20 April Saturday

ബദലാകണം കേരള ബാങ്ക്‌

ജി വേണുഗോപാലൻനായർUpdated: Thursday Jul 29, 2021

കേരളത്തെ സംബന്ധിച്ച്‌ ഏറെ ചർച്ചചെയ്യപ്പെട്ട ബാങ്ക് ലയനമായിരുന്നു എസ്ബിടി–-എസ്ബിഐ സംയോജനം. ലയനശേഷം അടിമുടി മാറ്റങ്ങളാണ് എസ്ബിഐയിൽ വന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും പിൻവലിക്കുന്നതിലും വായ്പാ അനുബന്ധ സേവന രംഗങ്ങളിലുമെല്ലാം കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കി. ഇടപാടുകാരെയും ജീവനക്കാരെയും പ്രതിരോധത്തിലും സമ്മർദത്തിലുമാക്കി. കൃഷിയടക്കം- മുൻഗണനാവിഭാഗങ്ങളെ ഒഴിവാക്കി. വൻകിട വ്യവസായ–-വാണിജ്യ ഗ്രൂപ്പുകൾക്ക് കൂടുതൽ പ്രാധാന്യവും പരിഗണനയും നൽകി. സാധാരണ ഇടപാടുകൾക്കുപോലും പരിധികൾ ഏർപ്പെടുത്തി. പ്രൊഫഷണലിസത്തിന് പ്രാധാന്യം നൽകി എസ്ബിഐ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ലാഭം മാത്രം ലക്ഷ്യംവച്ചുള്ള കച്ചവട താൽപ്പര്യം. ഇതേ രീതിയിൽ അല്ലെങ്കിൽ പോലും മറ്റൊരു തരത്തിൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൊതുജനങ്ങളെയും ഇടപാടുകാരെയും ചൂഷണം ചെയ്യുന്നു.

ഇത്തരമൊരു സവിശേഷ സാഹചര്യത്തിൽ വേണം കേരളത്തിലെ സഹകരണ മേഖലയെയും സഹകരണ ബാങ്കുകളെയും അടുത്തറിയാൻ ശ്രമിക്കേണ്ടത്. കേരളത്തിന്റെ സഹകരണപ്രസ്ഥാനം രാജ്യത്തിനാകെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സഹകരണ ബാങ്കുകളും സഹകരണ പ്രസ്ഥാനവും എപ്പോഴും ഇതര സാമ്പത്തിക സ്ഥാപനങ്ങൾക്കൊപ്പം കിടപിടിച്ചുപോകുന്നതും അതുകൊണ്ടുതന്നെ. പ്രാഥമിക സഹകരണ ബാങ്ക്, ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നീ ത്രിതല സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചാണ് കേരള ബാങ്ക് തുടക്കം കുറിച്ചത്. സംസ്ഥാന സഹകരണ ബാങ്കും 20 ശാഖയും ജില്ലാ സഹകരണബാങ്കുകളും 800 ശാഖയും 70,000 കോടിയുടെ നിക്ഷേപവുമുണ്ട്‌. സഹകരണമേഖലയിൽ പുതിയ പരീക്ഷണത്തിനും സമൂലവും സമഗ്രവുമായ മാറ്റങ്ങൾക്കും സർക്കാർ തയ്യാറാകുമ്പോൾ ഒപ്പം ചേർന്നു പ്രവർത്തിക്കാൻ മാനേജ്മെന്റ് ഭാഗത്തുനിന്നും തയ്യാറെടുപ്പുകൾ അനിവാര്യമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയിലും നടത്തിപ്പിലെ സുതാര്യതയിലും വിശ്വാസ്യതയിലും സാമൂഹ്യ പ്രതിബദ്ധതയിലും വേറിട്ട പ്രവർത്തനങ്ങളും ശൈലിയുമാണ് സമൂഹം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തിന് ഊടും പാവും നൽകി നാടിന്റെ വികസനപ്രക്രിയയിലും പുരോഗതിയിലും നിർണായക പങ്കുവഹിക്കാനും കേരള ബാങ്കിന് കഴിയേണ്ടതുണ്ട്. ഇടപാടുകാരോടൊപ്പം അടിസ്ഥാനവർഗ ജനതയുടെയും സമൂഹത്തിലെ താഴെത്തട്ടിൽ ജീവിക്കുന്നവരുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. നാടിന്റെ പൊതുവായ വികസന സംരംഭങ്ങൾക്ക് ഫണ്ട്‌ വിനിയോഗിച്ച്‌ ബാങ്കിങ്‌ രംഗത്തും സഹകരണരംഗത്തും ഗുണകരമായ മാറ്റംതന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാവിഭാഗം ജനങ്ങളെയും ആകർഷിക്കുംവിധം വായ്പാ നിക്ഷേപ ഇതര സേവനങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും ദീർഘവീക്ഷണത്തോടെ ഘട്ടംഘട്ടമായി നടപ്പാക്കി മാതൃക സൃഷ്ടിക്കേണ്ടതുണ്ട്. വിദേശ വിനിമയ സാധ്യതകളും നൂതന ആശയങ്ങളും സഹകരണ ബാങ്കിങ്‌ രംഗത്തും അത്യന്താപേക്ഷിതം തന്നെയാണ്.

പൊതു–-സ്വകാര്യമേഖലാ ബാങ്കുകളിൽനിന്ന്‌ ഇടപാടുകാരന് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കോർപറേറ്റ് സംസ്കാരത്തിൽനിന്നും വ്യത്യസ്തമായി ലളിതവും സുതാര്യവുമായ ശൈലിയിലുള്ള സേവനങ്ങളാണ് ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത്. 24 മണിക്കൂറും സേവനം നൽകുന്നതിനെക്കുറിച്ചും എടിഎം പോലുള്ളവ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.

കേരള ബാങ്ക് വഴി സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും വികസന നയങ്ങളും സർക്കാർ വാർഷിക ബജറ്റിലും നയപ്രഖ്യാപന പ്രസംഗത്തിലും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധവിഭാഗം ജനങ്ങൾക്ക്‌ അതിന്റെ ഗുണഫലം ലഭ്യമാക്കാനും ജീവിതനിലവാരം ഉയർത്താനും കഴിയേണ്ടതുണ്ട്‌. സാഹചര്യങ്ങൾക്ക് അനുസൃതമായി നയങ്ങൾ സൃഷ്ടിച്ച് സമയബന്ധിതമായി നടപ്പാക്കാനാകണം. കോവിഡ് മഹാമാരി എല്ലാ മേഖലയെയും സാമ്പത്തികമായി തകർക്കുകയും ജനജീവിതത്തെ തന്നെ നിശ്ചലമാക്കുകയും ചെയ്ത സാഹചര്യത്തിൽ സന്ദർഭത്തിന് അനുസരിച്ച് അത്യാവശ്യഘട്ടത്തിൽ, നൂതന സാമ്പത്തിക പാക്കേജുകൾ സമയോചിതമായി നടപ്പാക്കി മാതൃക സൃഷ്ടിക്കാനും കേരളബാങ്കിന്‌ സാധിക്കും.

(കേരള ബാങ്ക് പെൻഷനേഴ്‌സ്‌ യൂണിയൻ സെക്രട്ടറിയാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top