന മേഖലകളിൽ വർധനയുണ്ടാകണം. എന്നാൽ, തൊഴിലവസരങ്ങളെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശമേയില്ല. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് കൃത്യമായ ഒരു ഫോക്കസുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തോടെ, നൂതനമായ ഉൽപ്പാദന സങ്കേതങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഒരു വിജ്ഞാന സമൂഹമായി നമ്മൾ മാറുന്നതിന്റെ ഭാഗമായി ഗുണപരമായി ഉയർന്ന നിലവാരമുള്ള തൊഴിലുകളാണ് കേരളത്തിന് വേണ്ടത്. വിജ്ഞാന സമൂഹത്തിന്റെ വളർച്ചയ്‌ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചയും അനിവാര്യമാണ്. സർവകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസത്തിനും നീക്കിവച്ചിട്ടുള്ള തുക കഴിഞ്ഞ വർഷത്തെ 219 കോടി രൂപയിൽനിന്ന് 365 കോടിയായി വർധിച്ചു. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക വളർച്ച നിരക്കിലും ഗണ്യമായ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ദാരിദ്ര്യനിർമാർജനമെന്ന ആശയം കേന്ദ്ര സർക്കാർ പൂർണമായും വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നാൽ, അതിദാരിദ്ര്യം തുടച്ചുനീക്കാൻ കൃത്യമായ നയപരിപാടി സംസ്ഥാന സർക്കാരിനുണ്ട്. കേരളത്തിലെ അതിദരിദ്രരായ 64,000-ത്തോളം കുടുംബങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി അവർക്കുള്ള ജീവനോപാധികളുടെ നിർമാണത്തിനുവേണ്ട പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആസൂത്രണം നടത്തുന്ന രീതിയാണ് ഇവിടെ അവലംബിക്കുക. ഇന്ത്യയിൽ കേന്ദ്രത്തിനോ മറ്റൊരു സംസ്ഥാനത്തിനോ ഇത്തരമൊരു പദ്ധതിയില്ല. സമൂഹത്തിലെ അടിസ്ഥാന വർഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സർക്കാരിന്റെ പ്രതിബദ്ധത ഇവിടെ കാണാം.ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിലെ അധ്യാപകനാണ് ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top